ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച സംഭാവന തുകയില്‍ വന്‍ തിരിമറി നടന്നുവെന്ന ആരോപണത്തില്‍ പ്രതികരിക്കാതെ എഎപി നേതൃത്വം. പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ സെപ്തംബറില്‍ എഎപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ദേവീന്ദര്‍ ഷെരാവത്ത് ആണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന ന്യായം പറഞ്ഞ് പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുകയാണ്.
പൊതുജനങ്ങളുടെ കൈയ്യില്‍ നിന്ന് സ്വീകരിച്ച സംഭാവനയില് അടക്കം വന്‍തോതില്‍ ക്രമക്കേടുകള്‍ നടന്നതായി ദേവീന്ദര്‍ ഷെരാവത്ത് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. സംഭാവനകളിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചപ്പോള്‍ വെബ്സൈറ്റില്‍ നിന്ന് സംഭാവന നല്‍കിയവരുടെ പട്ടിക ഒഴിവാക്കുകയാണ് എഎപി നേതാക്കള്‍ ചെയ്തതെന്നും റിട്ടയേര്‍ഡ് കേണല്‍ കൂടിയായ ദേവീന്ദര്‍ ഷെരാവത്ത് ചൂണ്ടിക്കാട്ടി.
പതിനാറായിരത്തോളം പേരുകള്‍ സംഭാവനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങളില്‍ നിന്ന് സംഭാവനയായി പിരിച്ച തുകയില്‍ 16 കോടി രൂപ അപ്രത്യക്ഷമായതായും തിരിമറികളില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ദേവീന്ദര്‍ ഷെരാവത്ത് ഉറപ്പിച്ച് പറയുന്നു.
ബിജ്വാസനില്‍ നിന്നുളള എംഎല്‍എയാണ് ദേവീന്ദര്‍ ഷെരാവത്ത്. തന്റെ ആരോപണങ്ങള്‍ക്ക് 48 മണിക്കൂറിനുളളില്‍ മറുപടി പറയണമെന്ന് കെജ് രിവാളിനെ ദേവീന്ദര്‍ ഷെരാവത്ത് വെല്ലുവിളിച്ചെങ്കിലും കെജ് രിവാളും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സാധാരണ ജനങ്ങള്‍ നല്കുന്ന ചെറിയ തുകയുടെ സംഭാവനകള്‍ ഉപയോഗിച്ചാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നാണ് കെജ് രിവാള്‍ ഉള്‍പ്പെടെയുളള നേതാക്കളുടെ അവകാശവാദം. ഈ പണം ദുരുപയോഗം ചെയ്യുന്നതായി ആരോപണമുയര്‍ന്നിട്ടും നേതൃത്വം മൗനം പാലിക്കുന്നതില്‍ അണികളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും എഎപിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.