IndiaSpecial

മൈലാപ്പൂരിൽ നിന്നൊരു ദേശീയവാദി

അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും സെൻസർ ചെയ്യാൻ ഒരു പ്രത്യേക വിഭാഗം തന്നെ രാജ്യമെങ്ങും പ്രവർത്തിച്ചിരുന്നു . ചെന്നൈയിലെ ശാസ്ത്രി ഭവനിൽ മൂന്നു പേരായിരുന്നു ഇന്ദിരാവിരുദ്ധ വാർത്തകൾക്ക് കത്രിക വയ്ക്കാൻ നിയോഗിക്കപ്പെട്ടത് .

ഈ കത്രിക ഉദ്യോഗസ്ഥരെ കാണാൻ ഒരിക്കൽ ശാസ്ത്രി ഭവനിലെത്തിയ ഒരു മദ്ധ്യവയസ്കൻ അവർക്ക് പണമടങ്ങിയ ഒരു കവർ നൽകി . മിഴിച്ചു നിന്ന ആ ഉദ്യോഗസ്ഥർ കാര്യമെന്താണെന്ന് അന്വേഷിച്ചു.

എന്റെ ശമ്പളമാണെന്നായിരുന്നു മറുപടി ..

ഒന്നും മനസ്സിലാകാതെ നിന്ന അവരോട് വന്നയാൾ വീണ്ടും പറഞ്ഞു .

“ എന്റെ ജോലി ഇപ്പോൾ ചെയ്യുന്നത് നിങ്ങളാണല്ലോ . അപ്പോൾ എന്റെ ശമ്പളവും നിങ്ങൾക്കുള്ളതാണ് “

resizer

ഉദ്യോഗസ്ഥർക്ക് കാര്യം മനസ്സിലായി . പ്രസിദ്ധീകരണങ്ങൾ എഡിറ്റ് ചെയ്ത് സർക്കാർ വിരുദ്ധ വാർത്തകൾ വെട്ടി പ്രസിദ്ധീകരണത്തിന് അനുമതി കൊടുക്കുന്ന ജോലിയായിരുന്നല്ലോ അവർ ചെയ്തിരുന്നത് . സ്വാഭാവികമായും വന്നയാൾ ഏതോ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരിക്കണം .

ആരാണെന്ന് അന്വേഷിച്ചപ്പോൾ ഹ്രസ്വമായ മറുപടി ലഭിച്ചു

ചോ രാമസ്വാമി : തുഗ്ളക്ക്

ചൊ അന്തരിച്ചതോടെ പടിയിറങ്ങുന്നത് സംഭവബഹുലമായ ഒരു കാലഘട്ടം കൂടിയാണ് . 1970 ൽ ആരംഭിച്ച തുഗ്ളക്കിന്റെ ആക്ഷേപഹാസ്യ കൂരമ്പുകൾ ആരെയും വെറുതെ വിട്ടിട്ടില്ല . സ്വതസിദ്ധമായ ശൈലിയിലൂടെ ചോ നടത്തിയ വിമർശനങ്ങൾ തമിഴകം കടന്ന് ഡൽഹി വരെ എത്തിയിരുന്നു.

ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് അതിനു വളരെ മുൻപേ പ്രവചിച്ചയാളായിരുന്നു ചോ . ജെ പിയും മറ്റ് പ്രതിപക്ഷ നേതാക്കളും തടവിൽ കിടക്കുന്ന കാർട്ടൂൺ വരെ തുഗ്ളക്ക് പ്രസിദ്ധീകരിച്ചു . മാസങ്ങൾ കഴിയുന്നതിനു മുൻപ് അത് സത്യമാവുകയും ചെതു. കറുത്ത കവറുള്ള തുഗ്ളക്കിനെ കൊണ്ടാണ് ചോ അടിയന്തിരാവസ്ഥയെ സ്വീകരിച്ചത്.

thuglak

ഇന്ദിരയെ പരസ്യമായി വിമർശിച്ചാൽ തുഗ്ളക്ക് പുറത്തെത്തില്ല എന്നറിയാമായിരുന്ന ചോ സർവാധികാരി എന്ന തമിഴ് സിനിമയ്ക്ക് ആസ്വാദനക്കുറിപ്പ് എഴുതിയാണ് പ്രതികരിച്ചത് . ഒരു സ്ത്രീയുടെ ഏകാധിപത്യമായിരുന്നു സർവാധികാരിയുടെ പ്രമേയം.

ദ്രാവിഡ രാഷ്ട്രീയവും പ്രാദേശിക വാദവും ഉഴുതുമറിച്ച തമിഴ്മണ്ണിൽ എന്നും ദേശീയവാദത്തിനൊപ്പം അന്തസ്സോടെ നിലയുറപ്പിച്ചയാളായിരുന്നു ചോ . രാഷ്ട്രം മുഴുവൻ അംഗീകരിക്കുന്ന നേതാക്കൾക്ക് മാത്രമേ ഭാരതത്തെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു . തുഗ്ളക്കിന്റെ വാർഷികാഘോഷത്തിന് ദേശീയ നേതാക്കളെ ക്ഷണിക്കാൻ എപ്പോഴും ചോ ശ്രദ്ധവച്ചു .

ചോ ആർക്കൊപ്പമോ അവിടെയാകും വിജയം എന്ന് തമിഴകം വിശ്വസിച്ചു . അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനത പാർട്ടിക്ക് വേണ്ടി തമിഴ്മക്കൾ എവിടെയുണ്ടോ അവിടെയെല്ലാം ചോ രാമസ്വാമി പ്രചാരണം നടത്തി . 1996 ൽ കരുണാനിധിയെയും തമിഴ് മാനില കോൺഗ്രസിനേയും സഖ്യത്തിലാക്കി വിജയിപ്പിച്ചു . പിന്നീട് ജയലളിതയ്ക്കൊപ്പം .

vijayakanth_jayalalitha_67

വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ടെങ്കിലും ബിജെപിയോട് മമത കാണിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അടുത്ത ബന്ധം പുലർത്തി . 2008 ൽ തുഗ്ളക്ക് ആഘോഷ പരിപാടിയിൽ മോദിയെ ക്ഷണിച്ചു കൊണ്ട് ചോ നടത്തിയ പരിചയപ്പെടുത്തൽ പ്രസംഗം പ്രസിദ്ധമാണ് . ചോയുടെ മരണത്തിൽ അനുശോചിച്ചു കൊണ്ട് മോദി ആ വീദിയോ ഇന്ന് റ്റ്വീറ്റ് ചെയ്യുകയും ചെയ്തു.

പുരട്ചി തലൈവിയുടെ വിടവാങ്ങലിന്റെ തൊട്ടടുത്ത ദിവസം തന്നെ ചോ യാത്രയായത് യാദൃശ്ചികതയായിരിക്കാം. എന്തായാലും അടുത്തടുത്ത ദിവസങ്ങളിൽ രാഷ്ട്രീയ ചക്രവാളത്തിലെ രണ്ട് അസ്തമയങ്ങളാണ് തമിഴകം കണ്ടത് . ഇന്നലെ അത് പുരട്ചി തലൈവിയുടേതായിരുന്നെങ്കിൽ ഇന്ന് ചോയെന്ന രാഷ്ട്രീയ ചാണക്യന്റേതാണ്.

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close