ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ ഭീതിവിതച്ച് വിഹരിക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷണത്തിലാക്കാനുള്ള ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ചു. ആദ്യഘട്ടത്തില്‍ നല്‍കിയ മയക്കുവെടി ഫലം കാണാത്തതും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായതോടെയാണ് ദൗത്യം നാളേക്ക് മാറ്റിയത്. കുങ്കിയാനകളുടെ സഹായത്തോടെ നാളെ വീണ്ടും നടപടികള്‍ ആരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ഓമനക്കുഴി ഭാഗത്തുവെച്ചാണ് ചക്കക്കൊമ്പന് ദൗത്യസംഘം ആദ്യ മയക്കുവെടി നല്‍കിയത്. എന്നാല്‍ വെടിയേറ്റിട്ടും ആന മയങ്ങിയില്ല. ആനയുടെ പ്രതികരണം നിരീക്ഷിച്ചശേഷം രണ്ടാം ഡോസ് നല്‍കാനായിരുന്നു സംഘത്തിന്റെ നീക്കം.
ഇതിനിടെ മയക്കുവെടിയേറ്റ സ്ഥലത്തുനിന്ന് ചക്കക്കൊമ്പന്‍ മുന്നോട്ടുനീങ്ങി. മഴയും മൂടല്‍മഞ്ഞും കൂടിയായതോടെ തുടര്‍നടപടികള്‍ ദുഷ്‌കരമായി. രാവിലെ മുതല്‍ ദൗത്യസംഘത്തെ വട്ടംകറക്കുകയായിരുന്നു ചക്കക്കൊമ്പന്‍. പ്രദേശത്ത് പെയ്ത മഴയും ദൗത്യത്തിന് തടസമായി. സാഹചര്യം അനുകൂലമല്ലെന്ന് വിലയിരുത്തിയതോടെയാണ് ഇന്നത്തെ ശ്രമം അവസാനിപ്പിച്ചത്. ആനയിറങ്കല്‍, മൂലത്തുറ, പൂപ്പാറ, കോരമ്പാറ മേഖലകളിലാണ് ചക്കക്കൊമ്പന്‍ പതിവായി ഇറങ്ങാറുള്ളത്. ചക്ക തേടി കൃഷിയിടങ്ങളിലെത്തുന്ന ആന വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ഇതോടെ പ്രദേശവാസികള്‍ക്ക് വലിയ ഭീഷണിയായി മാറുകയായിരുന്നു.
ഏകദേശം 25 വയസ് പ്രായമുണ്ടെന്നാണ് ചക്കക്കൊമ്പനെക്കുറിച്ചുള്ള നിഗമനം. ആനയുടെ ആക്രമണത്തില്‍ രണ്ട് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. 2023 ജനുവരിയില്‍ വാച്ചര്‍ ശക്തിയും ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പന്തളിക്കളം സ്വദേശി വിജയനുമാണ് കൊല്ലപ്പെട്ടത്. മുറിവാലന്‍ എന്ന മറ്റൊരു കാട്ടാനയെയും കുട്ടിക്കൊമ്പനെയും ചക്കക്കൊമ്പന്‍ ആക്രമിച്ച് കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നാളത്തെ ദൗത്യത്തില്‍ കുങ്കിയാനകളുടെ സഹായത്തോടെ ചക്കക്കൊമ്പനെ നിയന്ത്രണത്തിലാക്കി റേഡിയോ കോളര്‍ ഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.















