KeralaNews

നടിയെ ആക്രമിച്ച കേസില്‍ മുകേഷിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴിയെടുത്തു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെയും നടന്‍ ദിലീപിന്റെ സുഹൃത്തായ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി.

എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരുടെ മൊഴി എടുത്തത്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണ സംഘം ചോദിച്ചതെന്ന് മുകേഷ് മാധ്യമങ്ങളെ അറിയിച്ചു. ദിലീപും മുകേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദിവസവും പിറ്റേന്നും ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് പോലീസ് തിരയുന്നത്. സംഭവ ദിവസം നടന്‍ ദിലീപും മുകേഷും തമ്മില്‍ അമ്പതിലേറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഈ ഫോണ്‍കോളുകടെ സമയദൈര്‍ഘ്യം, സംഭാഷണ വിവരങ്ങള്‍, ഇതിനു സംഭവവുമായി എത്രത്തോളം ബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

നടന്‍ ദിലീപുമായി അന്‍വര്‍ സാദത്തിനുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ പോലീസ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എംഎല്‍എയുടെ വിദേശസന്ദര്‍ശനങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിച്ചു.

 

Close