ന്യൂഡല്‍ഹി: ഭീകരാക്രമണം നടന്ന പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നിന്നും ചൈനീസ് നിര്‍മ്മിത വയര്‍ലസ് എന്‍.ഐ.എ കണ്ടെടുത്തു. വ്യോമസേനാ താവളത്തിന് സമീപത്ത് ഭീകരര്‍ ഉപേക്ഷിച്ച വാഹനത്തില്‍ നിന്നാണ് വയര്‍ലസ് ലഭിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി വയര്‍ലസ് എന്‍.ഐ.എ സംഘം സെന്‍ട്രല്‍ ഫോറെന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു.
വ്യോമസേന താവളത്തില്‍ നിന്നും ഭീകരാക്രമണത്തിന്റെ തെളിവുകള്‍ കണ്ടെടുക്കുന്നതിനായി നടത്തിയ തിരച്ചിലിലാണ് വയര്‍ലസ് കണ്ടെത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ടുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഇതിലൂടെ കൈമാറിയിട്ടുണ്ടോ എന്ന് വിദഗ്ധ പരിശോധനയില്‍ അറിയാന്‍ കഴിയുമെന്ന് എന്‍.ഐ.എ അറിയിച്ചു.
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന ഗുരുദാസ്പൂര്‍ എസ്.പി സാല്‍വീന്ദര്‍ സിംഗിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഓരോ ചോദ്യം ചെയ്യലിലും ഇദ്ദേഹം മൊഴി മാറ്റിപ്പറയുന്നതായാണ് റിപ്പോര്‍ട്ട്.