Columns

ശ്രദ്ധിക്കണം ഇത് മാദ്ധ്യമ സുകുമാരക്കുറുപ്പുകളുടെ കാലമാണ്

വായുജിത്


.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കേസ് ഓർമ്മയുണ്ടോ ? ബസ് കാത്തുനിന്ന ഒരു പാവം യുവാവിനെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ പിടിച്ചു കയറ്റി കൊണ്ടു പോയി കൊലപ്പെടുത്തി . കാർ കത്തിച്ചു . അതിന്റെ പിന്നിലുള്ള ചേതോവികാരം എന്തായിരുന്നെന്ന് വെളിവായത് കേസന്വേഷണത്തിലാണ് .

ഗൾഫിൽ ജോലിയുള്ള സുകുമാരക്കുറുപ്പ് അവിടെ വച്ച് ഒരു ഇൻഷുറൻസ് എടുക്കുന്നു . സ്വാഭാവികമായും അപകടത്തിൽ മരിച്ചാൽ കുറുപ്പിന് വലിയൊരു തുക കിട്ടും . തുക ഭാര്യക്ക് കിട്ടിയാൽ ഒരുമിച്ച് ജീവിക്കാം . പക്ഷേ അതിനാദ്യം സുകുമാരക്കുറുപ്പ് മരിക്കണമല്ലോ . അതിനാണ് ബസ് കാത്തു നിന്ന ചാക്കോ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തി സുകുമാരക്കുറുപ്പെന്ന പേരിൽ കാറിലിട്ട് കത്തിച്ചത് .

എത്ര ആസൂത്രണം ചെയ്താലും എന്തെങ്കിലും ഒരു തെളിവ് ബാക്കി കിടക്കുമല്ലോ . ഒടുവിൽ കാര്യങ്ങളെല്ലാം തെളിഞ്ഞു . കൂട്ടാളികൾ അറസ്റ്റിലായി . സുകുമാരക്കുറുപ്പ് മാത്രം പിടികിട്ടാപ്പുള്ളിയായി എവിടെയോ കഴിയുന്നു . സാമൂഹ്യമാദ്ധ്യമങ്ങളുടെ കാലത്താണെങ്കിൽ കുറുപ്പിന്റെ ഫോട്ടോ വൈറലായേനേ

സ്വന്തം മരണം ഫേക്കായി അഥവാ വ്യാജമായി ചെയ്ത് പണമുണ്ടാക്കാൻ ശ്രമിച്ച ആ സുകുമാരക്കുറുപ്പിന്റെ സ്വഭാവ സവിശേഷതകളോട് കൂടിയ ചിലർ ഇന്ന് മാദ്ധ്യമ രംഗത്ത് ജോലി ചെയ്യുന്നു എന്നത് ഒരു ദുഖസത്യമാണ് . സ്വന്തം മരണം വ്യാജമാക്കി ചെയ്ത് നേട്ടമുണ്ടാക്കനല്ല അവർ ശ്രമിക്കുന്നത് എന്നൊരു വ്യത്യാസം മാത്രമാണുള്ളത് . ഉളുപ്പില്ലായ്മയ്ക്കൊപ്പം കുടിലതയ്ക്കും അവർ സുകുമാരക്കുറുപ്പിനെ കവച്ചു വെക്കുമെങ്കിലും

കാര്യത്തിലേക്ക് വരാം . ബിജെപി അനുകൂല പേജായ ഔട്ട്സ്പോക്കൺ ഒരു ഫോട്ടോഷോപ്പ് ചിത്രമിട്ടതായും അതിനെ സോഷ്യൽ മീഡിയ പൊളിച്ചടുക്കിയതായും വ്യക്തമാക്കിക്കൊണ്ട് പല ഓൺലൈൻ മാദ്ധ്യമങ്ങളും വാർത്ത കൊടുത്തിരുന്നു . ബിജെപി വിരുദ്ധർ അത് ആഘോഷിക്കുകയും ചെയ്തു .ഇപ്പോഴും ആഘോഷിക്കുന്നുണ്ട്  താനും

റിപ്പോർട്ടറിലെ വാർത്ത

ആന കൃഷി തകർത്തു എന്ന് കേട്ടാൽ ആറെസ്സെസ്സുകാർ കൃഷി നശിപ്പിക്കുന്നു എന്നെഴുതുന്ന കൈരളിയുടേയും ദേശാഭിമാനിയുടേയും കാര്യം പിന്നെ പറയണ്ടല്ലോ . അവരും നിരത്തി വെണ്ടക്ക .ഔട്ട്സ്പോക്കൺ പേജ് സണ്ണിലിയോണിനെ കാണാനെത്തിയ ആൾക്കൂട്ടത്തെ അമിത് ഷായെ കാണാനെത്തിയതാണെന്ന് കാണിച്ച് ഫോട്ടോഷോപ്പ് ചെയ്തു എന്നായിരുന്നു ആരോപണം .

പീപ്പിൾ ലൈവ് – ദേശാഭിമാനി പ്രിന്റ് പേജിലും ഇതേ വാർത്ത വന്നിരുന്നു .. 

 

മാദ്ധ്യമ രംഗത്തെ മുത്തശ്ശി എന്നവകാശപ്പെടുന്ന , കണ്ടത്തിൽ വർഗീസ് മാപ്പിള തുടങ്ങിയ പത്രത്തിന്റെ ഓൺലൈൻ പതിപ്പിലും ഈ വാർത്ത വന്നു . റിപ്പോർട്ടർ തുടങ്ങിയ മുഖ്യധാര സുകുമാരക്കുറുപ്പുകളും വിട്ടില്ല .ഡൂൾ , നാരദ തുടങ്ങിയ ഓൺലൈൻ മഞ്ഞകളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. മലയാളത്തിലെ മാദ്ധ്യമങ്ങളുടെ വിശ്വാസ്യത സംശയിക്കാതെ ചില ദേശീയ മാദ്ധ്യമങ്ങളും സുകുമാരക്കുറുപ്പുകളുടെ അജണ്ട അറിയാതെ വാർത്ത കൊടുത്തതോടെ ഇപ്പോൾ അതും ആഘോഷമായിരിക്കുകയാണ് .

മനോരമ വാർത്ത

സുകുമാരക്കുറുപ്പുകളുടെ ഫേക്ക് പ്രവർത്തനങ്ങൾക്ക് ഒരു കൃത്യമായ പാറ്റേണുണ്ട് . ബിജെപി/ആർ.എസ്.എസ് അനുഭാവി എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഒരു പ്രൊഫൈലോ പേജോ ആരംഭിക്കുക എന്നതാണ് അതിൽ ആദ്യത്തെ പ്രവർത്തനം . നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികൾ ഷെയർ ചെയ്യുക , പ്രമുഖ ബിജെപി /ആർ.എസ്.എസ് പേജുകളുടെ വാർത്തകൾ ഷെയർ ചെയ്യുക എന്നതാണ് രണ്ടാമത്തെ പ്രവർത്തനം . തുടർന്നാണ് അജണ്ടകൾ ആരംഭിക്കുക .

സാമൂഹ്യ വിരുദ്ധമായ ചില കാര്യങ്ങളും വ്യാജ അവകാശവാദങ്ങളുമാണ് അടുത്തതായി ഷെയർ ചെയ്ത് തുടങ്ങുന്നത് . പതിയെ അത് ചർച്ചയാക്കും . കാത്തിരുന്ന സിഐടിയു മാദ്ധ്യമ പ്രവർത്തകരും ബിജെപി /ആർ.എസ്.എസ് വിരുദ്ധ സഖ്യവും അപ്പോൾ തന്നെ കാര്യം ഏറ്റെടുക്കും . പിന്നെ ചവറു പോലെ കിടക്കുന്ന ഓൺലൈൻ മഞ്ഞകളിൽ വാർത്തയാക്കും .

ഡൂൾ ന്യൂസ് 

ദളിതർക്കെതിരെ ആർ.എസ്.എസ് , അമിത് ഷായുടെ സന്ദർശനത്തിന് കൊഴുപ്പ് പകരാൻ ട്രോളർമാർ ഉപയോഗിച്ചത് സണ്ണി ലിയോണിനെ കാണാനെത്തിയവരുടെ ചിത്രം എന്നൊക്കെയാകും തലക്കെട്ടുകൾ. പിന്നെ അതൊരു ആഘോഷമാക്കുകയും ചെയ്യും . യു പി പിഷാരടി , സതീഷ് നായർ , സഞ്ജീവനി , ഔട്ട്സ്പോക്കണിന്റെ ഫേക്ക് പേജ് ഇതൊക്കെ ഇത്തരത്തിൽ പെടുത്താവുന്നതാണ് .ഈയടുത്ത് സീ ന്യൂസിന്റെ ഫേക്ക് പേജ് വിശ്വസിച്ച് എം ബി രാജേഷ് എം.പിക്കു പോലും പണി കിട്ടിയിരുന്നു.

രാഷ്ട്രീയ എതിരാളിക്കെതിരെ എന്ത് പിതൃശൂന്യ പ്രവർത്തനവും കാഴ്ച വയ്ക്കാനുളുപ്പില്ലാത്ത ഇത്തരം ജന്മങ്ങൾ സത്യത്തിൽ പത്രപ്രവർത്തക സമൂഹത്തിനു തന്നെ നാണക്കേടാണ് .ഈ ഉളുപ്പില്ലാ ജന്മങ്ങളുടെ പ്രവർത്തനമാണ് ഔട്ട് സ്പോക്കൺ ട്രോൾ പേജിന്റെ പേരിൽ ഇറക്കിയ വാർത്തയ്ക്ക് പിന്നിലും .

ബിജെപി അനുകൂല ട്രോൾ പേജായ യഥാർത്ഥ ഔട്ട്സ്പോക്കൺ പേജിന് 2,65,000 ലധികം ലൈക്കുകളുണ്ട് . മനോരമയും റിപ്പോർട്ടറും അടക്കമുള്ള മാദ്ധ്യമങ്ങൾ എടുത്ത ഫോട്ടോഷോപ്പ് സണ്ണി ലിയോൺ ജനക്കൂട്ട ചിത്രം വന്നതാകട്ടെ ഔട്ട്സ്പോക്കണിന്റെ പേരിൽ ഇവരൊക്കെ തന്നെയുണ്ടാകിയ വ്യാജ പേജിലും . അതിന്റെ ലൈക്കുകളാകട്ടെ വെറും എണ്ണായിരത്തിനു മുകളിലും .

ഔട്ട് സ്പോക്കണിന്റെ ഫേക്ക് പേജ്

 ഫേക്കും ഒറിജിനലും തമ്മിലുള്ള വ്യത്യാസം

സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാകും അത് വ്യാജ പേജാണെന്ന് . പക്ഷേ അങ്ങനെ മനസ്സിലാക്കിയാൽ ഉദ്ദേശ്യം നടക്കില്ലല്ലോ . അപ്പോൾ പിന്നെ ഉളുപ്പില്ലാതെ അതെടുത്ത് വാർത്തയാക്കി ആഘോഷിക്കൽ തന്നെ . എന്തൊരു നാണം കെട്ട മാദ്ധ്യമ പ്രവർത്തനമെന്ന് നോക്കൂ . അതേ സമയം മറുനാടൻ മലയാളി എന്ന ഓൺലൈൻ മാദ്ധ്യമം മാത്രമാണ് മാന്യമായി പ്രതികരിച്ചതെന്ന് ഔട്ട്സ്പോക്കണിന്റെ അണിയറയിലുള്ളവർ പറയുന്നു . അവർ കാര്യമറിഞ്ഞ് വാർത്ത പിൻവലിച്ചുവത്രെ .

ഔട്ട് സ്പോക്കണിന്റെ ഔദ്യോഗിക വിശദീകരണം

വാർത്തയാക്കിയതിനു ശേഷം ഫേക്ക് പേജ് തന്നെ ഫോട്ടോഷോപ്പ് ഇമേജ് പിൻവലിച്ചു . അപ്പോൾ പിന്നെ പിൻവലിച്ചു എന്ന വാർത്തയും നൽകാം . ഏത് പേജാണ് ഇട്ടതെന്ന് പറയാനും കഴിയില്ല . പക്ഷേ ചാക്കോയുടെ കൊലപാതകത്തിൽ സുകുമാരക്കുറുപ്പുകൾ ലൂപ് ഹോൾസ് ഇട്ടതു പോലെ ഇവിടെയും അത് സംഭവിച്ചു . സ്വന്തമായി ഒരു വെരിഫൈഡ് മാർക്ക് ഫേക്ക് ഔട്ട് സ്പോക്കൺ പേജിന്റെ പ്രൊഫൈലിൽ നൽകിയിട്ടുണ്ടായിരുന്നു.

ഫേക്ക് പേജിന്റെ പോസ്റ്റ് – ഇതാണ് മാദ്ധ്യമങ്ങൾ വാർത്തയാക്കിയത്

രാഷ്ട്രീയ ചായ്‌വുള്ള മാദ്ധ്യമങ്ങൾ അവരുടെ രാഷ്ട്രീയത്തിനനുസരിച്ച് വാർത്തകൾ എഴുതുന്നത് രാഷ്ട്രീയ പ്രവർത്തനമാണ് . അതിൽ തെറ്റു പറയാനാകില്ല . പക്ഷേ അതിലും ഒരു മിനിമം ധാർമ്മികതയൊക്കെയുണ്ട് .ദേശാഭിമാനിയേയും കൈരളിയേയും സംബന്ധിച്ചിടത്തോളം അത് പണ്ടേയില്ല എന്നത് കൊണ്ട് അവർ മാറാനൊന്നും സാദ്ധ്യതയില്ല.

നാരദ , ഡൂൾ തുടങ്ങിയ ഓൺലൈൻ മഞ്ഞകളിൽ നിന്ന് അത് പ്രതീക്ഷിക്കുന്നുമില്ല  .എന്നാൽ ധർമ്മോസ്മത് കുലദൈവതം എന്ന് എഡിറ്റോറിയൽ തലക്കെട്ടിൽ എല്ലാ ദിവസവും  എഴുതിയവർക്കെങ്കിലും പച്ചക്കള്ളം അടിച്ചു വയ്ക്കാതിരുന്നൂടെ എന്നൊരു ചോദ്യം ഉയരുന്നുണ്ട്.

ഇതുപോലെ വ്യാജ പ്രചാരണങ്ങൾ നിങ്ങൾക്കും ആയിക്കൂടെ എന്നാണ് ഇതൊക്കെ കാണുമ്പോൾ പലരും ചോദിക്കുന്നത് . ധാർമ്മികതയെന്നത് കാശു കൊടുത്താൽ കിട്ടുന്നതല്ലെന്നും അത് കുറച്ചൊക്കെ ജനിതക ഗുണമാണെന്നുമുള്ള മറുപടിയേ തത്കാലം പറയുന്നുള്ളൂ..

എന്തായാലും വാർത്താ വായനക്കാർ ശ്രദ്ധിച്ചോളൂ .. ഇത് മാദ്ധ്യമ സുകുമാരക്കുറുപ്പുകളുടെ കാലമാണ്

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close