Special

വിപ്ളവ സൂര്യനോ ഏകാധിപതിയോ ?

ജനാധിപത്യവും മനുഷ്യാവകാശവുമെല്ലാം ആവോളം ഉദ്ഘോഷിക്കുന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഏകാധിപത്യപരമാകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിൽ ഒന്നാണ് . സ്റ്റാലിനും ലെനിനും മാവോയും പോൾപോട്ടും ചെഷസ്ക്യൂവുമടക്കമുള്ള കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളെ ആ വിധത്തിലാക്കിയത് അവരുടെ പ്രത്യയശാസ്ത്രം തന്നെയാണെന്നതിൽ സംശയമില്ല. ക്യൂബൻ വിപ്ളവത്തിന്റെ പ്രധാന മുന്നണിപ്പോരാളികളിലൊരാളായ ഫിഡൽ കാസ്ട്രോയും അക്കാര്യത്തിൽ വ്യത്യസ്തനായിരുന്നില്ല .

ബാറ്റിസ്റ്റയുടെ ഭരണത്തെ തൂത്തെറിഞ്ഞ് അധികാരത്തിലേറിയ ഫിഡൽ കാസ്ട്രോ ക്യൂബൻ വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും സമഗ്ര പുരോഗതി ലക്ഷ്യമിട്ടു പ്രവർത്തിച്ചുവെന്നാണ് കരുതപ്പെടുന്നത് . എന്നാൽ എതിരഭിപ്രായങ്ങളെ നിർദ്ദയം അടിച്ചമർത്തുന്നതിൽ മുൻപനായിരുന്നു ഫിഡൽ . മറ്റെല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളെയും പോലെ മാദ്ധ്യമ സ്വാതന്ത്ര്യമെന്നത് കിട്ടാക്കനിയായിരുന്നു ക്യൂബയിലും .

രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി ചില സ്വാതന്ത്ര്യങ്ങളൊക്കെ ചങ്ങലയ്ക്കിടണമെന്നായിരുന്നു കാസ്ട്രോയുടെ അഭിപ്രായം . പിതൃഭൂമിക്കു വേണ്ടി എല്ലാം ത്യജിക്കണമെന്ന റഷ്യൻ ചിന്തയുടെ മറ്റൊരു പതിപ്പ്. അതിരുകളില്ലാത്ത മാനവികതയെക്കുറിച്ച് വാചാലരാകുമെങ്കിലും സ്വവർഗ രതിക്കാർക്കും മതസംഘങ്ങൾക്കുമൊന്നും ക്യൂബയിൽ രക്ഷയില്ലായിരുന്നു.

പതിറ്റാണ്ടുകൾ നീണ്ട ഭരണത്തിനിടയിൽ ആയിരക്കണക്കിന് പേരെ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് കൊലപ്പെടുത്തിയിട്ടുണ്ട് . കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് ഫയറിംഗ് സ്ക്വാഡുകൾ പുതുമയല്ലല്ലോ. സോവിയറ്റ് റഷ്യയിൽ ഒരവസരത്തിൽ പോളിറ്റ് ബ്യൂറോയിൽ നിന്ന് ഇറങ്ങിയ സഖാക്കളൊക്കെ നേരേ ഫയറിംഗ് സ്ക്വാഡിന്റെ മുന്നിലേക്കാണെടുത്തെറിയപ്പെട്ടതെന്നത് ചരിത്ര വസ്തുതയാണ് .

ഫയറിംഗ് സ്കാഡുകളാൽ കൊല്ലപ്പെടേണ്ടവർക്ക് നിയമപരമായ വിചാരണയുടെ ആവശ്യമില്ലെന്നായിരുന്നു കാസ്ട്രോയുടെ സ്വന്തം ചെഗുവേരയുടെ വിലയിരുത്തൽ . നിയമവും കോടതിയും വിചാരണയുമൊക്കെ ബൂർഷ്വാ സെറ്റപ്പെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അങ്ങനെ യാതൊരു നിയമ പരിരക്ഷയും കൊടുക്കാതെ ആയിരങ്ങളെയാണ് കാസ്ട്രോ ഭരണകൂടം കൊന്നൊടുക്കിയത്.

ഒന്നിനും കൊള്ളാത്തവരെ എന്ത് ചെയ്യുമെന്നുള്ള അന്വേഷണത്തിൽ നിന്നാണ് ഫിഡലിന്റെ സ്വന്തം നിർബന്ധിത തൊഴിലാളി ക്യാമ്പുകൾ പിറവി കൊള്ളുന്നത് . സ്വവർഗ്ഗ രതിക്കാരെയും യഹോവ സാക്ഷികളേയും സെവന്റ്ത് ഡേ അഡ്വന്റിസ്റ്റുകളേയും അയയ്ക്കാനുള്ളതായിരുന്നു ഇത്തരം ക്യാമ്പുകൾ പീഡനവും പട്ടിണിയും മൂലം നരകാലയങ്ങളായിരുന്നു .

നിരവധി ക്യൂബൻ കുടുംബങ്ങളെ പിളർത്തിയ നടപടികളുടെ പിതൃത്വം കാസ്ട്രോയ്ക്ക് കൽപ്പിച്ചു നൽകുന്നുണ്ട് . അതിനൊപ്പം സ്വന്തം കുടുംബത്തിൽ പെട്ടവരും തന്നെ തള്ളിപ്പറയുന്നത് ഫിഡൽ കാണേണ്ടി വന്നിട്ടുണ്ട് . സഹോദരി ജോവാനിറ്റ കാസ്ട്രോ ഫിഡലിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് 1960 കളുടെ തുടക്കത്തിൽ തന്നെ ക്യൂബ വിട്ടു . സഹോദരൻ ഒരു രാക്ഷസനാണെന്ന ജോവാനിറ്റയുടെ അഭിപ്രായത്തിന് ഇന്നും മാറ്റമില്ല.

എന്തായാലും കാസ്ട്രോയുടെ നിര്യാണത്തിൽ ക്യൂബക്കാർ തേങ്ങുകയാണെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കരുത് . കാരണം ക്യൂബയിൽ നിന്ന് അഭയാർത്ഥികളായി മിയാമിയിലെത്തിയവരൊക്കെ ആഘോഷിക്കുകയാണ് . ക്യൂബ സ്വാതന്ത്ര്യത്തിലേക്ക് ഒരു പടി കൂടി അടുത്തു എന്നൊക്കെയാണ് ആഘോഷിക്കുന്നവർ ആർത്തു വിളിക്കുന്നത് .

ചുരുക്കത്തിൽ കമ്യൂണിസ്റ്റ് കാൽപ്പനികത പാടിപ്പഠിപ്പിച്ച “സോവിയറ്റെന്നൊരു നാടുണ്ടത്രെ പോകാൻ കഴിഞ്ഞെങ്കിലെന്ത് ഭാഗ്യം“ എന്നത് സത്യത്തിലെന്തായിരുന്നെന്ന് പിന്നീട് തെളിഞ്ഞത് പോലെയാണ് ക്യൂബയുടെ കാര്യവും . ഇരുമ്പു മറയിൽ ഒളിഞ്ഞു കിടക്കുന്ന കാസ്ട്രോയുടെയും ഭരണകൂടത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തു വരുമ്പോൾ ആരുമൊന്ന് ചോദിച്ചു പോകും ..

വിപ്ളവ സൂര്യനോ ഏകാധിപതിയോ ?

844 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close