Columns

ജിഗ്നേഷ് മേവാനിക്കറിയുമോ ജെ എൻ മണ്ഡലിനെ?

ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലങ്ങൾ ചർച്ചയാകുമ്പോൾ ബിജെപി വിരുദ്ധ മാദ്ധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും ഏറെ ഉയർത്തിക്കാട്ടുന്ന ഒരു പേരാണ് ജിഗ്നേഷ് മേവാനി . ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തിൽ പത്തൊൻപതിനായിരത്തിൽപ്പരം വോട്ടുകൾക്കാണ് മേവാനി വിജയിച്ചത് . മേവാനിയുടെ വിജയത്തെ എന്തോ വലിയ കാര്യമായി അവതരിപ്പിച്ചു കൊണ്ട് മാദ്ധ്യമ വിശകലനങ്ങളും വന്നു തുടങ്ങിയിട്ടുണ്ട് . ഇതിൽ ആവേശം കൊണ്ടാണോയെന്നറിയില്ല ബിജെപിക്കെതിരെ രാജ്യത്ത് വിശാല സഖ്യം രൂപീകരിക്കുമെന്നും മോദിയെ ഗുജറാത്ത് പാഠം പഠിപ്പിച്ചുവെന്നുമൊക്കെയുള്ള വാചാടോപങ്ങളുമായി മേവാനി നേരിട്ട് തന്നെ രംഗത്തെത്തിയിട്ടുണ്ട്

വട്ഗാം മണ്ഡലത്തിലെ മുൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിക്കുമ്പോൾ മേവാനി നേടിയത് തിളക്കമില്ലാത്ത വിജയമാണെന്ന് ആർക്കും മനസ്സിലാകും . കോൺഗ്രസിന്റെ ഉറച്ചമണ്ഡലമായ വട്ഗാം 2002 ലെ ബിജെപി തരംഗത്തിൽ പോലും കോൺഗ്രസിനൊപ്പം നിന്നിരുന്നു . 2007 ൽ ചുവടു മാറിയെങ്കിലും 2012 ൽ ഇരുപത്തൊന്നായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ മണ്ഡലം തെരഞ്ഞെടുത്തത് .

ആ ഇരുപത്തൊന്നായിരത്തിന്റെ ഭൂരിപക്ഷമാണ് ദളിതരുടെ മിശിഹയെന്ന് അവകാശപ്പെടുന്ന ജിഗ്നേഷ് മേവാനി പത്തൊൻപതിനായിരമാക്കി കുറച്ചത് . വോട്ടുകളുടെ എണ്ണം കൂടിയിട്ടും ഇതാണവസ്ഥയെങ്കിൽ മത്സരിച്ച മണ്ഡലത്തിൽ പോലും ഉണ്ടാക്കാൻ കഴിയാത്ത മാറ്റം രാജ്യമെങ്ങും ഉണ്ടാക്കുമെന്ന് അവകാശപ്പെടുന്നതിൽ എന്തർത്ഥമാണുള്ളത് . നരേന്ദ്രമോദിക്കെതിരെ എല്ലാ ആയുധവുമെടുത്തു പോരാടിയെങ്കിലും തോറ്റു പോയതിൽ നിരാശരായവരുടെ ആശ്വാസ നിശ്വാസങ്ങൾ മാത്രമാണീ വക വിശകലനങ്ങളെന്ന് ആർക്കും മനസ്സിലാകും.

തിരഞ്ഞെടുപ്പ് ചരിത്രവും വിജയത്തിന്റെ തിളക്കവുമൊക്കെ മാറ്റി വച്ച് ചിന്തിക്കുമ്പോൾ അതിനേക്കാൾ പ്രാധാന്യമുള്ള മറ്റ് ചില കാര്യങ്ങൾ പറയാതെ വയ്യ . ദളിത് രാഷ്ട്രീയത്തിന്റെ നിർഭാഗ്യമെന്ന് പറയട്ടെ ഇസ്ളാമിക മത മൗലികവാദികൾ ഓരം ചേർന്ന് ഇക്കുറിയും ഇറങ്ങിയിട്ടുണ്ട് . സ്വാതന്ത്ര്യ പൂർവകാലത്ത് തന്നെ ദളിത്- ഇസ്ളാം രാഷ്ട്രീയം മതമൗലിക വാദികൾ മുന്നോട്ടു വച്ചിരുന്നു . യഥാർത്ഥത്തിൽ ദളിതരുടെ സാമൂഹികമായ അവസ്ഥകൾ മാറ്റണമെന്നതായിരുന്നില്ല അന്നും ഇസ്ളാമിസ്റ്റുകളുടെ ലക്ഷ്യം .

ഭൂരിപക്ഷത്തെ എങ്ങനെയും വിഘടിപ്പിക്കുക എന്നതും ഇസ്ളാമിക രാജ്യം സ്ഥാപിക്കുവാൻ അതെങ്ങനെ ഉപയോഗപ്പെടുത്തും എന്നുള്ളതുമായിരുന്നു പ്രധാന ചർച്ചാ വിഷയം . ഹിന്ദു ഭൂരിപക്ഷമായിരുന്നാൽ ഇന്ത്യ ഒരിക്കലും ഇസ്ളാമിക ഭരണത്തിൻ കീഴിലാവില്ല എന്ന ചിന്തയായിരുന്നു ഇതിന് കാരണം. ഈ രാഷ്ട്രീയത്തെപ്പറ്റി അംബേദ്കർ വ്യക്തമായി പറയുകയും ചെയ്തിരുന്നു . ജാതിവിവേചനവും ദളിത് അടിച്ചമർത്തലുകളും ഒരു വളമായി ഉപയോഗിക്കാനായിരുന്നു ശ്രമം .അതേ രാഷ്ട്രീയം തന്നെയാണ് ജിഗ്നേഷിനൊപ്പം ചേർന്ന് കൊണ്ട് പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള മതതീവ്രവാദ സംഘങ്ങൾ കളിക്കാനൊരുങ്ങുന്നതും .

കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ നല്ലൊരു ശതമാനത്തെയും സംഭാവന ചെയ്ത പോപ്പുലർ ഫ്രണ്ട് എന്ന സംഘടന എന്ത് സംഭാവനയാണ് ദളിത് രാഷ്ട്രീയത്തിന് നൽകാൻ പോകുന്നതെന്ന് മെവാനി ഒന്ന് ചിന്തിക്കുന്നത് നല്ലതാണ് . പോപ്പുലർ ഫ്രണ്ട് മാത്രമല്ല ദളിത് – മുസ്ളിം ഐക്യം ചിന്തിക്കുന്ന എല്ലാ ഇസ്ളാമിസ്റ്റ് സംഘടനകളും ആത്യന്തികമായി ലക്ഷ്യമിടുന്നത് ഇന്ത്യയിൽ ഇസ്ളാമിക ഭരണം സാദ്ധ്യമാക്കുക എന്നതാണ് . അതിന് ഒരു ടൂളായി ദളിത് ഇസ്ളാം ഐക്യത്തെ ഉപയോഗിക്കുന്നുവെന്ന് മാത്രം

ജിഗ്നേഷ് മേവാനിക്ക് പഠിക്കാൻ ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഒരു പേരുണ്ട് . ജോഗെന്ദ്ര നാഥ് മണ്ഡൽ അഥവാ ജെ എൻ മണ്ഡൽ.

1904 ൽ അവിഭക്ത ബംഗാളിലെ ബാരിസാളിലായിരുന്നു ജെ എൻ മണ്ഡലിന്റെ ജനനം .1932 ൽ ബിഎയും 34 ൽ നിയമ ബിരുദവും നേടിയ മണ്ഡൽ 1937 ൽ ബഗാർഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭ സാമാജികനുമായി. ഓൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ അംബേദ്കർക്കൊപ്പം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച മണ്ഡൽ സുഹ്രവർദി മന്ത്രിസഭയിൽ അംഗമായി .

വിഭജനത്തിനു ശേഷം മുസ്ളിം ലീഗിന്റെ ക്ഷണമനുസരിച്ച് പാകിസ്ഥാനിൽ പോയ മണ്ഡൽ അവിടുത്തെ നിയമ മന്ത്രിയായി . എന്നാൽ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നും ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള നിയമ പരിരക്ഷകൾ സർക്കാർ തയ്യാറാക്കാതിരുന്നതിനാലും 1950 ഒക്ടോബർ എട്ടിന് രാജിവച്ച് ഇന്ത്യയിലേക്ക് മടങ്ങി .

ജെ എൻ മണ്ഡലിന്റെ പാകിസ്ഥാൻ ചരിത്രം ഇതിലും വലുതായൊന്നും ഒരു ദളിത് സംഘടനകളും പറഞ്ഞു കണ്ടിട്ടില്ല . ദളിത് പ്രേമ ജിഹാദിനായി കോപ്പു കൂട്ടുന്ന മതമൗലിക വാദ സംഘങ്ങളും സൗകര്യം പോലെ മണ്ഡലിനെ വിസ്മരിക്കും . കാരണം ഇസ്ളാ‍ാമിസ്റ്റുകളുടെ ദളിത് സ്നേഹം യഥാർത്ഥത്തിൽ എന്താണെന്ന് തന്റെ രാജിക്കത്തിൽ ജെ എൻ മണ്ഡൽ വ്യക്തമായി വിവരിച്ചിട്ടുണ്ട് .

ബംഗാൾ ആക്ഷൻ ഡേയുടെ ഭാഗമായി നടന്ന ഹിന്ദു കൂട്ടക്കൊലകളും നവഖലിയിൽ നടന്ന ക്രൂരമായ ഹിന്ദുവിരുദ്ധ പ്രവർത്തനങ്ങളും ബലാത്സംഗവുമെല്ലാം മണ്ഡൽ തന്റെ രാജിക്കത്തിൽ അക്കമിട്ട് വിവരിച്ചിട്ടുണ്ട് . പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷത്തിന്റെ, ദളിതരുടെ പ്രതിനിധിയായി , അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി പാകിസ്ഥാനിലെത്തിയ താൻ നേരിട്ട ദുരനുഭവങ്ങൾ അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കിഴക്കൻ പാകിസ്ഥാനിൽ പൊലീസും മതമൗലിക വാദ സംഘങ്ങളും ദളിത് സമുദായത്തെ ഇല്ലാതാക്കിയ ചരിത്രം അദ്ദേഹം വേദനയോടെ പറഞ്ഞിട്ടുണ്ട് .കൊൽക്കത്തയിലെ ഗോപാൽ ഗഞ്ചിൽ ദളിത് വിഭാഗങ്ങൾ പ്രതികാരം ചെയ്യാൻ തയ്യാറെടുത്തപ്പോൾ താൻ പോയി അവരെ സമാധാനിപ്പിച്ചത് അദ്ദേഹം കുറ്റബോധത്തോടെയെന്ന വണ്ണമാണ് വിവരിക്കുന്നത് .

നിർബന്ധിത മതപരിവർത്തനം , പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പട്ടാളക്കാർക്ക് കാഴ്ചവയ്ക്കൽ , ക്രൂരമായ കൊലപാതകങ്ങൾ കൊള്ളിവെക്കലുകൾ , കൊള്ളയടിക്കൽ എല്ലാം 36 പോയിന്റുകൾ അടങ്ങിയ രാജിക്കത്തിൽ അദ്ദേഹം വിവരിക്കുന്നു . ക്ഷേത്രങ്ങളെ നശിപ്പിച്ച് അറവുശാലകളാക്കിയ സംഭവങ്ങൾ പോലും ഉണ്ടായതായി അദ്ദേഹം പ്രധാനമന്ത്രി ലിയാഖത്ത് അലിഖാനെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു .

“എന്റെ ഒമ്പത് ദിവസത്തെ ഡാക്ക വാസത്തില്‍ ഞാന്‍ കലാപ ബാധിതമായ ഒട്ടു മുക്കാല്‍ പ്രദേശങ്ങളും സന്ദര്‍ശിച്ചു പട്ടണവും ഗ്രാമങ്ങളും ഉള്‍പ്പടെ മിര്‍പൂര്‍ തെജ്ഗാവ്. ഡാക്കക്കും നാരായണ്‍ ഗന്ജിനും ഇടക്കും, ഡാക്കക്കും ചിറ്റഗോങ്ങിനും ഇടക്കുള്ള ട്രെയിനുകളില്‍ നൂറു കണക്കിന് നിഷ്കളങ്കര്‍ ആയ ഹിന്ദുക്കളെ കൊലപ്പെടുത്തിയ വാര്‍ത്ത എന്നെ ഞെട്ടിച്ചു. കലാപത്തിന്റെ രണ്ടാം ദിനം ഞാന്‍ കിഴക്കൻ ബംഗാൾ മുഖ്യമന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ച് കലാപം മറ്റ് നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടരുന്നത് തടയുവാനായി വേണ്ട എല്ലാ മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദേശിച്ചു .

ഫെബ്രുവരി ഇരുപതിന് (1950) ഹിന്ദുക്കള്‍ കൊല്ലപ്പെട്ട ബരിസാല്‍ ഗ്രാമത്തില്‍ എത്തിയ ഞാന്‍ അവിടത്തെ ദാരുണ സംഭവങ്ങളെ പറ്റി അറിഞ്ഞ് ഞെട്ടി പോയി. എല്ലാ ജില്ലകളിലും പോയി , മുസ്ലിങ്ങള്‍ നടത്തിയ പാതകങ്ങള്‍ കണ്ട ഞാന്‍ സ്തബ്ധനായി. ജില്ലയുടെ നഗര അതിര്‍ത്തിയില്‍ നിന്ന് ആറ് മൈല്‍ മാത്രം ദൂരെ ഉള്ള വാഹന സൗകര്യം ഉള്ള കാസിപുര്‍ മധാബ് പാഷ ലക്കൂട്ടിയ എന്ന സ്ഥലങ്ങളില്‍ വരെ. മധാബ് പാശയിലെ ജമീന്ദാരിന്റെ വീട്ടില്‍ മാത്രം ഇരുനൂറിലധികം ആളുകള്‍ കൊല്ലപ്പെടുകയും നാല്പതോളം പേര്‍ക്ക് മുറിവേറ്റു. മുലാടി എന്ന അറിയപ്പെടുന്ന സ്ഥലം നരക തുല്യമായിരുന്നു . നാട്ടുകാരായ മുസ്ലീങ്ങളും ചില ഉദ്യോഗസ്ഥരും പറഞ്ഞതനുസരിച്ച് മുലാദി ബന്ധറില്‍ മാത്രം മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടു.

മുലാദി ഗ്രാമത്തില്‍ പോയ ഞാന്‍ കണ്ടത് അസ്ഥികൂടങ്ങളും നദീ തീരത്ത് പട്ടികളും കഴുകന്മാരും തിന്നു കൊണ്ടിരിക്കുന്ന ശവശരീരങ്ങളും ആയിരുന്നു. പ്രായപൂര്‍ത്തി ആയ ആണുങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവതികളെ അക്രമികള്‍ അവരുടെ തലവര്‍ക്കും വിതരണം ചെയ്യുകയും വിഭജിച്ചെടുക്കുകയുമായിരുന്നു. പീ.എസ് രാജ്പൂരിന്റെ അതിര്‍ത്തിയില്‍ പെടുന്ന കൈബര്തഖലി എന്ന സ്ഥലത്ത് അറുപത്തി മൂന്ന് പേര്‍ കൊല്ലപെട്ടു, പോലീസ് സ്റെഷനില്‍ നിന്ന് ഒരു കൈപ്പാട് മാത്രം ദൂരെ ഉള്ള ഹിന്ദു വീടുകള്‍ കൊള്ള അടിച്ചതിനു ശേഷം ചുട്ടെരിച്ചു വീട്ടുകാരെ ജീവനോടെ കത്തിച്ചു.

ബാബുഗന്ജ് ബസാറിലെ എല്ലാ ഹിന്ദുക്കളുടെ കടകള്‍ കൊള്ള അടിച്ചതിനു ശേഷം കത്തിക്കുകയും ഹിന്ദുക്കളെ കൊല്ലുകയും ചെയ്തു.വിശദ വിവരങ്ങള്‍ ലഭ്യമായപ്പോള്‍ അറിയുവാന്‍ കഴിഞ്ഞത് ബരിസാല്‍ ജില്ലയില്‍ മാത്രം 2500 പേര്‍ കൊല്ലപ്പെട്ടു എന്നാണ്. ഡാക്ക യിലും കിഴക്കന്‍ ബംഗാളിലുമായി പതിനായിരം പേര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ ബന്ധുജനങ്ങളെ നഷ്ടപ്പെട്ട സ്ത്രീകളെയും കുട്ടികളെയും ഓര്‍ത്ത് ഞാന്‍ ദുഖാര്‍ത്തനാണ് എന്റെ ഹൃദയം തകരുന്നു, പാകിസ്ഥാനില്‍ ഇസ്ലാമിന്റെ പേരില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഞാന്‍ സ്വയം ചോദിച്ച് പോകുന്നു “ ജെ എൻ മണ്ഡൽ – രാജിക്കത്തിൽ

 

ഇതാണ് ഇസ്ളാമിസ്റ്റുകളുടെ ദളിത് സ്നേഹത്തിൽ വിശ്വസിച്ച് പാകിസ്ഥാനിലെത്തി അവിടെ നിയമ മന്ത്രിയായ ജോഗേന്ദ്ര നാഥ് മണ്ഡലിന് ലഭിച്ചത് . സ്വാതന്ത്ര്യത്തിനു ശേഷമുള്ള കാലഘട്ടത്തിൽ ദളിതരുൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഹിന്ദുക്കൾക്കാണ് പാകിസ്ഥാൻ വിട്ട് ഓടേണ്ടിവന്നത് .പാകിസ്ഥാനിൽ ഇന്നും ദളിത് വിഭാഗങ്ങൾക്ക് നേരേ വംശഹത്യക്ക് തുല്യമായ ക്രൂരതകളാണ് അരങ്ങേറുന്നതും.

ദളിത് രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കാൻ ജിഗ്നേഷിന് താത്പര്യമുണ്ടെങ്കിൽ കുറഞ്ഞ പക്ഷം ജോഗേന്ദ്രനാഥ് മണ്ഡലെന്ന ഇന്ത്യൻ ദളിത് നേതാവിന്റെ ഈ ചരിത്രം ഒന്നു വായിക്കേണ്ടതാണ് .രാഷ്ട്രത്തിന്റെ ഭരണഘടന അനുവദിച്ചു നൽകുന്ന അവകാശങ്ങൾ ഉപയോഗിച്ച് ദളിത് ജനതയെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും വ്യാവസായികമായും ഉയർത്താൻ അനുകൂലമായ പരിതസ്ഥിതി നിലവിലിരിക്കുമ്പോൾ മതതീവ്രവാദ സംഘങ്ങളോട് സന്ധിചേരണോ എന്ന് ചിന്തിക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കുകയും ചെയ്യും.

ഭൂരിപക്ഷമായിടത്ത് ദളിത് വംശഹത്യയും ന്യൂനപക്ഷമായിടത്ത് ദളിത് പ്രേമവും കാണിക്കുന്നത് എന്തിനെന്ന് മനസ്സിലാകാൻ സാമാന്യ ബോധം മാത്രം മതി . പോപ്പുലർ ഫ്രണ്ടിനെപ്പോലുള്ള മതമൗലിക വാദ സംഘങ്ങളുടെ പിന്തുണ സ്വീകരിക്കുമ്പോൾ ജിഗ്നേഷ് മേവാനിക്ക് ആ സാമാന്യ ബോധം ഉണ്ടാകുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം .

തിരിച്ചുവരുമ്പോൾ കൈ നീട്ടി സ്വീകരിക്കാൻ ജെ എൻ മണ്ഡലിന് ഈ രാജ്യമെങ്കിലുമുണ്ടായിരുന്നു . മതമൗലികവാദികളുടെ അജണ്ടയ്ക്കനുസരിച്ച് മുന്നോട്ടു പോയാൽ ഈ രാജ്യത്തിന്റെ സ്വാഭാവികമായ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. നഷ്ടമുണ്ടാകുന്നത് മേവാനിക്കു മാത്രമാകില്ല . ഇന്ത്യൻ ജനാധിപത്യത്തിനും ഇവിടുത്തെ മതേതര സമൂഹത്തിനുമായിരിക്കും.

മതമൌലിക വാദ സംഘടനകളുടെ ദളിതസ്നേഹത്തിനു അന്നും ഇന്നും ഒരര്‍ത്ഥമേയുള്ളൂ . ഒരു ലക്ഷ്യമേയുള്ളൂ . ജെ എന്‍ മന്‍ഡല്‍ അത് മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു.

ജിഗ്നേഷ് മേവാനി ജെ എൻ മണ്ഡലിനെ പഠിക്കേണ്ടത് അതുകൊണ്ട് കൂടിയാണ് .

വായുജിത്

മാദ്ധ്യമപ്രവർത്തകനാണ് ലേഖകൻ

Facebook

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close