Movie

ഒരുപാട് ചിരിപ്പിച്ച ഒരുപാട് കരയിപ്പിച്ച ‘മണി‘ യോർമ്മകൾ

കെട്ടു കഥയാണെന്നറിഞ്ഞിട്ടും മരിച്ചുപോയ അച്ഛനെ കാണാൻ ആകാശത്തെ നക്ഷത്രങ്ങൾക്കിടയിലേക്ക് നോക്കിയിട്ടുണ്ടെന്ന് പറയുമ്പോൾ കലാഭവൻ മണിയുടെ കണ്ണുകളിൽ നീർതുള്ളികൾ തിളങ്ങിയിരുന്നു. ആ നക്ഷത്രകൂട്ടങ്ങൾക്കിടയിലേക്ക് മണി പോയ്മറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം.

1995 ൽ സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരത്തിലൂടെ മലയാള സിനിമയിലേക്കെത്തി. സല്ലാപത്തിലെ ചെത്തുകാരനിലൂടെ സുന്ദർദാസ് മണിയുടെ ഉള്ളിലുള്ള നടനെ മാത്രമല്ല ഗായകനെയും മലയാളികൾക്ക് മുന്നിലെത്തിച്ചു. നായിക മഞ്ജു വാര്യരെ നോക്കിയുള്ള ‘മുൻ കോപക്കാരീ മുഖം മറയ്ക്കും ‘ എന്ന പാട്ട് പ്രേക്ഷകർ നന്നായി ആസ്വദിച്ചു.

പിന്നീടങ്ങോട്ട് മണികിലുക്കമില്ലാത്ത ചിത്രങ്ങൾ വിരളമായിരുന്നു മലയാളത്തിൽ.വാസന്തിയും,ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ രാമുവായ്,ഛോട്ടാ മുംബൈയിലെ നടേശനായ് മണി തകർത്താടി.

‘വിശന്നിട്ടാ മുതലാളീ‘ എന്ന് പറഞ്ഞ കരുമാടിയെ കണ്ട് മലയാളി കുറച്ചൊന്നുമല്ല കരഞ്ഞത്.

ജീവിതം പകർന്നു നൽകിയ അനുഭവങ്ങളായിരുന്നു കലാഭവൻ മണിയെന്ന നടന്റെ കരുത്ത്.അഭ്രപാളിക്കുള്ളിൽ മണി കരയുമ്പോഴൊക്കെ ആ മനസ്സും തേങ്ങുന്നുണ്ടായിരുന്നു. അനുഭവിച്ചു തീർത്ത കഷ്ടപ്പാടുകളുടെയും,പട്ടിണിയുടെയും ഓർമ്മകളായിരുന്നു ആ കണ്ണുകളിലെ ഗ്ലിസറിൻ.

മറുമലർച്ചി എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ വെള്ളിത്തിരയിലേക്കും മണി ചുവട് വച്ചു.വില്ലനായും,കൊമേഡിയനായും തമിഴകത്തിൽ തിളങ്ങിയ മണി ജെമിനിയിലെ വൃത്യസ്ത വേഷത്തിന് 2002 ലെ മികച്ച വില്ലനുളള ഫിലിംഫെയര്‍ അവാര്‍ഡും സ്വന്തമാക്കി.

മണിയുടെ നടന വൈഭവത്തെ മാത്രമല്ല നാട് സ്വീകരിച്ചത്.പൂരപ്പറമ്പുകളിലും,ആൽത്തറ മേളങ്ങളിലും മലയാളി കൈയ്യടിച്ച് ആസ്വദിച്ചു ആ ചാലക്കുടിക്കാരന്റെ മണ്ണിന്റെയും,പുഴയുടെയും ഗന്ധമുള്ള പാട്ടുകൾ.

എല്ലാറ്റിനുമുപരിയായി മണിയുടെ ഉള്ളിലെ നാട്ടിൻ പുറത്തു കാരന്റെ നിഷ്കളങ്കതയാണ് മറഞ്ഞിട്ടും മണിയെ ഓരോ മനസ്സിലും ചേർത്തു നിർത്തുന്നത്. സങ്കടം പറയാനെത്തുന്നവരെ ചേർത്ത് നിർത്തി തലോടാനും,സഹായിക്കാനും ആ ചങ്ങാതി മറന്നില്ല.

ഒടുവിൽ ആരോടും പറയാതെ ഒരു നാൾ മരണത്തിന്റെ നിഴലു പറ്റി മണിയകന്നപ്പോൾ നാട് മുഴുവൻ തേങ്ങിയത് അദ്ദേഹം നടനായിരുന്നതു കൊണ്ട് മാത്രമായിരുന്നില്ല,അതിലുപരി ഒരുപാട് മനസ്സുകളെ ചേർത്തു പിടിച്ച നന്മ വറ്റാത്ത മനുഷ്യനായിരുന്നതുകൊണ്ടു കൂടിയാണ്.

മലയാളിയെ ഒരുപാട് ചിരിപ്പിച്ച് ആ ചിരി മറഞ്ഞെങ്കിലും, ആ ഓർമ്മകൾ മനസിലുണ്ടാകും നാടിന്റെ വെട്ടമായ മിന്നാമിനുങ്ങായി….

Shares 475

Post Your Comments

Close
Close