Columns

ടുജി : പൊതുസമൂഹത്തെ കൊഞ്ഞനം കുത്തുമ്പോൾ

വരികൾക്കിടയിൽ : എസ് ശ്രീകാന്ത്

അങ്ങനെ കുളിപ്പിച്ച് കുളിപ്പിച്ച് അവസാനം കുട്ടിയില്ലാതായെന്ന പഴഞ്ചൊല്ല് പോലെയായി 2ജി സ്‌പെക്ട്രം അഴിമതി. ഇന്ദ്രപ്രസ്ഥത്തിലെ അധികാരക്കസേരകളില്‍ അമര്‍ന്നിരുന്ന് ഒരു പറ്റം വരേണ്യ കൊള്ളസംഘം നടത്തിയ തീവെട്ടിക്കൊള്ള അങ്ങനെ കോടതി മുറിയില്‍ മഹത്വവത്കരിക്കപ്പെട്ടു. ദ്രാവിഡ നാടിന്റെ ഹൃദയത്തുടിപ്പ് കലൈഞ്ജര്‍ കരുണാനിധിയുടെ മകള്‍ ഉള്‍പ്പെട്ട കേസില്‍ തെളിവില്ലാത്തതിനാല്‍ എല്ലാവരെയും വെറുതെ വിട്ടു.

അഴിമതി സംഖ്യയിലെ പൂജ്യത്തിന്റെ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയുന്നില്ലല്ലോയെന്ന് സുപ്രീം കോടതി പോലും ആശ്ചര്യപ്പെട്ട കേസില്‍ തെളിവില്ലത്രേ. അഴിമതി നടന്നെന്ന് പരമോന്നത നീതി പീഠം കണ്ടെത്തി ലൈസന്‍സുകള്‍ റദ്ദാക്കിയ കേസില്‍ തെളിവില്ലത്രേ. രാജ്യത്തെ തെരുവുകളില്‍ പ്രതിഷേധാഗ്നി പടര്‍ത്തിയ കേസില്‍ തെളിവില്ലത്രേ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിന് അന്ത്യം കുറിച്ച കേസില്‍ തെളിവില്ലത്രേ. പിന്നെ അഴിമതികളുടെ പെരുന്നാള്‍ നടന്നുവെന്ന് വ്യക്തമാക്കി സിഎജി വിനോദ് റായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ആ ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപ എവിടെ പോയി. ഇന്ത്യന്‍ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും പൊതുസമൂഹത്തെയും ഈ ചോദ്യം പല്ലിളിച്ച് കാണിക്കുകയാണ്.

2ജി സ്‌പെക്ട്രമെന്ന സമാനതകളില്ലാത്ത കൊള്ള പുറംലോകത്തെത്തിച്ച പയനിയറിലെ മാധ്യമപ്രവര്‍ത്തകന്‍ ജെ.ഗോപീകൃഷ്ണന്‍ മുന്‍ മന്ത്രി എ.രാജ, കനിമൊഴി ഉള്‍പ്പെടെ 19 പ്രതികളെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്തു കഴിഞ്ഞു. 2012ല്‍ സുപ്രീംകോടതി കള്ളം കൈയ്യോടെ പിടിച്ചതാണ്. 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയതുമാണ്. പിന്നെങ്ങനെ സിബിഐ കോടതിക്ക് തെളിവില്ലാതായെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. പരമോന്നത നീതിപീഠം അന്ന് നടത്തിയ പരാമര്‍ശങ്ങളും, എ.രാജയുടെയും, കനിമൊഴിയുടെയും ജയില്‍ വാസവുമൊക്കെ പിന്നെ എന്തിനായിരുന്നെന്ന് ഗോപീകൃഷ്ണന് മാത്രമല്ല സംശയം.

രാജ്യം ലോകത്തിന് മുന്നില്‍ നാണിച്ച് തലതാഴ്ത്തിയ കൊള്ളയില്‍ ഒറ്റവരി വിധി പുറപ്പെടുവിച്ച കോടതിയ്ക്കാണോ പിഴച്ചത്, അതോ കേസ് വാദിച്ച പ്രോസിക്യൂഷന് വീഴ്ച പറ്റിയതാണോ, അതുമല്ലെങ്കില്‍ കൂട്ടിലടച്ച തത്തയെന്ന് വിളിപ്പേരുള്ള സിബിഐ ഒത്തുകളിച്ചതോ. എന്ത് തന്നെയായാലും 2ജി വര്‍ഷങ്ങള്‍ക്കിപ്പുറം കുടം തുറന്ന് പുറത്ത് വന്നുകഴിഞ്ഞു. ഇനി ഒഴിയാബാധയായി അത് ഇന്ദ്രപ്രസ്ഥത്തെ കിടിലം കൊള്ളിക്കുമെന്നുറപ്പ്.

പ്രതികളായ ഡിഎംകെ നേതാക്കളെക്കാള്‍ ആവേശത്തോടെയാണ് കോണ്‍ഗ്രസ്സ് വിധിയോട് പ്രതികരിച്ചത്. ആരോപണമുയര്‍ന്ന വേളയില്‍ ഡിഎംകെയുടെ തലയില്‍ മുഴുവന്‍ പാപഭാരവും കെട്ടിവച്ച് കൈകഴുകിയവര്‍ പക്ഷേ വിധി വന്നതോടെ സ്വയം അഗ്നിശുദ്ധി വരുത്തിയതായി പ്രഖ്യാപിച്ചു. മുന്‍ പ്രാധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പി.ചിദംബരം തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

രാഷ്ട്രീയ ഗൂഢാലോചനയെന്ന് പോലും ചിലര്‍ തട്ടി വിട്ടു. ജോലിയിലെ സത്യസന്ധതയ്ക്ക് പേരെടുത്ത ഉദ്യോഗസ്ഥന്‍ വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണമെന്ന് ആജ്ഞാപിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ തറ നിലവാരം ഉയര്‍ത്തിപ്പിടിച്ചു. തലയ്ക്ക് മുകളില്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തൂങ്ങിക്കിടന്ന 2ജി പരിക്കേല്‍പ്പിക്കാതെ കടന്ന് പോയതിന്റെ ദീര്‍ഘനിശ്വാസം ആ വാക്കുകളില്‍ ഉണ്ട്. തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്നും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചയാകുമെന്നും കൂടി പറഞ്ഞ് വയ്ക്കുന്നിടത്ത് മനസ്സിലിരിപ്പ് വ്യക്തം.

മുന്‍ പ്രധാനമന്ത്രിയും, മുന്‍ ആഭ്യന്തര മന്ത്രിയും, കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥരും ആരോപണവിധേയരും പ്രതികളുമായ സ്‌പെക്ട്രം ലേലം 2007-2008 കാലത്താണ് നടക്കുന്നത്. താനുമായി ബന്ധമുള്ള സ്വാന്‍, യുണിടെക് എന്നീ സ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ എ.രാജ വഴിവിട്ട് സഹായം ചെയ്ത് നല്‍കി. മാത്രമല്ല ടെന്‍ഡര്‍ സമര്‍പ്പിച്ച സ്ഥലങ്ങളില്‍ ലൈസന്‍സ് നല്‍കിയതിന് പുറമേ ഇവരോട് മത്സരിക്കുന്നതില്‍ നിന്നും മറ്റ് കമ്പനികള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ 2009ല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

2009 ഒക്ടോബര്‍ 21ന് സിബിഐ കേസെടുത്തതോടെ യുപിഎ എന്ന കറക്ക് കമ്പനിയുടെ ശനിദശയും ആരംഭിച്ചു. ഇതിനിടെ ലേലത്തിലൂടെ ഒരു ലക്ഷത്തി എഴുപത്താറായിരം കോടിയുടെ കോടിയുടെ അഴിമതി നടന്നെന്ന് 2010ല്‍ സിഎജി വിനോദ് റായ് കണ്ടെത്തി. പിന്നാലെ മന്ത്രിസ്ഥാനം രാജിവച്ചൊഴിഞ്ഞ രാജ 2011ല്‍ അറസ്റ്റിലുമായി. അഴിമതി നടന്നെന്ന് കണ്ടെത്തുകയും അനുവദിച്ച ലൈസന്‍സുകളില്‍ 122 എണ്ണം 2012 ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തതോടെ നാണക്കേടിന്റെ പരകോടിയിലേക്ക് രണ്ടാം യുപിഎ നിലംപൊത്തി. 2014ന് മുന്‍പായി സിബിഐ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ 2ജി പോര് കോടതിയിലേക്കും നീങ്ങി.

നിലവില്‍ തെളിവില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ സിബിഐയുടെ വീഴ്ചയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. സിഎജി ഒരു ലക്ഷത്തി എഴുപത്താറായിരം കോടിയുടെ അഴിമതി കണ്ടെത്തിയപ്പോള്‍ സിബിഐ അത് 30984 കോടിയായി കുറച്ചു. പൂര്‍ണമായ ലേലത്തുകയും നഷ്ടപരിഹാരവുമടക്കം സിഎജി കണക്ക് കൂട്ടിയപ്പോള്‍ 2ജി സ്‌പെക്ട്രത്തിലൂടെ സര്‍ക്കാരിന് ലഭിച്ച തുക കഴിച്ചുള്ളതാണ് സിബിഐ കണക്കാക്കിയത്. മാത്രമല്ല 2001ലെ സ്‌പെക്ട്രം ലേലത്തുകയും 2007ലെ ലൈസന്‍സ് തുകയുമായി താരതമ്യം ചെയ്താണ് സിബിഐ 30984 കോടിയെന്ന മാന്ത്രിക സംഖ്യയിലെത്തിയതും.

സിഎജി കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായ സിബിഐ അന്വേഷണ റിപ്പോര്‍ട്ടും കണക്കിലെ പൊരുത്തക്കേടുകളുമാണ് പ്രതികള്‍ക്ക് നിലവില്‍ സഹായകമായതെന്നാണ് വിലയിരുത്തല്‍. ഒപ്പം വേണമെങ്കില്‍ കോടതിക്ക് നേരെയും വിരല്‍ ചൂണ്ടുന്നുണ്ട് പലരും. അതേസമയം ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബിഐ പറയുന്നുണ്ട്. പക്ഷേ തെളിവില്ലെന്ന് കോടതി പറഞ്ഞ സാഹചര്യത്തില്‍ സിബിഐ നന്നായി വിയര്‍ക്കേണ്ടി വരും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ തെളിവ് തേടിയിറങ്ങിയാല്‍ പോലും ആട് കിടന്നിടത്ത് പൂട പോലും ഉണ്ടാകില്ലെന്ന കാര്യം ഉറപ്പാണ്. രാഷ്ട്രീയ യജമാനന് വേണ്ടി മുട്ടിലിഴഞ്ഞതിന് സിബിഐ മറുപടി പറയേണ്ടി വരും. ഇനി ഏത് കോടതി പറഞ്ഞാലും ഇല്ലെങ്കിലും കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ രാജയും പിള്ളേരും കട്ടെന്ന് കരക്കാര്‍ക്കറിയാം. പക്ഷേ കട്ട മുതല് പങ്കിട്ടവരെ കുറിച്ചും, തെളിവ് നശിപ്പിച്ചവരെപ്പറ്റിയുമാണ് അറിയാന്‍ കിടക്കുന്നത്. അത് പുറത്ത് കൊണ്ട് വരാന്‍ കഴിയാത്ത പക്ഷം 2019ല്‍ നോട്ട തരംഗം തീര്‍ക്കുമെന്ന കാര്യത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ക്ക് യാതൊരു സംശയവും വേണ്ട.

എസ് ശ്രീകാന്ത്

മാദ്ധ്യമ പ്രവർത്തകൻ

308 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close