പ്രേക്ഷകരില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കാന്‍ ഷാജിപ്പാപ്പാനും പിള്ളേരും ആട് മൂന്നാം ഭാഗവുമായി വീണ്ടുമെത്തുന്നു. 3-Dയിലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ സംവിധായകന് മിഥുന് മാനുവല്‍ തോമസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. എത്ര മെനക്കെട്ടാണേലും ഇത് 3-Dയില്‍ ചെയ്യും എന്ന അടിക്കുറിപ്പോടെയാണ് ആട്-3യുടെ പോസ്റ്റര്‍ മിഥുന് ഷെയര്‍ ചെയ്തിരിക്കുന്നത്.
ജയസൂര്യയുടെ സിനിമാ ജീവിതത്തില്‍ ഏറെ പ്രശംസ നേടികൊടുത്ത കഥാപാത്രമായിരുന്നു ആട് ഒരു ഭീകരജീവിയിലെ ഷാജിപാപ്പന്. തിയേറ്ററില്‍ വിജയിക്കാതെ പോയ ചിത്രത്തിന് സമൂഹ മാദ്ധ്യമങ്ങള്‍ വഴി ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതേ തുടര്‍ന്ന് രണ്ടാം ഭാഗമായി പുറത്തിറക്കിയ ആട് 2 തിയേറ്ററുകളില്‍ വന്‍ വിജയമാണ് നേടിയത്. ഇരു ചിത്രങ്ങള്‍ക്കും ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് ആട്-3 പുറത്തിറക്കാന്‍ പദ്ധതി ഇടുന്നത്.