Icons

യുഗപ്രഭാവനായ ഡോക്ടർജി

1925 സെപ്റ്റംബർ 27 .. വിജയദശമി

ഭാവുജി കാവ് റേ ,അണ്ണാ സോഹ്നി ,വിശ്വനാഥ റാവു കേൽക്കർ, ബാലാജി ഹുദ്ദാർ, ബാപുറാവു ഭേദി തുടങ്ങി പത്ത് പതിനഞ്ച് കുട്ടികൾ മുപ്പത്തഞ്ച് വയസ്സുകാരനായ ഒരു ഡോക്ടറുടെ വീട്ടിൽ ഒത്തുകൂടി . ഔപചാരികമായ ചടങ്ങുകളോ പദ്ധതികളോ എന്തിന് നിയതമായ ഒരു പേരോ ഇല്ലാതെ അന്ന് ആ ഡോക്ടർ ഇങ്ങനെ പ്രഖ്യാപിച്ചു .“ നമ്മൾ സംഘം തുടങ്ങുന്നു “

നാഗപ്പൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ പത്തോ പതിനഞ്ചോ പേർ ഡോക്ടർ കേശവബലിറാം ഹെഡ്ഗേവാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആ സംഘം ഇന്ന് രാഷ്ട്രത്തിന്റെ നടുനായകത്വം വഹിക്കാൻ പ്രാപ്തരായവരെ സൃഷ്ടിച്ചു കൊണ്ട് നവതി പിന്നിട്ട് മുന്നോട്ടു പോവുകയാണ് . രാഷ്ട്രീയ സ്വയംസേവക സംഘമെന്ന ആ മഹാസംഘടനയുടെ സ്ഥാപകൻ ഡോ. കേശവബലിറാം ഹെഡ്ഗേവാറെന്ന ഡോക്ടർജിയുടെ എഴുപത്തിയാറാം സ്മൃതിദിനമാണിന്ന് .

ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക് സമന്വയത്തിന്റെയും സമർപ്പണത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകാൻ ലക്ഷ്യമിട്ട് 1925 ലാണ് ഹെഡ്ഗേവാർ രാഷ്ട്രീയ സ്വയംസേവക സംഘം ആരംഭിക്കുന്നത് . ഭാരതത്തിന്റെ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ കഴിഞ്ഞ പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന നിലയിൽ ഡോക്ടർജിയുടെ സംഭാവന ഏറെ വിലപ്പെട്ടതാണ്

ചെറുപ്പകാലത്ത് തന്നെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം നാഗപ്പൂരിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ നേതാവുമായിരുന്നു . ദേശാഭിമാന പ്രചോദിതമായ പ്രസംങ്ങളെത്തുടർന്ന് 1921 ൽ ഒരു വർഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തടവറയിൽ കഠിനശിക്ഷ അനുഭവിച്ചു. സംഘസ്ഥാപനത്തിനു ശേഷവും സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു . 1930 ൽ നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വനസത്യാഗ്രഹം നടത്തി അദ്ദേഹം വീണ്ടും ജയിൽ വാസമനുഷ്ടിച്ചിരുന്നു

എല്ലാം രാഷ്ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്ന് വന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദർശി 1925 സെപ്റ്റംബർ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്ക്ക് തുടക്കമിട്ടു . കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ സ്ഥിതി ഡോക്ടർജിയുടെ ദീർഘവീക്ഷണത്തെ തുറന്നു കാട്ടുന്നുണ്ട്

പ്രസിദ്ധിക്ക് നേരേ മുഖം തിരിച്ച് സാമൂഹികവും മാനുഷികവും രാഷ്ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമമായി പ്രവർത്തിച്ച അദ്ദേഹം സ്വാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സംഘം സ്ഥാപിച്ചത് . അതിന്റെ എല്ലാ ഘടകങ്ങളിലും ദേശീയത ഇണക്കിച്ചേർക്കാൻ അദ്ദേഹം യത്നിച്ചു . തന്റെ അഭാവത്തിലും യാതൊരു പരിക്കുമേൽക്കാതെ മുന്നോട്ട് പോകുന്ന വിധത്തിൽ കുറ്റമറ്റതായി സംഘത്തെ രൂപകൽപ്പന ചെയ്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . കാലത്തിനൊത്ത് പൊരുത്തപ്പെട്ട് വളരാനും പടർന്ന് പന്തലിക്കാനും കഴിയുന്ന ഒരു ചെടിയെയാണ് അദ്ദേഹം ഭാരതത്തിന്റെ മണ്ണിലുറപ്പിച്ചത്

ഒരിക്കൽ ഗാന്ധിജിയെ സന്ദർശിച്ച ഡോക്ടർജിയോട് ആർ എസ് എസിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു . ഒടുവിൽ പിരിയാനായി ഡോക്ടർജി എഴുന്നേറ്റപ്പോൾ ഗാന്ധിജി ഇങ്ങനെ അനുഗ്രഹിച്ചു . ” ഡോക്ടർജീ നിങ്ങളുടെ സ്വഭാവവും നിസ്വാർത്ഥമായ സേവന വ്യഗ്രതയും മൂലം നിങ്ങൾ വിജയിക്കുമെന്നതിൽ സംശയമില്ല ” മഹാത്മജിയുടെ പ്രവചനം സത്യമായി ഭവിക്കുകയും ചെയ്തു

1940 ജൂൺ 21 ന് ലോകത്തോട് വിടപറഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ആദർശനിഷ്ഠയോടെ മുന്നേറുന്നവരുടെ ഹൃദയങ്ങളിൽ അനന്തമായ ആവേശത്തിന്റെ പ്രേരണാ ശ്രോതസ്സായി ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ ഇന്നും ജീവിക്കുന്നു ..

3 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close