IndiaSpecial

തിരക്കഥയെ വെല്ലുന്ന ജീവിതം

1948 ഫെബ്രുവരി 24 ന് കർണാടക സംസ്ഥാനത്തെ മാണ്ഡ്യ ജില്ലയില്‍പ്പെട്ട പാണ്ഡവപുരത്താണ് ജയലളിതയുടെ ജനനം . അച്ഛൻ ജയറാം, അമ്മ വേദവല്ലി . കുട്ടിക്കാലത്ത് ജയലളിതയെ അമ്മ വിളിച്ചിരുന്നത് കോമളവല്ലി എന്നായിരുന്നു . ജയലളിതയ്ക്ക് രണ്ട് വയസ്സായപ്പോഴേയ്ക്കും പിതാവ് മരണമടഞ്ഞു. തുടർന്ന് ബാംഗളൂരിലേക്ക് താമസം മാറിയ കുടുംബം പിന്നീട് ചെന്നൈയിൽ സ്ഥിരതാ‍മസമാക്കുകയായിരുന്നു . സന്ധ്യ എന്ന പേരിൽ ജയലളിതയുടെ അമ്മ തമിഴ് സിനിമയിൽ അഭിനയിച്ചിരുന്നു .

15 വയസായപ്പോൾ അമ്മയെ പിന്തുടർന്ന് ജയലളിതയും സിനിമയിലെത്തി . ആദ്യമഭിനയിച്ചത് ഒരു ഇന്ത്യൻ നിർമ്മിത ഇംഗ്ലീഷ് സിനിമയിലായിരുന്നു പേര് എപ്പിസിൽ . സിനിമയില്‍ അവസരം തേടിയെത്തിയ ഇവര്‍ ശ്രദ്ധിക്കപ്പെട്ടത് വളരെ പെട്ടന്നായിരുന്നു. എപ്പിസില്‍ എന്ന ഇന്ത്യന്‍ നിര്‍മിത ഇംഗ്ലീഷ് സിനിമയിലാണ് ജയലളിത ആദ്യമായി അഭിനയിച്ചത്. സിനിമയുടെ നിർമാതാവ് മുൻ ഇന്ത്യൻ പ്രസിഡന്റ് വി വി ഗിരിയുടെ മകൻ ശങ്കർ ഗിരി ആയിരുന്നു . സി വി ശ്രീധർ സംവിധാനം ചെയ്ത വെണ്ണിര ആടൈ ആണ് ആദ്യ തമിഴ്സിനിമ . തെലുങ്ക് കന്നഡ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച അവർ ഇസ്സത്ത് എന്ന ഹിന്ദി സിനിമയിൽ ധർമേന്ദ്രയോടൊപ്പവും അഭിനയിച്ചിട്ടുണ്ട് .

2bc30016f3e9023487bb82557cfc63b9

കേവലം ഒരു സിനിമാ നടി മാത്രമായിരുന്നില്ല അവർ . മിടുക്കിയായ വിദ്യാർത്ഥിനിയും പുസ്തകത്തോട് വളരെയധികം താത്പര്യമുള്ളയാളുമായിരുന്നു . ഷോട്ടുകളുടെ ഇടവേളകളിൽ പുസ്തകവുമായിരിക്കുന്ന ജയലളിതയെ കൂടെ ജോലി ചെയ്തിരുന്നവർ ഇന്നും ഓർമ്മിക്കുന്നുണ്ട് . ഇംഗ്ലീഷ് , ഹിന്ദി , കന്നഡ ,തെലുങ്ക് ഭാഷകൾ അവർ അനായാസം കൈകാര്യം ചെയ്യുമായിരുന്നു . തമിഴകത്തെ ശക്തയായ രാഷ്ട്രീയ നേതാവായി മാറാൻ ഇതും സഹായിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല . എം ജി രാമചന്ദ്രനോടൊപ്പം നിരവധി ഹിറ്റ് സിനിമകളിൽ അവർ വേഷമിട്ടിട്ടുണ്ട് . കാവൽക്കാരൻ , എങ്കൾ തങ്കം , കുടിയിരുന്ത കോവിൽ , നാം നാട് , ആയിരത്തിൽ ഒരുവൻ , പുതിയ ഭൂമി തുടങ്ങിയവയാണ് ജയലളിതയുടെ ഹിറ്റ് ചിത്രങ്ങൾ . 1972 ൽ ശിവാജി ഗണേശനൊപ്പം അഭിനയിച്ച പട്ടിക്കാട പട്ടണമാ എന്ന ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചു . അതേ സിനിമയിലെ അഭിനയത്തിന് ജയലളിതയ്ക്ക് ഫിലിം ഫെയർ അവാർഡും ലഭിച്ചു .

j-jayalalitha-2

എം ജി രാമചന്ദ്രനുമായുള്ള സൗഹൃദമാണ് ജയലളിതയുടെ രാഷ്ട്രീയ പ്രവേശം സാദ്ധ്യമാക്കിയത് . 1977 ൽ തമിഴ്നാട് മുഖ്യമന്ത്രിയായ എം ജി ആർ ജയലളിതയെ പാർട്ടിയുടെ പ്രചരണ വിഭാഗത്തിന്റെ തലപ്പത്തേക്ക് കൊണ്ടു വന്നു .1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന ജയിച്ച് എംഎല്‍എയായി. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് കണ്ടറിഞ്ഞ് പാർട്ടി അവരെ 1984 ൽ രാജ്യസഭാംഗമാക്കി . എം ജി ആറിനു ശേഷം ആരെന്ന ചോദ്യത്തിന്റെ ഉത്തരം പാർട്ടിയിലെ മുതിർന്നവർക്കും ജനങ്ങൾക്കും മനസ്സിലായിത്തുടങ്ങിയ കാലമായിരുന്നു അത് .

ജയലളിത പാർട്ടിയിൽ ശക്തമായിക്കൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായും അവർക്കെതിരെ പാളയത്തിൽ തന്നെ പട തുടങ്ങി .1987ല്‍ എംജിആര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിധവ ജാനകി രാമചന്ദ്രനെ മുഖ്യമന്ത്രിയാക്കാന്‍ എതിര്‍വിഭാഗത്തിന് ക‍ഴിഞ്ഞു. എം ജി ആറിന്റെ വിലാപയാത്രയിൽ നിന്നും ജയയെ പുറത്താക്കുന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ . പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുകയായിരുന്നു ഫലം. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു. അവിടെനിന്നാണ് ഒരു തമി‍ഴ്സിനിമയെ വെല്ലുന്ന തിരക്കഥ പോലെ ജയലളിത അധികാരത്തിലേക്ക് പടികള്‍ ചവിട്ടിയത്.ഡിഎംകെയുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്റെ കീഴിലാക്കാന്‍ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതോടെ ജയലളിത ഏകച്ഛത്രാധിപതിയാവുകയായിരുന്നു . 1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി.

jayalalithaa_650x400_71432320366

എന്നാൽ മന്നാർഗുഡി സ്വദേശിയായ തോഴി ശശികലയോടൊപ്പം ചേർന്നുള്ള അഴിമതിക്കഥകളും സ്വജന പക്ഷപാതത്തിന്റെ പിന്നാമ്പുറക്കഥകളുമാണ് പിന്നീട് പുറത്തുവന്നത് . 1996ലെ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു. എഐഡിഎംകെയെ തൂത്തുവാരി അധികാരത്തിലെത്തിയ ഡിഎംകെയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരില്‍ ജയ അറസ്റ് ചെയ്യപ്പെട്ടു. . ജനതാപാർട്ടി പ്രസിഡന്റായിരുന്ന സുബ്രഹ്മണ്യം സ്വാമിയായിരുന്നു ജയക്കെതിരെ കോടതിയിൽ ഹർജി നൽകിയത് .അധികാരകേന്ദ്രങ്ങളിൽ അവസാനവാക്കായി വാണ ശശികലയുടെ കുടുംബത്തെ ‘മന്നാർഗുഡി മാഫിയ‘ എന്നാണ് സുബ്രഹ്മണ്യം സ്വാമി വിശേഷിപ്പിച്ചിരുന്നത് . അന്ന് ജയയുടെ വസതിയിൽ നിന്ന് 750 ജോടി ചെരുപ്പുകൾ , 800 കിലോ വെള്ളി , 28 കിലോ സ്വർണം , 10000 സാരികൾ , 91 വാച്ചുകൾ 44 എയർ കണ്ടീഷണറുകൾ എന്നിവ പിടിച്ചെടുത്തതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . അതിനു ശേഷം ആഭരണം ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത ജയ 14 വർഷങ്ങൾക്ക് ശേഷം 2011 ലാണ് വീണ്ടും ആഭരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് . അനധികൃത സ്വത്തു സമ്പാദനവും ഭൂമി ഇടപാടുകളുമൊക്കെയായി നിരവധി കേസുകൾ ഒന്നിനു പിറകെ മറ്റൊന്നായി ജയയെ തേടി വന്നു . ഈ കേസുകൾ വിചാരണ ചെയ്യാനായി സർക്കാർ പ്രത്യേക കോടതിയും സ്ഥാപിച്ചു .

1998 ൽ രണ്ടാം വട്ടം അധികാരത്തിലേറിയ വാജ് പേയി മന്ത്രിസഭയെ 13 മാസങ്ങൾക്ക് ശേഷം മറിച്ചിട്ടത് ജയലളിതയുടെ പാർട്ടിയായിരുന്നു . അതിന്റെ പിന്നിലും മന്നാർ ഗുഡി മാഫിയ ആയിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ് .2001 ൽ എ ഐ ഡി എം കെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി . താൻസി അഴിമതിക്കേസിൽ കുറ്റാരോപിതയായ ജയലളിത മത്സരിച്ചില്ലെങ്കിലും 2001 മെയ് 14 ന് അവർ മുഖ്യമന്ത്രിയായി ചുമതലയേറ്റു . എന്നാൽ സുപ്രീം കോടതി അത് അസാധുവാക്കിയതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയായി പനീര്‍ശെല്‍വത്തിനേ അവരോധിച്ച് അണിയറയ്ക്ക് പിന്നില്‍ നിന്ന് ജയ തമിഴകം നിയന്ത്രിച്ചു. ഇക്കാലയളവിലാണ് ഡി എം കെ നേതാവ് എം കരുണാനിധിയേ പോലീസ് അറസ്റ്റ് ചെയ്തത് . കാഞ്ചി ശങ്കരാചാര്യയെ അറസ്റ്റ് ചെയ്തതും ജയലളിത മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് . “ നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് എന്റെ സർക്കാർ തെളിയിച്ചു “ എന്നാണ് ജയലളിത അന്ന് പ്രഖ്യാപിച്ചത് . വർഷങ്ങൾക്ക് ശേഷം നിയമം ജയലളിതയ്ക്കും കരുതിവച്ചത് അതു തന്നെയായിരുന്നു .

shankrachrya_police_court_20041206

2011 ൽ അധികാരമേറ്റ ജയ മന്നാർ ഗുഡി മാഫിയയെ പൂർണമായും അധികാരസ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കി . പോയസ് ഗാർഡനിൽ നിന്നും ശശികല പോലും പുറന്തള്ളപ്പെട്ടു . സ്വത്തു സമ്പാദനക്കേസിൽ ജയ കുറ്റക്കാരിയായാൽ മുഖ്യമന്ത്രി സ്ഥാനം ശശികലയ്ക്ക് കിട്ടാൻ വേണ്ടി ശ്രമിച്ചു എന്നതാണൊരു കാരണം . ജയലളിതയ്ക്ക് ഭക്ഷണത്തിൽക്കൂടി വിഷം നൽകാൻ ശമിച്ചതാണ് കാരണമെന്നും അധികാര ഇടനാഴികളിൽ പറയപ്പെടുന്നുണ്ട് . എന്തായാലും കുടുംബാംഗങ്ങളിൽ നിന്നും അകന്നു നിന്ന ശശികലയെ ജയ വീണ്ടും തന്റെ സുഹൃത്താക്കി എന്നത് ദുരൂഹമായിത്തന്നെ തുടരുന്നു .

സിനിമാക്കഥ പോലെ തന്നെ സസ്പെന്‍സുകള്‍ നിറഞ്ഞതാണ് പുരട്ചി തലൈവിയുടെ രാഷ്ട്രീയ ജീവിതവും . ഇനിയൊരിക്കലും ഉയിർത്തെഴുന്നേൽക്കില്ലെന്ന് കരുതപ്പെട്ട അവസരങ്ങളിൽ പൂർവാധികം ശക്തിയോടെ അവർ ഉയർന്നു വന്നിട്ടുണ്ട് . ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അഴിമതിക്കേസുകൾ. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് രണ്ട് തവണ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്നിട്ടുണ്ട് ജയലളിതയ്ക്ക്. നീണ്ട നിയമ പോരാട്ടങ്ങളിലൂടെ പ്രധാനകേസുകളിൽ മേൽകോടതിയിൽ നിന്ന് ക്ലീൻചറ്‍റ് നേടാൻ കഴി‍ഞ്ഞു എന്നതും ജയലളിതയുടെ രാഷ്ടീയ ജീവിതത്തിന്‍റെ പ്രത്യേകതയാണ്. ഒപ്പം ജനങ്ങളുടെ കോടതിയിലും അവർ വിജയിക്കുക തന്നെ ചെയ്തു.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അവർ 2016 മെയ് 23 നു ആറാമത്തെ തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

_4abd0ab8-bab5-11e6-9409-56819dc9550f

കഴിഞ്ഞ സെപ്റ്റംബർ 22 നാണ് ജയലളിത ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. അപ്പോളോയിലെ ഡോക്ടർമാരും വിദേശത്ത് നിന്നെത്തിയ ആരോഗ്യവിദഗ്ദ്ധന്മാരും കിണഞ്ഞു ശ്രമിച്ചിട്ടും ഇക്കുറി അവർക്ക് തിരിച്ചു വരാനായില്ല . എല്ലായ്പോഴും ഏത് പ്രതിബന്ധങ്ങളേയും അതിജീവിച്ച് തിരിച്ചു വരുമായിരുന്ന തമിഴകത്തിന്റെ അമ്മ ഒടുവിൽ കാലത്തിന്റെ അനശ്വരപ്രവാഹത്തിൽ ഒഴുകിമറയുകയായിരുന്നു ..തമിഴ്മക്കളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ..

അതെ.. തിരക്കഥയെ വെല്ലുന്ന ആ ജീവിത കഥയ്ക്ക് സമാനതകളില്ല ..

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close