ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മുൻ റോ (RAW) മേധാവി സാമന്ത് ഗോയലിനുമെതിരെ യുഎസ് കോടതി പുറപ്പെടുവിച്ച സമൻസുകളെ തള്ളി ഇന്ത്യ. ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) നൽകിയ സിവിൽ കേസിന്റെ ഭാഗമായാണ് സമൻസ് അയക്കാനുള്ള നടപടി. കേസ് അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ, ഇത്തരം അടിസ്ഥാനരഹിതമായ കേസുകൾ ഇന്ത്യ തള്ളിക്കളയുന്നുവെന്ന് പറഞ്ഞു. ഡൽഹിയിലെ മൂന്ന് ജില്ലാ കോടതികൾ വഴി സമൻസ് കൈമാറാനാണ് യുഎസിലെ ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതി നിർദേശിച്ചിരിക്കുന്നത്.
നേരത്തെയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വഴി ഇന്ത്യൻ എംബസിക്ക് സമൻസ് കൈമാറാനുള്ള ശ്രമം നടന്നിരുന്നു. നവംബർ 10-ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ കേസ് കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരായ ഇത്തരം നീക്കങ്ങളും നിസ്സാരമായ കേസുകളും ഇന്ത്യ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.















