NewsSpecial

ഉപഭോക്താക്കളിൽ പലരും അറിയാത്ത അവരുടെ സ്വന്തം നിയമത്തിന് മുപ്പതു വയസ്സ്

രാജ്യത്ത് ഉപഭോക്തൃസംരക്ഷണ നിയമം നിലവിൽ വന്നിട്ട് ഇന്നേയ്ക്കു മുപ്പതു വർഷം തികയുന്നു. നിരന്തരം ചൂഷണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലഷ്യത്തോടെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1986ൽ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കിയ നിയമം ഇന്നോളം ഭാരതത്തിൽ നിലവിൽ വന്നിട്ടുളളതിൽ ഏറ്റവും ലളിതമായ നിയമമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം ഉപഭോക്താക്കളിൽ എത്രപേർ ഈ നിയമത്തേക്കുറിച്ച് ബോധവാന്മാരാണെന്നത് ചിന്തിക്കേണ്ട വിഷയമാണ്.

ഇന്നിന്റെ ലോകത്ത് ഏറ്റവുമധികം വഞ്ചന നേരിടുന്ന സമൂഹമേതെന്നു ചോദിച്ചാൽ അത് ഉപഭോക്തൃ സമൂഹമെന്നു തന്നെ നിസ്സംശയം പറയാം. കാരണം എല്ലാവരും ഏതെങ്കിലുമൊരർത്ഥത്തിൽ ഉപഭോക്താവാണെന്നതു തന്നെയാണ്. എന്നാൽ അവർക്കു ലഭിക്കുന്ന സാധനമോ, സേവനമോ അതു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഗുണനിലവാരം ഉറപ്പു വരുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് നൂറിൽ നൂറു മാർക്കും നേടാൻ കഴിയുന്ന ഒരു ഉൽപ്പന്നമോ സേവനമോ പോലുമില്ലെന്നതാണ് യാഥാർഥ്യം. ജീവൻ രക്ഷാമരുന്നുകൾ പോലും ഈ സത്യത്തിന്നു വെളിയിലല്ല എന്നത് ഗൗരവത്തോടെ തന്നെ നാം കാണേണ്ടതുണ്ട്.

രാജ്യത്തു നിലവിലുളള ഉപഭോക്തൃനിയമങ്ങളേക്കുറിച്ചുളള അവബോധമില്ലായ്മയാണ് പലപ്പോഴും ഇത്തരം വഞ്ചനകൾക്കു മുന്നിൽ നിസ്സംഗരായി നിന്നു പോകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. പൂർണ്ണമായോ, ഭാഗികമായോ, പിന്നീടു വില നൽകാമെന്ന ഉറപ്പിന്മേലോ പ്രതിഫലം നൽകി ഉപഭോക്താവ് സ്വന്തമാക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും, സേവനങ്ങൾക്കും ബാധകമായതാണ് രാജ്യത്തു നിലവിലുളള ഉപഭോക്തൃസംരക്ഷണ നിയമം. അതിവേഗത്തിലും, ലളിതമായ നടപടിക്രമങ്ങളിലൂടെയും വളരെ കുറഞ്ഞ ചിലവിലും ഉപഭോക്താക്കളുടെ തർക്കപരിഹാരത്തിനുതകുന്ന സ്ഥാപനങ്ങൾ ജില്ലാതലം മുതൽ ദേശീയതലം വരെ നിലവിലുണ്ട്. ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ടും, അമിത വിലയീടാക്കിയും, മായം കലർത്തിയും ഒക്കെ സാധനങ്ങൾ ഉപഭോക്താക്കളുടെ തലയിൽ കെട്ടി വയ്ക്കുന്നവർ മുതലാക്കുന്നതും സാധാരണ ജനസമൂഹത്തിന് ഈ നിയമങ്ങളേക്കുറിച്ചുളള അവബോധമില്ലായ്മയാണ്.

ഇന്നിപ്പോൾ, വിപണി അതിന്റെ അനന്തസാദ്ധ്യതകളിലേയ്ക്കു വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സ്ഥാപനത്തിലോ, കടയിലോ ചെന്നു സാധനങ്ങൾ വില നൽകി വാങ്ങുക എന്ന പരമ്പരാഗത വിപണന മാർഗ്ഗങ്ങളിൽ നിന്നും ഇന്നത് ഓൺലൈൻ ബിസിനസ്സുകളിലേക്കും, ക്യാഷ്‌ലെസ് പേയ്‌മെന്റുകൾ അടക്കമുളള പുതുപുതു മാർഗ്ഗങ്ങളിലേക്ക് കുതിക്കുകയാണ്. ഈയവസരത്തിൽ ഉപഭോക്തൃസംരക്ഷണനിയമങ്ങൾ കാലാനുസൃതമായ മാറ്റങ്ങളും, നവീകരണങ്ങളും അർഹിക്കുന്നും, അർത്ഥിക്കുന്നുമുണ്ട്. മാറി വരുന്ന കാലത്തിനനുസൃതമായ നവീകരണങ്ങൾ നിയമത്തിൽ കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ആത്യന്തികമായി, തങ്ങളുടെ അവകാശമെന്തെന്ന കൃത്യമായ ധാരണ കൈവരിക്കുകയാണ് ഈ നിയമത്തിന്റെ പരിപൂർണ്ണമായ നടപ്പാക്കലിന് ആവശ്യം. ഇതിനായി ഓരോ ഉപഭോക്താക്കളും ഈ നിയമത്തേക്കുറിച്ച് അറിയാനും, തങ്ങൾക്കു ലഭിക്കുന്ന സേവനം സുതാര്യവും, സത്യസന്ധവും, നൽകുന്ന പ്രതിഫലത്തിന് ആവശ്യമായ ഗുണമേന്മയുളളതുമാണെന്ന് ഉറപ്പാക്കാനും മാത്രമല്ല; തങ്ങൾ വഞ്ചിതരാകുന്ന ഓരോ ഇടപടുകളേയും പൗരബോധത്തോടെ ചോദ്യം ചെയ്യാനുമുളള ആർജ്ജവം കാട്ടേണ്ടതുണ്ട്.

നിയമം ലംഘിക്കുന്നതും, നിയമലംഘനത്തിനു കൂട്ടു നിൽക്കുന്നതും മാത്രമല്ല സ്വന്തം രാജ്യത്തെ നിയമങ്ങളേക്കുറിച്ച് അവബോധമില്ലാത്തതു കാരണം നിയമലംഘനങ്ങൾക്ക് കാരണമാകുന്നതും ഒരു ഉത്തമ പൗരനെ സംബന്ധിച്ചിടത്തോളം ന്യൂനത തന്നെയാണ്.

അതുകൊണ്ടു തന്നെ ഉപഭോക്താക്കളുടെ സമഗ്ര സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സ്ഥാപിതമായ ഈ നിയമത്തെ അറിഞ്ഞും, അതിന്റെ സാദ്ധ്യതകളെ ഉപയോഗിച്ചും മുന്നോട്ടു പോകുവാനും, ഒരു ഉത്തമ ഉപഭോക്താവായി മാറുവാനുമുളള ഓർമ്മപ്പെടുത്തലാവട്ടെ ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ മുപ്പതാം പിറന്നാൾ എന്ന് ആശംസിക്കുന്നു.

186 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close