Columns

മിനി കൂപ്പറും മാർക്സിസമെന്ന സായിപ്പിന്റെ എച്ചിലും

കാളിയമ്പി


ഇസ്രേയലും ഫ്രാൻസും ബ്രിട്ടനും ചേർന്ന് ഈജിപ്റ്റിലെ സൂയസ് കനാൽ ആക്രമിച്ച വർഷമായിരുന്നു 1956. പെട്രോൾ ക്ഷാമം രൂക്ഷമായ ആ സമയത്ത് കാർ വിൽപ്പന കുത്തനെ കുറഞ്ഞു.

അങ്ങനെയാണ് ബ്രിട്ടണിലെ നിരത്തുകളിൽ വലിയ യമണ്ടൻ കാറുകളിൽ നിന്ന് ചെറിയ കുഞ്ഞു കാറുകൾ കണ്ടുതുടങ്ങിയത്., ഒന്നോ രണ്ടോ പേർക്ക് മാത്രം സഞ്ചരിയ്ക്കാനാവുന്ന കാറുകൾ. ഫോക്സ്‌വാഗൺ ബീറ്റിൽ, ഫിയറ്റ് 500 പോലെയുള്ള ചെറു കാറുകൾ പെട്ടെന്ന് വിപണി പിടിച്ചെടുത്തു.
ബ്രിട്ടണിലെ കാർ കമ്പനിയായ ബ്രിട്ടീഷ് മോട്ടോർ കോർപ്പറേഷന്റെ തലവനായിരുന്ന സർ ലെനാഡ് ലോർഡിനു ഈ യൂറൊപ്യൻ വരത്തൻ കാറുകൾ ബ്രിട്ടീഷ് വിപണി കൈക്കലാക്കുന്നത് സഹിയ്ക്കാനാവാത്തതായിരുന്നു. പ്രത്യേകിച്ചും ഇറ്റലിയും ജർമ്മനിയുമായി യുദ്ധം കഴിഞ്ഞു നിൽക്കുന്ന സമയം. ജർമ്മൻ ഫോക്സ്‌വാഗണും ഇറ്റാലിയൻ ഫിയറ്റും ബ്രിട്ടണിൽ പച്ച പിടിയ്ക്കുന്നത് പുള്ളിയ്ക്ക് സഹിച്ചില്ല.

ബ്രിട്ടനു വേണ്ടുന്ന ഒരു ചെറുകാർ സ്വന്തമായുണ്ടാക്കണം എന്ന് ഉറച്ച് പുള്ളി ഡിസൈനിങ്ങ് ടീമിനെ ചൂടാക്കി. ‘പത്തടിയിൽ കൂടുതൽ നീളമില്ലാത്ത ഒരു കാർ എനിയ്ക്ക് വേണം’ സർ ലെനാഡ് പറഞ്ഞു. ആൾക്കാർക്ക് ഇരിയ്ക്കാൻ അതിൽ ആറടിയെങ്കിലും ഇടവും ഉണ്ടായിരിയ്ക്കണം എന്നായിരുന്നു ആവശ്യം. അതായത് എഞ്ചിനിരിയ്ക്കാൻ ബാക്കി സ്ഥലമേ ഉള്ളൂ എന്നർത്ഥം.

അലക് ഇസിഗോണിസ് എന്ന ഡിസൈനർ ചെറുവാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു. ബ്രിട്ടീഷ് മോട്ടോർ കോർപ്പറേഷന്റെ തന്നെ ഒരു 848സീസീ എഞ്ചിൻ എടുത്ത് അലക് പുതിയ കാർ ഡിസൈൻ തുടങ്ങി. സ്ഥലം ലാഭിയ്ക്കാൻ പുതിയ വഴികൾ നോക്കി. എഞ്ചിൻ സാധാരണ കാറുകളിലെപ്പോലെ നെടുകേ വയ്ക്കുന്നതിനു പകരം കുറുകേ (transverse) വച്ചു. മുൻ ചക്രങ്ങളിൽ എഞ്ചിന്റെ ശക്തി കൊടുത്തു (front-wheel-drive). എഞ്ചിനു വളരെയടുത്ത് ഞെരുങ്ങിയിയ്ക്കുന്ന വിധം ഒരു ട്രാൻസ്മിഷൻ സിസ്റ്റം ഡിസൈൻ ചെയ്തു. ഒരു പുതിയതരം സസ്പെൻഷൻ സിസ്റ്റവും അലക് ഈ കാറിൽ ചേർത്തു. ലോഹ സ്പ്രിങ്ങുകൾക്ക് പകരം റബർ കോണുകൾ ഉപയോഗിച്ചായിരുന്നു സസ്പെൻഷൻ.

പുറമേ നിന്നു നോക്കിയപ്പോൾ ആദ്യമൊക്കെ ഈ വണ്ടി ഓടുമോ എന്ന് പോലും സംശയം തോന്നിയിരുന്നു. പക്ഷേ ഓടിച്ചു തുടങ്ങിയപ്പോൾ, അകത്തു കയറിയപ്പോൾ ആൾക്കാർക്ക് വിശ്വസിയ്ക്കാനായില്ല. അകത്ത് നല്ല ഇടമുണ്ട്. വളരെ സൗകര്യപ്രദമായി ഓടിയ്ക്കാം. അത്യാവശ്യം ഒരു ചെറുകുടുംബത്തിന്റെ ആവശ്യത്തിനു ഈ കാർ മതി. ആവശ്യത്തിനു പെട്ടിസാമാനങ്ങൾക്കായും സ്ഥലമുണ്ട്.

വേറേ ഒരു കാറും ബ്രിട്ടൻ ഇത്രയും ആവേശത്തോടേ സ്വീകരിച്ചിട്ടുണ്ടാവില്ല. 1960കളിൽ ബ്രിട്ടീഷ് സംസ്കാരത്തിന്റെ ഭാഗമായി, ബ്രിട്ടീഷ് സ്ഥലക്കാഴ്ചയുടെ അവിഭാജ്യഘടകമായി മിനി മാറി. ബീറ്റിൽസ് മുതൽ രാഷ്ട്രീയക്കാർ വരെ മിനി കാറിനെ ഒരു കൾട്ട് ഐക്കണായി കൊണ്ടുനടക്കാൻ തുടങ്ങി.
കാർ റെയ്സിങ്ങിലെ താരമായിരുന്ന ജോൺ കൂപ്പറും അദ്ദേഹത്തിന്റെ കൂപ്പർ കമ്പനിയുമായി ചേർന്ന് ബ്രിട്ടീഷ് മോട്ടോർ കോർപ്പറേഷൻ പുതിയൊരു കാറുമിറക്കി 1961ൽ. മിനി കൂപ്പർ. സാധാരണ മിനിയിലേക്കാൾ ശക്തിയുള്ള എഞ്ചിനും ബ്രേക്കുകളുമായി കാറോട്ടമത്സരത്തിൽ മിനി കൂപ്പർ കൂടി തിളങ്ങിയതോടേ സാധാരണ മിനിയ്ക്ക് വേറേ പരസ്യം ആവശ്യമില്ലെന്നായി.

‘ഇറ്റാലിയൻ ജോബ്’ എന്ന സിനിമയിൽ നായികാനായകന്മാരേക്കാൾ മിനി കൂപ്പർ കാണികളെ ആവേശം കൊള്ളിച്ചു. അന്ന് വെറും നാനൂറു പൗണ്ട് (നാൽപ്പതിനായിരം രൂപയോളം) മാത്രം വിലയുണ്ടായിരുന്ന മിനി ഇടത്തട്ടുകാരും സാധാരണക്കാരുമായ ദിനേന ജോലിയ്ക്ക് പോകുന്നവരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ഇഷ്ടവാഹനമായി.

നേഴ്സുമാരുടേയും ടീച്ചർമാരുടേയും ക്ളർക്കുമാരുടെയുമൊക്കെ വാഹനം. ജോലിയ്ക്ക് പോകാൻ തിരക്കിനിടയിൽപ്പെടാതെ, പാർക്ക് ചെയ്യാൻ എളുപ്പത്തിനുള്ള വാഹനം. . അതോടെ ഒരു മസിൽ കാർ എന്ന നിലയിൽ നിന്ന് ലേഡീസ് കാർ എന്നൊരു പ്രതിശ്ചായയിലേയ്ക്ക് മിനി പതിയെ ചുവടുമാറ്റി. രൂപകൽപ്പന പോലും അതിനു തക്ക രീതിയിലാക്കി.

ബ്രിട്ടീഷ് മോട്ടോർ കോർപ്പറേഷൻ പതിയെ ലെയ്‌ലൻഡ് ലിമിറ്റഡുമായി ചേർന്നു ബ്രിട്ടീഷ് ലെയ്‌ലൻട് ആയി മാറി. പല കൈ മാറിമറിഞ്ഞ് മിനി അവസാനം ജർമൻ കമ്പനിയായ ബീ എം ഡബ്ള്യുവിൽ എത്തിച്ചേർന്നു. സാധാരണക്കാരന്റേയും ജോലിയ്ക്ക് പോകുന്ന സ്ത്രീകളുടേയും ഒക്കെ വണ്ടിയായിരുന്ന മിനി, ബീഎംഡബ്ള്യു എന്ന കമ്പനി വാങ്ങി. പണക്കാരന്റേയും രാജാക്കന്മാരുടേയും മുതൽ പ്രധാനമന്ത്രിയുടേയും രാജ്ഞിയുടേയും വരെ ഔദ്യോഗികവാഹനമായ ജാഗ്വാർ റേഞ്ച് റൊവർ ഒക്കെ ഉണ്ടാക്കുന്ന ജാഗ്വാർ ലാൻഡ് റോവർ കമ്പനി നമ്മടെ ടാറ്റയും വാങ്ങി.

തമാശയാണ്. ജർമ്മൻ ഇറ്റാലിയൻ കാറുകൾ നിരത്തിൽ കാണുന്നത് ഇഷ്ടമല്ലാഞ്ഞ് ഉണ്ടാക്കിയ വാഹനം അവസാനം ഒരു ജർമ്മൻ കമ്പനിയ്ക്ക് തന്നെ കിട്ടി.
എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ മിനി എന്നത് നമ്മുടെ മാരുതി 800 പോലെ കണ്ടുമടുത്ത കാറായി മാറിയിരുന്നു. മിസ്റ്റർ ബീനിൽ റോവൻ ആറ്റ്കിൻസൺ കാട്ടുന്നത് പഴകിത്തേഞ്ഞ ഒരു ശരാശരി ബ്രിട്ടീഷ് ജീവിതത്തെയാണ്. എന്തും ഉപ്പിലിട്ടുവയ്ക്കുന്ന മാറ്റമില്ലാത്ത ഒരു രീതിയെയാണ് റോവൻ ആറ്റ്കിൻസൺ പരിഹസിയ്ക്കുന്നത്.

അതുകൊണ്ടുതന്നെ ആ കാട്ടുന്ന ബ്രിട്ടനെ അറിഞ്ഞാൽ ആ തമാശകൾ ഇപ്പോൾ ചിരിയ്ക്കുന്നതിന്റെ ഇരട്ടി ചിരിയ്ക്കാൻ കഴിയുന്നവയാകും. ഒരു വലിയ കുഷൻ കസേരയെടുത്ത് മിനിയുടെ മുകളിൽ കെട്ടിവച്ച് അതിനു മുകളിലിരുന്ന് വണ്ടിയോടിച്ച് യാത്രചെയ്യുന്ന മിസ്റ്റർ ബീൻ ഒരു ഐക്കണായി മാറുന്നത് അവിടെയാണ്.
മിനി കൂപ്പർ ഒരു ആഡംബര വാഹനമേയല്ല. അത് ബ്രിട്ടണിലെ സാധാരണക്കാരന്റെ വാഹനമായിരുന്നു. പഴയകാല പ്രതാപത്തിന്റെ ഡിസൈൻ ഓർമ്മകൾ, അതായത് നൊസ്റ്റാൾജിയ ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് ആൾക്കാർ മിനി വാങ്ങുന്നത്.. വർഷത്തിൽ കുറച്ചുദിവസം മാത്രം നേരാം വണ്ണം ലഭിയ്ക്കുന്ന സൂര്യന്റെ വെളിച്ചം ഒട്ടും മറയാതെ കിട്ടാൻ ഒരൽപ്പം പണം കൂടി കൊടുത്ത് ആവശ്യത്തിനു എടുത്ത് മാറ്റാവുന്ന മൂടിയും കൂടി ഘടിപ്പിച്ചാൽ കാറു കൺവർട്ടബിളായി.

മഴയല്ലെങ്കിൽ ചൂടും പൊടിയുമുള്ള കേരളത്തിൽ കൺവർട്ടബിൾ വാങ്ങി ഒരിയ്ക്കലും തുറക്കാതെ ഏസിയുമിട്ട് പോകലാണ് പണക്കാരന്റെ ഹോബികൾ.
മിനി തന്നെയാണ് മിനികൂപ്പർ. ബീഎംഡബ്ള്യു ആ കമ്പനി വാങ്ങിയെന്നേ ഉള്ളൂ. യൂറോപ്പിൽ വലിയ വിലയൊന്നുമില്ല. പത്തിരുപത് ലക്ഷം രൂപയേ വരുള്ളൂ ഏറ്റവും വിലയുള്ള മോഡലിനൊക്കെ. ഒരു യൂറോപ്യൻ രാജ്യങ്ങളിലും മിനികൂപ്പർ ഒരു ആഡംബര വാഹനമല്ല.

എന്നാൽ….
പക്ഷേ ഭാരതത്തിൽ മിനി കൂപ്പർ ആഡംബര വാഹനമാണ്.
അഞ്ചുലക്ഷം രൂപയ്ക്ക് സാമാന്യം തെറ്റില്ലാത്ത ഒരു പഴയ കാറോ പത്ത് ലക്ഷം പരമാവധിയ്ക്ക് നല്ലൊരു പുതിയ കാറോ ലഭിയ്ക്കുന്ന കേരളത്തിൽ ഈ മിനി എത്തുമ്പോൾ അഹങ്കാരത്തിന്റേയും ചെലവാളിത്തരത്തിന്റേയും രൂഭാ അമ്പത് ലക്ഷം എണ്ണിക്കൊടുക്കണം.

ടാക്സും കിടുപിടിയുമെല്ലാം ചേർത്ത്. പക്ഷേ ഇവിടെ ആ വിലയ്ക്ക് വാങ്ങുന്നത് ഏതോ നാട്ടിലെ നമുക്ക് മനസ്സിലാവാത്ത ഒരു പഴയതിന്റെ നൊസ്റ്റാൾജിയ മാത്രമാണ്. നമ്മുക്കറിയാവുന്നതോ അനുഭവിച്ചതോ ആയ ഒരു ഗൃഹാതുരത്വവും അതിലില്ലാ താനും.

അമ്പത് ലക്ഷമുണ്ടേൽ അഞ്ച് സാധാരണ കാറു വാങ്ങാം. ഈ വിലകൊടുത്ത് ഒരു വലിപ്പമോ ശക്തിയോ സൗകര്യമോ സുരക്ഷിതത്വമോ ഉള്ള കാർ വാങ്ങിയാൽ ഒരു ബെൻസോ ബീഎംഡബ്ള്യുവോ പോലെയുള്ള ഒരു കാർ വാങ്ങിയാൽ അത് വാങ്ങി എന്നെങ്കിലും ഉണ്ട്. ഉപയോഗിയ്ക്കാം . അതിനൊരു സുഖവുമുണ്ടാകും.
എന്തുകൊണ്ടാണ് നമ്മൾ എന്നിട്ടും സായിപ്പന്മാരിലെ ഇടത്തരക്കാരോ പാവങ്ങളോ ഉപയോഗിയ്ക്കുന്ന, അല്ലെങ്കിൽ ഉപയോഗിച്ചിരുന്ന ഈ കാർ ‘ആഡംബര കാർ’ എന്ന ലേബലിൽ ഇരട്ടിയിലധികം വിലയും അതിലിരട്ടി ടാക്സും കൊടുത്ത് വാങ്ങി ഉപയോഗിയ്ക്കുന്നത്?

സായിപ്പിന്റെ എച്ചിലുപോലും നമ്മക്ക് അമൃതാണ് എന്നത് തന്നെ കാരണം. വിലകൂട്ടി എന്ത് സാധനം വിറ്റാലും അത് വാങ്ങിയ്ക്കാൻ കണ്ടൈനറിൽ നിന്ന് പണം കള്ളക്കമ്മട്ടത്തിലടിച്ചത് കിട്ടുന്ന ഒരുപാട് പേരുണ്ട്. ആ എച്ചിൽ രഥങ്ങളിലേറി നഗരപ്രദക്ഷിണം നടത്താൻ ഒരുപാട് കോടിയേരിമാരുമുണ്ട്.
സായിപ്പിന്റെ അത്തരമൊരു എച്ചിലാണ് മാർക്സിസം കമ്യൂണിസവും. ഇതേ ഇംഗ്ളണ്ടിൽ ഒരു നൂറുകൊല്ലം കൂടി പിറകേ ഉണ്ടായത്. യാതൊരു വിലയുമില്ലാത്ത, ഉത്പാദനം പോലെ  നിന്നുപോയ ആ പഴയ ചരക്ക് പഴയ കുപ്പിയിൽത്തന്നെയടച്ച് കേരളത്തിൽ വിൽപ്പന നടത്തുന്നു.

എന്ത് ചീഞ്ഞതായാലും പഴയതായാലും കണ്ടൈനറുകളിൽ കാശു വാരുന്നവർക്ക് അതിലൊന്നിനെ വാങ്ങിച്ച് തങ്ങൾക്ക് ഷോ കാട്ടാനായി എഴുന്നള്ളിച്ചു കൊണ്ടുനടക്കാൻ ഒരു മടിയുമില്ല താനും.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close