Special

സ്വാമി വിളിച്ചു : സോണിയ വന്നു : സർക്കാർ വീണു

ബോസ്റ്റൺ ടീ പാർട്ടി ലോക പ്രസിദ്ധമാണ് . ബ്രിട്ടീഷ് സർക്കാരിന്റെ നികുതി നയത്തിനെതിരെ അമേരിക്കക്കാർ നടത്തിയ ഈ പ്രതിഷേധ നടപടിയാണ് പിന്നീട് അമേരിക്കൻ വിപ്ളവത്തിലേക്ക് നയിച്ചത് . ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലും ഇതുപോലെ പ്രസിദ്ധമായ ഒരു ടീ പാർട്ടിയുണ്ട് .

ഡൽഹിയിലെ അശോക ഹോട്ടലിൽ 1999 മാർച്ച 29 ന് നടത്തിയ ആ ടീ പാർട്ടി പുരട്ചി തലൈവി ജയലളിതയ്ക്ക് വേണ്ടിയായിരുന്നു. നടത്തിയത് മറ്റാരുമല്ല. പിൽക്കാലത്ത് ജയയുടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ അനധികൃത സ്വത്ത് സമ്പാദനക്കേസിന് തുടക്കമിട്ട രാഷ്ട്രീയ ചാണക്യൻ സാക്ഷാൽ സുബ്രഹ്മണ്യം സ്വാമി.

രണ്ടാം വാജ്പേയി സർക്കാർ സഖ്യകക്ഷികളുടെ പിന്തുണയോടെ മുടന്തി മുന്നോട്ടു പോകുന്ന കാലം . എഐഎഡിഎംകെ യുടെ 18 എം പി മാർ സർക്കാരിനെ താങ്ങി നിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു .

സുബ്രഹ്മണ്യൻ സ്വാമിയുടെ ചായപ്പാർട്ടിയിൽ സോണിയ ഗാന്ധി പങ്കെടുക്കുന്നുവെന്ന് കേട്ടതോടെ അഭ്യൂഹങ്ങൾ പരന്നു . 1998 ൽ കോൺഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്ത സോണിയ രാഷ്ട്രീയ കുതന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

അന്നത്തെ രാഷ്ട്രീയ വൻ തോക്കുകൾ മിക്കവരും ചായപ്പാർട്ടിയിൽ പങ്കെടുത്തു . മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവു, ദേവഗൗഡ , ചന്ദ്രശേഖർ ആസാദ് തുടങ്ങിയവർ , ദേവിലാൽ , കൽപ്പനാഥ് റായ് , ഒമർ അബ്ദുള്ള തുടങ്ങിയ പാർട്ടി തലവന്മാർ . മന്മോഹൻ സിംഗ് , ബൽറാം ഝക്കർ , ഗുലാം നബി ആസാദ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ , ഒപ്പം സെൽഫ് സ്റ്റൈൽ പുഞ്ചിരിയുമായി പ്രധാന ഉപജാപകൻ സുബ്രഹ്മണ്യം സ്വാമി.

രാഷ്ട്രീയ ചർച്ചകൾക്കായി പത്താം നമ്പർ ജനപഥ് വിട്ടിറങ്ങാത്ത സോണിയ ഗാന്ധി ജയലളിതയെ കാണാൻ സ്വാമിയുടെ ക്ഷണമനുസരിച്ച് അശോക ഹോട്ടലിൽ എത്തുമെന്ന വാർത്ത അവിശ്വസനീയമായിരുന്നു .എന്നാൽ അത് സംഭവിച്ചു. റാണിയെപ്പോലെ വിരാജിച്ച ജയയ്ക്കടുത്തേക്ക് വന്ന സോണിയ സെക്കന്റുകൾ മാത്രം നീണ്ടു നിന്ന സംഭാഷണം നടത്തി തിരിച്ചു പോയി . രാഷ്ട്രീയ ഭൂകമ്പമെന്ന് മാദ്ധ്യമങ്ങളോട് ജയലളിത പ്രതികരിച്ചു . ബിജെപി കേന്ദ്രങ്ങളിൽ സംശയങ്ങളുയർന്നു.

1999 ഏപ്രിൽ 14 ന് ജയലളിത ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. പിന്നീടെല്ലാം ചരിത്രം . പതിമൂന്ന് മാസം പ്രായമായ വാജ്പേയി സർക്കാർ ഒരു വോട്ടിന് വിശ്വാസവോട്ടെടുപ്പിൽ തോറ്റു. കെയർ ടേക്കർ സർക്കാരായി അധികാരത്തിലിരിക്കവേ കാർഗിലിൽ പാകിസ്ഥാൻ ആഞ്ഞടിച്ചു . ദേശീയതയ്ക്ക് വേണ്ടി ജനതയൊന്നിച്ചപ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും വാജ്പേയി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു.

സോണിയ ആവശ്യപ്പെട്ടിട്ടാണ് വാജ്പേയി സർക്കാരിനെ താഴെയിറക്കിയതെന്ന് സുബഹ്മണ്യൻ സ്വാമി പിൽക്കാലത്ത് മനസ്സ് തുറന്നിരുന്നു . തന്നോട് ചെയ്ത വാഗ്ദാനം പാലിച്ചില്ല എന്നാരോപിച്ച് സോണിയക്കെതിരെ യുദ്ധമുഖം തുറന്ന സ്വാമി പിന്നീട് ജയലളിതയെയും വെറുതെ വിട്ടില്ല . ജയയെ അഴിക്കുള്ളിലാക്കാൻ പോലും സ്വാമിക്ക് കഴിഞ്ഞു . സോണിയയ്ക്കെതിരെയുള്ള യുദ്ധമാകട്ടെ ഇപ്പോഴും തുടരുകയാണ് . ജയ അരങ്ങൊഴിഞ്ഞിരിക്കുന്നു.  സ്വാമി ഇപ്പോൾ ബിജെപിയുടെ പാർലമെന്റംഗമാണെന്നത് മറ്റൊരു തമാശ .

909 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close