Columns

ധൂർത്തൻമാർ നമ്മെ ഭരിക്കുമ്പോൾ

വരികൾക്കിടയിൽ- എസ് ശ്രീകാന്ത്

തൊഴില്‍ രഹിതനായ ഭര്‍ത്താവ്, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിച്ചാല്‍ തറവാടിന് മാനഹാനിയാണെന്ന് കരുതുന്ന അമ്മ, കഴിച്ച ഭക്ഷണം പോലും മരുന്നിന്റെ കൂട്ടത്തില്‍ പെടുത്തി പൊതുഖജനാവിലെ പണം അടിച്ച് മാറ്റാന്‍ പ്രേരിപ്പിക്കുന്ന സ്വന്തം മനസ്സ്. സാഹചര്യങ്ങളുടെ ഇത്തരം സമ്മര്‍ദ്ദങ്ങളില്‍ സാക്ഷാല്‍ ഹരിശ്ചന്ദ്രന്‍ വരെ വീണുപോവും. പിന്നെയാണ് കൊച്ചു കേരളത്തിലെ ആരോഗ്യമന്ത്രിയും, സിപിഎം കേന്ദ്രകമ്മിറ്റിയംഗവും, സര്‍വ്വോപരി ലളിത ജീവിതം നയിക്കുന്ന വ്യക്തിയുമായ ശൈലജ ടീച്ചര്‍.

ആനക്കൊമ്പ് ഫ്രെയിമില്‍ തീര്‍ത്ത കണ്ണട, ബംഗാളി തൊടാത്ത പൊറോട്ട, ഗോപിയുണ്ടാക്കിയ ഗോപിമഞ്ചൂരിയന്‍, ഒരെണ്ണത്തിന് 30 രൂപ വിലയുള്ള പൊന്നില്‍ തീര്‍ത്ത ഉഴുന്നുവട, കഴിച്ച ഭക്ഷണം തൊണ്ടയ്ക്കിരിക്കാതെ താഴേക്കിറങ്ങാന്‍ 150 രൂപയുടെ മാതള ജ്യൂസ്, ഇത്യാദി നിത്യോപയോഗ സാധനങ്ങള്‍ മാത്രമേ ടീച്ചറും ഉപയോഗിച്ചുള്ളൂ. ഉപയോഗിച്ചതും ഒപ്പിട്ട് പണം വാങ്ങിയതും മന്ത്രി ശൈലജ നേരിട്ട് തന്നെ. അങ്ങനെ ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ പൊതുപണം കുടുംബസമേതം കട്ടുമുടിക്കുമ്പോഴാണ് കയ്യോടെ പിടിക്കപ്പെടുന്നത്.

നേര് നേരത്തെ അറിയിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തക സഖാക്കളൊക്കെ പാര്‍ട്ടി സമ്മേളനത്തിന്റെ തിരക്കിലായതിനാല്‍ ജനം ടിവിയാണ് കുലംകുത്തികളുടെ പണി ചെയ്തത്. വിവരാവകാശമെന്ന കോടാലി തനിക്ക് തന്നെ വിനയാകുന്ന കാഴ്ചയാണ് ശൈലജ മന്ത്രി പിന്നീട് കണ്ടത്. താനൊപ്പിട്ട് വെട്ടിച്ച ആയിരങ്ങളുടെ രേഖകള്‍ ദിവസേനയെന്നോണം പുറത്ത് വന്നതോടെ ഒരു റിലാക്‌സേഷനുമില്ല മന്ത്രിക്ക്. എന്തിനും ഏതിനും കച്ചമുറുക്കിയിറങ്ങുന്ന സൈബര്‍ സഖാക്കള്‍ പോലും തുണയ്‌ക്കെത്തിയില്ല മന്ത്രിയ്ക്ക്. നേതാക്കള്‍ ലളിതജീവിതം നയിച്ച് മാതൃകയാകണമെന്ന കൊല്‍ക്കത്ത പ്രമേയം പോയിട്ട് സാമാന്യ മര്യാദ പോലും ശൈലജ മന്ത്രി കാണിച്ചില്ലെന്ന് പൊതുജനത്തിനൊപ്പം സഖാക്കളും തിരിച്ചറിഞ്ഞു.

ആരോഗ്യമന്ത്രി കെ.കെ.ശൈലജ മാത്രമല്ല ലളിത ജീവിതം ജീവിത വ്രതമാക്കി മുന്നോട്ട് പോകുന്നത്. എണ്ണമെടുത്താല്‍ മുഖ്യമന്ത്രി മുതല്‍ താഴേക്കുണ്ട് താരങ്ങള്‍ അനവധി. തൃശ്ശൂര്‍ തൃപ്രയാറില്‍ പാര്‍ട്ടി സമ്മേളനത്തിനായി ഹെലിക്കോപ്റ്ററില്‍ പറന്നാണ് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിക്ക് മുഖ്യമന്ത്രി ഉണര്‍വേകിയത്. എത്ര ലക്ഷം രൂപ ആകാശ സവാരിക്ക് പൊടിച്ചെന്ന് ചോദിക്കുന്നില്ല, കാരണം മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച ഇന്നോവ തിരിയാനുള്ള സ്ഥലം വീടിന് മുന്നില്‍ ധാരാളം ഉണ്ടായിപ്പോയി. നഞ്ച് വാങ്ങി തിന്നാന്‍ പോലും നയാ പൈസ ഇല്ലെന്ന് പറഞ്ഞ് വിലപിക്കുന്ന മുഖ്യമന്ത്രി തീറ്റിപ്പോറ്റുന്നത് നിര്‍ഗ്ഗുണ സമ്പന്നരായ പത്തിനടുത്ത് ഉപദേശകരെയാണ്.

പിണറായി പ്രഭാവത്തില്‍ ആശ്ചര്യചകിതരായ ഇവര്‍ സൗജന്യസേവനമാണ് നടത്തുന്നതെന്ന് പാര്‍ട്ടി ക്ലാസ്സുകളില്‍ പറയാം, പക്ഷേ അരിയാഹാരം കഴിക്കുന്ന പൊതു സമൂഹം അത് ഉള്‍ക്കൊണ്ടെന്ന് വരില്ല. സര്‍ക്കാരിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ അടുത്തിടെ വല്ലാതങ്ങ് വിമര്‍ശിക്കുന്നത് കണക്കിലെടുത്ത് നിശബ്ദതാ അലവന്‍സ് എന്ന നിലയില്‍ നല്ലൊരു തുക നല്‍കണം. ആ സ്ഥാനം തന്നെ നിശബ്ദതാ സേവനത്തിന്( മിണ്ടാതെ മൂലയ്ക്കിരിക്കുക എന്നും പറയും ) വേണ്ടിയാകുമ്പോള്‍ ഇങ്ങനെയൊരു അലവന്‍സിന് അര്‍ഹതയുണ്ട്. തോമസ് ചാണ്ടി പൊടിച്ച രണ്ട് കോടിയും, പി.വി.അന്‍വറിന്റെ സെന്റിന് 57 രൂപ വിലയുള്ള വസ്തുവും ലളിത ജീവിതത്തിന്റെ മകുടോദാഹരണങ്ങളായി ചരിത്ര പുസ്തകത്തില്‍ ഇതിനോടകം സ്ഥാനം പിടിച്ചിട്ടുണ്ട്.

സ്നേഹനിധിയായ ചിറ്റപ്പന്‍ ആദ്യം തന്നെ കളം വിട്ടതിനാല്‍ പേര്‌ ദോഷം അല്‍പം കുറഞ്ഞുകിട്ടി. മിനികൂപ്പര്‍ പൊതുഖജനാവില്‍ പെടാത്തതിനാല്‍ കോടിയേരി രക്ഷപെട്ടു. ഇതിനിടയിലും പുറത്ത് വരാത്ത പേരുകള്‍ മന്ത്രിസഭയിലും എംഎല്‍എമാരുടെ പട്ടികയിലും ഇനിയുമുണ്ടാകാം. പക്ഷേ അവര്‍ മറന്ന് പോയത് പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായ പാവപ്പെട്ട സഖാക്കളുടെ മുഴുപ്പട്ടിണിയിലായ കുടുംബങ്ങളെയാണെന്ന് പറയാതെ വയ്യ. പരിപ്പുവടയും കട്ടന്‍ചായയും കഴിക്കണമെന്ന് ആരും ആവശ്യപ്പെടില്ല. എന്നാല്‍ 30 രൂപയുടെ ഉഴുന്നുവടയും, 150 രൂപയുടെ മാതള ജ്യൂസും അത്രപെട്ടെന്ന് ദഹിക്കില്ല.

സിപിഎം ജനപ്രതിനിധികള്‍ തിന്നും കുടിച്ചും തീര്‍ത്ത പൊതുപണം പ്രസക്തമാകുന്നത് കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തുമ്പോഴാണ്. ശമ്പളം, പെന്‍ഷന്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ഓഖി ദുരിതശ്വാസ പ്രവര്‍ത്തനം തുടങ്ങി പല കാര്യങ്ങള്‍ക്കും പണമില്ലാതെ നട്ടം തിരിയുകയാണ് സംസ്ഥാനം. കെഎസ്ആര്‍ടിസി അടച്ച്പൂട്ടലിന്റെ വക്കിലാണ്. 69 ഡിപ്പോകള്‍ പണയപ്പെടുത്തിക്കഴിഞ്ഞു. 23 ഡിപ്പോകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇങ്ങനെ പോയാല്‍ പോലീസുകാര്‍ക്ക് ശമ്പളം നല്‍കാന്‍ ഇനി പോലീസ് സ്റ്റേഷനും, അധ്യാപകര്‍ക്ക് വേണ്ടി സ്‌കൂളുകളും, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിനായി പുഴകളും, ഒടുവില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് പണം നല്‍കാന്‍ സെക്രട്ടേറിയറ്റും വില്‍ക്കുകയോ പണയം വെയ്ക്കുകയോ ചെയ്യുന്ന സ്ഥിതി അതിവിദൂരമല്ല.

മാത്രമല്ല ഇത്തവണ ബജറ്റ് അവതരിപ്പിക്കാന്‍ കിഫ്ബി ഐസക്ക് നന്നേ വിയര്‍ക്കുമെന്ന് ഉറപ്പാണ്. മരാമത്ത് പണികള്‍ നിശ്ചലമാകും. ഓഖി ദുരിതാശ്വാസമെന്ന പേരില്‍ കേന്ദ്രത്തില്‍ നിന്നും കുറച്ച് തുക അടിച്ച് മാറ്റാമെന്ന് കരുതിയെങ്കിലും അത് ചീറ്റി. ഇതോടെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ബക്കറ്റ് പിരിവ് പുരോഗമിക്കുകയാണ്.

അതേസമയം വലിയ പ്രതീക്ഷയൊന്നും വേണ്ട, ഖജനാവില്‍ പണമില്ലെന്ന് പരിവട്ടം പറഞ്ഞ് കൈകഴുകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലളിത ജീവിത പ്രിയരായ സഖാക്കള്‍ വെട്ടിത്തിന്നതിന്റെ ബാക്കി കാല്‍ക്കാശ് പോലും ഖജനാവില്‍ ഇല്ലെന്ന് വ്യക്തം. സിമ്പിളായി പറഞ്ഞാല്‍ എല്‍ഡിഎഫ് വന്നു, പക്ഷേ എല്ലാം ശരിയാക്കാന്‍ പറ്റില്ല. അത്ര തന്നെ.

എസ് ശ്രീകാന്ത്

മാദ്ധ്യമ പ്രവർത്തകൻ

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close