Columns

വ്യാസരുടെ മൗനവും വാസ്വാരുടെ മാനവും

ദേവദേവൻ


”You too , Brutus”. ലോകത്തിനോട് ഈ പ്രയോഗത്തിന്റെ അർത്ഥം പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. റോമൻചരിത്രമോ, സീസറിനേയോ, മാർക്വസ് ബ്രൂട്ടസിനേയോ ഷേക്സ്പിയറിനേപ്പോലുമോ അറിയാത്തവർ ബ്രൂട്ടസെന്നാൽ കൂടെ നിന്നു പിന്നിൽ നിന്നും കുത്തുന്ന കൊടുംചതിയുടെ പര്യായമാണെന്ന് ധരിച്ചുറപ്പിച്ചവരാണ്. ഷേക്സ്പിയറിലൂടെയാണ് ബഹുഭൂരിപക്ഷവും ബ്രൂട്ടസിനേയും സീസറേയും കണ്ടതും കേട്ടതും.

മുന്നറിയിപ്പുകളെ വകവയ്ക്കാതെ തീയറ്ററില്‍ വന്നിരുന്നപ്പോള്‍ കൊലപാതകികള്‍ സീസറിനുമേല്‍ ചാടിവീണു. ബ്രൂട്ടസ് കഠാരയുമായി അദ്ദേഹത്തെ കുത്താന്‍ എത്തിയപ്പോള്‍ സീസര്‍ ഗ്രീക്കില്‍ ചോദിച്ചത്, “Kai Suteknon” “You too my child?” എന്നായിരുന്നു. സീസറിനു ബ്രൂട്ടസിന്റെ അമ്മയുമായി ശാരീരിക ബന്ധമുണ്ടായിരുന്നു. തന്റെ മകനെന്നോണം സീസര്‍ ബ്രൂട്ടസിനെ കരുതിയിരുന്നു. അച്ഛനാണെങ്കിലും രാജ്യദ്രോഹിയെ സഹിക്കരുതെന്ന് ബ്രൂട്ടസ് ഒരു സുഹൃത്തിനു എഴുതി അയച്ചുവെന്നും ചരിത്രസൂചികകൾ സ്ഥിരീകരണം നല്കുന്നു. എന്തു തോന്നുന്നു ഇപ്പോൾ ബ്രൂട്ടസിനെ കുറിച്ച് ?

എന്റെ മകനേ നീയുമോ എന്ന ചോദ്യം വെറും നീയുമോ ആക്കിയതും ഭാവനയാണ്, ആവിഷ്കാര സ്വാതന്ത്ര്യമാകാം. പക്ഷേ അർദ്ധസത്യങ്ങളും ഭാവനയും കൊണ്ട് നായകനെ വില്ലനും വില്ലനെ നായകനും ആക്കി. നോക്കൂ മൂലകഥയെ വ്യഭിചരിച്ച സാഹിത്യവും വ്യാഖ്യാനങ്ങളും എങ്ങനെ ചരിത്രത്തെ നേർവിപരീതവും സത്യത്തെ വിസ്മൃതിയിലുമാക്കുന്നുവെന്ന്.

നല്ലവനാക്കപ്പെട്ട ചതിയൻ ചന്തുവിന്റെ സൃഷ്ടാവ് ഉള്ളിൽ, ”ചതിക്കാത്ത ചന്തുവിന്റെ” ആരാധകരുടെ ബൗദ്ധിക പാപ്പരത്വമോർത്ത് പരഹാസമൂറുകയാവും. ധീഷണശാലിയുടെ സ്വകാര്യ അഹങ്കാരമാണ് ആരുണ്ടെന്നെ തിരുത്താനെന്ന അത്തരം ഗർവ്വുകൾ.

മഹാഭാരതം വായിച്ചവർക്ക് ഭീമൻ ഒരിക്കലും രണ്ടാമൂഴക്കാരനല്ല, പക്ഷേ അത് വായിച്ചവർക്കു മാത്രമേ മനസിലാവൂ. രണ്ടാമൂഴം വായിച്ചതിന്റെ എണ്ണത്തിന്റെ അഞ്ചു ശതമാനം പോലും മലയാളികൾ മഹാഭാരതം വായിച്ചിട്ടുണ്ടാവില്ല. ആധികാരികമായി ഒാരോ വിഷയങ്ങളിൽ രണ്ടാമൂഴവും കേട്ടകഥകളും അടിസ്ഥാനമാക്കി ഓരോരുത്തർ തട്ടുന്നതു കേട്ടാൽ വ്യാസനൊക്കെ യാരപ്പാ എന്ന രീതിയിലാണ്.

പാഞ്ചാലീ സ്വയംവര വേദി. പ്രത്യേകം തയ്യാറാക്കിയ ഭാരമേറിയ കളി വില്ലു കുലച്ചു ലക്ഷ്യം ഭേദിച്ച കറുത്ത നിറമുള്ള യോദ്ധാവിനെ കൊല്ലാൻ കൗരവരും സകല മഹാരഥികളും ഒരുമിച്ചു നിരന്നു. അയാളെന്തു ചെയ്യാൻ ആ പ്രയാസമേറിയ കളിവില്ലെടുത്തു പൊരുതി. അയാളുടെ കൂടെയുണ്ടായിരുന്ന വേറൊരു കറുത്ത ആജാനബാഹു, ഒരു മരം വലിച്ചൂരിയെടുത്തു കണ്ണിൽ കണ്ടവനെയെല്ലാം തല്ലിയൊടിച്ചു വലിച്ചെറിഞ്ഞു. അമ്പേറ്റവർ ചാകാതെ കളം ഒഴിഞ്ഞപ്പോൾ രഥത്തിൽ സർവ്വായുധങ്ങളുമണിഞ്ഞെത്തിയ കർണൻ പോരിനിറങ്ങി. വലിയ പോരാട്ടത്തിൽ കർണന്റെ കിന്റർജോയിവരെ , വെറും നിലത്തു നിന്നു കളിവില്ലാൽ, ചട്ടപോലുമില്ലാതെ പോരാടിയ അർജുനൻ അടിച്ചു കളഞ്ഞു.

അന്നേരം കർണൻ ഒരു നമ്പരിട്ടു, ഇന്ത്ര ചന്ത്രൻമാരേയും തലശ്ശേരി ബ്രണ്ണൻ… ഛേ.. അങ്ങനെയല്ല ഇന്ദ്രനും ശിവനും മഹാകാലനും ലോകത്ത് എന്നോടു പൊരുതാൻ ധൈര്യപ്പെടില്ല, ഭവാൻ ആരാണ് സാക്ഷാൽ വിഷ്ണുവോ ? കേവലം ബ്രാഹ്മണൻ എന്നു കരുതാനാവില്ല. എന്നെ നേരിടാൻ പോന്ന താങ്കൾ അസാമാന്യൻ തന്നെ.

ഞാനാരേലുമാവട്ടേ, കൂടുതൽ തള്ളാതെ നേരെ നിന്നടിയടാ ഊവേന്നു പറഞ്ഞു അർജുനൻ തള്ളലു കേട്ട കലിപ്പിൽ അറഞ്ചം പുറഞ്ചം അമ്പെയ്തു. കർണൻ ഉടനെ നമ്മൾടെ കണ്ണൻസ്രാങ്കിനേപോലെ, അളിയൻ പുലിയാണ് കേട്ടാ, സമ്മതിച്ചിരിക്കുന്നു എന്നു പറഞ്ഞ് തടികേടാവാതെ സീൻ വിട്ടു. പലപ്പോഴും തോറ്റു നാണംകെട്ട ഈ കർണൻ സ്രാങ്കാണ് പലരുടേയും ധീരനായകൻ. കാരണം ലളിതം, വ്യാസൻ പറഞ്ഞതല്ല, മറ്റു പലരുടേയും രചനകളിലൂടെയും ഭാവനകളിലൂടേയുമാണ് നാം ഓരോ ഇതിഹാസ കഥാപാത്രങ്ങളേയും പരിചയപ്പെട്ടിരിക്കുന്നത്. (ബ്രണ്ണൻ തള്ളലിനും കണ്ണൻ സ്രാങ്കിനും ബാധകമാണ് വ്യാസോച്ഛിഷ്ടം ജഗത്സർവ്വമെന്നത്)

പിന്നെ മാതാവ് ഉപേക്ഷിച്ചവനെന്ന സിമ്പതി. മക്കളില്ലാതിരുന്ന കുന്തി ഭോജന് ശൂരസേനൻ പൃഥയെന്ന തന്റെ പുത്രിയെ ദാനം ചെയ്യുകയായിരുന്നു. അവഗണനയുടേയും ഉപേക്ഷിച്ചതിന്റേയും വേദന കുന്തിക്കറിയില്ല എന്നാണെങ്കിൽ, മഹർഷിമാരുടെ മനോവൈകൃതത്തിന് ഇരയാവാൻ വളർത്തച്ഛൻ വിട്ടുകൊടുത്ത ഒരു കൗമാരക്കാരിയേയും നമുക്കറിയില്ല എന്നു കരുതണം. പൈങ്കിളിയായിരുന്നു ജീവിതവും ചിന്തകളും എങ്കിൽ ഇതിഹാസമോ അതിലേ നായക കഥാപാത്രങ്ങളോ ആവുമായിരുന്നില്ല ഇവരാരും. നമുക്കോരോരുത്തർക്കും ബാധകമാണത്. കുന്തിക്കു പകരമാവില്ല ഒരു സ്ത്രീയും.

കുന്തിക്ക് അഞ്ചുവരങ്ങളല്ലായിരുന്നു ദുർവ്വാസാവ് നൽകിയത്, നാലു മക്കൾ എന്നത് നീതികരിക്കാവുന്നതല്ല എന്ന ശാസ്ത്രപ്രകാരമാണ് മൂന്നിൽ (കർണനൊഴികേ) നിർത്തിയത്. മാദ്രിയുടെ അതിസാമർത്ഥ്യം കണ്ടാണ് രണ്ടാമതും വരബലം കുന്തി, മാദ്രിക്കു നൽകാഞ്ഞത്. അതറിഞ്ഞിട്ടും സതിയനുഷ്ടിക്കാൻ പോയ കുന്തിയെ തടഞ്ഞ് മാദ്രി പറയുന്നത്, എനിക്കാവില്ലായിരിക്കാം അഞ്ചുപേരേയും ഒരേ പോലെ മക്കളായി കാണാൻ എന്നാണ്. ധൗമ്യനെന്ന കുലഗുരുവിന്റെ സാന്നിധ്യം പോലും ഭാരതത്തിൽ അപ്രസക്തമാവുന്നത്, കുന്തിയുടെ ധീഷണതയുടേയും വ്യക്തിപ്രഭാവത്തിന്റേയും സാന്നിധ്യത്താലാണ്. ഇതൊക്കെ വ്യാസമഹാഭാരതത്തിലേതാണ്.

മഹാബ്രഹ്മചാരിയായ വ്യാസനെന്ന് അഭിപ്രായം ഉയരുന്നത് കണ്ടു. വ്യാസൻ ബ്രഹ്മചാരിയല്ല. അമ്മയുടെ ആവശ്യത്താൽ മഹത്തായ ബ്രഹ്മചര്യം പോലും ചിന്തയേതുമില്ലാതെ ഉപേക്ഷിച്ച അതുല്യനാണ് അദ്ദേഹം. ബ്രഹ്മചര്യത്തിന്റെ പരമകാഷ്ഠയെന്നല്ല, സ്വത്വം പോലും വെടിഞ്ഞവന്റെ പൂർണതയാണ് വ്യാസൻ.അത് അതേപടി സ്വയം ഇകഴ്ത്തി പുസ്തകത്തിൽ എഴുതിയ അസാമന്യൻ കൂടിയും.

രണ്ടു മാസം മുന്നെ പരന്ന വായനയുണ്ടെന്നു പറയുന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞത് നോക്കൂ. -പാഞ്ചാലീ വസ്ത്രാക്ഷേപം ഒഴിച്ചുനിര്‍ത്തിയാല്‍ മഹത്ത്വമാണ് ദുര്യോധനന്റെ ഇടപെടലുകളിലും പ്രവൃത്തികളിലുമെല്ലാം കാണാനാകുന്നത്. ഖേദിക്കാതെ ജീവിച്ച് ജീവിതം അവസാനിപ്പിക്കുന്ന കഥാപാത്രമെന്ന പ്രത്യേകതയും ദുര്യോധനനുണ്ട്.- ഇതേ രീതിയിൽ അദ്ദേഹം മുൻപേ രാവണനേ പറ്റിയും അഭിപ്രായപ്പെട്ടിരുന്നു. ഗോവിന്ദചാമിയും അമീർ ഇസ്ളാമും ആടുമേയ്ക്കാൻ പോയവരുമെല്ലാം ഖേദിക്കാതെയാണ് താക്കോൽ സ്ഥാനി നേതാവേ ജീവിച്ചു തീർക്കുന്നത്.ഇങ്ങനെ അന്ധൻ ആനയെ വർണിക്കുന്ന പോലെ എന്നു പോലും പറയാനാവില്ല. ആനപിണ്ടം ഉരുട്ടി കൊണ്ടു പോകുന്ന ചാണകവണ്ടിനെ തലോടി ആനച്ചൂര് മണത്ത് ഇതാണ് ആനയെന്നു പറയുന്നവർ എന്നാകും ഉചിതം.

‘’മഹാഭാരതത്തിന്‍റെ വൾഗറൈസേഷനാണ് “രണ്ടാമൂഴം.” മഹാത്മാഗാന്ധിയെക്കാള്‍ ഭാരതീയരില്‍ സ്വാധീനശക്തി ചെലുത്തിയതു മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ്. അവയ്ക്ക് ജീവനുള്ള മനുഷ്യരെക്കാള്‍ ജീവനുണ്ട്. ആ കഥാപാത്രങ്ങളെ അവയുടെ സ്വഭാവത്തിന്‍റെ പേരില്‍ നമുക്കു വിമര്‍ശിക്കാം. പക്ഷേ അവയുടെ സ്വാഭാവം മാറ്റാന്‍ പാടില്ല. (You can criticise a man but you cannot change his character) മഹാപ്രസ്ഥാന വേളയില്‍ തിരിഞ്ഞുനോക്കരുതെന്നാണ് ധര്‍മ്മപുത്രരുടെ ആജ്ഞ. തിരിഞ്ഞുനോക്കരുതെന്നു പറഞ്ഞാല്‍ ലൗകിക ജീവിതത്തിലേക്കു തിരിഞ്ഞുനോക്കരുതെന്നാണ് അര്‍ത്ഥം. ഭീമന്‍ തിരിഞ്ഞുനോക്കുന്നു. പാഞ്ചാലിയെ സമാശ്വസിപ്പിക്കുന്നു. അതോടെ മഹാഭാരതത്തിന്‍റെ സ്പിരിററ് — ചൈതന്യം — വള്‍ഗറൈസ് ചെയ്യപ്പെടുന്നു’’’.-സാഹിത്യ വാരഫലത്തിൽ ശ്രീ കൃഷ്ണൻ നായർ പറഞ്ഞതാണീ ഖണ്ഡിക.

ഇനി ഞാൻ ഉറങ്ങട്ടെ, എത്ര മനോഹരമായാണ് ഇതിഹാസത്തെ വ്യഭിചരിക്കാതെ സ്വന്തം വീക്ഷണം എഴുതിയിരിക്കുന്നത്. അതിന്റെ ആമുഖം മാത്രം മതി, വ്യാസന്റെ വാക്കുകളെ വളച്ചൊടിക്കാൻ താൻ ആവതല്ലാ എന്നും, അങ്ങനെ കരുതരുതേയെന്നും PKB പറയുന്നു. വ്യാസന്റെ മൗനത്തെ യുഗങ്ങൾക്കിപ്പുറമിരുന്ന് വിശകലിക്കാൻ വാസ്വാര് ആരാണ്. അതാണ് എംടിയെ ജനം ഭർത്സിക്കുന്നതും. വ്യാസന്റെ മൗനമില്ലാത്തിടം അതേ പോലെയാണോ എംടി പകർത്തിയത്. ബകവധത്തിനായ് ഭീമനെ വിടാൻ കുന്തി തീരുമാനിച്ചപ്പോൾ, യുധിഷ്ടിരന്റെ വാക്കുകൾ വെളിവാക്കും ഭീമൻ രണ്ടാമൂഴക്കാരനായിരുന്നോയെന്ന്.

ഭക്ഷണം നേർ പകുതിയായ് പകുത്ത് ഒരു പകുതി ഭീമനും ബാക്കി പകുതിയായിരുന്നു അവശേഷിച്ചവർ കഴിച്ചിരുന്നത്. ഹിഡുംബിയോടും ഘടോത്കചനോടും കുന്തിപറയുന്നത് യഥാക്രമം നീയാണ് പുത്രവധുക്കളിൽ മൂത്തതെന്നും, നീ പൗത്രരിൽ ജേഷ്ഠനെന്നുമാണ്. അവർ രണ്ടു പേരും അവകാശം പറഞ്ഞു ചെല്ലാഞ്ഞത് അവരുടെ ഗോത്ര സ്വഭാവത്താലാണ്. ഉപദേശങ്ങളിൽ തീരുമാനങ്ങളിൽ പോരാട്ടത്തിൽ എല്ലാം വ്യാസൻ തുല്യതയോടെ മുന്നിൽ നിർത്തിയവനെ രണ്ടാമൂഴക്കാരനാക്കി, ലൈംഗിക കോമാളിയായി, അപകർഷകതാ ബോധിയാക്കി കാണിക്കുന്നതും സാഹിത്യഭാവനായായി അംഗീകരിക്കാം പക്ഷേ അതാണ് സത്യമെന്ന പറയുന്ന തെമ്മാടിത്തരത്തോട് പൊറുക്കാനാവില്ല.

രണ്ടാമുഴത്തിന്റെ ഫലശ്രുതിയിൽ ഇങ്ങനെ പറയുന്നു- ‘’ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും എന്നും ആരാധ്യരായ രണ്ടു കഥാപാത്രങ്ങളാണ് ശക്തിയുടെ മൂർത്തിമത് ഭാവമായ ഭീമനും ഹനുമാനും. അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യണം എന്നിങ്ങനെ കുട്ടികൾക്കുള്ള സകല വിലക്കുകളും ഇന്നും ഭീമന്റെ പേരിലാണ്’’. ഇങ്ങനെ എഴുതിയ ആൾ രണ്ടാമൂഴം വായിച്ചിട്ടാണോ ജനങ്ങളും കുട്ടികളും നൂറ്റാണ്ടുകളായി അങ്ങനെ കരുതിയിരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? വ്യാസന്റെ മൗനത്തിന് വാസ്വാരുടെ അനുമാനം ഉണ്ടാകുന്നതിനും മുൻപേയും ഭീമൻ അജയ്യനായിരുന്നില്ലേ.

പിന്നൊന്ന് ‘’ധർമ്മൻ താനാ വിദുരനാ’’ വച്ച് യുധിഷ്ടിരൻ വിദുരപുത്രനെന്ന വ്യാഖ്യാനം. എങ്കിൽ ഞാനാണ് അർജുനൻ എന്ന് കൃഷ്ണൻ പറയുന്നുണ്ടല്ലോ, അച്ഛൻ പെങ്ങളുമായി കൃഷ്ണന് അവിഹിതം വ്യാഖ്യാനിക്കാഞ്ഞതെന്തേ.?. ശത്രുവെ കൊന്നവനാണ് നേതാവ്. അയാൾക്കാവണം രാജ്യാവകാശമെന്നാണ് അടുത്തവാദം. അപ്പോൾ രാജ്യങ്ങൾ പട്ടാളം ഭരിക്കണമല്ലോ.അവകാശികൾ, ഇനിഞാനുറങ്ങട്ടെ, അങ്ങനെ അസംഖ്യം പുനർവായനകൾ, അതിൽ അതിമനോഹരമായ ഭാവനയാണ് നിസംശയം പറയാം രണ്ടാമൂഴം. പക്ഷേ അതിലെ ഇതാണ് സത്യമെന്ന ഫലശ്രുതിയാണ് കല്ലുകടിയാവുന്നത്. മുൻപേ പറഞ്ഞ ധീഷണാശാലിയുടെ ഗർവ്വാണത്.

അമാനുഷികതയില്ലാതെ വെറും കഥയായി തന്നെ മഹാഭാരതത്തെ എടുത്തോളു. അതിശക്തനും നയതന്ത്രവിദഗ്ദനും പ്രജാക്ഷേമ തത്പരനുമായിരുന്ന പാണ്ഡുവിനു ശേഷം മുടിഞ്ഞ രാജ്യം യുധിഷ്ടിരൻ കൈപിടിച്ചുയർത്തുന്നു. വൃദ്ധൻമാർക്ക് പെൻഷനും ഗോരക്ഷയ്ക്കും കൃഷി, കച്ചവടം, രാജ്യരക്ഷ ആരോഗ്യം ഇവയ്ക്കായി കൂടുതൽ ‘’ഫണ്ട്’’ അനുവദിച്ചു ഇന്ദ്രപ്രസ്ഥത്തിൽ അധികാരമേറ്റ യുവരാജാവ്. നയതന്ത്രവിദഗ്ദനായ അയാളുടെ ഇടംവലം രഥംസൂക്ഷിപ്പുകാരാണ് കൃഷിയിലും വൈദ്യത്തിലും മൃഗസംരക്ഷണത്തിലും വൈദഗ്ദ്യമുള്ള യുവാക്കളായ അശ്വനീപുത്രൻമാർ. ഇതാണ് രാജ്യത്തിന്റെ അഭിവൃത്തി. പിന്നെ വേണ്ടത് അംഗബലവും ആയുധബലവുമാണ്. ഭീമാർജ്ജുനൻമാരാണത്.

സംഭവങ്ങളെ അല്ലെങ്കിൽ തത്വങ്ങളെ ചൈതന്യരഹിതമാക്കാൻ കഥയാക്കി നേർവിപരീതമായി അവതരിപ്പിക്കുക. അതിൽ വിജയിച്ചില്ലെങ്കിലും രണ്ടു കഥകൾ എന്ന രീതിയിലാവും പിന്നീട് താരതമ്യം.റോമിനേയും സീസറേയും കെട്ടുകഥകളാക്കാം. ചന്തു ഏതോ വടക്കൻപാട്ടിലെ നായകനാണ്. അതിലെ ഉണ്ണിയാർച്ചയെന്നുമൊക്കെയുള്ള ചില വേറേ കഥാപാത്രങ്ങളും. ഒപ്പം ഒരു രണ്ടാമൂഴക്കാരനും. രാമനും സീതയും എല്ലാം വെറും കഥകൾ, വെറും ഭാവനകൾ. അതങ്ങനെയാവാൻ പറയാത്തതെല്ലാം നമുക്കു മൗനമായി വ്യാഖ്യാനിക്കാം. മിത്തുകളാക്കാം, പിന്നെ മറക്കാം. അതിനാണല്ലോ കഥകളും കളികളും.

599 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close