തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ ചേരിപ്പോരില്‍ ഭരണം നിശ്ചലമായെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന്. അധികാരത്തിലേറി അഞ്ച് മാസത്തിനുള്ളില്‍ തന്നെ ഉദ്യോഗസ്ഥ തലപ്പത്തും പോലീസിലും സര്‍ക്കാരിനുള്ള നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടതായിട്ടാണ് ഐഎഎസ് തലപ്പത്തെ തമ്മിലടിയിലൂടെ വ്യക്തമാകുന്നതെന്നും വി. മുരളീധരന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കര്‍ക്കശക്കാരന്റെ ഭരണത്തിന് കീഴില്‍ അച്ചടക്കം പാലിക്കേണ്ടവര്‍ തന്നെ അഴിഞ്ഞാടുകയാണെന്ന് വി. മുരളീധരന് ചൂണ്ടിക്കാട്ടി. വിജിലന്‍സ് ഡയറക്ടറുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തന്നിഷ്ടപ്രകാരമായിരിക്കുകയാണ്. മുഖ്യമന്ത്രിയേയും മറികടക്കുകയാണ് വിജിലന്‍സ്. താന്‍ കൊടുക്കാന്‍ പോകുന്ന പരാതികള്‍ പോലും വിജിലന്‍സ് ഡയറക്ടര്‍ ആദ്യം മാധ്യമങ്ങള്‍ക്ക് നല്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി.
പരസ്പരമുള്ള തര്‍ക്കങ്ങള്‍ കാരണം ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ മാറിനില്ക്കാന് സ്വയം സന്നദ്ധതപ്രകടിപ്പിച്ച് മുന്നോട്ടുവരികയാണെന്നും വി. മുരളീധരന് ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച വ്യവസ്ഥകള്‍പോലും ശക്തമായി നടപ്പിലാക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.
പരസ്പര വിശ്വാസമില്ലാതെ തമ്മിലടിക്കുന്ന പോലീസിന്റേയും ഉദ്യോഗസ്ഥരുടേയും ഇടയില്‍ മാധ്യസ്ഥ്യം വഹിക്കാന്‍പോലും കഴിയാതെ നിസ്സഹായരായി നോക്കിനില്‍ക്കുകയാണ് മുഖ്യമന്ത്രിയും എല്‍.ഡി.എഫും. സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലാക്കി ഭരണപരമായ പ്രതിസന്ധി നേരിടുന്ന ഈ സര്‍ക്കാര്‍ കേരളീയര്‍ക്ക് ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.