MovieMovie Reviews

ഒരുകൂട്ടം നുണകളുടെ മേൽ കെട്ടിപ്പൊക്കിയതിനെ ചരിത്രമെന്ന് വിളിക്കുന്നു

സൂരജ് ഇലന്തൂർ

“HISTORY IS A SET OF LIES AGREED UPON…”
‘ഒരുകൂട്ടം നുണകളുടെ മേൽ കെട്ടിപ്പൊക്കിയതിനെ ചരിത്രമെന്ന് വിളിക്കുന്നു.’

നെപ്പോളിയൻ ബോണപ്പാർട്ടിന്റെ വിശ്വപ്രസിദ്ധമായ ഈ വാക്കുകളാണ് കമ്മാരസംഭവത്തിന്റെ തലവാചകം.

മുരളിഗോപി എന്ന രചയിതാവിന്റെ ഏതൊരു സിനിമക്കും ഒരു തലവാചകം ഉണ്ടാകും.. അതിനെ ആസ്പദമാക്കിയായിരിക്കും ആ സിനിമയുടെ പ്രയാണവും. ദിലീപിന്റെ രാമലീലക്ക് ശേഷമുള്ള മാസ്സ് സിനിമയായിരിക്കും കമ്മാരസംഭവമെന്നായിരുന്നു ആരാധക-പ്രേക്ഷക കണക്കുകൂട്ടലുകൾ.

വ്യത്യസ്തമായ ഗെറ്റപ്പുകളിൽ ഇറങ്ങിയ ചടുലമായ ടീസറുകൾ റിലീസിന് മുൻപേതന്നെ ആ കണക്കുകൂട്ടലുകൾക്ക് ഊർജ്ജവും പകർന്നുകൊടുത്തിരുന്നു. പക്ഷെ ആധുനിക ഇന്ത്യയുടെ പല രാഷ്ട്രീയവിഗ്രഹങ്ങളുടെയും മുഖമടച്ചുള്ള കനത്ത അടിയാണ് കമ്മാരൻ തന്റെ ജീവിതകഥയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.

ഇന്ത്യ അഥവാ ഭാരതം എന്നും ഒരു സമസ്യയാണ്. വർഗ്ഗ വർണ്ണ ഭാഷാ വൈജാത്യങ്ങളും, ഭൂമിശാസ്ത്രപരമായ അന്തരങ്ങളും, ആചാരങ്ങളും ഗോത്രങ്ങളും, പ്രകൃതി സമ്പത്തും എന്തിനു രാഷ്ട്രീയം പോലും ഇന്ത്യയിൽ എന്നുമൊരു സമസ്യയാണ്.

ലോകത് ഏറ്റവും കൂടുതൽ വൈദേശികാധിപത്യത്തിന് ഇരയായ മണ്ണ് എന്നു പറഞ്ഞാലും തെല്ലും അതിശയോക്തിയില്ല. കമ്മാരന്റെ കഥ തുടങ്ങുന്നത് ആധുനിക കാലത്തിലാണ്. അതായത് രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി ചരിത്രം വളച്ചൊടിക്കപ്പെടുന്ന കേരളത്തിന്റെ പശ്ചാത്തലത്തിൽ.

മദ്യനയം കൊണ്ട് വെള്ളംകുടി മുട്ടിപ്പോയ ഒരുകൂട്ടം അബ്കാരികളുടെ തലയിലുദിച്ച ആശയത്തെ സിനിമയെന്ന മാധ്യമം വഴി കേരളജനതയുടെ തലച്ചോറിലേക്ക് എങ്ങനെ അടിച്ചേൽപ്പിക്കുന്നു എന്നതാണ് സിനിമയുടെ തുടക്കം പറയുന്നത്.

സ്വാതന്ത്ര്യസമരകാലത്തെ ധീരനായ പോരാളിയായ ഒതേനൻ നമ്പ്യാരെ ഒറ്റുകൊടുത്തു ചതിച്ച കമ്മാരൻ നമ്പ്യാരെ സിനിമയിലൂടെ വീരനായകനാക്കുകയും അതുവഴി കമ്മാരൻ പണ്ട് പ്രവർത്തിച്ചുവെന്നു പറയപ്പെടുന്ന ഈർക്കിൽ പാർട്ടിക്ക് കേരളത്തിൽ ഭരണം നേടിക്കൊടുക്കുന്നതുമാണ് കഥാതന്തു.

3 മണിക്കൂർ 20 മിനിറ്റ് ദൈർഘ്യമുള്ള സിനിമ ഉയർത്തുന്ന ചോദ്യങ്ങൾ കാലികപ്രസക്തമാണ്. സ്വാതനന്ത്ര്യാനന്തര ഭാരതത്തിൽ വീരനായകരായി അവതരിക്കപ്പെട്ടവർ യാഥാർത്ഥത്തിൽ അതിനർഹരാണോ എന്നും. ത്യാഗവും ക്ലേശവും സഹിച്ചുകൊണ്ട് ജന്മഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ അനേകായിരം അറിയപ്പെടാത്ത ധീര ദേശാഭിമാനികളുടെ ചോരയിൽ ചവിട്ടി നിന്നല്ലേ ഇന്ത്യ കണ്ട പല നേതാക്കളും ഭരണകസേരയിൽ എത്തിച്ചേർന്നത് എന്നുമുള്ള പ്രസക്തമായ എന്നാൽ ചിന്തിക്കേണ്ടതുമായ ചോദ്യങ്ങൾ.

അങ്ങനെ തന്നെയാണ് സ്വതന്ത്ര ഭാരതത്തിൽ സംഭവിച്ചതെന്ന് പറയാതെ പറയുന്നു കമ്മാരന്റെ ജീവിത സംഭവങ്ങളിലൂടെ മുരളി ഗോപി.

വൃദ്ധനായ കമ്മാരനെ തേടികണ്ടുപിടിച്ച് സിനിമ നിർമ്മിക്കാൻ വരുന്ന പ്രശസ്ത സംവിധായകനോട് കമ്മാരൻ തന്റെ കഥ പറയുന്ന ആദ്യപകുതി തീർത്തും ചടുലമാണ്. 1945 ലെ രണ്ടാം ലോകമഹായുദ്ധ പശ്ചാത്തലത്തിൽ പറഞ്ഞ കഥ മേക്കിങ്ങിൽ പൂർണ്ണമായും നീതി പുലർത്തിയിരിക്കുന്നു. എന്നാൽ രണ്ടാം പകുതി തീർത്തും മന്ദഗതിയിൽ തുടങ്ങി അതേരീതിയിലാണ് മുന്നോട്ട് പോകുന്നത്.

ഒറ്റുകാരനായ ഒരുവനെ സിനിമയിലൂടെ വീരനായകനാക്കി ഒടുവിൽ ഭരണം നേടുന്ന അവസ്ഥ കാണുമ്പോൾ കേരളത്തിലെ ചില നേതാക്കളെ ഓർമ്മ വരുന്നുവെങ്കിൽ കുറ്റം പറയാൻ സാധിക്കില്ല. അതുകൊണ്ടു തന്നെയായിരിക്കാം കേരളത്തിന്റെ പശ്ചാത്തലത്തിൽ ഈ സിനിമ ഒരുക്കിയതും.

വിലക്കെടുക്കപ്പെട്ട ചരിത്രകാരന്മാരാൽ നിർമ്മിക്കപ്പെട്ട സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ചില നേതാക്കളെങ്കിലും ഒറ്റുകാരായിരുന്നു എന്നത് കാലം തെളിയിച്ചതാണ് പല രൂപത്തിലും പല സാഹചര്യങ്ങളിലും. കമ്മാരൻ നമ്പ്യാരെ അവരുടെ പ്രതിനിധിയാക്കി നവാഗത സംവിധായകനായ രതീഷ് അമ്പാട്ട് ഗംഭീരമായ അരങ്ങേറ്റമാണ് കുറിച്ചിരിക്കുന്നത്. അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒരു പ്രമേയം തീർത്തും കൈയടക്കത്തോടെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു .

ചില രംഗങ്ങളിലെ അമിതാഭിനയം അരോചകമാകുന്നുണ്ടെങ്കിലും ദിലീപെന്ന നടന്റെ കരിയറിലെ ഏറ്റവും ഹെവി കഥാപാത്രമാണ് മൂന്നു ഗെറ്റ്അപ്പുകളിൽ വരുന്ന കമ്മാരൻ നമ്പ്യാർ. ഇതിനു പുറമെ സിനിമാനടൻ ദിലീപായി തന്നെയും അദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്.

തമിഴ് യുവനടൻ സിദ്ധാർഥ് ഒതേനൻ നമ്പ്യാരായി മികവുറ്റ അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. മുരളി ഗോപിയും പതിവുപോലെ തന്റെ കഥാപാത്രത്തെ, കേളു നമ്പ്യാരെ അവിസ്മരണീയമാക്കിയിട്ടുണ്ട്. നമിതാ പ്രമോദും, ശ്വേതാ മേനോനും, സിദ്ധിക്കുമെല്ലാം തങ്ങളെ ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്.

അഭിനയമേഖലയെക്കാൾ സാങ്കേതിക തികവാണ് കമ്മാരസംഭവത്തെ ഉയർത്തിനിർത്തുന്നത് എന്ന് നിസ്സംശയം പറയാം.

എടുത്തുപറയേണ്ടത് പുതുമുഖ ഛായാഗ്രാഹകനായ സുനിൽ.കെ.എസ്സിനെയാണ്. കുറ്റമറ്റ ഛായാഗ്രഹണ മികവാണ് അദ്ദേഹം പ്രദർശിപ്പിച്ചത്. ഗോപീസുന്ദറിന്റെ സംഗീതം മറ്റൊരു മുതൽക്കൂട്ടാണ്. പ്രത്യേകിച്ച് പശ്ചാത്തല സംഗീതം. സൗണ്ട് ഡിസൈൻ നിർവ്വഹിച്ച റസൂൽ പൂക്കുട്ടി പതിവ് പോലെ തന്റെ പ്രതിഭയോട് നീതി പുലർത്തി.

ചിത്രത്തിലെ യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും സ്വാഭാവികമായി ചിത്രീകരിക്കാൻ ഗ്രാഫിക്സ് ടീമിന്റെ സംഭാവന വളരെ വലുതാണ്. കലാസംവിധാനവും, എഡിറ്റിങ്ങും എടുത്തുപറയേണ്ടതാണ്.

വളച്ചൊടിക്കപ്പെട്ട ചരിത്ര നിർമ്മിതിയുടെ സഹായത്താൽ കമ്മാരൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകമനസ്സുകളിൽ ഉയരാൻ സാധ്യതയുള്ള ചോദ്യങ്ങൾ എഴുതിചേർക്കപ്പെട്ട ഇന്ത്യൻ ചരിത്രത്തിനു നേരെയുള്ള ചോദ്യചിഹ്നങ്ങളായിരിക്കും അവശേഷിപ്പിക്കുക.

സിനിമയുൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ വഴി ഒറ്റുകാരുടെ ചരിത്രം പുനർ നിർമ്മിച്ച് അവരെ വീരനായകരാക്കുന്ന ആ ചരിത്രത്തിനു നേരെയുള്ള ചോദ്യചിഹ്നം…!

അതുകൊണ്ടു തന്നെയായിരിക്കാം വിശ്വവിഖ്യാതമായ ആ നെപ്പോളിയൻ വരികൾ കമ്മാരസംഭവത്തിന്റെ തലവാചകമായത്.

944 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close