Icons

മണ്ണിലും മനസ്സിലും നിറയുന്ന കാവാലം ടച്ച്

കാവാലം ജയകൃഷ്ണൻ

പ്രകൃതി കനിഞ്ഞു, കായലും, കരിനിലങ്ങളുമായി പരന്ന കാവാലം മണ്ണിൽ വിരിഞ്ഞ കലയും, കാവ്യവും വേറിട്ടതായിരുന്നു. അവിടെ പൂവിട്ട കാവ്യസംസ്കൃതി, സർദാർ കെ.എം പണിക്കർ, ഇട്ടിരാരിശ്ശിമേനോൻ, ഡോ.കെ.അയ്യപ്പപണിക്കർ, കാവാലം നാരായണപ്പണിക്കർ, കാവാലം വിശ്വനാഥക്കുറുപ്പ് എന്നിങ്ങനെ അനുഗ്രഹീതരായ കലോപാസകരിലൂടെ, നവ്യാനുഭൂതിയുടെ വസന്തം വിടർത്തി നിലകൊണ്ടു… ഉപാസകർ അരങ്ങൊഴിഞ്ഞപ്പൊഴും, അവർ പകർന്ന ദീപ്തമായ കാവ്യാനുഭവങ്ങൾ അനുവാചകലോകത്തെ ആ മാസ്മരികവലയത്തിനുളളിൽ തന്നെ ആകർഷിച്ചു നിർത്തി.

സർദാർ കെ.എം.പണിക്കരുടെ അനന്തരവനായി ആലപ്പുഴ ജില്ലയിലെ, കാവാലം കരയിൽ, ചാലയിൽ കുഞ്ഞുലക്ഷ്മിയമ്മയുടെയും, ഗോദവർമ്മയുടെയും മകനായാണ് 1928 ഏപ്രിൽ 28ന് കാവാലം നാരായണപ്പണിക്കർ ജനിക്കുന്നത്. കാവാലത്തുകാരുടെ നാരായണൻ കുഞ്ഞാശാൻ, വീട്ടുകാർക്ക് നാരായണച്ചേട്ടനും, നാരായണമ്മാവനും, കാവാലം വല്യച്ഛനും അങ്ങനെ തലമുറകളുടെ… അല്ല, കാവാലത്തിന്റെ സ്വന്തം ആശാൻ ആയി വളർന്ന കാവാലം നാരായണപ്പണിക്കരുടെ മനസ്സും ജീവിതവും മുഴുവൻ കാവാലമാണ്. ആ മണ്ണിന്റെ സൗരഭ്യവും, സംഗീതവും പൂക്കൈതയാറിന്റെ കല്ലോലിനികളുമാണ്.

ആധുനിക നാടകവേദിയിൽ, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കാവാലം, നാടകത്തിൽ ഭാവസുന്ദരമായ കാവ്യകൽപനയെ ആവാഹിച്ച പ്രതിഭയായിരുന്നു. ഗ്രാമ്യമായ സംസ്കാരവും, വാക്കും, നാട്യവും, രംഗവിധാനവുമെന്നു വേണ്ട നാടകത്തിന്റെ സംസ്കാരത്തെ അടിമുടി തന്റേതായ ശൈലിയിൽ ചമയിച്ചൊരുക്കാൻ കാവാലം എന്ന പ്രതിഭയ്ക്കു സാധിച്ചു. ഭാസന്റെയും, കാളിദാസന്റെയും ഗഹനവും, അവതരണത്തിന് അത്യന്തം ക്ലേശകരവുമായ കൃതികളെപ്പോലും ഭാവമധുരമായി വേദിയിലെത്തിക്കുന്നതിൽ കാവാലത്തിന്റെ ഇന്ദ്രജാലം രംഗകലാസ്വാദകർക്ക് എക്കാലവും അത്ഭുതമാണ്.

അഭിനയത്തിന്റെ സാദ്ധ്യതകളിൽ കാവാലം ഉപയോഗിക്കാത്ത അംഗങ്ങളും, ആംഗ്യങ്ങളും പോലുമില്ലെന്ന് കാവാലത്തിന്റെ സംവിധാനത്തിൽ അവതരിപ്പിക്കപ്പെട്ട നാടകങ്ങൾ ഒരിക്കലെങ്കിലും ശ്രദ്ധാപൂർവം കണ്ടിട്ടുളളവരെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ഒരു കവിയുടെ ക്രാന്തദർശിത്വവും, ശാസ്ത്രജ്ഞന്റെ യുക്തിബോധവും, അനുശീലകന്റെ കൈത്തഴക്കവും കാവാലത്തിന്റെ രംഗങ്ങളെ അനുവാചകഹൃദയങ്ങളിൽ നിത്യദീപ്തമായ അനുഭവങ്ങളാക്കി മാറ്റി.

താൻ ജനിച്ചു വളർന്ന കുട്ടനാടൻ മണ്ണിന്റെ സർഗ്ഗസൗഭാഗ്യം ആവോളം അനുഗ്രഹിച്ചിട്ടുണ്ട് നാരായണപ്പണിക്കരെ. അഭിഭാഷകനായി, കവിയായി, നാടകാചാര്യനായി അങ്ങനെ ലോകം മുഴുവൻ കാവാലമെന്ന കൊച്ചു ഗ്രാമത്തിന്റെ ഖ്യാതിയും, സംസ്കൃതിയുമായി അദ്ദേഹം സഞ്ചരിച്ചപ്പൊഴും, ആത്യന്തികമായി കാവാലത്തുകാരൻ മാത്രമായി, തന്റെ സ്വത്വത്തെ പരമവിശുദ്ധിയിൽ നിർത്താൻ അദ്ദേഹത്തിനു സാധിച്ചു.

കാവാലം കവിതകളുടെ ഏറ്റവും വലിയ പ്രത്യേകതകളും ആ ‘കാവാലം ടച്ച്‘ തന്നെയാണ്. ഗ്രാമ്യഭാവങ്ങളും, ഭാവനകളും; ഗ്രാമ്യമായ വാക്കിലും ശൈലിയിലും കാവാലം ഗ്രാമത്തിന്റെ ‘ഫ്രെയിമിനുളളിൽ‘ വ്യക്തമായി രേഖപ്പെടുത്തുവാൻ അദ്ദേഹത്തിനായി. പല വാക്കും കുട്ടനാടിന്റെ തനതായ വാക്കുകളാണ്. കൊയ്ത്തുപാട്ടും, നടിച്ചിൽ പാട്ടും ഈണം പകർന്ന ഒരു കാർഷികസംസ്കൃതിയുടെ ഈറ്റില്ലത്തിൽ ഉരുവം കൊണ്ട കലാഹൃദയത്തിൽ നിന്നും കിനിഞ്ഞിറങ്ങിയ കാവാലത്തിന്റെ മാത്രം കവിതകളാണവ.

കുട്ടനാടൻ പദപ്രയോഗങ്ങളുടെ ഒരു നിഘണ്ടു തന്നെയാണ് കാവാലം കവിതകൾ പലതും. ഇന്നത്തെ സംസാരഭാഷയിൽ നിന്ന് വിസ്മൃതിയിലേയ്ക്ക് ഓടിയൊളിച്ച വാക്കുകളെത്ര കാണാമതിൽ. തിരക്കിട്ട ജീവിതവ്യാപാരങ്ങളിൽ കൈമോശം വന്ന ആചാരങ്ങളും, അനുശീലനങ്ങളും എത്ര കാണാമതിൽ. അവയെല്ലാം തലമുറകൾക്കായി ആ മഹാനുഭാവൻ സ്വരുക്കൂട്ടി വച്ച നിധിശേഖരങ്ങൾ തന്നെയെന്നതിൽ സംശയമേതുമില്ല.

കുഴുപ്പളളിക്കടവുകയവും, അവനവൻ കടമ്പയിലെ കടമ്പയും, പൂക്കൈതയാറും തുടങ്ങി ആ നാടിന്റെ സർഗ്ഗചേതന ഒളിഞ്ഞും, തെളിഞ്ഞും, ജ്വലിച്ചും, ആലസ്യമാണ്ടും കിടക്കുന്ന ഇടങ്ങളും, ഇടവഴികളുമെല്ലാം കാവാലമെന്ന കൊച്ചു ഗ്രാമത്തിൽ ഇന്നുമുണ്ട്. ചിലവയൊക്കെ മനുഷ്യന്റെ കടന്നാക്രമണങ്ങളിൽ കടപുഴകിയെങ്കിലും, കാവാലമതൊക്കെയെടുത്ത് വരിയും, നിരയും തെറ്റാതെ അടുക്കി വച്ചിട്ടുണ്ട് തന്റെ കവിതകളിൽ.

എം.ജി രാധാകൃഷ്ണന്റെ സംഗീതസംവിധാനത്തിൽ ആകാശവാണിക്കു വേണ്ടി അദ്ദേഹം രചിച്ച ഒട്ടനവധി ലളിതഗാനങ്ങൾ ഇന്നും യുവജനോത്സവവേദികളടക്കമുളളയിടങ്ങളിൽ ഏറെ പ്രിയങ്കരങ്ങളാണ്. ഘനശ്യാമസന്ധ്യയും, ഓടക്കുഴൽ വിളിയും തുടങ്ങി ഭാവസുന്ദരങ്ങളായ ലളിതഗാനങ്ങളുടെ ഒരു ശ്രേണി തന്നെ കാവാലം കലാകൈരളിക്കു സമ്മാനിച്ചു.

ചലച്ചിത്രസംവിധായകനായ ജി.അരവിന്ദൻ, സി.എൻ.ശ്രീകണ്ഠൻ നായർ, എം.ഗോവിന്ദൻ, ബന്ധുവും, കവിയുമായ ഡോ. അയ്യപ്പപണിക്കർ എന്നിവരുമായിച്ചേർന്ന് അദ്ദേഹം ആരംഭിച്ച നാടകാന്വേഷണങ്ങളും, പഠനങ്ങളും മലയാള-സംസ്കൃത നാടകവേദികളിൽ വേറിട്ട ഊർജ്ജം പകർന്നവയാണ്. നാടകങ്ങളെ ക്ലാസ്സിക്കുകളായും, ക്രാഫ്റ്റുകളായും ചമയിച്ചൊരുക്കാനുളള   അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിൽ നെടുമുടി വേണുവിനെയും, മോഹൻലാലിനെയും, മഞ്ജു വാര്യരെയും പോലെയുളള   നടനപ്രതിഭകൾ പോലും ആകൃഷ്ടരായെന്നതിൽ അത്ഭുതമേതുമില്ല.

1968ൽ സി.എൻ.ശ്രീകണ്ഠൻ നായർ പ്രബന്ധരൂപത്തിൽ അവതരിപ്പിച്ച തനതുനാടകവേദിയെന്ന സങ്കൽപ്പത്തിന് ഊർജ്ജവും, ഊഷ്മാവും നൽകിയത് കാവാലമായിരുന്നു. ഇബ്‌നസ്റ്റു രീതിയിൽ നിന്നും തനതുഭാവത്തിലേയ്ക്ക് രൂപപരിണാമം പ്രാപിച്ച് മലയാളത്തിന്റെ ആത്മഭാവത്തിലും, മലയാളിയുടെ ഹൃദയഭാഷയിലും സം‌വദിക്കുവാൻ നാടകങ്ങളെ പ്രാപ്തമാക്കുന്നതിൽ തനതു നാടകവേദിയും, കാവാലത്തിന്റെ പരിശ്രമങ്ങളും കൈവരിച്ച വിജയം ഒരു പുരുഷായുസ്സിന്റെ സർഗ്ഗോപാസനയുടെ ആകെത്തുകയും കൂടിയായിരുന്നു.

കഥകളി, കൂടിയാട്ടം, തെയ്യം, തിറ, കാക്കാരിശ്ശി തുടങ്ങിയ ക്ലാസിക്-അനുഷ്ഠാന-നാടോടി കലാരൂപങ്ങളുടെയെല്ലാം ഗുണകരമായ ഭാവങ്ങളെ നാടകത്തിൽ ഏറ്റവും ഉത്കൃഷ്ടമായ ഇടങ്ങളിൽ ചായമിട്ടു നിരത്തുവാൻ അദ്ദേഹത്തിനു സാധിച്ചു. അതു മലയാളരംഗകലാപ്രസ്ഥാനത്തിനു നൽകിയ ദൃശ്യചാരുത വേറിട്ടതും, മലയാണ്മയുടെ ചൂടും, ചൂരുമുളളതുമായിരുന്നു. കാവാലം അവലംബിച്ചു പോന്ന തൗര്യത്രിക രംഗാവതരണ ശൈലി സാധാരണക്കാർ മുതൽ രംഗകലയെ സൂക്ഷ്മബുദ്ധ്യാ പഠിക്കുന്ന ബുദ്ധിജീവികൾക്കു വരെ സ്വീകാര്യമാക്കുകയും ചെയ്തു.

കാവാലത്തിന്റെ സാക്ഷി, തിരുവാഴിത്താൻ, ദൈവത്താർ, അവനവൻ കടമ്പ, ഭഗവദജ്ജുകം, കർണ്ണഭാരം തുടങ്ങിയ വിഖ്യാത നാടകങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. നാടകം, നാടകവിവർത്തനം, കവിത, നാടൻ പാട്ട്, ചലച്ചിത്രഗാനം എന്നിങ്ങനെ സർഗ്ഗാത്മകതയുടെ വിവിധ ഭാവങ്ങൾ കൈവഴിയായൊഴുകിയ കാവാലത്തിന്റെ സൃഷ്ടികളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും നാടകങ്ങൾ തന്നെ.

ഭാസനെയും, കാളിദാസനെയും, ബോധായനനെയും, മഹേന്ദ്രത്രിവിക്രമ വർമ്മനെയും അരങ്ങിലെത്തിച്ച അതേ കൈവഴക്കത്തോടെയും, തന്മയീഭാവത്തോടെയും അദ്ദേഹം, സാർത്രിനെയും, ഷേക്സ്പിയറെയും തന്റെ അനുവാചകർക്കു മുൻപിൽ അവതരിപ്പിച്ചു. ഷേക്സ്പിയർ കഥാപാത്രങ്ങളെ മലയാള മണ്ണിലെ കുരുത്തോല കൊണ്ടു ചുട്ടി കുത്തിയ നാടകാചാര്യൻ; അതു കാവാലം മാത്രമാണ്.

നാടകത്തിലും, കവിതയിലുമെന്ന പോലെ നാടൻ പാട്ടിലും കാവാലത്തിന്റെ കൈമുദ്ര വേറിട്ടതാണ്. പണ്ടേയ്ക്കു പണ്ടേ മണ്മറഞ്ഞു പോയേക്കുമായിരുന്ന പല വായ്മൊഴിവഴക്കങ്ങളേയും, നാടൻ ശീലുകളെയും കാവാലം പുനരുജ്ജീവിപ്പിച്ചു. അവയിൽ ഏറ്റവും പ്രസിദ്ധമാണ് ‘ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം‘ എന്നു തുടങ്ങുന്ന പാട്ട്. കവി, സൈദ്ധാന്തികൻ, സംസ്‌കൃതപണ്ഡിതൻ, നാടകകൃത്ത്, നാടകസംവിധായകൻ എന്നിങ്ങനെ കലയുടെ രൂപഭാവങ്ങളിൽ കാവാലത്തിനണിയാൻ കഴിയാത്ത വേഷങ്ങൾ വിരളമാണ്. ക്ഷേത്രസോപാനത്തിൽ നിന്നും ഇടയ്ക്ക എന്ന വാദ്യത്തെ നാടകത്തിന്റെ ‘കാവാലക്ഷേത്ര‘മായ ‘സോപാന‘ത്തിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതും കാവാലം തന്നെ.

കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, സംസ്ഥാന ചലച്ചിത്ര പുരസ്കാരം, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, എമിരിറ്റസ് അവാർഡ്, ഫോർഡ് ഫൗണ്ടേഷൻ ഫെല്ലോഷിപ്പ്, മദ്ധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ സമ്മാനം, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, വളളത്തോൾ പുരസ്ക്കാരം, പത്മഭൂഷൺ തുടങ്ങി അളവില്ലാത്തത്ര പുരസ്കാരങ്ങളും ആ പ്രതിഭാവിലാസത്തെ തേടിയെത്തി.

അമ്മാവനായ സർദാർ കെ.എം.പണിക്കരുടെ ജ്യേഷ്ഠൻ, ഡോ.കെ.പി.പണിക്കരുടെ മകൾ ശാരദാമണിയെയാണ് കാവാലം നാരായണപ്പണിക്കർ വിവാഹം ചെയ്തിരിക്കുന്നത്. മൂത്തമകൻ കാവാലം ഹരികൃഷ്ണൻ, ഇളയമകൻ കാവാലം ശ്രീകുമാർ എന്നിവരടങ്ങുന്ന കാവാലത്തിന്റെ തിരുവനന്തപുരം, തൃക്കണ്ണാപുരത്തെ വീടായ ‘ഹരിശ്രീ‘യും, അതിനോടനുബന്ധിച്ചുളള   സോപാനം നാടകക്കളരിയും ഋതുഭേദങ്ങൾ മാറുമ്പൊഴും, ‘കലയിൽ പുലർന്ന‘ ഉപാസനാഗൃഹമാണെന്നത് കാവാലത്തെ നേരിട്ടറിയുന്നവർക്ക് ഒരത്ഭുതമേയല്ല. അദ്ദേഹത്തിന്റെ മൂത്തമകൻ കാവാലം ഹരികൃഷ്ണൻ ഏതാനും വർഷം മുൻപേ അന്തരിച്ചു.

ലോകത്തേതു മൂലയിൽ ചെന്നും, കാവാലം എന്നൊരു സ്ഥലനാമം ഉച്ചരിച്ചാൽ, കാവാലം നാരായണപ്പണിക്കരെന്നോ, അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രന്റെ പേരായ കാവാലം ശ്രീകുമാറെന്നോ, കാവാലം ചുണ്ടനെന്നോ കേട്ടു നിൽക്കുന്നവരുടെ ചുണ്ടുകൾ മന്ത്രിക്കുന്നത്ര പരിചിതമായി വിദേശികളും, സ്വദേശികളുമായ കലാസ്വാദകരിൽ കാവാലം എന്ന ഗ്രാമത്തിന്റെയും, കുട്ടനാടിന്റെ സംസ്കാരത്തിന്റെയും, മലയാളമെന്ന മഹാഭാഗ്യത്തിന്റെയും ഖ്യാതി കൊണ്ടു വന്നെത്തിച്ച കാവാലം നാരായണപ്പണിക്കരുടെ പേരിൽ മാത്രമല്ല; ശ്വാസനിശ്വാസങ്ങളിലും, വരിയിലും, ഈണങ്ങളിലും പോലും കാവാലം എന്ന ഗ്രാമമുണ്ട്. അഥവാ കാവാലമെന്ന ഗ്രാമത്തിന്റെ ഓരോ വയൽപ്പാട്ടിലും, പൂക്കൈതയാറിന്റെ മധുരകല്ലോലിനികളിലും കാവാലം നാരായണപ്പണിക്കരെന്ന മണ്ണിന്റെ മകന്റെ ഹൃദയഗീതം അലിഞ്ഞു ചേർന്നിട്ടുണ്ട്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close