ദില്ലി: രാജ്യതലസ്ഥാനത്ത് ദസറ ആഘോഷങ്ങൾക്ക് പുതിയൊരു കാഴ്ചയൊരുങ്ങുന്നു. രാവണൻ, കുംഭകർണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും ഇത്തവണ കത്തിക്കും. കോക്റോച്ച് ജനത പാർട്ടി (സിജെപി)യുടെ പ്രതിഷേധങ്ങൾ ദില്ലിയിൽ ശക്തമാകുന്നതിനിടെയാണ് രാംലീല കമ്മിറ്റിയുടെ തീരുമാനം ശ്രദ്ധ നേടുന്നത്.
ബിജെപി എംഎൽഎ അശോക് ഗോയൽ ദേവരഹ അധ്യക്ഷനായ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് പാറ്റയുടെ കോലം കൂടി കത്തിക്കാൻ തീരുമാനിച്ചത്. വീടുകളിലും പരിസരങ്ങളിലും സമൂഹത്തിലും മാലിന്യം പൂർണമായി ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കമ്മിറ്റി പ്രസിഡന്റ് കൂടിയായ അശോക് ഗോയൽ ദേവരഹ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
മാലിന്യത്തിനെതിരെ പ്രതീകാത്മക പോരാട്ടം
രാജ്യത്തുടനീളം വലിയ ആവേശത്തോടെ ആഘോഷിക്കുന്ന വിജയദശമി തിന്മയ്ക്കുമേൽ നന്മ നേടുന്ന വിജയത്തിന്റെ പ്രതീകമാണെന്ന് അശോക് ഗോയൽ പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി രാവണന്റെയും കുംഭകർണന്റെയും മേഘനാദന്റെയും കോലങ്ങൾ കത്തിക്കുന്നതിലൂടെ സത്യം മാത്രമേ ഒടുവിൽ വിജയിക്കൂ എന്ന സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻകാലങ്ങളിൽ നക്സലിസം, തീവ്രവാദം തുടങ്ങിയ വിപത്തുകളെ പ്രതിനിധീകരിക്കുന്ന കോലങ്ങളും കമ്മിറ്റി കത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ മാലിന്യത്തെയാണ് തിന്മയുടെ പ്രതീകമായി അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് പാറ്റയുടെ രൂപത്തിലുള്ള കൂറ്റൻ കോലം കത്തിക്കാൻ തീരുമാനിച്ചത്.
വീടുകൾ, ചുറ്റുപാടുകൾ, സമൂഹം എന്നീ മൂന്ന് തലങ്ങളിലും മാലിന്യം ഇല്ലാതാക്കണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് നീക്കത്തിന്റെ ലക്ഷ്യം. ദസറയുടെ പരമ്പരാഗത പ്രതീകാത്മകതയ്ക്കൊപ്പം പൊതുജനാരോഗ്യവും ശുചിത്വവും സംബന്ധിച്ച ബോധവത്കരണവും ഇതിലൂടെ മുന്നോട്ടുവയ്ക്കാനാണ് സംഘാടകരുടെ ശ്രമം.
കേശവ് രാംലീല ഗ്രൗണ്ടിൽ കോലം കത്തിക്കും
പീതംപുരയിലെ എൻഎസ്പിയിലുള്ള കേശവ് രാംലീല കമ്മിറ്റി ഗ്രൗണ്ടിലാണ് കോലങ്ങൾ കത്തിക്കുക. ദസറ ആഘോഷത്തിനായുള്ള ഒരുക്കങ്ങൾക്കിടയിൽ പാറ്റയുടെ കോലം കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം ശ്രദ്ധേയമായിരിക്കുകയാണ്.















