Columns

തീയിൽ പൊള്ളി തീക്കുനി

വരികൾക്കിടയിൽ - എസ് ശ്രീകാന്ത്

സീതയും പര്‍ദ്ദയും തമ്മില്‍ എന്താണ് ബന്ധം? ചോദ്യം കുഴക്കുന്നതാണ്. ശങ്കരാടി ലൈനില്‍ താത്വികമായ ഒരവലോകനത്തിന് പോലും സ്‌കോപ്പില്ല. പക്ഷേ ബന്ധമുണ്ട്. പവിത്രന്‍ തീക്കുനിയെന്ന മതേതര മാര്‍ക്‌സിസ്റ്റ് കവി രാത്രിയുടെ അന്ത്യയാമങ്ങളില്‍ മലയാള സാഹിത്യലോകത്തിന് സംഭാവന ചെയ്ത രണ്ട് അമൂല്യമായ ചെറു കവിതകളാണ് സീതയും പര്‍ദ്ദയും. താന്‍ വലിയ വിപ്ലവ കവിയും പുരോഗമനവാദിയുമാണെന്ന ആത്മരതിയടയലാണ് കവി രണ്ട് വികല സൃഷ്ടികളിലൂടെയും ഉദ്ദേശിച്ചത്. ജീവനുള്ള സീതയെ വരികളിലൂടെ ആഞ്ഞ് വെട്ടി തീക്കുനി മുഖപുസ്തകത്തില്‍ തീപാറിച്ചു. പക്ഷേ പാരതന്ത്ര്യത്തിന്റെ ആ കരിമ്പടം ‘ പര്‍ദ്ദ ‘ പവിത്രനെ വേട്ടയാടുകയാണ്.

സീതയും പര്‍ദ്ദയും രണ്ട് സംസ്‌കാരങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും ആ സംസ്‌കാരങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നും തന്റെ വികല സൃഷ്ടികള്‍ക്ക് ജന്‍മം നല്‍കുമ്പോള്‍ തീക്കുനി ഓര്‍ത്തില്ല. സീതയെ ചാരി രാമനെന്ന വിശ്വാസത്തെ തലങ്ങും വിലങ്ങും അപമാനിച്ചപ്പോള്‍ തീക്കുനി പവിത്രന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലനായി. നിന്റെ അയോദ്ധ്യയെക്കാള്‍ എത്രയോ ഭേദമായിരുന്നു രാവണന്റെ ലങ്കയെന്ന് സീതയെക്കൊണ്ട് ചോദിപ്പിച്ച് അഭിനവ ഫെമിനിസ്റ്റ്, ആട്‌മേയ്ക്കല്‍ സംഘങ്ങളുടെ ആരാധ്യപുരുഷനുമായി പവിത്രന്‍ തീക്കുനി. രാമന്‍ തന്റെ രാജധാനിയിലെ നിരീശ്വരവാദിയായ ചാര്‍വാകനെ എങ്ങനെ അംഗീകരിച്ചുവോ അത് പോലെ ഹിന്ദു സമൂഹം ‘തീപ്പന്തം’ നിലവാരമുള്ള തീക്കുനിയെയും നിശബ്ദമായി സഹിച്ചു.

പക്ഷേ പര്‍ദ്ദ, അതില്‍ത്തൊട്ട തീക്കുനിയ്ക്ക് തേനീച്ചക്കൂട്ടിലാണ് താന്‍ കല്ലെറിഞ്ഞതെന്ന് ശരിക്കും മനസ്സിലായി. പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണെന്നും ഖനികളില്‍ കുടുങ്ങിയ സ്വപ്‌നങ്ങളുടെ പരിച്ഛേദമാണെന്നും, ഞരമ്പുകളില്‍ തളയ്ക്കപ്പെട്ട വികാരങ്ങളുടെ വിസ്‌ഫോടനമാണെന്നും സോമരസത്തിന്റെ ബലത്തില്‍ ഇഷ്ടന്‍ തട്ടിവിട്ടു. എന്നാല്‍ ജീവനുള്ള സീതയെ തൊടുംപോലെയല്ല ജീവനില്ലാത്ത പര്‍ദ്ദയെന്ന് മുഖപുസ്തകത്തിലെ കൊടുങ്ങല്ലൂര്‍ വാഴ്ത്തുപാട്ട് കണ്ട് തീക്കുനി പവിത്രന്‍ ഞെട്ടി. കൈ അറുത്ത് മാറ്റപ്പെട്ട ജോസഫ് മാഷും, ഖത്തറിലെ റേഡിയോ ജോക്കര്‍ ആർ.എ ജപ്പാനും, തസ്ലീമ നസ്‌റീനും സിനിമാ റീല് പോലെ പവിത്രനെ പരവശനാക്കി.

എന്ത് പറ്റി ഇന്നലെ തന്റെ സീതയ്ക്ക് കയ്യടിച്ച ഫെമിനിസ്റ്റ് അമ്മായിമാര്‍ക്ക്, ലൈക്കും സ്മൈലികളും കൊണ്ട് തന്നെ തറയില്‍ വെക്കാതിരുന്ന ആട്ടിടയന്‍മാര്‍ക്ക്. അപ്പൊ ഇവരൊന്നും തന്നെ പോലെ പുരോഗമിച്ചില്ലേ. അതോ അങ്ങനെ അഭിനയിക്കുകയായിരുന്നോ. എവിടെ പോരാളി ഷാജി, എവിടെ അമ്പാടിമുക്ക് സഖാക്കള്‍, എവിടെ ഞങ്ങള്‍ ചുവപ്പിന്റെ കൂട്ടുകാര്‍, പവിത്രന്‍ പര്‍ദ്ദയ്ക്ക് കീഴിലെ കമന്റ് ബോക്‌സില്‍ തലങ്ങും വിലങ്ങും പരതി.

പര്‍ദ്ദയില്‍ മൂടിടിച്ച് വീണ തന്റെ ആവിഷ്‌കാരം വീണ്ടെടുക്കാന്‍ ഇവരൊന്നുമില്ലെന്ന് ഒരു ഞെട്ടലോടെ തീപ്പന്തം തീക്കുനി തിരിച്ചറിഞ്ഞു. പിന്നെ മാപ്പിരക്കല്‍ ഫെയിം റേഡിയോ ജോക്കര്‍ സ്‌റ്റൈലില്‍ പോസ്റ്റും മുക്കി തീക്കുനി പാഞ്ഞത് പഴയ ഭാഗവതം ഇരിക്കുന്ന മുറിയിലേക്കാണ്. നാലാളറിയുന്ന മഹിളാരത്‌നങ്ങള്‍ അതിലുണ്ടെങ്കില്‍ സീതയെ പോലെ വീണ്ടും ഒന്നു കൈവയ്ക്കണം. ജീവിക്കാനുള്ള കൊതി കൊണ്ടാണ്.

എസ് ശ്രീകാന്ത്

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close