Columns

കോമരം തുള്ളുന്ന അവതാരകരും എം ബി രാജേഷിന്റെ ഞെട്ടലും

വരികൾക്കിടയിൽ - എസ് ശ്രീകാന്ത്

പണ്ട് പണ്ട് പാലക്കാട്ടൊരു എംപിയുണ്ടായിരുന്നു. മതേതരന്‍, പുരോഗമനന്‍, ആവിഷ്‌കാര-അഭിപ്രായസ്വാതന്ത്ര്യ വിശാരദന്‍, മാധ്യമഹൃദയസാമ്രാട്ട് എന്നിങ്ങനെ അദ്ദേഹത്തിന് വിശേഷണങ്ങളും ഏറെയുണ്ടായിരുന്നു. ദേശീയം അന്തര്‍ദേശീയം, പ്രപഞ്ചസത്യങ്ങള്‍ തുടങ്ങി എന്തിനെയും ഏതിനേയും പറ്റി മുടങ്ങാതെ അന്തിച്ചര്‍ച്ചകളില്‍ മുഖം കാട്ടി അദ്ദേഹം തലനാരിഴ കീറി അഭിപ്രായം പറയുമായിരുന്നു. അങ്ങനെയിരിക്കെ കേരളതീരത്ത് ദുരന്തം വിതച്ച് ഓഖി ആഞ്ഞടിച്ചു. മുന്നറിയിപ്പ് കിട്ടിയിട്ടും മൈന്‍ഡ് ചെയ്യാതെ വീണ വായിച്ചിരുന്ന ഭരണാധികാരികള്‍ ദുരന്തത്തിന്റെ ആഴം കൂട്ടി.

വീഴ്ച മറയ്ക്കാന്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട പാവങ്ങളുടെ ഇടയിലേക്ക് സ്വതസിദ്ധമായ, വലിഞ്ഞ് മുറുകിയ മുഖത്തോടെ കടന്ന് ചെന്നവരെ ഉയര്‍ത്തിപ്പിടിച്ച പങ്കായങ്ങളാണ് സ്വാഗതം ചെയ്തത്. ചരിത്രത്തിലാദ്യമായി ഒരു മുഖ്യന്, അതും ഇരട്ടച്ചങ്കുണ്ടെന്ന് അണികള്‍ വാഴ്ത്തിയ മുഖ്യന് സ്റ്റേറ്റ് കാര്‍ പോലും ഉപേക്ഷിച്ച് സ്ഥലം വിടേണ്ടി വന്നു. പിന്നീട് കണ്ടത് അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന വണ്ണം മാധ്യമങ്ങളുടെ നെഞ്ചിലേക്ക് കയറുന്നതാണ്. മാധ്യമങ്ങളാണത്രെ പങ്കായാരാധനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കൃത്രിമ ശക്തികള്‍.

ഇനി നമ്മുടെ വിഷയത്തിലേക്ക് വന്നാല്‍ നമ്മുടെ പാലക്കാടന്‍ എംപിയും സമാനമായ ഒരാക്ഷേപം ഇക്കഴിഞ്ഞ ശനിയാഴ്ച മുഖപുസ്തകത്തില്‍ വച്ചലക്കി. അന്തിച്ചര്‍ച്ചകളിലും ഹാപ്പനിംഗ് അവറുകളിലും പടച്ച് വിട്ട വാര്‍ത്തകളാണത്രെ ജനങ്ങള്‍ക്ക് കലി കയറാന്‍ കാരണം. സര്‍വസ്വവും നഷ്ടപ്പെട്ട് ഉടയവരെ കണ്ണീരോടെ കാത്തിരുന്ന അരയപ്പെണ്ണുങ്ങള്‍ ടിവി വാര്‍ത്തകള്‍ കണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെ തിരിഞ്ഞത്രെ. ദുരന്തത്തെ സര്‍ക്കാരിനെതിരായി തിരിച്ചു വിടാന്‍ മാധ്യമങ്ങള്‍ ഗൂഢാലോചന നടത്തിയെന്നാണ് രാജേഷിന്റെ കണ്ടെത്തല്‍. രാഷ്ട്രീയ ഉപജാപങ്ങളാൽ നിദ്രാവിഹീനമായ ന്യൂസ് റൂമുകളിലെ ന്യൂനമര്‍ദ്ദമാണത്രെ തീരത്ത് ആഞ്ഞടിച്ചത്. തീര്‍ന്നില്ല, നിശാചര്‍ച്ചകളില്‍ കോമരം തുള്ളിയിരുന്ന അവതാരങ്ങളെ നിങ്ങള്‍ക്ക് ലജ്ജയുണ്ടോ എന്നും മുഖപുസ്തകത്തില്‍ എംപി ചോദിക്കുന്നു.

ക്രിസ്മസ് ആയതിനാലാകണം, ‘നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ക്കറിയാം, അത് കൊണ്ട് നിങ്ങളോട് പൊറുക്കാനാകില്ല’ എന്ന് ക്രിസ്തീയ വിശ്വാസികളെ അനുസ്മരിച്ച് എം.ബി.രാജേഷ് കുറിച്ചിട്ടുണ്ട്. കള്ളം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യത നിങ്ങള്‍ക്കില്ലേയെന്ന ചോദ്യവും ചോദിച്ചുകൊണ്ടാണ് സത്യസന്ധനായ പാലക്കാടന്‍ എംപി കുറിപ്പ് അവസാനിപ്പിക്കുന്നത്.
എം.ബി.രാജേഷിന്റെ ഈ കുറിപ്പ് പല തരത്തില്‍ വ്യാഖ്യാനിക്കാം. വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളത്തിട്ട് അതിന്റെ കടിയും കൊണ്ട ശേഷം വിലപിക്കുന്ന മനുഷ്യന്റെ ആത്മ നൊമ്പരമാണ് ഒന്ന്. തങ്ങള്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങളോടുള്ള കമ്യൂണിസ്റ്റുകളുടെ അസഹിഷ്ണുതയാണ് രണ്ടാമത്തേത്. മൂക്കും കുത്തി വീണിട്ടും വീണിടത്ത് കിടന്ന് ഉരുളുകയെന്ന ഏര്‍പ്പാടാണ് മൂന്നാമത്.

ആവിഷ്‌കാര-അഭിപ്രായ സ്വാതന്ത്ര്യവാദികളുടെ മുഖംമൂടി ഘട്ടം ഘട്ടമായി അഴിഞ്ഞിങ്ങനെ വീഴുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ രൂപത്തില്‍ ക്യാമറയ്ക്ക് മുന്നിലിരുന്ന് ബിജെപിക്കെതിരെ കത്തിക്കയറിയ പഴയ എസ്എഫ്‌ഐ സഖാക്കള്‍, പൊടുന്നനെ സത്യം പറയാന്‍ നിര്‍ബന്ധിതരായ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതാണ് രാജേഷിന്റെ പ്രശ്‌നം. അന്തിച്ചര്‍ച്ചകളില്‍ ബിജെപി നേതാക്കളോട് ഏറ്റുമുട്ടി പരാജിതനാകുമെന്ന ഘട്ടത്തില്‍ തന്നെയും പ്രസ്ഥാനത്തെയും താങ്ങിയ കൈകളെ രാജേഷ് വിശ്വസിച്ചിരുന്നു. അവരില്‍ നിന്നും തിരുനെറ്റിക്കേറ്റ കൊത്ത് നിമിഷ നേരം കൊണ്ട് പാലക്കാട് എംപിയെ തളര്‍ത്തിക്കളഞ്ഞു.

ഈ പറഞ്ഞതിനുമപ്പുറം കമ്മ്യൂണിസ്റ്റുകാരന്റെ സഹിഷ്ണുത എത്രത്തോളമെന്ന് രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെളിയിക്കുന്നു. ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം പോലും ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ ബിജെപി നേതാക്കളെ അപമാനിച്ചിറക്കി വിടുമ്പോള്‍ കൈയ്യടിച്ച് ചിരിച്ചിരുന്ന രാജേഷിനും കൂട്ടര്‍ക്കും ചെറിയ ഒരു തിരിച്ചടി പോലും താങ്ങാന്‍ വയ്യാതായിരിക്കുന്നു. സിന്ധു സൂര്യകുമാറിനെ തെറിപറഞ്ഞ് ദേശാഭിമാനിയില്‍ ലേഖനമെഴുതിയതിന് പിറകെ തങ്ങളെ പ്രതിരോധത്തിലാക്കിയ മാധ്യമങ്ങളെ വരികളിലൂടെ വേട്ടയാടുന്നത് ഈ അസഹിഷ്ണുത മൂലമാണ്. ജനങ്ങളുമായി ബന്ധമില്ലാതെ ചാനല്‍ ചര്‍ച്ചകളിലൂടെ മാത്രം ഉപജീവനം നടത്തുന്നവരെ ഭയപ്പെടുത്തുന്നതാണ് എതിര്‍ ശബ്ദങ്ങള്‍.

തീര്‍ന്നില്ല, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞ ഒരു കാര്യം മാത്രമെടുത്താണ് രാജേഷിന്റെ മുട്ടന്‍ ഇരവാദം. 29ന് വേഗതയേറിയ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും 30ന് ചുഴലി മുന്നറിപ്പും കൊടുത്തുവെന്നായിരുന്നു രാജ്‌നാഥിന്റെ പരാമര്‍ശം. പക്ഷേ 30ലെ ചുഴലി മുന്നറിയിപ്പ് മാത്രം ചൂണ്ടിക്കാട്ടി കുറ്റം കേന്ദ്രത്തിനാണെന്ന് നാണം കെട്ട് ന്യായീകരിക്കുകയാണ് രാജേഷ് എംപി.

ഇനി മാധ്യമപ്രവര്‍ത്തകരോടാണ് അവസാനിപ്പിക്കും മുന്‍പ് ബോധിപ്പിക്കാനുള്ളത്. കടക്ക് പുറത്ത്, മാറി നില്‍ക്കങ്ങോട്ട്, ഇന്നാ ഇങ്ങോട്ട് കേറിയങ്ങ് എടുത്തോ, തുടങ്ങി പല സ്‌നേഹ പദങ്ങളും സിപിഎം നേതാക്കള്‍ സമ്മാനിച്ചിട്ടുള്ളത് അറിവുണ്ടായിരിക്കുമല്ലോ. അതിനൊപ്പം അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യ പരിധിയില്‍ പെടുത്തി കോമരം തുള്ളുന്ന അവതാരങ്ങൾ എന്ന പ്രയോഗത്തെയും നിഘണ്ടുവില്‍ ചേര്‍ക്കാന്‍ തുരുവുള്ളമുണ്ടാകണം. മാധ്യമമേഖലയുടെ അന്തസ്സും അഭിമാനവും ഇത്തരം മതേതര ഭാഷാ പ്രയോഗങ്ങളിലൂടെ കൂടുതല്‍ ഉയരുകയേ ഉള്ളൂ.

എസ് ശ്രീകാന്ത്

മാദ്ധ്യമ പ്രവർത്തകൻ

Close
Close