ത്രിപുര: ഇന്ത്യയിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ വനിതാ ജിംനാസ്റ്റാണ് ദീപ കർമാക്കർ. കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഒളിമ്പിക്സ് ജേതാക്കളെ പോലും പിന്നിലാക്കി വെങ്കല മെഡൽ നേടിയ ദീപ, രാജ്യത്തിന്‍റെ ഉറച്ച മെഡൽ പ്രതീക്ഷയാണ്. 52 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ താരം ഒളിമ്പിക് ജിംനാസ്റ്റിക്സിൽ യോഗ്യത നേടുന്നത്.
ജിംനാസ്റ്റിക്സ് എന്താണെന്നു പോലും അറിയാത്ത നാട്ടിൽ നിന്നാണ് ദീപ കർമാക്കറെന്ന ത്രിപുരക്കാരിയുടെ ജിംനാസ്റ്റിക് മോഹങ്ങൾ തുടങ്ങുന്നത്. അഗർത്തല സ്വദേശിയായ ദീപ 2014ൽ ഗ്ളാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടിയശേഷമാണ് അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധേയയാകുന്നത്. ദേശീയ ഗെയിംസിൽ സ്വർണമെഡലുകൾ വാരിക്കൂട്ടിയ ദീപയ്‌ക്ക് ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ മെഡൽ നഷ്ടമായത് നേരിയ വ്യത്യാസത്തിൽ. ജിംനാസ്റ്റിക്സിൽ പ്രോഡുനോവ ഇനത്തിൽ വിജയിച്ച അഞ്ച് പേരിലൊരാളും ഈ 22കാരിയാണ്.
52വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ താരം ഒളിമ്പിക് ജിംനാസ്റ്റിക്സിൽ യോഗ്യത നേടുന്നത്. ആറ് വയസ്സ് മുതൽ ദീപയെ പരിശീലിപ്പിക്കുന്ന ബിശ്വേശ്വർ നന്ദിക്ക് ദീപ തന്‍റെ നേട്ടങ്ങൾ സമർപ്പിക്കുന്നു. റിയോയിൽ ദീപയ്‌ക്ക് മെഡൽ നേടാനായാൽ ഇന്ത്യൻ ജിംനാസ്റ്റിക്സ് ചരിത്രത്തിൽ തന്നെ നാഴികക്കല്ലായി മാറുമത്.















