Columns

അരുത് കെടിയു : വിദ്യാർത്ഥികളുടെ ജീവനെടുക്കരുത്

അനുരാഗ്


” കേരള സാങ്കേതിക സർവ്വകലാശാലയിലെ അശാസ്ത്രീയ ഇയർ ഔട്ട് സംവിധാനം മാറ്റപ്പെടണം” അത് വിദ്യാർത്ഥികളുടെ മാത്രം ആവശ്യമല്ല , പൊതുസമൂഹത്തിന്റേത് കൂടിയാണ് .

പറയാൻ കാരണങ്ങളുണ്ട്

എന്നാൽ ഇത് പറയുന്നതിന് മുന്നേ തന്നെ ‘തോൽക്കുന്ന ഉഴപ്പന്മാരുടെ പോക്രിത്തരങ്ങൾ’ എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഇവിടെയുണ്ട്, അത് ഇതിനോടകം മനസ്സിലായിരിക്കുന്നു . അതു കൊണ്ടാവണം സാങ്കേതിക സർവ്വകലാശാലയിലെ അശാസ്ത്രീയ ഇയർ ഔട്ട് സംവിധാനത്തിനെതിരെ പ്രതികരിക്കുന്നവർക്ക് സാമൂഹികമായ പിന്തുണ കിട്ടാതെ പോകുന്നത്.

പക്ഷെ വിദ്യാർത്ഥികൾക്കും ചിലത് പറയാനുണ്ട് . കേരളത്തിലെ എഞ്ചിനിയറിങ്ങ് കോളേജുകളെയെല്ലാം ഒറ്റ കുടക്കീഴിൽ അണിനിരത്തി ഒരേ അളവുകോൽ കൊണ്ടളന്ന് വിദ്യാർത്ഥികളെ സമർത്ഥരായ എഞ്ചിനിയർമാരാക്കുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെ സ്ഥാപിതമായ സർവ്വകലാശാലയായിരുന്നു കെടിയു. ആ സർവ്വകലാശാലയുടെ ഉദ്ദേശ ശുദ്ധി അങ്ങേയറ്റം ബഹുമാനിക്കപ്പെടേണ്ടതാണ്.

എന്നാൽ ദേശീയ- അന്തർദേശീയ നിലവാരം അവകാശപ്പെടാനുള്ള ഐ.ഐ.ടി (IIT) യുടെയും എൻ.ഐ.ടി (NIT) യുടെയും വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് അതേപടി കടം എടുത്ത രീതിയാണ് സാങ്കേതിക സർവ്വകലാശാലയിലെ ഇയർ ഔട്ട് സംവിധാനം .( നിശ്ചിത ക്രെഡിറ്റ് ഇല്ലാത്ത പക്ഷം അതേ ക്ലാസിൽ തന്നെ വീണ്ടും പഠിക്കേണ്ട അവസ്ഥ ).ഇത് ഇന്നാട്ടിലെ സാങ്കേതിക വിദ്യാഭ്യാസത്തെ പുഷ്ടിപ്പിക്കുന്നതല്ല മറിച്ച് കുട്ടിച്ചോറാക്കുന്ന നീക്കവും നട്ടാൽ കിളിർക്കാത്ത ഒരു തുഗ്ലക്ക് പരിഷ്കാരവുമാണ്.

ഐ.ഐ.ടി (IIT) യിലേക്ക് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെടുന്നത് ലോകത്തിലെ തന്നെ പ്രയാസമേറിയ പരീക്ഷകളിൽ ഒന്നായ ‘ JEE Advanced ‘ വിജയിച്ചും അതിൽ തന്നെ ഉന്നത റാങ്ക് നേടിയുമാണ്. എൻ.ഐ.ടി (NIT) യിലാവട്ടെ JEE mains പരീക്ഷയിൽ ഉന്നത റാങ്ക് നേടിക്കൊണ്ടും.
ഇവിടെ കേരളത്തിലോ ..?

കേരള എഞ്ചിനീയറിംഗ് പരീക്ഷയിൽ വെറും പത്തുമാർക്ക് മാത്രം കിട്ടിയാലും കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ സാങ്കേതിക സർവ്വകലാശാലക്ക് കീഴിൽ ആവശ്യപ്പെടുന്ന ബ്രാഞ്ചിൽ പഠിക്കാം. എൻട്രൻസ് പരീക്ഷയിലെ 240 ൽ ചോദ്യങ്ങളിൽ 3 ചോദ്യം ശരിയാക്കിയാൽ തന്നെ 12 മാർക്ക് കിട്ടും നോക്കൂ.. എന്നിട്ടും 2 – മാർക്ക് അധികമാണ് !

ഇത് പറഞ്ഞപ്പോൾ ” ഇത്തരത്തിൽ ചെറിയ മാർക്ക് നേടിയവനൊക്കെ ഇയർ ഔട്ട് ഉള്ളിടത്ത് പഠിക്കാൻ നിൽക്കണോ ” എന്ന സ്വാഭാവിക സംശയം ആർക്കും വരാം. പക്ഷെ ഇവിടെയാണ് ട്വിസ്റ്റ് ! KTU ആദ്യ ബാച്ച് വിദ്യാർത്ഥികൾ കേരളത്തിലെ എഞ്ചിനിയറിംഗ് കോളേജുകളിൽ അഡ്മിഷൻ എടുക്കുന്നത് അത് KTU ആണെന്നോ , ഇയർ ബാക്ക് ഉണ്ടെന്നോ , ഇയർ ബാക്കിന്റെ നിബന്ധനങ്ങളും നിയമങ്ങളും എന്താണെന്നോ അറിഞ്ഞിട്ടല്ല. പിന്നീടുള്ള വർഷങ്ങളിൽ ചേർന്നവരാകട്ടെ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനത്തിൽ വിശ്വസിച്ച് ചേർന്ന വരുമാണ്.

പറഞ്ഞു വന്നത് KTU വും അതിന്റെ നിയമങ്ങളും നിലവിൽ വന്നത് തന്നെ മേൽപ്പറഞ്ഞ മൂന്നാം വർഷ വിദ്യാർത്ഥികളുടെ അഡ്മിഷന് ശേഷമാണ് എന്നാണ് . ഇങ്ങനെ കുറഞ്ഞ മാർക്കിൽ പഠിക്കാൻ അവസരം നൽകുകയും പിന്നീട് ഇയർ ഔട്ടിന്റെ പ്രഹരം ഏൽപ്പിക്കുകയും ചെയ്യുന്നത് എങ്ങനെയാണ് ന്യായീകരിക്കാനാവുക ?

സമരമോ ഹർത്താലോ ബാധിക്കാത്ത കൃത്യമായി അധ്യയന ദിനങ്ങൾ ലഭിക്കുന്ന ഉയർന്ന നിലവാരത്തിലുള്ള സർവ്വകലാശാലകളിൽ കണ്ടുവരുന്ന സിസ്റ്റമാണ് , വേണ്ട മുൻകരുതലുകൾ എടുക്കാതെ , ശരിയായ രീതിയിൽ പരീക്ഷകളോ മൂല്യനിർണ്ണയമോ നടത്താതെ ,മുട്ടിന് മുട്ടിന് സമരം നടക്കുന്ന കേരളത്തിലെ കോളേജുകളിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇത് വിദ്യാർത്ഥികൾക്ക് ഗുണകരമാകുമോ എന്ന് ചിന്തിക്കേണ്ടതല്ലേ.. ?

തോറ്റ വിദ്യാർത്ഥിയുടെ പേപ്പർ പുനർമൂല്യനിർണ്ണയത്തിന് നൽകിയപ്പോൾ A+ മാർക്ക് ലഭിച്ച സംഭവങ്ങളും , ചോദ്യപേപ്പർ പാറ്റേണിൽ നിന്ന് വിരുദ്ധമായി വന്ന ചോദ്യപേപ്പറുകളും , ചോർന്ന പരീക്ഷാ പേപ്പറുകളും എല്ലാം ഈ സർവ്വകലാശാലയുടെ കീഴിലെ സ്ഥിരം സംഭവങ്ങളാണ്. ഇത്തരത്തിലൊന്ന് ഇയർ ബാക്ക് പോലൊരു സിസ്റ്റം നടപ്പിലാക്കുന്ന മറ്റെവിടെ കാണാൻ കഴിയും ? ഇതെല്ലാം കെടുകാര്യസ്ഥതയുടെയും അശാസ്ത്രീയതയുടെയും തെളിവുകളായല്ലെ കാണേണ്ടത് ?
KTU ആദ്യം ഒന്ന് അമർന്ന് ഇരുന്നിട്ട് വേണ്ടെ . IITയെ ഒക്കെ നോക്കി കാലു നീട്ടുന്നത് എന്ന സ്വാഭാവിക സംശയമാണ് ഇപ്പോൾ ചോദിക്കുന്നത്.

മറ്റൊന്ന് ഈ വർഷം കെടിയു തീരുമാനിച്ചിരിക്കുന്ന ഇയർ ബാക്ക് നടപ്പിലാവുക മൂന്നാം സെമസ്റ്റർ , അഞ്ചാം സെമസ്റ്റർ എന്നീ ക്ലാസുകളിൽ പഠിക്കുന്ന ആവശ്യത്തിന് ക്രെഡിറ്റ് ലഭിക്കാത്ത വിദ്യാർത്ഥികളിലാണ് . അതായത് ഒരു അധ്യയന വർഷത്തിന്റെ പകുതിക്ക് വച്ചാണ് ഇയർ ബാക്ക് നടപ്പിലാക്കാൻ ശ്രമിക്കുന്നത് അങ്ങനെ സംഭവിച്ചാൽ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുക ഒരു വർഷമല്ല മറിച്ച് ഒന്നര വർഷമാണ്. !

ഇയർ ബാക്കായാൽ പഠനം ഉപേക്ഷിച്ച് മറ്റൊരു കോഴ്സിന് ചേരാൻ പോലും സാധിക്കാത്ത അവസ്ഥയിലെത്തിക്കുന്നതാണ് ഈ നീക്കം. ഇത്തരത്തിൽ നടത്തുന്ന അശാസ്ത്രീമായ ഇയർ ബാക്കുകളോട് സന്ധിയില്ലാതെ പോരാടാനാണ് വലിയൊരു വിഭാഗം വിദ്യാർത്ഥി സമൂഹം തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തെ രക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് പുറമെ പൊതു സമൂഹവും കൂടെ ഉണ്ടാവേണ്ടതുണ്ട്.

ചുരുങ്ങിയ അധ്യയന വർഷവും ഇയർബാക്കും പരാജയഭീതിയും ഉണ്ടാക്കുന്ന മാനസികമായ സമ്മർദവും വേദനയും ഒരു ഉപകാരവുമില്ലാതെ അടിച്ചേൽപ്പിച്ചതിന്റെ ഫലം ആകാശ് എന്ന വിദ്യാർത്ഥി തന്റെ ജീവൻ അവസാനിപ്പിച്ചപ്പോൾ കേരള സമൂഹം കണ്ടതാണല്ലോ . അശാസ്ത്രീയ ഇയർബാക്ക് സംവിധാനത്തിന്റെ ഇരകളാവേണ്ടവരല്ല വിദ്യാർത്ഥികൾ . അശാസ്ത്രീയമായ , സാങ്കേതിക വിദ്യാഭ്യാസത്തെ തകർക്കാനുതകുന്ന ഇത്തരം നീക്കങ്ങൾ ചെറുത്തു തോൽപ്പിക്കപ്പെടേണ്ടതാണ്ട്.

” കേരള സാങ്കേതിക സർവ്വകലാശാലയിലെ അശാസ്ത്രീയ ഇയർ ഔട്ട് സംവിധാനം മാറ്റിയേ പറ്റൂ”

അതിന് കൊടിയും വേണ്ടിവന്നാൽ അത് കെട്ടിയ വടിയും വിദ്യാർത്ഥികൾ എടുക്കും. അതിന് മടി കാണിക്കില്ല കാരണം ഇത് വിദ്യാർത്ഥികളുടെ മാത്രം ആവശ്യമല്ല പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണ്.


കെടിയു സർവകലാശാലയ്ക്ക് കീഴിലുള്ള ടികെ‌എം എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയാണ് ലേഖകൻ

664 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close