കൊൽക്കത്ത: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. നാല് മണിയ്ക്ക് മൊഹാലിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് – ഡെൽഹി ഡെയർ ഡെവിൾസിനെ നേരിടും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള രണ്ടാം മത്സരം കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി എട്ടിന് ആരംഭിക്കും.
കന്നി കിരീടം ലക്ഷമിടുന്ന റോയൽ ചലഞ്ചേഴ്സും മൂന്നാം കിരീടം സ്വന്താമാക്കാനിറങ്ങുന്ന നൈറ്റ് റൈഡേഴ്സും പോരാട്ടത്തിനിറങ്ങുന്നത് ഒരുപിടി നല്ല താരങ്ങളുമായാണ്.
വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂരിന്റെ ബാറ്റിംഗ് നിരയിൽ എബിഡിവില്ലിയേഴ്സും ബ്രണ്ടൻ മക്കല്ലവും ക്വിന്റൺ ഡി കോക്കും മൻന്ദീപ് സിംഗും, സർഫ്രാസ് ഖാനും മനൻ വോറയും. ഓൾറൗണ്ട് മികവുമായി മൊയിൻ അലിയും ക്രിസ് വോക്സും കോളിൻ ഡി ഗ്രാന്തോമുണ്ട്.
ബൗളിംഗിൽ കൊഹ്ലിയുടെ വജ്രായുധമായി യുസ്വേന്ദ്ര ചാഹലും, വാഷിംഗ്ടൺ സുന്ദറും. പേസ് പടയിൽ മുഹമ്മദ് സിറാജിനൊപ്പം നഥാൻ കോട്ടർനൈലും ടിം സൗത്തിയും.
മൂന്നാം കിരീടം ലക്ഷ്യമിടുന്ന കൊൽക്കത്തയുടെ നായകസ്ഥാനത്ത് ഗംഭീറിന്റ പകരക്കാരനായി ദിനേശ് കാർത്തിക് അരങ്ങേറും. ടീമിന്റെ തുറപ്പുചീട്ടാകാൻ ആന്ദ്രെ റസലെത്തുന്നു. ഒപ്പം ക്രിസ് ലീനും. സുനിൽ നരൈനും.
ബൗളിംഗിൽ വ്യത്യസ്തത തീർക്കാൻ പീയുഷ് ചൗവ്ലയും ചീനമെൻ ബൗളർ കുൽദീപ് യാദവും. മിച്ചൽ സ്റ്റാർക്കും മിച്ചൽ ജോൺസനും നയിക്കുന്ന ബൗളിംഗ് നിരയിൽ അണ്ടർ 19 താരങ്ങളായ കമലേഷ് നാഗർകോട്ടിയും ശിവം മാവിയും അരങ്ങേറും.
വീറൂറ്റ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് ഈഡൻ ഗാർഡൻസ്.