NewsSpecial

പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിന്റെ മലയാള പരിഭാഷ

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം.
തണുപ്പുകാലം കഴിയാറായി. വസന്തകാലം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയായി. ഇലപൊഴിയും കാലത്തിനുശേഷം മരങ്ങളില്‍ പുതിയ ഇലകള്‍ വരാന്‍ തുടങ്ങിയിരിക്കുന്നു. പൂക്കള്‍ വിരിയുന്നു. തോട്ടങ്ങളും ഉദ്യാനങ്ങളും ഹരിതാഭമാകുന്നു. പക്ഷികളുടെ കളരവം മനസ്സിനെ ആകര്‍ഷിക്കാന്‍ തുടങ്ങുന്നു. പൂക്കള്‍ മാത്രമല്ല, വെയിലേറ്റു തിളങ്ങുന്ന പഴങ്ങളും മരങ്ങളുടെ ശാഖകളില്‍ കാണാനാകുന്നു.

ഗ്രീഷ്മകാലത്തെ ഫലമായ മാങ്ങയുടെ പൂങ്കുലകള്‍ വസന്തത്തില്‍ത്തന്നെ കാണപ്പെടാന്‍ തുടങ്ങുന്നു. അതേപോലെ കടുകിന്റെ മഞ്ഞപ്പൂക്കള്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കു നിറപ്പകിട്ടേകുന്നു. പലാശപുഷ്പങ്ങള്‍ ഹോളിയെത്തിയെന്ന സന്ദേശം തരുന്നു. അമീര്‍ ഖുസ്രോ ഋതുക്കള്‍ ഇങ്ങനെ മാറുന്ന നിമിഷങ്ങളെക്കുറിച്ച് വളരെ രസകരമായി വര്‍ണ്ണിച്ചിട്ടുണ്ട്. അമീര്‍ ഖുസ്രോ എഴുതി :

ഫൂല്‍ രഹീ സരസോം സകല് ബന്,
അമ്ബവാ ഫൂടേ, ടേസൂ ഫൂലേ
കോയല് ബോലേ, ഡാര്‍-ഡാര്‍
(കടുകുകള്‍ പൂക്കയായെവിടെയും
മാവുപൂത്തൂ പലാശങ്ങള്‍ പൂത്തൂ
കുയിലുകള്‍ പാടീ, ശിഖരങ്ങളില്‍)

പ്രകൃതി സന്തോഷിപ്പിക്കുന്നതാകുമ്പോള്‍, ഋതുക്കള്‍ സുഖപ്രദമാകുമ്പോള്‍ മനുഷ്യനും ഋതുവിന്റെ രസമാസ്വദിക്കുന്നു. വസന്തപഞ്ചമി, മഹാശിവരാത്രി, ഹോളി ആഘോഷം തുടങ്ങിയവയെല്ലാം മനുഷ്യജീവിതത്തില്‍ സന്തോഷത്തിന്റെ നിറച്ചാര്‍ത്തേകുന്നു. സ്‌നേഹം, സാഹോദര്യം, മനുഷ്യത്വം ഒക്കെ നിറഞ്ഞ അന്തരീക്ഷത്തില്‍ നാം അവസാന മാസമായ ഫാല്‍ഗുനത്തിന് വിടയേകുകയായി, പുതിയ, ചൈത്രമാസത്തെ സ്വാഗതം ചെയ്യാന്‍ തയ്യറെടുത്തിരിക്കുന്നു. വസന്തം ഈ രണ്ടു മാസങ്ങളുടെയും കൂടിച്ചേരലാണ്.

മന്‍ കീ ബാത്തിനുമുമ്പ് ഞാന്‍ അഭിപ്രായങ്ങള്‍ ചോദിക്കുമ്പോള്‍ നരേന്ദ്രമോദി ആപ്പിലും ട്വിറ്ററിലും ഫേസ്ബുക്കു വഴിയായും തപാലിലൂടെയും അനേകം അഭിപ്രായങ്ങള്‍ അയയ്ക്കുന്ന ജനങ്ങള്‍ക്കുള്ള നന്ദി ഞാന്‍ ആദ്യമായി വ്യക്തമാക്കട്ടെ. ഇതിന് ഞാന്‍ എല്ലാവരോടും കടപ്പെട്ടവനാണ്.

ശോഭാ ജാലാന്‍ നരേന്ദ്രമോദി ആപ്പില്‍ എഴുതി- വളരെയേറെ ആളുകള്‍ക്ക് ഐഎസ്ആര്‍ഒയുടെ നേട്ടങ്ങളെപ്പറ്റി അറിയുകയില്ല. അതുകൊണ്ട് അവര്‍ പറയുന്നത് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിനെക്കുറിച്ചും ഇന്റര്‍സെപ്റ്റര്‍ മിസൈലിനെക്കുറിച്ചും അറിവു പകരണമെന്നാണ്. ശോഭാജീ, ഭാരതത്തിന്റെ അഭിമാനകരമായ നേട്ടത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചതില്‍ വളരെയേറെ നന്ദി വ്യക്തമാക്കുന്നു. ദാരിദ്ര്യത്തെ നേരിടാനാണെങ്കിലും രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനാണെങ്കിലും ലോകവുമായി ബന്ധപ്പെടാനാണെങ്കിലും അറിവുകള്‍ നേടാനാണെങ്കിലും സാങ്കേതികവിദ്യയും ശാസ്ത്രവും അതിന്റെ പങ്ക് അടയാളപ്പെടുത്തിയിരിക്കുന്നു.

2017 ഫെബ്രുവരി 15 ഭാരതത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ ദിനമാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ ലോകത്തിന്റെ മുന്നില്‍ ഭാരതത്തിന്റെ ശിരസ്സ് സാഭിമാനം ഉയര്‍ത്താനവസരമുണ്ടാക്കിയിരിക്കുന്നു. ഐഎസ്ആര്‍ഒ കഴിഞ്ഞ വര്‍ഷങ്ങളില്‍ മുമ്പില്ലാത്തവിധമുള്ള അനേകം ദൗത്യങ്ങള്‍ വിജയപ്രദമായി പൂര്‍ത്തിയാക്കിയിരിക്കുന്നു എന്ന് നമുക്കെല്ലാമറിയാം. ചൊവ്വാ ഗ്രഹത്തില്‍ മംഗള്‍യാന്‍ എത്തിക്കുന്നതിലുള്ള വിജയത്തിനുശേഷം ഇപ്പോള്‍ കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ ശൂന്യാകാശത്ത് ഒരു ലോക റെക്കാര്‍ഡ് സ്ഥാപിച്ചിരിക്കയാണ്.

ഐഎസ്ആര്‍ഒ മെഗാദൗത്യത്തിലൂടെ അമേരിക്ക, ഇസ്രായേല്‍, കസാക്കിസ്ഥാന്‍, നെതര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്റ്, യുഎഇ, ഭാരതം തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങള്‍ വിജയപ്രദമായി അന്തരീക്ഷത്തിലേക്കു വിക്ഷേപിച്ചിരിക്കുന്നു. ഒരുമിച്ച് 104 ഉപഗ്രഹങ്ങളെ അന്തരീക്ഷത്തിലേക്കെത്തിച്ച് ചരിത്രം രചിച്ച ഭാരതം ലോകത്തെ ആദ്യ രാജ്യമായിരിക്കുന്നു. 38-ാം പ്രാവശ്യമാണ് പിഎസ്എല്‍വി ഇങ്ങനെ വിജയപ്രദമായി വിക്ഷേപിക്കപ്പെടുന്നുവെന്നത് വിശേഷിച്ചും സന്തോഷപ്രദമായ കാര്യമാണ്.

ഇത് ഐഎസ്ആര്‍ഒയ്ക്കു മാത്രമല്ല, മറിച്ച് ഭാരതത്തിനു മുഴുവനുള്ള ചരിത്രനേട്ടമാണ്. ഐഎസ്ആര്‍ഒ യുടെ ചെലവുകുറഞ്ഞ, കഴിവുറ്റ അന്തരീക്ഷ ദൗത്യം ലോകത്തിനുമുഴുവന്‍ ആശ്ചര്യകരമായിരിക്കുന്നു. ലോകം തുറന്ന മനസ്സോടെ ഭാരതത്തിലെ ശാസ്ത്രജ്ഞരുടെ വിജയത്തെ അഭിനന്ദിച്ചിരിക്കുന്നു.

സഹോദരീ സഹോദരന്മാരേ, ഈ 104 ഉപഗ്രങ്ങളില്‍ ഒന്ന് ഏറ്റവും മഹത്തായതാണ്. കാര്‍ട്ടോസാറ്റ്-2ഡി, ഇത് ഭാരതത്തിന്റെ ഉപഗ്രഹമാണ്. ഇതുവഴി ചിത്രങ്ങളെടുക്കുക, വിഭവങ്ങളുടെ വിവരശേഖരണം, അടിസ്ഥാന വികസനോപാധികളുണ്ടാക്കുക, വികസനങ്ങള്‍ തിട്ടപ്പെടുത്തുക, നഗരവികസനത്തിന്റെ ആസൂത്രണം എന്നിവയ്ക്ക് വളരെ സഹായകമാകും. വിശേഷിച്ചും എന്റെ കര്‍ഷക സഹോദരീസഹോദരന്മാര്‍ക്ക്, രാജ്യത്ത് ലഭ്യമായ ജലസ്രോതസ്സുകള്‍ എത്രയാണ്, അവയുടെ ഉപയോഗം എങ്ങനെ നടക്കുന്നു, എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് തുടങ്ങിയ വിഷയങ്ങളില്‍ നമ്മുടെ ഈ പുതിയ ഉപഗ്രഹം, കാര്‍ട്ടോസാറ്റ് 2 ഡി വളരെ സഹായിക്കും.

നമ്മുടെ ഉപഗ്രഹം അവിടെ എത്തിയ ഉടന്‍ ചില ചിത്രങ്ങളയച്ചിട്ടുണ്ട്. അത് അതിന്റെ ജോലി ആരംഭിച്ചിരിക്കുന്നു. ഈ ദൗത്യത്തിന്റെ മുഴുവന്‍ നേതൃത്വം നമ്മുടെ യുവശാസ്ത്രജ്ഞരും നമ്മുടെ മഹിളാ ശാസ്ത്രജ്ഞരുമാണ് വഹിച്ചത് എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. യുവാക്കളുടെയും മഹിളകളുടെയും ഇത്രയധികം പങ്ക് ഐഎസ്ആര്‍ഒയുടെ വിജയത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമാണ്.

ഞാന്‍ രാജ്യത്തെ ജനങ്ങളുടെ പേരില്‍ ഐഎസ്ആര്‍ഒയുടെ ശാസ്ത്രജ്ഞര്‍ക്ക് അനേകം ആശംസകള്‍ നേരുന്നു. സാധാരണജനത്തിനായി, രാഷ്ട്രസേവനത്തിനായി അന്തരീക്ഷശാസ്ത്രത്തെ കൊണ്ടുവരുകയെന്ന തങ്ങളുടെ ലക്ഷ്യം അവരെന്നും പുലര്‍ത്തിപ്പോന്നിട്ടുണ്ട്, നിത്യേനയെന്നോണം പുതിയ പുതിയ തൂവലുകള്‍ അവരുടെ കിരീടത്തില്‍ തുന്നിച്ചേര്‍ക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരെയും, അവരുടെ മുഴുവന്‍ സംഘത്തെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല.

ശോഭാജി മറ്റൊരു ചോദ്യം കൂടി ചോദിച്ചിട്ടുണ്ട്. അത് ഭാരതത്തിന്റെ സുരക്ഷയെക്കുറിച്ചാണ്. അക്കാര്യത്തില്‍ ഭാരതം ഒരു വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്. അതെക്കുറിച്ച് അധികം ചര്‍ച്ചകള്‍ നടന്നിട്ടില്ല. എങ്കിലും ആ മഹത്തായ കാര്യത്തില്‍ ശോഭാജിയുടെ ശ്രദ്ധ പതിഞ്ഞു. ഭാരതം സുരക്ഷാമേഖലയിലെ ബാലിസ്റ്റിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയപ്രദമായി പരീക്ഷിച്ചിരിക്കുന്നു.

ഇന്റര്‍സെപ്ഷന്‍ ടെക്‌നോളജിയുള്ള ഈ മിസൈല്‍ പരീക്ഷണപ്രയോഗത്തില്‍ ഭൂമിയില്‍ നിന്നും ഉദ്ദേശം 100 കിലോമീറ്റര്‍ ഉയരത്തില്‍ ശത്രുമിസൈലിനെ നശിപ്പിച്ചുകൊണ്ട് വിജയം കൈവരിച്ചു. സുരക്ഷാമേഖലയില്‍ ഇത് വളരെ മഹത്തായ നേട്ടമാണ്. ലോകത്തിലെ കഷ്ടിച്ച് നാലോ അഞ്ചോ രാജ്യങ്ങള്‍ക്കേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളൂ എന്നറിയുന്നത് നിങ്ങള്‍ക്കു സന്തോഷപ്രദമായിരിക്കും. ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ ഇതു കൈവരിച്ചു കാണിച്ചു. ഭാരതത്തെ ലക്ഷ്യമിട്ടു വരുന്ന മിസൈല്‍ 2000 കിലോമീറ്റര്‍ ദൂരെനിന്നാണെങ്കില്‍ പോലും ഈ മിസൈല്‍ അന്തിരീക്ഷത്തില്‍വച്ച്തന്നെ അതിനെ നശിപ്പിക്കുന്നു എന്നതാണ് ഇതിന്റെ നേട്ടം.

പുതിയ പുതിയ സാങ്കേതിക വിദ്യകള്‍ കാണുമ്പോള്‍, പുതിയ പുതിയ ശാസ്ത്രനേട്ടങ്ങള്‍ കാണുമ്പോള്‍ നമുക്ക് സന്തോഷം തോന്നുന്നു. മനുഷ്യന്റെ വികസനയാത്രയില്‍ ജിജ്ഞാസ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വിശേഷബുദ്ധിയും പ്രതിഭയുമുള്ളവര്‍ ജിജ്ഞാസയെ ജിജ്ഞാസയായിരിക്കാനനുവദിക്കുന്നില്ല. അവര്‍ അതിനുള്ളില്‍ ചോദ്യമുയര്‍ത്തുന്നു, പുതിയ ജിജ്ഞാസകളന്വേഷിക്കുന്നു, പുതിയ ജിജ്ഞാസകള്‍ക്ക് ജന്മം കൊടുക്കുന്നു. ആ ജിജ്ഞാസ പുതിയ കണ്ടുപിടുത്തത്തിന് കാരണമാകുന്നു. അവരുടെ ജിജ്ഞാസയ്ക്കു ശമനമുണ്ടാകുന്നതുവരെ അവര്‍ ശാന്തരായി ഇരിക്കുന്നില്ല.

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട മനുഷ്യന്റെ വികസനയാത്ര അവലോകനം ചെയ്താല്‍ മനുഷ്യജീവിതത്തിന്റെ ഈ വികസനയാത്രയ്ക്ക് എവിടെയും പൂര്‍ണ്ണവിരാമം ഉണ്ടാവില്ലെന്നു നമുക്കു കാണാം. പൂര്‍ണ്ണ വിരാമം അസാധ്യമാണ്. ബ്രഹ്മാണ്ഡത്തെ, സൃഷ്ടിനിയമങ്ങളെ, മനുഷ്യമനസ്സിനെ അറിയാനുള്ള ശ്രമം നിരന്തരം നടന്നുപോരുന്നു. പുതിയ ശാസ്ത്രം, പുതിയ സാങ്കേതിക വിദ്യ അതില്‍നിന്നാണു ജന്മംകൊള്ളുന്നത്. എല്ലാ സാങ്കേതിക വിദ്യയും, ശാസ്ത്രത്തിന്റെ എല്ലാ പുതിയ രൂപങ്ങളും ഒരു പുതിയ യുഗത്തിനാണ് ജന്മം കൊടുക്കുന്നത്.

എന്റെ പ്രിയപ്പെട്ട യുവാക്കളേ, നാം ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും കഠിനാദ്ധ്വാനത്തിന്റെ കാര്യം പറയുന്നു. പലപ്പോഴും നമ്മുടെ യുവതലമുറയ്ക്ക് ശാസ്ത്രത്തോടുള്ള അഭിനിവേശം വര്‍ദ്ധിക്കണമെന്ന് ഞാന്‍ ‘മന്‍ കീ ബാത്തി’ല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. രാജ്യത്തിന് വളരെയേറെ ശാസ്ത്രജ്ഞരെ ആവശ്യമുണ്ട്. ഇന്നത്തെ ശാസ്ത്രജ്ഞര്‍ വരുംയുഗങ്ങളിലെ വരുംതലമുറയുടെ ജീവിതത്തില്‍ ഒരു പുതിയ മാറ്റത്തിന് കാരണക്കാരായി മാറുന്നു.

മഹാത്മാഗാന്ധി പറയാറുണ്ടായിരുന്നു – ‘ഒരു ശാസ്ത്രവും തികഞ്ഞ രൂപത്തില്‍ ആകാശത്തു നിന്നു പൊട്ടി വീണതല്ല. എല്ലാ ശാസ്ത്രങ്ങളും വികസിച്ച് അനുഭവങ്ങളുടെ മേല്‍ കെട്ടിപ്പടുക്കപ്പെട്ടതാണ്.’
പൂജനീയ ബാപ്പു ഇതുംകൂടി പറഞ്ഞു, ‘സത്യത്തിനു പിന്നാലെയുള്ള ആധുനിക ശാസ്ത്രജ്ഞരുടെ അന്വേഷണത്തില്‍ അവരെ നയിച്ച ഉത്സാഹം, അദ്ധ്വാനശീലം, സമര്‍പ്പണം എന്നിവയെ ഞാന്‍ നിറഞ്ഞ മനസ്സോടെ പ്രകീര്‍ത്തിക്കുന്നു.’

ശാസ്ത്രം സാധാരണ ജനങ്ങളുടെ ആവശ്യങ്ങളെ ലക്ഷ്യമാക്കി ആ സിദ്ധാന്തങ്ങളെ ഉപയോഗപ്പെടുത്തേണ്ടതെങ്ങനെ, അതിനുള്ള മാധ്യമം എന്തായിരിക്കണം, സാങ്കേതികവിദ്യ എന്തായിരിക്കണം എന്നന്വേഷിക്കുന്നു. കാരണം അതാണ് സാധാരണ ജനത്തിനുള്ള ഏറ്റവും മഹത്തായ സംഭാവനയായി കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസം ‘നീതി ആയോഗും’ ഭാരതത്തിന്റെ വിദേശമന്ത്രാലയവും പതിന്നാലാമത് പ്രവാസി ഭാരതീയ ദിവസം ആഘോഷിക്കുന്ന സമയത്ത് ഒരു വലിയ വിശേഷപ്പെട്ട രീതിയിലുള്ള മത്സരം സംഘടിപ്പിച്ചിരുന്നു. സമൂഹത്തിനുപകരിക്കുന്ന കണ്ടുപിടുത്തങ്ങള്‍ ക്ഷണിച്ചിരുന്നു. ഇത്തരം കണ്ടുപിടുത്തങ്ങളെ തിരിച്ചറിയുക, പ്രദര്‍ശിപ്പിക്കുക, ആളുകള്‍ക്ക് അറിവു പകരുക, അത്തരം കണ്ടുപിടുത്തങ്ങള്‍ സാധാരണ ജനത്തിന് എങ്ങനെ ഉപകാരപ്രദമാകണം, കൂടുതല്‍ ഉദ്പാദനം എങ്ങനെ സാധിക്കാം, അതിന്റെ വാണിജ്യപരമായ ഉപയോഗം എങ്ങനെയാകാം എന്നെല്ലാം വിശകലനം ചെയ്‌പ്പെട്ടു.

ഞാനതു കണ്ടപ്പോള്‍ എത്ര മഹത്തായ കാര്യമാണു ചെയ്തിരിക്കുന്നതെന്നാണ് എനിക്കു തോന്നിയത്. ഉദാഹരണത്തിന് നമ്മുടെ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന സഹോദരന്മാര്‍ക്ക് ഉപകാരപ്പെടുന്ന ഒരു കാര്യം ഞാന്‍ അവിടെ കാണുകയുണ്ടായി. ഒരു സാധാരണ മൊബൈല്‍ ആപ് ആണത്. എന്നാല്‍ മത്സ്യബന്ധനത്തിനു പോകുമ്പോള്‍ എവിടെ പോകണം, അധികം മത്സ്യമുള്ള ഭാഗമെവിടെയാണ്, കാറ്റിന്റെ ഗതി എവിടേക്കാണ്, വേഗതയെന്താണ്, തിരകളുടെ ഉയരം എത്രയാകും – അതായത് ഒരു മൊബൈല്‍ ആപ്പില്‍ എല്ലാ വിവരങ്ങളും ലഭ്യമാണ്. ഇതുവഴി മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന സഹോദരന്മാര്‍ക്ക് വളരെ കുറച്ചു സമയം കൊണ്ട് അധികം മത്സ്യങ്ങളുള്ളിടത്തെത്തി തങ്ങളുടെ സാമ്പത്തികോപാര്‍ജ്ജനം നടത്താന്‍ സാധിക്കുന്നു.

ചിലപ്പോഴൊക്കെ പ്രശ്‌നങ്ങള്‍തന്നെ അതിനു സമാധാനം കണ്ടെത്താന്‍ ശാസ്ത്രത്തിന്റെ പ്രാധാന്യമെന്തെന്ന് കാട്ടിത്തരുന്നു. മുംബൈയില്‍ 2005 ല്‍ വലിയ മഴയുണ്ടായി. വെള്ളപ്പൊക്കമുണ്ടായി. സമുദ്രത്തിലും കോളിളക്കമുണ്ടായി, വളരെയേറെ കഷ്ടനഷ്ടങ്ങളുണ്ടായി. എന്തു പ്രകൃതിദുരന്തമുണ്ടായാലും അത് ആദ്യമനുഭവിക്കേണ്ടി വരുന്നത് ദരിദ്രരാണ്. രണ്ടുപേര്‍ ഇക്കാര്യത്തില്‍ മനസ്സര്‍പ്പിച്ചു പ്രവര്‍ത്തിച്ചു. അവര്‍ ഇത്തരം ആപത്തുകളുണ്ടാകുമ്പോള്‍ വീടിനെ കാക്കുന്ന നിര്‍മ്മാണ സാങ്കേതിക വിദ്യ വികസിപ്പിച്ചു. അത് വെള്ളപ്പൊക്കത്തില്‍ നിന്നും കെട്ടിടത്തെ രക്ഷിക്കുന്നു, വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. ഇങ്ങനെയുള്ള അനേകം കണ്ടുപിടുത്തങ്ങളുണ്ടായിരുന്നു.

സമൂഹത്തില്‍, നമ്മുടെ നാട്ടില്‍ ഇതുപോലെയുള്ള ആളുകള്‍ വളരെയേറെയുണ്ടെന്നാണ് പറയുന്നതിന്റെ ചുരുക്കം. നമ്മുടെ സമൂഹവും സങ്കേതികവിദ്യയ്ക്കനുസരിച്ച് മുന്നോട്ടു പോകുന്നു. എല്ലാ ഏര്‍പ്പാടുകളും സാങ്കേതികവിദ്യകള്‍ക്കനുസൃതമാവുകയാണ്. ഒരു തരത്തില്‍ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിലെ അഭേദ്യമായ ഒന്നായി മാറുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഡിജി-ധന്‍ പദ്ധതിക്ക് വളരെ പ്രാധാന്യമായിരുന്നു. സാവധാനം ആളുകള്‍ കറന്‍സിനോട്ടുകള്‍ വിട്ട് ഡിജിറ്റല്‍ കറന്‍സിയിലേക്കു മാറുകയാണ്. വിശേഷിച്ചും യുവതലമുറ തങ്ങളുടെ മൊബൈല്‍ ഫോണിലൂടെ ഡിജിറ്റല്‍ പേമെന്റ് നടത്തുന്നത് ശീലമുള്ളവരായിരിക്കുന്നു. ഇതൊരു ശുഭസൂചനയായി ഞാന്‍ കാണുന്നു. നമ്മുടെ രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ‘ലക്കീ ഗ്രാഹക് യോജന’, ‘ഡിജി ധന്‍ വ്യാപാര്‍ യോജന’ എന്നിവയ്ക്ക് വളരെ പിന്തുണ കിട്ടി. ഏകദേശം രണ്ടു മാസങ്ങളായി, ദിവസേന പതിനയ്യായിരം പേര്‍ക്ക് ആയിരം രൂപയുടെ പുരസ്‌കാരം ലഭിക്കുന്നു. ഈ രണ്ടു പദ്ധതികളിലൂടെയും ഭാരതത്തില്‍ ഡിജിറ്റല്‍ പേമെന്റിനെ ഒരു ജനമുന്നേറ്റമാക്കി മാറ്റാനുള്ള തുടക്കത്തിന് രാജ്യമെങ്ങും സ്വീകാര്യത ലഭിച്ചു.

ഇതുവരെ ‘ഡിജി-ധന്‍ യോജന’ അനുസരിച്ച് പത്തുലക്ഷം പേര്‍ക്ക് പുരസ്‌കാരം ലഭിച്ചുകഴിഞ്ഞു, അമ്പതിനായിരത്തിലധികം വ്യാപാരികള്‍ക്കും പുരസ്‌കാരം കിട്ടി. ഉദ്ദേശം നൂറ്റമ്പതു കോടിയിലധികം രൂപാ പുരസ്‌കാരമായി, ഈ മഹാമുന്നേറ്റത്തെ നയിച്ചവര്‍ക്ക് ലഭിച്ചിരിക്കുന്നു. ഈ പദ്ധതിപ്രകാരം ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഓരോ ലക്ഷം രൂപാ സമ്മാനമായി ലഭിച്ചു. നാലായിരത്തിലധികം വ്യാപാരികള്‍ക്ക് അമ്പതിനായിരം രൂപ വീതം പുരസ്‌കാരം ലഭിച്ചു. കര്‍ഷകരും വ്യാപാരികളും ചെറുകിട കച്ചവടക്കാരും മറ്റു തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരും ഗൃഹനാഥകളും വിദ്യാര്‍ഥികളുമെല്ലാം ഇതില്‍ ഉത്സാഹത്തോടെ പങ്കെടുക്കുന്നു, അവര്‍ക്കു നേട്ടമുണ്ടാകുന്നു. യുവാക്കള്‍ മാത്രമേ വരുന്നുള്ളോ അതോ പ്രായമുള്ളവരും വരുന്നോ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് സമ്മാനം നേടിയവരില്‍ 15 വയസ്സുള്ള യുവാക്കളുമുണ്ട്, 65-70 വയസ്സുള്ള മുതിര്‍ന്നവരുമുണ്ടെന്നാണ്.

മൈസൂറിലെ ശ്രീ സന്തോഷ്ജി സന്തോഷത്തോടെ നരേന്ദ്രമോദി ആപ്പില്‍ എഴുതുന്നതിങ്ങനെയാണ്, അദ്ദേഹത്തിന് ‘ലക്കീ ഗ്രാഹക് യോജന’ പ്രകാരം ആയിരം രൂപ സമ്മാനമായി ലഭിച്ചു. എന്നാല്‍ അദ്ദേഹം സൂചിപ്പിക്കുന്ന ഏറ്റവും വലിയ കാര്യം നിങ്ങളുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു, ‘എനിക്ക് ആയിരം രൂപയുടെ സമ്മാനം ലഭിച്ചപ്പോള്‍ ഒരു ദരിദ്രയായ വൃദ്ധയുടെ വീടിനു തീപിടിച്ച വിവരമറിയുകയണ്ടായി. സാധനങ്ങളെല്ലാം കത്തിപ്പോയെന്നും അറിഞ്ഞു. അപ്പോള്‍ എനിക്കു തോന്നിയത് എനിക്കു ലഭിച്ച ആയിരം രൂപ അര്‍ഹിക്കുന്നത് അവരാണെന്നായിരുന്നു. ഞാന്‍ ആ ആയിരം രൂപ അവര്‍ക്കു നല്‍കി.’ എനിക്കു വളരെ സന്തോഷം തോന്നി. സന്തോഷ്ജീ, അങ്ങയുടെ പേരും അങ്ങയുടെ പ്രവൃത്തിയും നമുക്കെല്ലാം സന്തോഷം തരുന്നു. അങ്ങ് ഏവര്‍ക്കും പ്രേരണാദായകമായ പ്രവൃത്തിയാണു ചെയ്തത്.

ദില്ലിയിലെ 22 വയസ്സുള്ള കാര്‍ ഡ്രൈവര്‍ സബീര്‍, നോട്ടുനിരോധനത്തിനുശേഷം ഡിജിറ്റല്‍ ഇടപാടിലേക്കു തിരിഞ്ഞു. സര്‍ക്കാരിന്റെ ‘ലക്കീ ഗ്രാഹക് യോജന’പ്രകാരം അദ്ദേഹത്തിന് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം ലഭിച്ചു. അദ്ദേഹം കാറോടിക്കുന്നയാളാണ്, പക്ഷേ, ഒരു തരത്തില്‍ ഈ പദ്ധതിയുടെ അംബാസഡറായിരിക്കയാണ്. എല്ലാ യാത്രക്കാര്‍ക്കും യാത്രചെയ്യുന്നസമയത്ത് അദ്ദേഹം ഡിജിറ്റല്‍ അറിവു നല്കുകയാണു ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് വളരെ പ്രോത്സാഹനജനകമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നു.

മഹാരാഷ്ട്രയിലും ഒരു യുവസുഹൃത്ത്, പൂജാ നെമാഡേ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥിനിയാണ്. അവര്‍ റൂപേ കാര്‍ഡ് ഇ-വാലറ്റ്, കുടുംബത്തില്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു, അത് ഉപയോഗിക്കുന്നതില്‍ എത്ര സന്തോഷം അനുഭവിക്കുന്നു എന്ന സ്വന്തം അനുഭവം മറ്റുള്ളവരുമായി പങ്കുവച്ചു. ഒരു ലക്ഷം രൂപാ സമ്മാനം അവര്‍ക്ക് എത്ര വിലയേറിയതാണെന്നോര്‍ക്കുക. എന്നാല്‍ അവരതിനെ ഒരു ദൗത്യമെന്ന് കണക്കാക്കി അത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ വിനിയോഗിച്ചു.

ഞാന്‍ ദേശവാസികളോട്, വിശേഷിച്ചു നാട്ടിലെ യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നത് നിങ്ങള്‍ ഈ ‘ലക്കീ ഗ്രാഹക് യോജന’യുടെയോ ‘ഡിജി-ധന്‍ വ്യാപാര്‍ യോജന’യുടെയോ അംബാസഡര്‍മാരാകണമെന്നാണ്. ഈ ജനമുന്നേറ്റത്തിന് നിങ്ങള്‍ നേതൃത്വം നല്കൂ. നിങ്ങളിതു മുന്നോട്ടു കൊണ്ടുപോകൂ. ഇതൊരു തരത്തില്‍ അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ യുദ്ധമാണ്. ഇതില്‍ വളരെ മഹത്തായ പങ്കാണു വഹിക്കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാവരുംതന്നെ എന്റെ വീക്ഷണത്തില്‍ നാടിന്റെ അഴിമതിവിരുദ്ധ പ്രവര്‍ത്തകസംഘമാണ്. ഒരു തരത്തില്‍ നിങ്ങള്‍ ശുചിത്വസൈനികരാണ്.

ലക്കീ ഗ്രാഹക് യോജന നൂറു ദിവസം പൂര്‍ത്തിയാകുമ്പോള്‍, ഏപ്രില്‍ 14 ഡോ.ബാബാസാഹബ് അംബേദ്കറുടെ ജന്മജയന്തിയാണ്. ഏപ്രില്‍ 14 ന് കോടിക്കണക്കിനു രൂപ വരുന്ന ഒരു വലിയ പുരസ്‌കാരത്തിനുള്ള നറുക്കെടുപ്പ് നടക്കാന്‍ പോകയാണ്. ഇനി നാല്പതു നാല്പത്തഞ്ചു ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ. ബാബാ സാഹബ് അംബേദ്കറെ ഓര്‍മ്മിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഈ കാര്യം നിര്‍വ്വഹിക്കാനാകില്ലേ? ബാബാ സാഹബ് അംബേദ്കറുടെ 125-ാം ജയന്തി കഴിഞ്ഞതേയുള്ളൂ.

അദ്ദേഹത്തെ ഓര്‍മ്മിച്ചുകൊണ്ട് നിങ്ങളും കുറഞ്ഞത് 125 പേരെ ‘ഭീംആപ്’ ഡൗണ്‍ലോഡ് ചെയ്യാന്‍ പഠിപ്പിക്കൂ. അതുവഴി പണത്തിന്റെ ക്രയവിക്രയം എങ്ങനെ നടക്കുന്നുവെന്നു പഠിപ്പിക്കൂ, വിശേഷിച്ചും അടുത്തുള്ള ചെറുകിട വ്യാപാരികളെ പഠിപ്പിക്കൂ. ഇപ്രാവശ്യത്തെ ബാബാസാഹബ് അംബേദ്കറുടെ ജയന്തിക്ക് ഭീം ആപ്പിന് വിശേഷാല്‍ പ്രാധാന്യം നല്കൂ. ഞാന്‍ പറയും ബാബാ സാഹബ് അംബേദ്കറിട്ട അടിസ്ഥാന ശിലയ്ക്ക് ഉറപ്പേകണമെന്ന്. വീടുവീടാന്തരം പോയി എല്ലാവരെയും ചേര്‍ത്ത് 125 കോടി കൈകളിലേക്ക് ഭീം ആപ്പിനെ എത്തിക്കണം. കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളായി നടക്കുന്ന ഈ മുന്നേറ്റം അനേകം ടൗണ്‍ഷിപ്പുകളില്‍, അനേകം ഗ്രാമങ്ങളില്‍, വളരെയേറെ നഗരങ്ങളില്‍ വളരെയേറെ വിജയം നേടിയിരിക്കുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ നാടിന്റെ സാമ്പത്തികവ്യവസ്ഥയുടെ അടിസ്ഥാനം രൂപപ്പെടുത്തുന്നതില്‍ കൃഷിക്ക് വലിയ പങ്കുണ്ട്. ഗ്രാമങ്ങളുടെ സാമ്പത്തിക ശക്തി, രാജ്യത്തിന്റെ സാമ്പത്തിക ഗതിയുടെ ശക്തിയാണ്. ഇന്ന് വളരെ സന്തോഷത്തോടെ നിങ്ങളോട് ഒരു കാര്യം പറയാനാഗ്രഹിക്കുന്നു- നമ്മുടെ കര്‍ഷക സഹോദരീസഹോദരന്മാര്‍ വളരെ അധ്വാനിച്ച് ധാന്യപ്പുരകള്‍ നിറച്ചിരിക്കുന്നു. നമ്മുടെ നാട്ടിലെ കര്‍ഷകര്‍ കഷ്ടപ്പെട്ട് ഈ വര്‍ഷം റെക്കാഡ് ഭേദിക്കുംവിധം ഭക്ഷ്യധാന്യം ഉത്പാദിപ്പിച്ചിരിക്കുന്നു. നമ്മുടെ കര്‍ഷകര്‍ കഴിഞ്ഞ കാല റെക്കാഡുകളെല്ലാം ഭേദിച്ചിരിക്കുന്നുവെന്നാണ് എല്ലാ സൂചനകളും നല്കുന്നത്. കൃഷിയിടങ്ങളിലെ വിളവു കണ്ട് ഇന്നാണ് പൊങ്കലും വൈശാഖിയും ആഘോഷിക്കപ്പെടുന്നതെന്ന പ്രതീതിയാണ് ദിവസേന തോന്നിപ്പിച്ചത്.

ഈ വര്‍ഷം രാജ്യത്ത് ഏകദേശം രണ്ടായിരത്തി എഴുന്നൂറു ലക്ഷം ടണ്ണിലധികം ഭക്ഷ്യധാന്യം ഉത്പാദിപ്പിക്കപ്പെട്ടു. നമ്മുടെ കര്‍ഷകരുടെ പേരില്‍ ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തപ്പെട്ട റെക്കാഡിനെക്കാള്‍ 8 ശതമാനം അധികമാണിത്. അതായത് ഇത് മുമ്പില്ലാത്ത നേട്ടമാണ്. രാജ്യത്തെ കര്‍ഷകര്‍ക്ക് വിശേഷാല്‍ നന്ദി രേഖപ്പെടുത്താനാഗ്രഹിക്കുന്നു. പരമ്പരാഗത വിളവുകള്‍ക്കൊപ്പം രാജ്യത്തെ ദരിദ്രരെ കണക്കാക്കി വ്യത്യസ്തങ്ങളായ പയറുപരിപ്പുവര്‍ഗ്ഗങ്ങള്‍കൂടി കൃഷി ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ഥിച്ചു. കാരണം പയറുവര്‍ഗ്ഗങ്ങളിലൂടെയാണ് ദരിദ്രര്‍ക്ക് ഏറ്റവുമധികം പ്രോട്ടീന്‍ ലഭ്യമാകുന്നത്.

എന്റെ നാട്ടിലെ കര്‍ഷകര്‍ ദരിദ്രരുടെ സ്വരം കേള്‍ക്കുകയും ഏകദേശം 290 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ വ്യത്യസ്തങ്ങളായ പയറുവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുകയും ചെയ്തു. ഇത് പയറുവര്‍ഗ്ഗങ്ങളുടെ ഉത്പാദനം മാത്രമല്ല, കര്‍ഷകര്‍ ഈ രാജ്യത്തിനുവേണ്ടി ചെയ്ത ഏറ്റവും വലിയ സേവനവും കൂടിയാണ്. എന്റെ ഒരു അഭ്യര്‍ത്ഥനയെ, എന്റെ അപേക്ഷയെ എന്റെ രാജ്യത്തെ കര്‍ഷകര്‍ എങ്ങനെ മാറോടണച്ച് അദ്ധ്വാനിച്ചു..! പയറുവര്‍ഗ്ഗങ്ങളുടെ റെക്കാഡ് ഉത്പാദനമുണ്ടാക്കി. ഇതിന് എന്റെ കര്‍ഷക സഹോദരീ സഹോദരന്മാര്‍ വിശേഷാല്‍ കൃതജ്ഞത അര്‍ഹിക്കുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ ഈ നാട്ടില്‍, സര്‍ക്കാര്‍വഴി, സമൂഹം വഴി, സ്ഥാപനങ്ങള്‍ വഴി, സംഘടനകള്‍ വഴി, എല്ലാവരും വഴി ശുചിത്വത്തിന്റെ കാര്യത്തില്‍ എന്തെങ്കിലുമൊക്കെ നടക്കുന്നുണ്ട്. ഒരു തരത്തില്‍ എല്ലാവരുംതന്നെ ഏതെങ്കിലും തരത്തില്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ ഉണര്‍വ്വോടെ പെരുമാറുന്നതായി കാണാന്‍ കഴിയുന്നു. സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം ഭാരതസര്‍ക്കാരിന്റെ കുടിനീര്‍- ശുചിത്വ മന്ത്രാലയത്തിന്റെ സെക്രട്ടറിയുടെ നേതൃത്തില്‍ 23 സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഓഫീസര്‍മാരുടെ ഒരു പരിപാടി തെലുങ്കാനയില്‍ നടക്കുകയുണ്ടായി. തെലുങ്കാനയിലെ വാറങ്കലില്‍ അടച്ചിട്ട മുറിയില്‍ സെമിനാര്‍ നടത്തുകയായിരുന്നില്ല, പ്രത്യക്ഷത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യമെന്തെന്ന് നടപ്പില്‍ വരുത്തുകയായിരുന്നു. ഫെബ്രുവരി 17-18 തീയതികളില്‍ ഹൈദരാബാദില്‍ ശൗചാലയ ക്കുഴി വൃത്തിയാക്കല്‍ പരിപാടി നടന്നു. ആറു വീടുകളിലെ ശൗചാലയക്കുഴികള്‍ കാലിയാക്കി, അത് വൃത്തിയാക്കുകയും ഇരട്ടക്കുഴി ശൗചാലയത്തിന്റെ ഉപയോഗം കഴിഞ്ഞകുഴികള്‍ വൃത്തിയാക്കിവീണ്ടും ഉപയോഗത്തില്‍ കൊണ്ടുവരാനാകുമെന്ന് ഓഫീസര്‍മാര്‍ കാട്ടിക്കൊടുത്തു.

പുതിയ സാങ്കേതികവിദ്യയുപയോഗിച്ചുള്ള ശൗചാലയങ്ങള്‍ എത്രത്തോളം സൗകര്യപ്രദമാണെന്നും അവ വൃത്തിയാക്കുന്നതിലൂടെ ശുചിത്വത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുമുള്ള അസൗകര്യം തോന്നുന്നില്ലെന്നും, സങ്കോചമൊന്നുമില്ലെന്നും അവര്‍ കാട്ടിക്കൊടുത്തു. മനഃശാസ്ത്രപരമായ തടസ്സവും യഥാര്‍ഥ തടസ്സമാകുന്നില്ലെന്നും കാണാനായി. നമുക്കും സാധാരണരീതിയില്‍ ഓരോ ശൗചാലയക്കുഴിയും വൃത്തിയാക്കാനാകും. ഇതിന്റെ പരിണതിയെന്നോണം രാജ്യത്തെ മാദ്ധ്യമങ്ങള്‍ അതിന് വലിയ പ്രചാരം നല്കി, അതിന് പ്രാധാന്യം നല്കി. ഐഎഎസ് ഓഫീസര്‍മാര്‍തന്നെ ശൗചാലയങ്ങളുടെ കുഴി വൃത്തിയാക്കുമ്പോള്‍ അതിലേക്ക് നാടിന്റെ ശ്രദ്ധ പതിയുക സ്വാഭാവികമാണ്.

ഈ ശൗചാലയം വൃത്തിയാക്കല്‍, നാം ചവറെന്നും മാലിന്യമെന്നും കണക്കാക്കുന്നത് വളമെന്ന വീക്ഷണത്തില്‍ നോക്കിയാല്‍ ഒരു തരത്തില്‍ കറുത്ത പൊന്നാണ്. മാലിന്യത്തില്‍ നിന്ന് സമ്പത്തുണ്ടാകുന്നത് നമുക്ക് കാണാനാകും. ഇത് തെളിയിക്കപ്പെട്ട കാര്യമാണ്. ആറംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു സ്റ്റാന്‍ഡേര്‍ഡ് ഇരട്ടക്കുഴി ശൗചാലയമാണെങ്കില്‍ അത് ഏകദേശം ആറു വര്‍ഷംകൊണ്ട് നിറയുന്നു. അതിനുശേഷം മാലിന്യം രണ്ടാമത്തെ കുഴിയിലേക്ക് തിരിച്ചു വിടാവുന്നതാണ്.

ആറ് മുതല്‍ പന്ത്രണ്ട് മാസംകൊണ്ട് കുഴിയിലെ മാലിന്യം തീര്‍ത്തും ജീര്‍ണ്ണിക്കുന്നു. ഇങ്ങനെ ജീര്‍ണ്ണിച്ച മാലിന്യം കൈകാര്യം ചെയ്യാന്‍ തീര്‍ത്തും സുരക്ഷിതമാണ്, വളമെന്ന നിലയില്‍ വളരെ പ്രധാന വളമായ എന്‍പികെ ആണിത്. കര്‍ഷകര്‍ക്ക് എന്‍പികെ വളത്തെ നന്നായി അറിയാം. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം – ഇത് തികച്ചും പോഷകഘടകങ്ങളടങ്ങിയതാണ്. ഇത് കൃഷി മേഖലയില്‍ വളരെ നല്ല വളമായി കണക്കാക്കപ്പെടുന്നു.

സര്‍ക്കാര്‍ ഈ ചുവടുവെയ്‌പ്പെടുത്തതുപോലെ മറ്റുള്ളവരും ഇതുപോലുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടാകും. ഇപ്പോള്‍ ദൂരദര്‍ശനില്‍ സ്വച്ഛതാ സമാചാര്‍ എന്ന പേരില്‍ വിശേഷാല്‍ പരിപാടിതന്നെയുണ്ട്. അതില്‍ ഇത്തരം കാര്യങ്ങള്‍ക്ക് എത്രത്തോളം പ്രധാന്യം കൊടുക്കുമോ അത്രയ്ക്കു നല്ലത്. സര്‍ക്കാര്‍ തലത്തിലും പല പല വകുപ്പുകള്‍ സ്വച്ഛതാദൈവാരം പതിവായി ആചരിച്ചുപോരുന്നു. മാര്‍ച്ച് മാസത്തിലെ ആദ്യത്തെ ദ്വൈവാരത്തില്‍ വനിതാ ശിശുവികസന മന്ത്രാലയം, ഗിരി വര്‍ഗ്ഗ വികസന മന്ത്രാലയവുമായി ചേര്‍ന്ന് ശുചിത്വയജ്ഞത്തിന് ശക്തിപകരുവാന്‍ പോകയാണ്. മാര്‍ച്ചിലെ രണ്ടാമത്തെ ദ്വൈവാരത്തില്‍ രണ്ട് മന്ത്രാലയങ്ങള്‍ – ജലഗതാഗ മന്ത്രാലയവും ജലവിഭവ, നദീവികസന, ഗംഗാ പുനരുജ്ജീവന മന്ത്രാലയവും ചേര്‍ന്ന് ശുചിത്വ യജ്ഞം മുന്നോട്ടു നയിക്കുന്നു.

നമുക്കെല്ലാമറിയാം, നമ്മുടെ നാട്ടിലെ ഏതൊരു പൗരനും നല്ലതെന്തു ചെയ്താലും രാജ്യം മുഴുവന്‍ ഒരു പുതിയ ഔന്നത്യത്തിലെത്തിയെന്നഭിമാനിക്കും. ആത്മവിശ്വാസം വര്‍ധിക്കും. റിയോ പാരളിമ്പിക്‌സില്‍ നമ്മുടെ ദിവ്യാംഗരായ കളിക്കാര്‍ നല്ല പ്രകടനം കാഴ്ചവച്ചപ്പോള്‍ നാമതിനെ സ്വാഗതം ചെയ്തിരുന്നു. ഈ മാസത്തില്‍ നടത്തപ്പെട്ട അന്ധരുടെ ടി-20 ലോക കപ്പിന്റെ ഫൈനലില്‍ ഭാരതം പാകിസ്ഥാനെ പരാജയപ്പെടുത്തിക്കൊണ്ട് രണ്ടാം പ്രാവശ്യം ലോക ചാമ്പ്യന്മാരായി നാടിന്റെ അഭിമാനം വര്‍ധിപ്പിച്ചു. ഞാന്‍ ഒരിക്കല്‍ കൂടി ടീമിലെ എല്ലാ കളിക്കാര്‍ക്കും അഭിനന്ദനങ്ങളേകുന്നു.

രാജ്യത്തിന് നമ്മുടെ ഈ ദിവ്യാംഗ മിത്രങ്ങളുടെ നേട്ടത്തില്‍ അഭിമാനമുണ്ട്. ദിവ്യാംഗരായ സഹോദരീ സഹോദരന്മാര്‍ കഴിവുറ്റവരാണെന്നും ദൃഢ നിശ്ചയമുള്ളവരാണെന്നും, സാഹസികരാണെന്നും, ഭാവനയുള്ളവരാണെന്നുമാണ് ഞാനെന്നും കരുതിപ്പോന്നിട്ടുള്ളത്. അനുനിമിഷം നമുക്ക് അവരില്‍ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ലഭിക്കുന്നു.
കളിക്കളത്തിലെ കാര്യമാണെങ്കിലും അന്തരീക്ഷശാസ്ത്രത്തിന്റെ കാര്യമാണെങ്കിലും നമ്മുടെ നാട്ടിലെ സ്ത്രീകള്‍ ആരെക്കാളും പിന്നിലല്ല. ഒരുമയോടെ ചുവടുവച്ച് മുന്നോട്ടു നീങ്ങുകയാണ്, നേട്ടങ്ങള്‍ കൈവരിച്ച് രാജ്യത്തിന്റെ പേര് ഉജ്ജ്വലമാക്കുകയാണ്. കഴിഞ്ഞ ചില ദിവസങ്ങളില്‍ ഏഷ്യന്‍ റഗ്ബി സെവന്‍സ് ട്രോഫിയില്‍ നമ്മുടെ സ്ത്രീകള്‍ വെള്ളിമെഡല്‍ നേടി. ആ കളിക്കാര്‍ക്ക് എന്റെ അനേകം ആശംസകള്‍.

മാര്‍ച്ച് 8ന് ലോക മഹിളാദിനം ആഘോഷിക്കുകയാണ്. ഭാരതത്തിലും പെണ്‍കുട്ടികള്‍ക്ക് പ്രധാന്യം നല്‍കണം, കുടുംബത്തിലും സമൂഹത്തിലും അവരോടുള്ള ജാഗ്രത വര്‍ധിക്കണം, സംവേദനശീലം വര്‍ധിക്കണം. ബേഠീ ബചാവോ, ബേഠീ പഠാവോ യജ്ഞം ഗതിവേഗത്തോടെ മുന്നേറുകയാണ്. ഇന്നത് കേവലം സര്‍ക്കാര്‍ പരിപാടി മാത്രമല്ലാതായിരിക്കുന്നു. ഇതൊരു സാമൂഹിക, ജനാവബോധത്തിന്റെ യജ്ഞമായിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഈ പരിപാടി പൊതു ജനമനസ്സുകളെ ഒരുമിപ്പിച്ചിരിക്കുന്നു, രാജ്യത്തിന്റെ ഓരോ കോണിലും ഈ ആളിക്കത്തുന്ന പ്രശ്‌നത്തെക്കുറിച്ച് ചിന്തിക്കാന്‍ ജനങ്ങളെ ബാധ്യസ്ഥരായിരിക്കുന്നു.

വര്‍ഷങ്ങളായി നടന്നു പോരുന്ന പഴയ ആചാരാനുഷ്ഠാനങ്ങളോടുള്ള ജനങ്ങളുടെ ചിന്താഗതി മാറിയിരിക്കുന്നു. പെണ്‍കുട്ടി ജനിച്ചത് ആഘോഷമാക്കി മാറ്റപ്പെട്ടു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ മനം നിറയുന്ന സന്തോഷമാണു തോന്നുന്നത്. ഒരു തരത്തില്‍ പെണ്‍കുട്ടികളോട് സകാരാത്മകമായ ചിന്താഗതി സാമൂഹിക അംഗീകാരത്തിന് കാരണമായി മാറിയിരിക്കുന്നു. തമിഴ് നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ ഒരു പ്രത്യേക ജനമുന്നേറ്റത്തിലൂടെ ബാലവിവാഹങ്ങള്‍ തടഞ്ഞതായി അറിഞ്ഞു. ഇതുവരെ ഏകദേശം 175 ബാല വിവാഹങ്ങള്‍ തടയാന്‍ സാധിച്ചിരിക്കുന്നു. ജില്ലാ ഭരണകൂടം സുകന്യാ സമൃദ്ധി യോജനയനുസരിച്ച് ഏകദേശം അമ്പത്തയ്യായിരം-അറുപതിനായിരത്തിലധികം പെണ്‍കുട്ടികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറന്നിരിക്കുന്നു.

ജമ്മു കശ്മീരിലെ കത്ത്‌വാ ജില്ലയില്‍ കണ്‍വേര്‍ജന്‍സ് മോഡല്‍ പ്രകാരം എല്ലാ വിഭാഗങ്ങളെയും ‘ബേഠീ ബചാവോ, ബേഠീ പഠാവോ’ പദ്ധതിയില്‍ ചേര്‍ത്തിരിക്കുന്നു. ഗ്രാമസഭകള്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം ജില്ലാ ഭരണകൂടം അനാഥ പെണ്‍കുട്ടികളെ ദത്തെടുക്കുക, അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കുക തുടങ്ങിയവയ്ക്ക് വളരെയേറെ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മധ്യപ്രദേശില്‍ ‘ഹര്‍ഘര്‍ ദസ്തക്’ എന്ന ഗൃഹസന്ദര്‍ശന പരിപാടിപ്രകാരം എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു ജനമുന്നേറ്റം നടത്തുകയാണ്. രാജസ്ഥാന്‍, നമ്മുടെ കുട്ടി, നമ്മുടെ വിദ്യാലയം – അപനാ ബച്ചാ അപനാ വിദ്യാലയ് – എന്നു പേരിട്ട പദ്ധതി നടപ്പിലാക്കിക്കൊണ്ട് വിദ്യാഭ്യാസം ഇടയ്ക്കു വച്ചു മുടങ്ങിയ ബാലികമാരെ വീണ്ടും സ്‌കൂളില്‍ ചേര്‍ക്കുന്നതിനും, വീണ്ടും പഠിക്കാന്‍ പ്രേരിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കി.

ചുരുക്കത്തില്‍ ‘ബേഠീ ബചാവോ, ബേഠീ പഠാവോ’ പദ്ധതി പല രൂപഭാവങ്ങള്‍ കൈക്കൊണ്ടിരിക്കുന്നു. പദ്ധതി ജനമുന്നേറ്റമായിരിക്കുന്നു. പുതിയ പുതിയ സങ്കല്പങ്ങള്‍ അതോടു ചേര്‍ന്നിരിക്കുന്നു. പ്രാദേശിക സ്ഥിതിവിശേഷങ്ങള്‍ക്കനുസരിച്ച് അതിന് മാറ്റങ്ങളുണ്ടായിട്ടുണ്ട്.

ഇതൊരു നല്ല ലക്ഷണമായിട്ടാണ് ഞാന്‍ കാണുന്നത്. നാം മാര്‍ച്ച് 8 ന് മഹിളാ ദിനം ആഘോഷിക്കുമ്പോള്‍ നമുക്ക് ഒരേ വികാരമാണുണ്ടാകേണ്ടത് –
സ്ത്രീ ശക്തിയാണു സശക്തയാണവളൊരു ഭാരതസ്ത്രീയത്രേ
അധികത്തിലല്ല കുറവിലുമല്ലവളെല്ലാത്തിലും തുല്യാവകാശിയത്രേ

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും മന്‍ കീ ബാത്തില്‍ ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ പറയാന്‍ അവസരം കിട്ടുന്നുണ്ട്. നിങ്ങളും സജീവമായി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളില്‍ നിന്ന് എനിക്കു വളരെയേറെ അറിയാനാകുന്നുണ്ട്. താഴത്തെത്തട്ടില്‍ എന്താണു നടക്കുന്നത്, ഗ്രാമങ്ങളില്‍, ദരിദ്രരുടെ മനസ്സില്‍ എന്താണു നടക്കുന്നതെന്ന വിവരം എന്റെ അടുത്തെത്തുന്നു. നിങ്ങളുടെ സംഭാവനകള്‍ക്ക് ഞാന്‍ നിങ്ങളോടു നന്ദിയുള്ളവനാണ്. വളരെയധികം നന്ദി.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close