കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് എതിരെ കേസെടുക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് എടുത്ത കേസിലെ, തുടര്‍ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. വിശദമായ വാദം കേള്‍ക്കുന്നതിനു വേണ്ടി ഏപ്രില്‍ മൂന്നിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
കര്‍ദ്ദിനാളിനെതിരെ പരാതിയുമായി പോലിസ് സ്റ്റേഷനെ സമീപിച്ചതിന്റെ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിച്ചുവെന്ന് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്യലാണെന്ന വാദമാണ് പ്രധാനമായും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് ഉന്നയിച്ചത്. ഇത് മുഖവിലക്കെടുത്തു കൊണ്ടാണ് സിംഗിള്‍ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ചത്.
നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്, സാജു വര്‍ഗീസ് എന്നിവരേയും പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് ചോദ്യം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും, മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടനും നല്കിയ അപ്പീലിലാണ് നടപടി.