Columns

2019ന് പ്രതിപക്ഷം തയ്യാർ: ജിഡിപി, പെട്രോൾ, രാഹുൽ!

ബിനോയ് അശോകൻ ചാലക്കുടി


2019 മെയ് മാസത്തിൽ ആണ് മോദി സർക്കാർ കാലാവധി പൂർത്തിയാക്കുക. ജനുവരിക്ക് ശേഷം എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. അങ്ങനെയാണെങ്കിൽ വെറും പതിനഞ്ച് മാസങ്ങൾ, അതായത് ഏകദേശം ഒരു വർഷം കഴിയുമ്പോഴേക്കും രാജ്യം അടുത്ത പൊതു തിരഞ്ഞെടുപ്പിനൊരുങ്ങും.
രാഷ്‌ട്രീയത്തിൽ ഒരു വർഷം എന്ന് പറയുന്നത് വലിയ കാലാവധി തന്നെയാണ്. എന്തും സംഭവിക്കാം. കാറ്റിന് ഏത് ദിശയിലേക്ക് വേണമെങ്കിലും മാറി വീശാൻ ആ കാലയളവ് ധാരാളമാണ്. എങ്കിൽ കൂടി പ്രതിപക്ഷ-ഭരണപക്ഷങ്ങൾക്കിടയിൽ നടക്കാൻ പോകുന്ന പോരാട്ടത്തിന്റെ പ്രധാനപ്പെട്ട അതിർവരമ്പുകൾ, ‘ബാറ്റിൽ ലൈൻ’, തെളിയേണ്ട സമയം ആയിയിട്ടുണ്ട് ഇതിനോടകം.

ഈ മാസം അമേരിക്കയിൽ കാലിഫോർണിയ സർവകലാശാലയിൽ, ബെർക്കിലി പ്രസംഗം എന്ന ഓമനപ്പേരിൽ ഇന്ന് വിളിക്കപ്പെടുന്ന, ഒരു പ്രസംഗം രാഹുൽ ഗാന്ധി നടത്തുകയുണ്ടായി. അതിൽ അദ്ദേഹം 2019ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാൻ താൻ സർവ്വസജ്ജനാണ് എന്ന് പ്രഖാപിച്ചു. ഇടതുപക്ഷം അടക്കമുള്ള മോദി വിരുദ്ധ ചേരി അഥവാ പ്രതിപക്ഷം വലിയ ഹർഷാരവങ്ങളോടെയാണ് രാഹുലിന്റെ ആ പ്രഖ്യാപനത്തെ സ്വീകരിച്ചത്. 2019ൽ മോദിക്കെതിരെ നിർത്താനുള്ള ഒരു നേതാവിന് വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ അന്വേഷണം കഴിഞ്ഞ മൂന്നര വർഷമായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആ അന്വേഷണമാണ് ഈ സെപ്റ്റംബർ 11ന് പരിസമാപ്തിയിലെത്തിയിരിക്കുന്നത്.

കേജിരിവാൾ, നിതീഷ് കുമാർ തുടങ്ങി എന്തിനേറെപ്പറയുന്നു കനയ്യകുമാറിലൂടെ പോലും സഞ്ചരിച്ച അന്വേഷണമാണ് അവസാനം പഴയ 2014ലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന രാഹുൽ ഗാന്ധിയിൽ തന്നെ എത്തിച്ചേർന്നത്.അടുത്ത തിരഞ്ഞെടുപ്പിൽ തങ്ങളുടെ നേട്ടങ്ങളെക്കാൾ, എതിർപക്ഷത്ത് എടുത്ത് കാണിക്കാൻ ഒരു നേതൃത്വം ഇല്ല എന്നതായിരിക്കും മോദിയുടെയും കൂട്ടരുടെയും ഏറ്റവും വലിയ അനുകൂലഘടകം. ഒരുപാട് തവണ പരീക്ഷിച്ച് പരാജയപ്പെട്ട രാഹുൽഗാന്ധിയെ തന്നെ നേതാവാക്കാൻ പ്രതിപക്ഷം നിർബന്ധിതമായപ്പോൾ തെളിയുന്നത് അതാണ്.

ഒരിക്കൽ പരാജയപ്പെട്ടവർ പിന്നീടൊരിക്കലും വിജയിക്കില്ല എന്നല്ല. അടിയന്തിരാവസ്ഥയിൽ ഒലിച്ച് പോയ ഇന്ദിരാഗാന്ധി പതിന്മടങ്ങ് കരുത്തോടെ തിരിച്ചുവന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ രാഹുൽ ഗാന്ധി വീണ്ടും പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവുമ്പോൾ എന്താണ് പുതുതായി രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ളതെന്ന് ചോദിച്ചാൽ ഒന്നുമില്ല എന്നാണുത്തരം. മോദി അത് ചെയ്തത് ശരിയായില്ല ഇത് ചെയ്തത് ശരിയായില്ല എന്നതിൽ കവിഞ്ഞ് താൻ പ്രധാനമന്ത്രിയായാൽ എന്ത് ചെയ്യാൻ പോകുന്നു എന്ന് രാഹുൽ ഗാന്ധി പറയുന്നില്ല. മോദിയുടെ പിഴവുകളിൽ മാത്രമാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അത്കൊണ്ട് തന്നെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ 2019ലെ തിരഞ്ഞെടുപ്പിൽ മാനസികമായ മേൽകൈ പ്രതിപക്ഷത്തിന് നഷ്ടപ്പെട്ടുകഴിഞ്ഞു.

ഇനി പ്രതിപക്ഷത്തിന്റെ ഭാഗത്ത് അവസാന പോരാട്ടത്തിന് മോദി സർക്കാരിനെതിരെ ഉരുത്തിരിഞ്ഞു വരുന്ന ആയുധങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർദ്ധനവും, ജിഡിപി വളർച്ച നിരക്ക് കുറഞ്ഞു അഥവാ സാമ്പത്തിക വളർച്ച താഴ്ന്നു എന്ന് പറയുന്നതിലും കേന്ദ്രീകരിച്ചാണ് പ്രതിപക്ഷം പോരിനിറങ്ങാൻ പോകുന്നതെന്നാണ് ഇതുവരെയുള്ള സൂചനകൾ പറയുന്നത്. ബിജെപി ക്യാമ്പിനകത്തുള്ള, സ്ഥാനമാനങ്ങൾ ലഭിക്കാത്തതിൽ അസംതൃപ്തിയുള്ള ചില നേതാക്കളുടെ പ്രസ്താവനകളും അവർക്ക് ഊർജ്ജം പകരുന്നു.

സർക്കാരിന്റെ മുന്നിൽ ഇനി ഒരു വർഷം സമയമുള്ളപ്പോൾ ഈ രണ്ട് വിഷയങ്ങളിൽ മാത്രമായി പ്രതിപക്ഷം തങ്ങളുടെ ഊർജ്ജം മുഴുവൻ കേന്ദ്രീകരിക്കുന്നത് ആത്മത്യാപരമായിരിക്കില്ലേ എന്നാണ് സംശയം. കാരണം, വേണമെന്ന് വച്ചാൽ സർക്കാരിന് നേരിട്ടിടപെടാൻ സാധിക്കുന്ന ഒന്നാണ് പെട്രോളിയം വില. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അത് കാര്യമായി കുറയുകയോ, ജനത്തിനെ ബോധ്യപ്പെടുത്താൻ സാധിക്കുകയോ ചെയ്താൽ യുദ്ധമുഖത്ത് ആയുധം നഷ്ട്ടപ്പെട്ട അവസ്ഥയാകും പ്രതിപക്ഷത്തിന്.

ഇപ്പോൾ തന്നെ പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തത്, പ്രത്യേകിച്ച് കേരളം പോലുള്ള പ്രതിപക്ഷങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ആണെന്നും, നികുതിയിൽ ഭൂരിഭാഗവും സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്നുമുള്ള വാദമുയർത്തി അതിനെ പ്രതിരോധിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

അടുത്തതാണ് ജിഡിപി വളർച്ചയിലെ കുറവ്. വോട്ട് ചെയ്യുന്ന ‘മാസിനെ’ നേരിട്ട് ബാധിക്കാത്ത വിഷയമാണ് ജിഡിപി വളർച്ചയിലെ വ്യതിയാനങ്ങൾ എന്നതാണ് വാസ്തവം. ജിഡിപി ഉയരുന്ന സമയത്ത് അത് വെറും സാങ്കേതികമായ സംഖ്യയാണെന്നും, അതുകൊണ്ട് പാവപ്പെട്ടവന്റെ പട്ടിണി മാറില്ലെന്നും പറഞ്ഞ് തള്ളിക്കളയുന്നവർ തന്നെയാണ് ഇന്നത് കുറയുന്നതിനെ വലിയ വിഷയമാക്കാൻ വൃഥാ ശ്രമിക്കുന്നത്.

ഇനി ‘അർബൻ-മാസിനെ അത് സ്വാധീനിക്കും എന്ന് തന്നെ വയ്‌ക്കുക. അങ്ങനെയാണെങ്കിൽ കഴിഞ്ഞ സർക്കാരുകൾ തമ്മിലുള്ള താരതമ്യത്തിൽ മോദി സർക്കാരിന്റെ കാലത്ത് ജിഡിപി വളർച്ച കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്തിരിക്കുന്നത് എന്ന് കാണാം. മൻമോഹൻ സിങ് അധികാരം ഒഴിയുമ്പോൾ 2013-14ൽ ഉണ്ടായിരുന്ന 6.9% നേക്കാൾ കൂടുതൽ വളർച്ചയാണ് മോദി പ്രധാനമന്ത്രിയായ ശേഷം ഉള്ള രണ്ട് വർഷങ്ങളിലേത്. മൂന്നാമത്തേത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

അതിലെ (2017-18) ആദ്യ ‘ക്വാർട്ടർ’ ഫലം വച്ചിട്ടുള്ള വിമർശനങ്ങളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഇനിയും മൂന്ന് പാദങ്ങളിലെ ഫലം വരാനുണ്ട്. സർക്കാരും ഗ്ലോബൽ ഏജൻസികളും പ്രതീക്ഷിക്കുന്നപോലെ അപ്പോഴേക്കും ഇന്ത്യൻ എക്കണോമിയിൽ ഒരു കുതിപ്പ് ഉണ്ടാവുകയാണെങ്കിൽ പ്രതിപക്ഷത്തിന്റെ അവസാനത്തെ ആയുധവും നഷ്ടപ്പെടും.

മോദിയുടെയും വിവിധ സാമ്പത്തിക ഏജൻസികളുടെയും ആ ആത്മവിശ്വാസത്തിന് കാരണം രാജ്യപുരോഗതിയെ അളക്കുന്ന മറ്റ് നിരവധി സൂചികകൾ ആണ്. 2013-14കാലയളവിലെ അപേക്ഷിച്ച് ഇതുവരെ മൂന്നിരട്ടിയായി വർദ്ധിച്ച വിദേശനിക്ഷേപവും, മൂന്നിലൊന്നായി കുറഞ്ഞ വിലക്കയറ്റവും, ലോക സാമ്പത്തിക ഫോറത്തിന്റെ വികസന സൂചികയിൽ മുപ്പതോളം സ്ഥാനം ഉയർന്നതും അതിൽ ഏതാനും ചിലത് മാത്രം.

ഭരണപക്ഷം ഏറ്റവും ധീരമായ നടപടിയായി, തങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന നോട്ടുനിരോധനവും ജിഎസ്ടി യും തന്നെയാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആയുധം. അവരുടെ വാദം പ്രകാരം രാജ്യത്തിൻറെ സാമ്പത്തിക വളർച്ച താഴാൻ പ്രധാന കാരണം ഈ രണ്ട് ‘ബിഗ് ടിക്കറ്റ്’ നടപടികൾ ആണ്. അങ്ങനെ നോക്കുമ്പോൾ ഇത് രണ്ടും ജിഡിപി കുറയുന്നു എന്ന ആരോപണത്തിലേക്ക് തന്നെയാണ് ചെന്നെത്തുന്നത്.

അതായത് മുകളിൽ സൂചിപ്പിച്ച പോലെ ജിഡിപി വളർച്ച മെച്ചപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായാൽ പ്രതിപക്ഷത്തിന് ഒറ്റയടിക്ക് നഷ്ടമാവുന്നത് നോട്ട് നിരോധനം, ജിഎസ്ടി, ജിഡിപി എന്നീ മൂന്ന് വിഷയങ്ങളാണ്. അതുമാത്രവുമല്ല, നോട്ട്നിരോധനത്തിന്റെ ബുദ്ധിമുട്ടുകളുടെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ നടന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ജനം ആരുടെകൂടെയാണെന്ന് തെളിഞ്ഞതും കൂടിയാണ്.

പെട്രോൾ വിലയിലും ജിഡിപിയിലും തങ്ങളുടെ ‘പൊളിറ്റിക്കൽ കാപിറ്റൽ’ മുഴുവനും നിക്ഷേപിക്കുന്നത് ആത്മഹത്യാപരം എന്ന നിലയിലേക്ക് പ്രതിപക്ഷത്തിന്റെ ‘റിസ്ക് ഫാക്ടർ’ വളരെയധികം വർദ്ധിപ്പിക്കുന്നു എന്ന് നേരത്തെ സൂചിപ്പിച്ചത് അതുകൊണ്ടാണ്.‘ചർച്ചസ് അണ്ടർ അറ്റാക്കി’ൽ തുടങ്ങി, മുസ്ലിമും, പശുവും, ദളിതും അവാർഡ് വാപസിയും എങ്ങനെയെല്ലാം ചേർത്ത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത അസഹിഷ്ണുത കാമ്പെയിൻ അത്യാവശം നാശം വിതക്കാൻ പാകത്തിനുള്ള ഒരു ആയുധമായിരുന്നു, അവസാനത്തേക്ക് കരുതിവച്ചിരുന്നുവെങ്കിൽ .

പക്ഷെ അമിതാതാവേശത്തിൽ ആദ്യമാസങ്ങളിൽ തന്നെ അത് പുറത്തെടുത്ത്, അതിനെ പ്രതിരോധിക്കാനും മറികടക്കാനും ആവശ്യത്തിലധികം സമയം എതിർചേരിക്ക് കൊടുത്തു. അങ്ങനെ ഗൗരിലങ്കേഷിലും, ത്രിപുരയിലെയും പഞ്ചാബിലെയും കൊലചെയ്യപ്പെട്ട പത്രപ്രവർത്തരിലും എത്തിനിൽക്കുമ്പോൾ, പതിനെട്ടാമത്തെ അടവ് ഒന്നാമതെടുത്ത് പാളിപ്പോയ അവസ്ഥയായി ‘ഇന്റോളറൻസ് ക്യാമ്പയിനി’ന്റേത്.

ചുരുക്കിപ്പറഞ്ഞാൽ പരാജയത്തിനുള്ള ലക്ഷണമൊത്ത ചേരുവയായ രാഹുൽ-ജിഡിപി-പെട്രോളിയം എന്ന ഫോർമുലയാണ് 2019 നെ നേരിടാൻ പ്രതിപക്ഷത്തിന്റെ കൈവശം ഇപ്പോൾ ഉള്ളതെന്ന് പറയേണ്ടി വരും. ഇനിയുള്ള ഒരു വർഷത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞില്ലെങ്കിൽ, യു.പി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പ്രതിപക്ഷനിരയിലെ പ്രധാനികളിൽ ഒരാളായ കശ്മീരിലെ നാഷണൽ കോൺഫെറൻസ് നേതാവ് ഒമർ അദ്ബുള്ള പറഞ്ഞത് പോലെ 2024നെ കുറിച്ച് ചിന്തിക്കുന്നതാവും പ്രതിപക്ഷത്തിന് നല്ലത്.

Close
Close