Columns

കൊല്ലില്ല പകരം കൊത്തിയരിയും

വരികൾക്കിടയിൽ എസ്-ശ്രീകാന്ത്

രാഷ്ട്രീയ മാടമ്പിമാര്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്ന കണ്ണൂരില്‍ നിന്നും ശുഭകരമായ വാര്‍ത്തകളല്ല പുറത്ത് വരുന്നത്. യജമാനന്റെ ആജ്ഞ ശിരസ്സാ വഹിച്ച് ചാവേറുകള്‍ രക്തദാഹികളായി അലഞ്ഞ് തിരിയുകയാണ്. കൊല്ലുന്നില്ലന്നേയുള്ളൂ, ജീവച്ഛവങ്ങളാക്കപ്പെടുന്നവരുടെ എണ്ണം പെരുകുന്നു മുത്തപ്പന്റെ മണ്ണില്‍. ഒരു മാസത്തിനിടെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ശരീരമാസകലം കൊത്തിയരിഞ്ഞ് കിടത്തിയത് 25ലേറെ സംഘപരിവാര്‍ പ്രവര്‍ത്തകരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോലീസ് സംവിധാനത്തെപ്പറ്റിയോ നിയമപാലനത്തെക്കുറിച്ചോ പറയുന്നില്ല. കാരണം ഗൗരവപ്പെട്ട കാര്യം സംസാരിക്കുമ്പോള്‍ തമാശ പറയുന്നത് അരോചകമാണ്.
ജനരക്ഷാ യാത്രയെന്ന വഴിപാടിന് ശേഷം പാനൂര്‍, മട്ടന്നൂര്‍, അഴീക്കോട്, കണ്ണൂര്‍ ടൗണ്‍, തലശ്ശേരി, കൂത്തുപറമ്പ് തുടങ്ങി കാവിയില്‍ ചുടുചോര പുരണ്ട സ്ഥലങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. കേന്ദ്രമന്ത്രിമാരും, ബിജെപി ദേശീയ നേതാക്കളുമടക്കം കേരളത്തിലെ തെരുവോരങ്ങളില്‍ പൊരിവെയില്‍ കൊണ്ട് നടന്നിട്ടും ആയുധം താഴെ വയ്ക്കാന്‍ സിപിഎം തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, പോലീസ് സംവിധാനം മുഴുവന്‍ വന്ധ്യംകരിക്കുകയും ചെയ്തു.

കൊലപാതകം ദേശീയതലത്തില്‍ തിരിച്ചടിയാകുമെന്ന് കണ്ട് പാരമ്പര്യ ആയുധമായ മഴു ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പച്ചയ്ക്ക് കൊത്തിയരിയുക എന്നതാണ് സിപിഎമ്മിന്റെ പുതിയ രീതി. കണ്ണൂര്‍ അഴീക്കലില്‍ ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷക് അഷിന്‍, നിഥിന്‍, നിഖില്‍ എന്നിവരെ നേരിട്ട രീതിയിലൂടെ കൊല്ലുകയല്ല കൊല്ലാതെ കൊല്ലുകയാണ് ഉദ്ദേശമെന്ന് സിപിഎം വ്യക്തമാക്കുന്നു. ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതിന് പുറമേ മൂവരുടെയും ശരീരമാസകലം കൊത്തിയരിയുകയും ചെയ്തു.

ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയും എബിവിപി കണ്ണൂര്‍ ജില്ലാ കണ്‍വീനറുമായ പ്രിജുവിെ പട്ടാപ്പകലാണ് തല്ലിച്ചതച്ചത്. അവസാനിച്ചു കാണുമെന്ന് കരുതിയ കുരുതി സിപിഎം ആരംഭിച്ചിട്ടേയുള്ളൂ എന്ന് മനസ്സിലായത് മുഴുപ്പിലങ്ങാട് മണ്ഡല്‍ കാര്യവാഹ് പി.നിധീഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതോടെയാണ്. സമാധാന യോഗങ്ങളില്‍ ചോരചിന്തില്ലെന്ന് വാക്ക് കൊടുത്തവര്‍ തൊട്ടടുത്ത നിമിഷം ചോരക്കൊതിയോടെ വേട്ടയ്ക്കിറങ്ങുമെന്ന് നിധീഷ് കരുതിയില്ലെന്നതാണ് സത്യം. പത്ത് പേരടങ്ങുന്ന സിപിഎം ചാവേര്‍ സംഘമാണ് നിധീഷിനെ വളഞ്ഞിട്ട് വെട്ടിയത്.

ഇവിടം കൊണ്ടും തീര്‍ന്നില്ല. തലശ്ശേരിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുധീഷിനെ വെട്ടിയരിഞ്ഞ് കാട്ടുനീതി നടപ്പിലാക്കി പി.ജയരാജന്റെ നിയന്ത്രണത്തിലുള്ള കേഡറുകള്‍. നരവേട്ടയെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്ന സംഭവവികാസമാണ് മട്ടന്നൂരില്‍ അരങ്ങേറിയത്. അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഒരേ ദിവസം വെട്ടി വീഴ്ത്തി ചോരയില്‍ മുങ്ങിക്കുളിച്ചു സിപിഎം. മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. ഒരു ജില്ലയില്‍ ഒരു പ്രത്യേക രാഷ്ട്രീയ സംഘടനയോട് ആശയപരമല്ലാതെ കഠാരയിലൂടെും മഴുവിലൂടെയും സിപിഎം രാഷ്ട്രീയം പറയുകയാണ്. ആര്‍എസ്എസ് ബിജെപി സംഘടനകളിലെ പ്രധാനപ്പെട്ട ചുമതല വഹിക്കുന്നവരെ അംഗവിഹീനരാക്കുന്ന നടപടിക്ക് പിന്നെയുമുണ്ട് ഉദാഹരണം. പൊന്ന്യം മണ്ഡല്‍ കാര്യവാഹ് പ്രവീണിനെ തുരുതുരെ വെട്ടി ജീവന്‍ മാത്രം അവശേഷിപ്പിച്ച് രാഷ്ട്രീയ ചാവേറുകള്‍ വെറിപിടിച്ച മനോനിലയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി.

കൂത്തുപറമ്പിലും തലശ്ശേരിയിലും വീടും, വാഹനങ്ങളും കത്തിക്കലും, ബോംബേറും ഉള്‍പ്പെടുന്ന കലാപരിപാടികള്‍ ഒട്ടനവധി നടന്നു. ഏറ്റവുമൊടുവില്‍ ആര്‍എസ്എസ് സംസ്ഥാന സമിതിയംഗം വത്സന്‍ തില്ലങ്കേരിയെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയില്‍ കാര്യങ്ങളെത്തി നില്‍ക്കുന്നു. എന്തും ഏത് നിമിഷവും കണ്ണൂരില്‍ സംഭവിക്കാം.
എന്തിന് വേണ്ടി കൂട്ടക്കുരുതിയെന്ന ചോദ്യത്തിന് ഒന്നേ ഉത്തരമുള്ളൂ. സംസ്ഥാന രാഷ്ട്രീയത്തില്‍ കോടിയേരിയെ വെട്ടി കളം പിടിക്കാന്‍ ശ്രമിക്കുന്ന പി.ജയരാജന് രക്തദാഹികളായ കേഡറുകളുടെ പിന്തുണ വേണം. പാര്‍ട്ടി സമ്മേളനം നടക്കവേ എതിരാളികള്‍ക്ക് താന്‍ പേടിസ്വപ്‌നമാണെന്ന് വരുത്തണം. എല്ലാത്തിലുമുപരി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് തനിക്ക് തന്നെയെന്ന് ഉറപ്പിക്കണം. യുഎപിഎ ഉള്‍പ്പെടെ ചുമത്തപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ രക്ഷപെടാനുള്ള പഴുതുണ്ടോയെന്ന് തേടണം. അതിന് എത്ര പേരുടെ ചോര വീണാലും വേണ്ടില്ല. അതായത് തിന്നാന്‍ വേണ്ടിയും കൊല്ലും കൊല്ലാന്‍ വേണ്ടിയും കൊല്ലും എന്ന് ചുരുക്കം.

പോലീസ്, ഭരണ സംവിധാനം എന്നിവയെപ്പറ്റി പറയുന്നില്ല. നാണം എന്ന വാക്ക് പോലും കാക്കി കണ്ട് നാണിച്ച് നില്‍ക്കുന്ന അവസ്ഥയാണ് നാട്ടിലുള്ളത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോട്ടയത്തും കൊല്ലത്തുമൊക്കെ കാക്കിയിട്ടവരെ കൊട്ടിപ്പടിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടതാണ്. സമാധാനയോഗമെന്ന പ്രഹസനവുമായി കണ്ണൂരിലെ ആര്‍എസ്എസ് കാര്യാലയങ്ങളിലേക്ക് ജില്ലാ ഭരണകൂടം ഇനി എന്ത് പറഞ്ഞ് കടന്ന് ചെല്ലും. വേട്ടക്കാരന്‍ വേട്ടയാടും ഇര നിന്നുകൊടുക്കണമെന്ന് ആവശ്യപ്പെടുകയേ നിവൃത്തിയുള്ളൂ ഉദ്യോഗസ്ഥര്‍ക്ക്. ക്രിമിനല്‍ കേസ് പ്രതികലായ സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നീ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ റെഡ് വോളണ്ടിയര്‍ യൂണിഫോം ഒഴിവാക്കി കാക്കിയിട്ടാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂ കണ്ണൂരില്‍. പക്ഷേ വിളിച്ച ഇന്‍ക്വിലാബും യജമാന ഭക്തിയും ഇവരെ അതിന് അനുവദിക്കുന്നില്ല എന്നതാണ് കാരണം.

ഭരണത്തിന്റെ ബലത്തില്‍ അണികളെ വഴിക്കാളകളെപ്പോലെ അഴിച്ച് വിട്ടിരിക്കുകയാണ് സിപിഎം. ഓടി നടന്ന് കുത്തുന്നുണ്ട് പലതും പലരെയും. കണ്ണൂരില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം വിദ്യാര്‍ത്ഥിനികളെപ്പോലും വഴിക്കാളകള്‍ കുത്തി വീഴ്ത്തി്തതുടങ്ങിയിരിക്കുന്നു. കൈയ്യില്‍ കാവി കണ്ടതിന്റെ ചൊരുക്കാകണം. പിണറായി സര്‍ക്കാരില്‍ നിന്നും നീതി പ്രതീക്ഷിക്കുക എന്നത് യമധര്‍മനോട് കൊല്ലരുതെന്ന് അപേക്ഷിക്കുന്നത് പോലെയാണെന്ന് പൊതുജനം മനസ്സിലാക്കിക്കഴിഞ്ഞു. പങ്കായം കൊണ്ട് പോലും ഒരു സംസ്ഥാന മുഖ്യമന്ത്രിയെ നേരിടാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതും ഇതാണ്. സ്വതവേ സാത്വിക സ്വഭാവക്കാരനായ കുമ്മനം പോലും പൊട്ടിത്തെറിക്കുന്ന കാഴ്ചയും കണ്ണൂരില്‍ കണ്ടു. ഭരണകൂടം വേട്ടയാടുമ്പോള്‍ നീതി നടപ്പാക്കാനുള്ള തന്റേടം ഗവര്‍ണര്‍ കാണിക്കണമെന്നായിരുന്നു വാക്കുകള്‍. സാധ്യത വിരളമാണ്, പക്ഷേ അവസാന പ്രതീക്ഷ ഇനി അതേയുള്ളൂ.

എസ് ശ്രീകാന്ത്

മാദ്ധ്യമ പ്രവർത്തകനാണ് ലേഖകൻ

ലേഖനത്തിന്റെ അഭിപ്രായം തികച്ചും ലേഖകന്റേതു മാത്രമാണ് . ജനം ടിവിയുടേതല്ല

Close
Close