Columns

യദുകൃഷ്ണൻ ശാന്തിയാകുമ്പോൾ

വായുജിത്


പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഇതേപോലൊരു ഒക്ടോബർ മാസത്തിൽ പരമോന്നത കോടതി ഒരു വിധി പറഞ്ഞിരുന്നു . ജഡ്ജിമാരായ എസ് രാജേന്ദ്രബാബുവും , ദൊരൈസ്വാമി രാജുവും ഉൾപ്പെട്ടെ ബഞ്ചാണ് വിധി പറഞ്ഞത് .

എറണാകുളം കൊങ്ങോർപ്പിള്ളി നീറിക്കോട് ശിവക്ഷേത്രത്തിലെ ഒരു ഭക്തനായ എൻ ആദിത്യനായിരുന്നു ഹർജിക്കാരൻ . എതിർ ഭാഗത്തുണ്ടായിരുന്നത് തിരുവിതാം‌കൂർ ദേവസ്വം ബോർഡും പിന്നെയൊരു കെ എസ് രാകേഷും .

1993 ൽ തിരുവിതാം‌കൂർ ദേവസ്വം ബോർഡിന്റെ ശാന്തി നിയമന പരീക്ഷയിൽ മുപ്പത്തൊന്നാം റാങ്കുകാരനായിരുന്നു കെ എസ് രാകേഷ് . അദ്ദേഹത്തെ നിയമിച്ചതാകട്ടെ നീറിക്കോട് ശിവക്ഷേത്രത്തിലും . എന്നാൽ വേഴപ്പറമ്പ് മനയിൽ നിന്നുള്ള കത്തിനെ തുടർന്ന് രാകേഷിനെ നിയമിക്കേണ്ടെന്ന് ക്ഷേത്രം ഭരണാധികാരികൾ തീരുമാനിക്കുന്നു . കാരണം രാകേഷ് ഈഴവനാണ് .

നിയമനം നടത്തുന്നത് എല്ലാ നിയമങ്ങളും പാലിച്ചാണെന്നും രാകേഷിനെ ക്ഷേത്രത്തിൽ പൂജാരിയായി എടുക്കണമെന്നും ദെവസ്വം ബോർഡ് വീണ്ടും നിർദ്ദേശിച്ചതോടെ രാകേഷിന് ശ്രീകോവിലിൽ പ്രവേശനം ലഭിക്കുമെന്നായി . എന്നാൽ ഈ നിയമനം അന്ന് തന്നെ ഹൈക്കോടതി സ്റ്റേ ചെയ്തു . കേരളത്തിലെ ക്ഷേത്രങ്ങളിൽ മലയാളി ബ്രാഹ്മണർക്കു മാത്രമേ പൂജ ചെയ്യാൻ അധികാരമുള്ളൂ എന്നായിരുന്നു ഹർജിക്കാരന്റെ വാദം

തുടർന്ന് നടന്ന നിയമ പോരാട്ടത്തിനൊടുവിൽ 1995 ഡിസംബർ 4 ന് കേരള ഹൈക്കോടതി കെ എസ് രാകേഷിന്റെ നിയമനം അംഗീകരിച്ചു. എന്നാൽ അവിടെയും നിൽക്കാതെ കേസ് സുപ്രീം കോടതിയിലെത്തി. ഒടുവിൽ 2002 ഒക്ടോബർ മൂന്നിന് ഇന്ത്യയുടെ പരമോന്നത കോടതി ഹിന്ദു ധർമ്മശാസ്ത്രങ്ങളും പല കോടതി വിധികളും എല്ലാം പരിശോധിച്ച് അന്തിമ വിധി പ്രഖ്യാപിച്ചു .

“പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ രാകേഷിന് ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അവകാശമുണ്ട് “

ഇന്ന് പറവൂർ രാകേഷ് തിരുവിതാം‌കൂർ ദേവസ്വം ബോർഡിന്റെ തന്ത്രി കൂടിയാണ് . നമ്പൂതിരി സമുദായത്തിൽ നിന്നല്ലാത്ത ആദ്യത്തെ തന്ത്രി . അദ്ദേഹത്തിന് മന്ത്രദീക്ഷ നൽകിയത് രാഷ്ട്രീയ സ്വ്യംസേവക സംഘത്തിന്റെ പ്രചാരകായ പി മാധവൻ എന്ന മാധവ്ജി ആയിരുന്നു .

സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടത്തിന് പിന്തുണ നൽകിയത് ആരെന്ന് ചോദിച്ചാൽ രാകേഷ് തന്ത്രികളുടെ മറുപടി ഇങ്ങനെയാണ് .

“ഹിന്ദു സംഘടനകളില്‍നിന്നും വലിയ പിന്തുണയാണ്‌ ലഭിച്ചത്‌. ആര്‍എസ്‌എസും ഹിന്ദുസംഘടനകളും നല്‍കിയ പിന്തുണയാണ്‌ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തുവാന്‍ എനിക്ക്‌ ആത്മവിശ്വാസം നല്‍കിയത്‌. ഹിന്ദു സംഘടനകള്‍ ഒപ്പം നിന്നു എന്നത്‌ തന്നെ വലിയ കാര്യമാണ്‌. വലിയൊരു പ്രചോദനമായിരുന്നു അത്‌“

മാധവ് ജിയുമായുള്ള ബന്ധത്തെ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു

“മാധവ്ജിയില്‍നിന്നാണ്‌ മന്ത്രദീക്ഷ സ്വീകരിക്കുന്നത്‌. അദ്ദേഹത്തിന്റെ ശിഷ്യനായി കൂടെ കഴിഞ്ഞിരുന്ന കാലഘട്ടത്തിലാണ്‌ ആര്‍എസ്‌എസുമായി ബന്ധപ്പെടുന്നതും സ്വയംസേവകനാകുന്നതും ഗുരുദക്ഷിണ സമര്‍പ്പിച്ച്‌ തുടങ്ങുന്നതും. മാധവ്ജി മരിക്കുമ്പോള്‍ വലത്‌ കൈ എന്റെ കൈയിലും ഇടതുകൈ മേനോന്‍ സാറിന്റെ (ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പിഇബി മേനോന്‍)കയ്യിലുമായിരുന്നു. ഗുരുവിന്റെ വലിയൊരനുഗ്രഹമായിട്ടാണ്‌ അത്‌ ഞാന്‍ കരുതുന്നത്‌. “

പാലിയം വിളംബരം എന്ന മഹാ പ്രഖ്യാപനം കൂടി ഈ അവസരത്തിൽ നാമോർക്കേണ്ടതുണ്ട് .

1987 ആഗസ്റ്റ് 26 ന് ചേന്ദമംഗലം പാലിയം കൊട്ടാരത്തില്‍ പ്രഖ്യാപിച്ച പാലിയം വിളംബരം ഒരു രണ്ടാംക്ഷേത്ര പ്രവേശന വിളംബരമായിരുന്നു. ബ്രാഹ്മണ്യം ജനനംകൊണ്ടല്ലെന്നും കര്‍മംകൊണ്ടാണെന്നും യോഗ്യത നേടിയ ഏതൊരാള്‍ക്കും ക്ഷേത്രപൗരോഹിത്യം ഉള്‍പ്പെടെ എല്ലാ പൗരോഹിത്യത്തിനും അര്‍ഹതയുണ്ടെന്നും പാലിയത്തുചേര്‍ന്ന പണ്ഡിത സദസ്സ് വിളംബരം ചെയ്തു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സംഘാടകനും മാധവ്ജിയായിരുന്നു

പുലയ സമുദായത്തിൽ പെട്ട യദു കൃഷ്ണൻ  മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പൂജാരിയാകുമ്പോൾ ഹിന്ദു സമൂഹത്തിന് അതൊരു ചരിത്ര പരമായ മുഹൂർത്തം തന്നെയാണ് . സാമൂഹ്യ സമരസത സംഘർഷത്തിലൂടെയല്ലാതെ സാദ്ധ്യമാക്കണമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിനും ഇത് അഭിമാന മുഹൂർത്തം തന്നെ ..

അതേസമയം ഈ ചരിത്രമാറ്റത്തിന് ഇനിയും ഗതിവേഗം ആർജ്ജിക്കേണ്ടതുണ്ട് . ആയിരക്കണക്കിന് വർഷമായി സമൂഹത്തിലാഴ്ന്നിറങ്ങിയ ഭേദഭാവം കേവലം പത്തോ നൂറോ വർഷങ്ങൾ കൊണ്ട് പൂർണമായും മാറ്റാനാവില്ല എന്ന് സമ്മതിക്കുമ്പോൾ തന്നെ അതൊരു ഒഴിവുകഴിവായി കാണുകയും അരുത് .

ഹിന്ദു സംഘടനകൾക്ക് ഇക്കാര്യത്തിൽ വലിയ മുന്നേറ്റങ്ങൾ തന്നെ നടത്താനുണ്ട് . എന്റെയുള്ളിലും നിന്റെയുള്ളിലും നിറഞ്ഞു നിൽക്കുന്നത് ഒരേ ഈശ്വര ചൈതന്യമാണെന്ന് പഠിപ്പിക്കുന്ന സംസ്കാരം നെഞ്ചിലേറ്റുന്നവർ അതിൽ അമാന്തം കാണിക്കാൻ പാടില്ല . പൂർവസൂരികൾ ആഗ്രഹിക്കുന്നതും അതു തന്നെയാണ്

Close
Close