Columns

അഖില കേസിലെ വിധി

ജാമിദ ടീച്ചർ


ആദ്യമേ പറയട്ടെ ഇൗ രാജ്യത്തെ നിയമ വ്യവസ്ഥയെ അതില്‍ പോരായ്മകളോടുകൂടി തന്നെ , തിരുത്താനുള്ള വഴിയുള്ളതിനാല്‍ സര്‍വ്വാത്മനാ അംഗീകരിക്കുന്ന ഒരു പൗരയാണ് ഞാൻ.

ജനാധിപത്യത്തേയും പരിഷ്കരണ ക്ഷമതയുള്ള നീതിന്യായ വ്യവസ്ഥയേയും പിന്തുണക്കുകയെന്നത് എന്‍റെ പൗരത്വത്തിനുള്ള മാനദണ്ഡമാണ്. കോടതിയിൽ എത്തിയ വ്യക്തി സമർപ്പിച്ചതും പറഞ്ഞതും ബോധ്യപ്പെടുത്തിയതുമായ രേഖകളിൽ വ്യക്തത കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേരള ഹൈക്കോടതി അഖിലയുടെ ഭര്‍ത്താവല്ല എന്ന് വിധിച്ച ഷെഫിൻ ജഹാൻ , താൻ ഹാദിയയുടെ ഭര്‍ത്താവ് തന്നെയാണെന്ന് സ്ഥാപിച്ചു കിട്ടുന്നതിനായാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പലരും വിളിച്ചുകൂവും പോലെ വെറുമൊരു മതംമാറ്റക്കല്ല്യാണമോ, ഒരു അഖിലയും ഹാദിയയും തമ്മിലുള്ള വടംവലിയോ അല്ല ഇത്. അത്യപൂര്‍വ്വ മാനങ്ങളുള്ള ഒരു കേസ് ആണെന്ന ഹൈക്കോടതി നിരീക്ഷണത്തെ കുറേക്കൂടി വ്യക്തമായി പറഞു സുപ്രീം കോടതിയും.പഠിക്കാനായി വീട്ടില്‍ നിന്നിറങ്ങിയ അഖില പഠിച്ചു ജോലിയിലാകലാണ് സ്വാതന്ത്യത്തിലേക്കുള്ള വഴി എന്ന് നീതിപീഠം പറയുകയും അതിനുള്ള വഴിതുറന്നിടുകയും ചെയ്തിരിക്കുന്നു.മാനസിക നിലയറിയാനുള്ള നടപടികൾ ഉണ്ടാകും.

ഭര്‍ത്താവാകാന്‍ ശ്രമിക്കുന്നയാള്‍ തീവ്രവാദ സ്വഭാവമുള്ള ക്രിമിനൽ ആണെന്ന് പോലീസും ദേശീയ അന്വേഷണ ഏജന്‍സിയും കോടതിയെ ധരിപ്പിച്ച നിലക്ക് അന്വേഷണ ഏജന്‍സികള്‍ അയാളുടെ മേലെടുത്ത നടപടികൾ കോടതിയെ ബോധ്യപ്പടുത്തേണ്ടി വരും. ഭര്‍ത്താവ് എന്ന് വാദിക്കുന്ന ആൾ ഹാദിയയുടെ ഗാര്‍ഡിയനല്ലെന്നും കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി ഹാദിയയെ മാതാപിതാക്കൾക്ക് ഒപ്പമയച്ചതിന്‍റെ ഭാഗമായി ചില മത തീവ്രവാദികൾ കോടതി വളയുകയും ജഡ്ജിനെ പോലും അധിക്ഷേപിക്കുകയും, അദ്ദേഹം മതം മാറിയ വ്യക്തിയാണെന്ന് തെറ്റിദ്ധരിക്കുകയും അഖിലക്ക് വല്ലതും സംഭവിച്ചാല്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നുമൊക്കെ പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ശക്തമായ പോലീസ് കാവലേര്‍പ്പെടുത്തിയത്. വികാരജീവികളെ അഖില തടവറയില്‍ കഴിയുന്നു എന്ന് വിശ്വസിപ്പിക്കാന്‍ തെരുവിലിറങ്ങിയത് ഒരു തരം നെറികെട്ട രാഷ്ട്രീയ തന്ത്രമായിരുന്നു’ മുസ്ലിങ്ങൾക്ക് വേണ്ടി തങ്ങൾ നിലകൊള്ളുന്നു എന്ന് വരുത്തി തീർക്കാൻ ആയിരുന്നു.

വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ഇന്ധനമായി ഈ വിഷയത്തെ അവര്‍ വ്യാഖ്യാനിച്ചു.പ്രായപൂര്‍ത്തിയായ പൗരയുടെ താഗൂത്തിന്‍റെ ഭരണഘടനാ അവകാശത്തെ ഹുകൂമത്തെ ഇലാഹിക്കും ശരീഅത്തിനും യോജിക്കാത്തതായിട്ടും അവര്‍ ഉയര്‍ത്തിപ്പിടിച്ച് വാദിക്കുന്നു.പഠനത്തിനായി വീട്ടില്‍ നിന്നിറങ്ങിയ മകളോ സഹോദരി യോ ഇതര സംസ്കൃതിയിലേക്ക് ആകൃഷ്ടരായി വിവാഹിതരായാല്‍ അവർ വിവിധ രാജ്യങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങളിലെ ലൈംഗിക അടിമകളാക്കപ്പെടുമെന്ന ആശങ്കയുണ്ടായാലും ഇതുപോലെ മാതാപിതാക്കളെ ധിക്കരിച്ചും വഞ്ചിച്ചും സ്വന്തം സ്വര്‍ഗം പണിയാനിറങ്ങുന്നവര്‍ക്ക് വേണ്ടി ഇതേപോലെ വാദിക്കുമോ എന്ന ചോദ്യത്തിന് മുന്നില്‍ പലരും നിശബ്ദരാവുകയാണുണ്ടായത്.

ആരാന്‍റമ്മക്ക് ഭ്രാന്തായാല്‍ കാണാൻ നല്ല ചേല് എന്നതാണിവരുടെ നയം.

അഖിലയെ കോടതി പഠനം നടത്താനയക്കുന്നു. വിവാഹം അതിലെ നിയമ പ്രശ്നങ്ങള്‍ ഇതെല്ലാം കോടതി സസൂക്ഷ്മം പഠിച്ച് വിധി പറയും.അശോകന്‍റെ ആശങ്കകള്‍ തന്നെയാണ് കോടതിമുഖവിലക്കെടുത്തത്.ഹൈക്കോടതി നിരീക്ഷണങ്ങള്‍ക്കുറം സുപ്രീം കോടതി വിഷയത്തെ സൂക്ഷ്മമായി വിലയിരുത്തിയിട്ടുണ്ട് തീവ്രവാദ മതമൗലിക ശക്തികളും, മതരാഷ്ട്ര വാദക്കാരുമായ അവരുടെ ഇരകളായ വികാരജീവികളും പ്രചരിപ്പിച്ചിരുന്നതു പോലെ ഇത് കേവലം പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുടെ വരനെ തിരഞെടുക്കാനുള്ള മൗലികാവകാവകാശവുമായി മാത്രം ബന്ധപ്പെട്ട കാര്യമായിരുന്നില്ല.

ഇനിയും ഇത്തരം പ്രചരണങ്ങളില്‍ നിന്നും പാഠം ഉൾകൊണ്ടാൽ മതിയായിരുന്നു.

Close
Close