എസ് . അഞ്‌ജന
”ഒരു ഇരുപത്തിയഞ്ച് വയസിനൊക്കെ മുന്‍പ് ലോകമിങ്ങനെ വിശാലമായി മുന്നില്‍ തുറന്നുകിടക്കും. അത് നീ എക്‌സ്‌പ്ലോര്‍ ചെയ്തില്ലെങ്കില്‍, യൂ ആര്‍ വേസ്റ്റിങ്ങ് യുവര്‍ ഏജ് ‘ . സാധാരണ അച്ഛന്മാരൊന്നും ജേക്കബിനെ പോലെ ഇത്ര വിശാല മനസ്‌കരല്ലെങ്കിലും ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ജേക്കബ്ബിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ അറിയാത്ത ലോകത്തെ കൈയ്യെത്തി പിടിക്കാന്‍ കൊതിച്ചു പോയവരുണ്ട്. അനുഭവിക്കാത്ത ഓരോ കാര്യങ്ങളെയും അനുഭവിക്കുമ്പോഴാണ് യാത്രകള്‍ യാഥാര്‍ത്ഥ്യമാവുന്നത്. ആ യാത്രകളാണ് മനസില്‍ എന്നും തങ്ങി നില്‍ക്കുന്നതും.
വളരെ ചിലവേറിയ ഉല്ലാസ ദിനങ്ങളായിരുന്നു ഒരു കാലത്ത് യാത്രകള്‍. ആ ചിന്തയെ തകിടം മറിച്ച – യാത്ര എന്ന വാക്കിനെ തന്നെ പുനര്‍നിര്‍വചിച്ച ഒരു ആശയമായിരുന്നു ഹിമാലയന്‍ യാത്രകള്‍. ഒരു ലോകത്തില്‍ നിന്നും മറ്റൊരു ലോകത്തേക്ക് പറിച്ചു നടുന്ന അനുഭൂതിയാണ് ഹിമാലയന്‍ യാത്ര സഞ്ചാരികളില്‍ സൃഷ്ടിക്കുന്നത്.
ഹിമാലത്തിലേക്കുള്ള ബൈക്ക് യാത്രകളെ മലയാളി സ്‌നേഹിച്ചു തുടങ്ങിയിട്ട് അധിക കാലമായില്ല. ലേ, കച്ച്, മണാലി തുടങ്ങി ഒരു കാലത്ത് ” ദുര്‍ഘടമായിരുന്ന” സ്ഥലങ്ങളിലേക്ക് ഇന്ന് ഒരു ഇരുചക്ര വാഹനത്തിന്റെ ചങ്കിടിപ്പിന്റെ അകമ്പടിയോടെ കടന്നു ചെല്ലുമ്പോള്‍ വേലിക്കെട്ട് തല്ലിത്തകര്‍ത്ത് പുറത്തിറങ്ങിയ സഞ്ചാരിയുടെ ആഹ്ലാദം ഒന്നു കാണേണ്ട കാഴ്ചതന്നെയാണ്. വിനോദയാത്ര എന്നതിലുപരി സ്വാമി വിവേകാനന്ദനെ പോലെ ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്താന്‍ ഹിമാലയത്തിലേക്ക കടന്നു വരുന്നവരുമുണ്ട്. അകലങ്ങളിലെ ഇന്ത്യയെ കൈയ്യെത്തി പിടിക്കാന്‍ അറിയാത്ത ഇന്ത്യയിലേക്ക് കടന്നുചെല്ലുന്നവരാണധികവും.
വിവിധ വിനോദയാത്ര പാക്കേജികളുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങളിലെ ഹിമാലയന്‍ യാത്രക്കാണ് ആരാധകര്‍ കൂടുതല്‍. സാഹസികതയാണ് ഹിമാലയന്‍ യാത്രകളുടെ മുഖമുദ്ര. നിരവധി യാത്രാമാര്‍ഗങ്ങളാണ് ഹിമാലയത്തിലേക്കുള്ളത്. മണാലി, കിലോങ്, സര്‍ചു, ലേ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി നിരവധി സ്ഥലങ്ങളാണ് കാണാനുള്ളത്. ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് ഇരുചക്ര വാഹനങ്ങള്‍, മെക്കാനിക്ക്, ഇന്ധനം എന്നിവ സജ്ജീകരിക്കുന്ന സ്ഥാപനങ്ങളുമുണ്ട്.
ഗുണമേന്മയുള്ള ഹെല്‍മെറ്റ്, കൊടും ചൂട്, തണുപ്പ് എന്നിവയെ പ്രതിരോധിക്കുന്ന ജാക്കറ്റുകള്‍, ലെതര്‍ ജാക്കറ്റുകള്‍, സണ്‍ഗ്ലാസ്, വീര്യം കൂടിയ സണ്‍സ്‌ക്രീന്‍ ലോഷന്‍, റൈഡിങ് ഗ്ലൗസ്, ബാഗുകള്‍, സ്വെറ്റര്‍, ക്യാമറകള്‍, ടെന്റ്, മരുന്നുകള്‍, തുടങ്ങി നിരവധി സജ്ജീകരണങ്ങളോടെയാണ് യാത്ര തുടങ്ങേണ്ടത്. പ്രകൃതി ക്ഷോഭങ്ങളാലും രാഷ്‌ട്രീയ കാരണങ്ങളാലും പ്രക്ഷുബ്ധമായ മേഖലകളിലൂടെയാണ് യാത്ര കടന്നു പോവുന്നത്. നിര്‍ബന്ധമായും യാത്രാ ഇന്‍ഷ്വറന്‍സും എടുക്കേണ്ടതാണ്. അതിനാല്‍ തന്നെ സാഹസികതയോടൊപ്പം ജാഗ്രതയും ഹിമാലയന്‍ യാത്രകളിലുണ്ടാവേണ്ടതാണ്. യാത്രാ ചിലവ് അറുപതിനായിരം രൂപയോളം വരും.
ഇന്നത്തെ യുവത്വത്തെ ഹിമാലയം പോലെ ആകര്‍ഷിച്ച മറ്റൊരു സ്ഥലമില്ല. ഹിമാലയത്തിലേക്ക് പോവാനുള്ള റിഹേഴ്‌സലാണ് ഇന്നത്തെ യൂത്തന്മാരുടെ കൊടൈക്കനാല്‍ യാത്ര വരെ. തന്നെ കുറിച്ച് ചിന്തിക്കുന്നവരെയെല്ലാം തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ ഹിമാലയത്തിന് ഒരു പ്രത്യേക വശ്യതയുണ്ട്. ഹിമാലയന്‍ യാത്രകളില്‍ ആസ്വദിക്കാന്‍ പ്രകൃതി സൗന്ദര്യം മാത്രമല്ല ഉള്ളത്, വ്യത്യസ്തമായ ഭക്ഷണം, വിവിധ സംസ്‌കാരങ്ങള്‍ പിന്തുടരുന്ന ജനസമൂഹങ്ങള്‍ അങ്ങനെ സാമൂഹ്യ പ്രതിബദ്ധതയോടെ ചിന്തിക്കുന്നവര്‍ക്കും മാകിയവെല്ലിയെ പോലെ ജീവിതം ആസ്വദിക്കുന്നവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാവും ഹിമാലയന്‍ സാഹസിക യാത്രകള്‍.
ബൈപ്പാസ് വഴി കല്‍ക്കത്തയിലേക്ക് എന്ന് അല്‍ക്കാ സരോഗി പറയുന്നത് പോലെ സ്ഥിരം ദക്ഷിണേന്ത്യന്‍ സ്ഥലങ്ങളെ വരുന്ന അവധിക്ക് വെറുതെ വിടു. എന്നിട്ട് മുഖ്യ ഹൈവേകളില്‍ കൂടെ തന്നെ ഹിമാലയത്തിലേക്ക് വിട്ടോളു.