Columns

വിജയേട്ടന്റെ ആകുലതകൾ

വരികൾക്കിടയിൽ - എസ് ശ്രീകാന്ത്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന ചടങ്ങില്‍ ഭാരതത്തിന്റെ ദേശീയ പതാക ഉയര്‍ത്തിയതാണത്രെ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ അഞ്ച് മാസം നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ഒടുവിലാണ് കണ്ണൂര്‍ കറക്ക് കമ്പനി തങ്ങളുടെ ദേശസ്‌നേഹത്തിന്റെ ആഴവും പരപ്പും വെളിവാക്കുന്ന തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടിയാപ്പീസില്‍ അറിയിക്കാതെ ദേശീയ പതാക ഉയര്‍ത്തിയതിന് സ്‌കൂള്‍ അധികൃതരെ മുക്കാലിയില്‍ കെട്ടി അടിക്കാനും, ദേശീയഗാനത്തിന് പകരം വന്ദേമാതരം ചൊല്ലിയതിന് മോഹന്‍ ഭഗവതിനെ കൊഞ്ഞനം കുത്തിക്കാണിക്കാനും പാര്‍ട്ടി കോടതി വിധിച്ചു.

ആര്‍എസ്എസ് സര്‍സംഘചാലക് പതാക ഉയര്‍ത്താതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെക്കൊണ്ട് ഫത്വ പുറപ്പെടുവിച്ചും, പിന്നീട് അങ്ങനൊരു തീരുമാനം എടുത്തിട്ടേയില്ലെന്ന് ആണയിടുകയും ചെയ്ത സര്‍ക്കാരാണ് ഇപ്പോള്‍ കേസ്‌കെട്ടുമായി എത്തുന്നത്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണത്രെ പാവപ്പെട്ട ഒരു ഹെഡ്മാസ്റ്ററെയും സ്‌കൂള്‍ മാനേജരെയും നിയമം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. ആകാശത്തേക്കും, ചുറ്റുവട്ടത്തേക്കുമൊക്കെ വെടിവയ്ക്കാനുള്ള ആര്‍ഡറും പുള്ളിക്കാരന്റെ പാളക്കരയന്‍ നിക്കറിന്റെ പോക്കറ്റിലുണ്ടെന്നാണ് കേട്ടത്.

ദേശീയ പതാക തന്നെയാണോ പിണറായിക്ക് പ്രശ്‌നമെന്ന് ചോദിച്ചാല്‍ അരിയാഹാരം കഴിക്കുന്നവര്‍ അല്ലെന്നും, സ്ഥിരമായി ദേശാഭിമാനി മാത്രം വായിക്കുന്നവര്‍ ആണെന്നും പറയും. ഇന്ത്യന്‍ പട്ടാളത്തെ മൈക്ക് കെട്ടി അപമാനിച്ച പാര്‍ട്ടി സെക്രട്ടറിയും, കൊടും ഭീകരന്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിനം കരിദിനമായി പ്രഖ്യാപിച്ച ജനറല്‍ സെക്രട്ടറിയും ഉള്ള പാര്‍ട്ടിയാണ് സിപിഎം. ദേശസ്‌നേഹത്തിന്റെ കാര്യത്തില്‍ കട്ടയ്ക്ക് നില്‍ക്കും. തീര്‍ന്നില്ല, ഭാരത്തതെ വെട്ടിമുറിക്കണമെന്നും കശ്മീരും കേരളവും ആസാദി മാംഗേ എന്നും ജെഎന്‍യുവില്‍ കൂവി വിളിച്ചവര്‍ക്ക് പട്ടും വളയും അതിലൊരുത്തനെ പിടിച്ച് സംസ്ഥാനത്ത് എംഎല്‍എയുമാക്കിയവരാണ് ഇടത് പക്ഷം.

ദേശസ്‌നേഹം വല്ലാതെ കൂടും. കശ്മീരില്‍ ഉറി പട്ടാളക്യാമ്പ് പാകിസ്ഥാന്‍ ഭീകരര്‍ ആക്രമിച്ചപ്പോള്‍ കശ്മീരിലെ ഭീകരവാദി നേതാക്കളെ സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു സീതാറാം യെച്ചൂരിയും സംഘവും. ചൈനീസ് സേനയുമായി ഡോക്ലാമില്‍ ഇന്ത്യന്‍ പട്ടാളം നേര്‍ക്കുനേര്‍ നില്‍ക്കുമ്പോഴും സിപിഎം തനിനിറം കാട്ടി. ദീപാവലിക്ക് ചൈനീസ് എംബസിയില്‍ നിന്നും സമ്മാനപ്പൊതികള്‍ ഡല്‍ഹി എകെജി ഭവനിലേക്ക് എണ്ണം കണക്കാക്കിയെത്തി. എന്ത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരയായിരുന്നു അതെന്ന് സിപിഎം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും പൊതുജനത്തിന് ചിലതൊക്കെ മനസ്സിലായിട്ടുണ്ട്. ദേശീയഗാനം സിനിമാ തീയറ്ററുകളില്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധിയെ ആദ്യം എതിര്‍ത്തത് സിപിഎമ്മായിരുന്നു എന്നത് എത്രകണ്ട് ദേശസ്‌നേഹം ആ പാര്‍ട്ടിക്കുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെ ദേശീയഗാനത്തെ അപമാനിച്ച കുറ്റത്തിന് അറസ്റ്റിലായവരെല്ലാം ചോരച്ചാലുകള്‍ നീന്തിക്കയറിയ സഖാക്കളായിരുന്നു. ജാമ്യം നല്‍കാവുന്ന വകുപ്പുകള്‍ മാത്രം ചാര്‍ത്തി പുട്ട് പോലെ പ്രതികള്‍ പുറത്തിറങ്ങുകയും ചെയ്തു.

ഇനി മോഹന്‍ ഭഗവതിന്റെ പതാക ഉയര്‍ത്തല്‍ അഞ്ച് മാസങ്ങള്‍ക്കിപ്പുറം ഉയര്‍ന്ന് വന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമതായി എല്ലാവരും കൂടി പറഞ്ഞ് കോംപ്ലിമെന്റ്‌സ് ആക്കിയ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ മുറുകുകയാണ്. സിബിഐയിലെ പണിയറിയാവുന്ന പിള്ളേര്‍ ഹൈക്കോടതി വിധിക്ക് പിന്നാലെ കാനഡ വരെ പോയി തെളിവുകള്‍ ശേഖരിച്ച കഥ പിണറായി വിജയന്‍ അറിഞ്ഞു കഴിഞ്ഞു. യുഡി ക്ലാര്‍ക്കുമാരെ പ്രതികളാക്കി ഊരിപ്പോയ തരികിട പണി സുപ്രീംകോടതിയില്‍ വിലപ്പോവില്ലെന്ന് ചുരുക്കം. അതിനാല്‍ സിബിഐയെ നിയന്ത്രിക്കുന്ന കേന്ദ്രത്തോട് തനിക്കും വിഷപ്പല്ലുണ്ടെന്ന് പിണറായി പറയാതെ പറയുകയാണ്.

രണ്ടാമതായി പയ്യോളി മനോജ് കൊലയില്‍ അപ്രതീക്ഷിതമായാണ് സിബിഐ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പൊക്കിയത്. പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ കിട്ടിയ തിരിച്ചടി സിപിഎമ്മിനെ സംബന്ധിച്ച് ഒരു മുന്നറിയിപ്പ് കൂടിയാണ്. കാരണം സിബിഐ പ്രണയലേഖനവുമായി പിറകെ നടക്കുന്നവരുടെ കൂട്ടത്തില്‍ പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും പെടും. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നത് സര്‍ക്കാരിനെ ദേശീയ തലത്തില്‍ വരെ പ്രതിരോധത്തിലാക്കിക്കഴിഞ്ഞു. ദേശീയ മാദ്ധ്യമങ്ങളിലൊക്കെ നിറഞ്ഞ് നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ സിപിഎം കൊലവിളികളാണ്. ആര്‍എസ്എസ് മേധാവിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതോടെ കാര്യങ്ങള്‍ ആ വഴിക്ക് പൊയ്‌ക്കോളുമെന്ന് മുഖ്യമന്ത്രി കരുതിയിട്ടുണ്ടാകണം.

ശമ്പളം, പെന്‍ഷന്‍, അലവന്‍സുകള്‍ എന്നിവ കൊടുക്കാനില്ലാതെ തകര്‍ന്ന് തരിപ്പണമായി നില്‍ക്കുകയാണ് സര്‍ക്കാര്‍. ഇതിനിടയില്‍ കെഎഎസ് കൂടി നടപ്പിലാക്കി ഉദ്യോഗസ്ഥ പ്രതിഷേധവും ക്ഷണിച്ചു വരുത്തി. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ആത്മഹത്യയുടെ വക്കിലാണ്. ഭരിക്കാനറിയില്ലെന്ന മാനക്കേട് കൂടി കേള്‍ക്കാനുള്ള ത്രാണിയില്ലാത്തതിനാല്‍ തല്‍ക്കാല രക്ഷ മോഹന്‍ ഭഗവതും ദേശീയ പതാകയും തന്നെ. അഞ്ച് മാസത്തിനിപ്പുറം പാലക്കാട്ടെ പതാക പിണറായി ഉയര്‍ത്തിയതിന് ഇനിയുമുണ്ട് കാര്യം. ഓഖി ദുരന്തം നേരിടുന്നതില്‍ ചുഴലിക്കാറ്റിനേക്കാള്‍ വലിയ ദുരന്തമായ സര്‍ക്കാര്‍ ഏത് നിമിഷവും പങ്കായവുമായി മത്സ്യ്തതൊഴിലാളികള്‍ സെക്രട്ടേറിയറ്റിലേക്ക് കടന്ന് വരുന്നത് പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്രം അനുവദിച്ച തുക അല്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ കാല്‍ക്കാശില്ല. ഇനിയും കണ്ട് കിട്ടാത്ത മത്സ്യത്തൊഴിലാളികള്‍ വേറെയും. ചര്‍ച്ച മറ്റെന്തെങ്കിലും ആകണമെന്ന് പിണറായി ആഗ്രഹിക്കുന്നതിനെ തെറ്റ് പറയാനാകില്ല.

തീര്‍ന്നില്ല കാര്യങ്ങള്‍, ലളിത ജീവിതത്തിന്റെ പേരില്‍ ഒരാഴ്ചയായി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന് നിലവില്‍ തേര്‍ഡ് അമ്പയര്‍ ഡിസിഷന്‍ പെന്‍ഡിംഗില്‍ വച്ചിട്ടുള്ള കെ.കെ.ശൈലജയെ പിണറായിക്ക് കൈവിടാനാകില്ല. കണ്ണൂര്കാരി എന്നതിന് പുറമേ മന്ത്രിസഭയില്‍ ഇനിയൊരു വിക്കറ്റ് വീഴ്ച സര്‍ക്കാര്‍ താങ്ങില്ല എന്നത് കൊണ്ട് കൂടിയാണ്. ദേശസ്‌നേഹം കൂടുന്നതില്‍ തെറ്റ് പറയാനാകില്ല. അവസാനമായി, മുത്തലാഖ് നിരോധനത്തെ എതിര്‍ത്ത് സ്‌കോര്‍ ചെയ്ത് നില്‍ക്കുന്ന ലീഗിനിട്ട് ചെറിയൊരു പണി കൊടുക്കണം. ആര്‍എസ്എസ്സിന്റെ കഴുത്തിന് പിടിച്ചാല്‍ സന്തോഷമാകുന്ന മതമൗലികവാദികള്‍ ഉണ്ടെങ്കില്‍ അതായിക്കോട്ടെ അന്ന് പിണറായി അങ്ങ് കരുതി. അത്ര തന്നെ. അതേസമയം അശാന്തമായ കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തി പാര്‍ട്ടി സെക്രട്ടറിയായി താണതിന്റെ വരുംവരായ്കകള്‍ കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close