Columns

ഇബിലീസുകൾ മുത്വലാഖിന് കുട പിടിക്കുമ്പോൾ

വരികൾക്കിടയിൽ - എസ് ശ്രീകാന്ത്

മുത്വലാഖ് നിരോധന ബില്‍ രാജ്യ ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുക രണ്ട് തരത്തിലാണ്. ഒന്ന് മുസ്ലിം സാമൂഹ്യ വ്യവസ്ഥിതിയില്‍ വരുത്താന്‍ പോകുന്ന മാറ്റത്തിന്റെ പേരിലും, രണ്ട് രാജ്യത്ത് ഒരുവിഭാഗം കപട പുരോഗമനവാദികളുടെ മുഖംമൂടി അഴിഞ്ഞു വീണതിന്റെ പേരിലുമാണത്. മതം വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ച്, കൊല്ലാതെ കൊന്നുകൊണ്ടിരുന്ന അവസ്ഥയില്‍ നിന്നുള്ള മോചനം, ചായ താമസിച്ചാല്‍, കതക് തുറക്കാന്‍ താമസിച്ചാല്‍ എന്തിന് രാവിലെ നേരത്തെ വിളിച്ചുണര്‍ത്താന്‍ വൈകിയാല്‍ പോലും ത്വലാഖിന്റെ ഇരകളാകാനായിരുന്നു മുസ്ലിം സ്ത്രീകളുടെ തലവിധി. ഇതിനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശാനുസരണം ബിജെപി സര്‍ക്കാര്‍ കടിഞ്ഞാണിടാന്‍ തീരുമാനിച്ചത്.

ലോക്‌സഭയില്‍ ബില്ലവതരിപ്പിച്ച ബിജെപി ഒഴികെ ബാക്കിയെല്ലാവരും സ്വയം പ്രഖ്യാപിത പുരോഗമനക്കാരായതിനാല്‍ ബില്ല് നിഷ്പ്രയാസം പാസ്സാക്കി വീട്ടില്‍ പോകാമെന്നാണ് മോദി ആന്റ് കമ്പനി കരുതിയത്. പ്രതിപക്ഷ നിരയിലെ പുരോഗമനക്കാരും സ്ത്രീപക്ഷവാദികളും സ്ത്രീ സൗഹൃദ ബില്ലിന്റെ പേരില്‍ തന്നെ കെട്ടിപ്പിടിച്ച് ഉമ്മം തരുന്നത് പോലും മോദി സ്വപ്‌നം കണ്ടു. പക്ഷേ അട്ടത്തിരുന്ന ബില്ലെടുത്ത് മേശപ്പുറത്ത് വച്ചതോടെ പുരോഗമനവാദികളുടെ തനിസ്വരൂപം പുറത്ത് വന്നു.

ഹൈദരാബാദ് ഒവൈസി, പൊന്നാനി ബഷീറ്, 133ാം ബെര്‍ത്ത് ഡേ ആഘോഷിക്കുന്ന കോണ്‍ഗ്രസ്സ് തുടങ്ങിയവരൊക്കെ കട്ടയ്‌ക്കെതിര്‍ത്തു. ഒവൈസി ശരിയത്ത് നിയമത്തെക്കുറിച്ച് ശരിക്കുമൊരു ക്ലാസ്സ് തന്നെയെടുത്തു, പോരാഞ്ഞ് പള്ളീടെ കാര്യം അള്ളാ തീരുമാനിക്കുമെന്ന് പറഞ്ഞ് ഒരു ഭേദഗതിയും കാച്ചി. പൊന്നാനിക്കാരന്‍ ഇ.ടി.മമ്മദ് ബഷീറ് ഒരു പടികൂടിക്കടന്ന് മതപ്രഭാഷണത്തിന് തന്നെ തുനിഞ്ഞു. മതേതര സര്‍ക്കാര്‍ മതനിയമങ്ങളില്‍ കൈവയ്ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. പക്ഷേ ആരും മൈന്‍ഡ് ചെയ്യാഞ്ഞതോടെ കുഞ്ഞാപ്പാനേം കൂട്ടി പുള്ളിക്കാരന്‍ വാക്കൗട്ട് നടത്തി. സ്ത്രീകള് കാര്യങ്ങള്‍ നിശ്ചയിക്കുന്ന കീഴ്‌വഴക്കം പാണക്കാട് തറവാട്ടിലോ, ഞമ്മന്റെ കിത്താബിലോ ഇല്ലെന്നതായിരുന്നു ഇ.ടിയുടെ പ്രശ്‌നം.

ചെറുതും വലുതുമായ എന്തിലും ധാര്‍മിക വിജയം ആഗ്രഹിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പാകട്ടെ, ഇനി ലോക്‌സഭയിലെ ബില്ലാകട്ടെ ധാര്‍മികമായി വിജയം അവകാശപ്പെടാന്‍ പാര്‍ട്ടിക്കും തനിക്കും സാധിക്കണം. അത് കൊണ്ട് മോദിയുടെ ബില്ല് കൈയ്യില്‍ വച്ചിട്ട് സംഭവം സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്നായി കോണ്‍ഗ്രസ്സ്. ബില്ലിനെ എതിര്‍ത്തിട്ടും കാര്യമില്ല, 44 പേരെ കൂടെയുള്ളൂ. പക്ഷേ ന്യൂനപക്ഷ വോട്ട് പോകരുത് താനും. ഇതോടെയാണ് സബ്ജക്റ്റ് കമ്മിറ്റിയെന്ന അവിടെയുമില്ല ഇവിടെയുമില്ല നിലപാട് കോണ്‍ഗ്രസ്സ് കൈക്കൊണ്ടത്.

അതേസമയം മുകള്‍പ്പറഞ്ഞ കൂട്ടര്‍ എതിര്‍ത്തതും യുദ്ധപ്രഖ്യാപനം നടത്തിയതും ആരും ഗൗരവമായി എടുത്തില്ല. പക്ഷേ സര്‍വ ചരാചരങ്ങളും ഞെട്ടിയത് ഒരു പ്രത്യേക കോണില്‍ നിന്നും എതിര്‍ശബ്ദം കേട്ടതോടെയാണ്. സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും, പുരോഗമനവാദത്തിന്റെ അപ്പോസ്തലന്‍മാരും, സ്ത്രീപക്ഷവാദികളും, അഭിപ്രായസ്വാതന്ത്ര്യ സമര പോരാളികളുമാണ് ഇക്കൂട്ടര്‍. ചുംബന സമര കോള്‍മയിര്‍ നായിക രശ്മി നായര്‍, ബി.അരുന്ധതി, ദീപാ നിശാന്ത്, പി.പി.ദിവ്യ, ചിന്ത ജെറോം തുടങ്ങിയ വിപ്ലവ സിംഹങ്ങളാണ് മുന്‍നിരപോരാളികള്‍. പക്ഷേ പര്‍ദ്ദയും ത്വലാഖിന്റെ തലയ്ക്കിട്ടടിക്കുന്ന കാര്യവും വന്നതോടെ സഖാക്കള്‍ നിന്ന് പതറി. മതം തരം പോലെ ഉപയോഗിച്ചും, ഹലാലായ ബാങ്ക് വരെ നല്‍കി മതമൗലികവാദികളെ പ്രോത്സാഹിപ്പിച്ചും കഞ്ഞികുടിച്ച് പോകുമ്പോഴാണ് പണി ത്വലാഖിന്റെ രൂപത്തില്‍ വരുന്നത്.

ഇതോടെ സ്ത്രീപക്ഷ – പുരോഗമന നിലപാടെന്ന സിപിഎം പൊയ്മുഖം ലോക്‌സഭയുടെ നടുത്തളത്തില്‍ അഴിഞ്ഞ് വീഴുന്നത് രാജ്യം തല്‍സമയം കണ്ടു. ആണ്‍കോയ്മയുടെ, സ്ത്രീത്വത്തെ അടിമവത്കരിക്കുന്ന, ശബ്ദമുയര്‍ത്താനുള്ള സ്വാതന്ത്ര്യം പോലും സ്ത്രീക്ക് നിഷേധിക്കുന്ന മുത്വലാഖ് തുടരണമെന്ന് പാര്‍ട്ടി എംപിമാര്‍ വിലപിച്ചു. പെണ്ണ് അടിമയായി നൂറ്റാണ്ടുകള്‍ ജീവിതം തള്ളിനീക്കിയാലും വേണ്ടില്ല, മതമൗലികവാദികള്‍ എറിഞ്ഞ് കൊടുക്കുന്ന വോട്ട്ബാങ്കെന്ന എല്ലിന്‍കഷ്ണം മതിയെന്ന് സാരം. മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്നവരാണ് ബിജെപിക്കാരെന്ന് തള്ളിയവര്‍ മതമൗലികവാദികളുടെ നക്കാപ്പിച്ചാ വോട്ടിന് വേണ്ടി സ്ത്രീ സമൂഹത്തെ ഒന്നാകെ വഞ്ചിച്ചു.

മനുസ്മൃതിയുടെ പതാകവാഹകരെന്ന് സിപിഎം അവഹേളിച്ച അതേ ബിജെപി, സ്ത്രീ സ്വാതന്ത്ര്യത്തിനായി കൈക്കൊണ്ട ചരിത്രപരമായ തീരുമാനത്തെ ഉളുപ്പില്ലാതെ എതിര്‍ത്തു. ചുവപ്പിനെ സ്‌നേഹിച്ച പെണ്ണ് ഇനിയെങ്കിലും അറിയണം, നിങ്ങളെ ഒറ്റിയ കാശ് സിപിഎം ജനപ്രതിനിധികളുടെ കൈവശം ഉണ്ടെന്ന്. അവര്‍ പറഞ്ഞ സ്ത്രീ സ്വാതന്ത്ര്യം ചതിയനായ കുറുക്കന്‍ ഇരയോട് കാട്ടിയ കൗശലമായിരുന്നുവെന്ന്. സ്വന്തം സ്വാര്‍ത്ഥ ലാഭത്തിനായി വേട്ടക്കാരന് കാഴ്ച വയ്ക്കാനുള്ള കാഴ്ചപ്പണ്ടങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക് നിങ്ങളെന്ന്. ലോക്‌സഭയില്‍ സിപിഎം സ്വീകരിച്ച നിലപാടിനെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാകില്ല.

മുത്വലാഖ് ബില്ല് പാസ്സാകുമ്പോള്‍ മറന്ന് പോകരുതാത്ത ചിലരുണ്ട്. രാജ്യത്താകമാനം ഈ മഹാവിപത്തിനാല്‍ ജീവിതം നശിപ്പിക്കപ്പെട്ട അനേകം പെണ്‍കുട്ടികള്‍, സുപ്രീംകോടതി വരെ കേസ് നടത്തിയതിന്റെ പേരില്‍ ആക്രമണത്തിന് വരെ ഇരകളായ അഞ്ച് സ്ത്രീകള്‍, കീഴ്‌ക്കോടതികളില്‍ 100ലേറെ കേസുകളുമായി ജീവിതം തിരികെപ്പിടിക്കാന്‍ പോരാടുന്ന വനിതകള്‍, തുടര്‍ച്ചയായി രണ്ട് തവണ വീട് കയറിയുള്ള ആക്രമണത്തിന് വിധേയയായ ഖുറാന്‍ സുന്നത്ത് സൊസൈറ്റി പ്രവര്‍ത്തക ജാമിദ ടീച്ചര്‍, ബില്ലിനായി അഭിപ്രായ രൂപീകരണം നടത്തിയ മുസ്ലിം രാഷ്ട്രീയ മഞ്ച് എന്ന സംഘടന. അങ്ങനെ വിസ്മരിക്കരുതാത്തതായി ഏറെയുണ്ട് ആളുകള്‍.

അതേസമയം സമുദായത്തിനുള്ളില്‍ തീരുമാനിക്കേണ്ടതാണ് വിഷയമെന്നും ജനാധിപത്യ സര്‍ക്കാര്‍ ഇടപെടരുതെന്നും മതമൗലികവാദികള്‍ ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു. പരമോന്നത നീതി പീഠമാണ് നിയമനിര്‍മാണത്തിന് നിര്‍ദ്ദേശിച്ചതെന്ന കാര്യം സൗകര്യപൂര്‍വം മറച്ച് വച്ച് കലാപത്തിന് കോപ്പുകൂട്ടുകയാണ് ഇവര്‍. മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, മുസ്ലിം ലീഗ് തുടങ്ങിയവരാണ് മുസ്ലിം വനികളെ അടിമകളായി പരിഗണിക്കണമെന്ന വാദക്കാര്‍.

നിയമനിര്‍മാണത്തിനെതിരെ ഒരു കോടി ഒപ്പ് ശേഖരണം പോലും നടത്തി അവസാനം വരെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച് പരാജിതരായ കൂട്ടരാണ് ഇവര്‍. എന്നാല്‍ ഭാരതം ശരിയത്ത് നിയമപ്രകാരം മതമൗലികവാദികള്‍ നിയന്ത്രിക്കുന്ന രാജ്യമല്ലെന്നും ജനാധിപത്യമാണ് ഇവിടെ പുലരുന്നതെന്നും അതുമാത്രമേ പുലരുകയുള്ളൂവെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കിയിരിക്കുകയാണ് മുത്വലാഖ് നിരോധന നിയമത്തിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close