Entertainment

‘ജോർജേട്ടൻസ് രാഗം’ വീണ്ടും വരുന്നു; തരംഗമായി ‘മ്മ്‌ടെ രാഗം’

തൃശൂർ: തൃശൂരിന്റെ അടയാളമായ രാഗം തിയേറ്റര്‍ വീണ്ടും വരികയാണ്. നാലുവർഷം വർഷം മുമ്പ് പൂട്ടി താഴിട്ട തിയേറ്റർ വീണ്ടും തുറക്കുകയാണ്. 40 വർഷത്തെ പ്രവർത്തനത്തിന് ശേഷം അടച്ച ‘ജോർജേട്ടൻസ് രാഗം’ എന്ന സ്വരാജ് റൌണ്ടിലെ രാഗമാണ് ഈ പൂരക്കാലത്ത് തൃശൂരുകാരുടെ ആവേശം ഇരട്ടിയാക്കി വീണ്ടും തുറക്കുന്നത്. പുതിയ സാങ്കേതികത്തികവോടെയെത്തുന്ന രാഗത്തെ വരവേൽക്കാൻ തൃശൂരുകാരും ഒരുങ്ങിക്കഴിഞ്ഞു.

രാഗത്തിന്റെ തിരിച്ചുവരവ് ആസ്പദമാക്കി ബാഡ്‌സ് എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ പാപ്പരാസി മീഡിയ തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിന് ഇതിനോടകം തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.  തൃശൂരിന്റെ അടയാളമായ രാഗം തിയേറ്റര്‍ വീണ്ടും വരുമ്പോൾ തൃശൂരുകാർ ഗൃഹാതുരതയോടെ ഓർക്കുകയാണ് ആ രാഗം കാലം. ഒരു കാലത്ത് ചെറുപ്പക്കാരുടെയടക്കം തൃശൂരിലെ എല്ലാ ഗഡികളുടെയും ഉൽസവപ്പറമ്പായിരുന്നു രാഗം തിയേറ്റർ. ആ കഥയാണ് ‘മ്മ്‌ടെ രാഗം’ എന്ന ഹ്രസ്വ ചിത്രത്തിൽ പറയുന്നത്.

പുതിയ രൂപഭാവങ്ങളോടെ രാഗം തിയേറ്റര്‍ വീണ്ടും വരുമ്പോൾ ‘മ്മ്‌ടെ രാഗം’ ഹ്രസ്വ ചിത്രം ഗൃഹാതുതരതയിലേക്കുള്ള സഞ്ചാരം മാത്രമല്ല പുത്തൻ പ്രതീക്ഷകളുടേത് കൂടിയാണ്. ഗജശ്രേഷ്ഠനായ തിരുവമ്പാടി ശിവസുന്ദർ ഈ പുരത്തിനില്ലാത്തതിന്റെ വിഷമം പങ്കിടുന്നതോടെയാണ് ഹ്രസ്വ ചിത്രം തുടങ്ങുന്നത്.

ശിവസുന്ദർ അടുത്തിടെ ചരിഞ്ഞത് വേദന നിറഞ്ഞ ഓർമയെങ്കിലും, ഈ പൂരത്തിന്റെ വലിയ പ്രതീക്ഷയാണ് ജോർജേട്ടന്റെ ആ പഴയ രാഗം തിയേറ്റർ വീണ്ടും തുറക്കുമ്പോൾ ഉള്ള ഉൽസവ ലഹരി. പഴയ 25 രൂപ ടിക്കറ്റ് ഇനി ഉണ്ടാവില്ലെങ്കിലും, പുതിയ മേക്കോവർ കാണാൻ തൃശൂർകാർ ഏറെ കൊതിയോടെയാണ് കാത്തിരിക്കുന്നതെന്നും ചിത്രത്തിൽ പറയുന്നു.

1974 ആഗസ്ത് 24 നാണ് ‘രാഗ’ത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ “നെല്ല്’. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ പ്രദര്‍ശനത്തിന് പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ “രാഗ’ത്തിലെത്തിയിരുന്നു. തുടങ്ങുമ്പോള്‍ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു രാഗം. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരുന്നു തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.

മലയാള സിനിമാചരിത്രത്തില്‍ എപ്പോഴൊക്കെ പുതുമകളും പരീക്ഷണങ്ങളും പരീക്ഷിക്കുന്നുവോ അപ്പോഴെല്ലാം “രാഗ’ത്തിലാണ് ആ സിനിമ പ്രദര്‍ശനത്തിനെത്തുക. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം “തച്ചോളി അമ്പു’, ആദ്യത്തെ 70 എംഎം ചിത്രം ‘പടയോട്ടം’, ആദ്യത്തെ ത്രീഡി സിനിമ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചു. ‘ഷോലെ’, ‘ബെന്‍ഹര്‍’, ‘ടൈറ്റാനിക്’ തുടങ്ങിയ ചിത്രങ്ങള്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും കാണാന്‍ രാഗം പ്രേക്ഷകര്‍ക്ക് വഴിയൊരുക്കി. ‘ടൈറ്റാനിക്’ 140 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്.

ഏറ്റവും കൂടുതല്‍ വിതരണ- പ്രദര്‍ശന ഷെയര്‍ ലഭിച്ചത് മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ദൃശ്യം’ പ്രദര്‍ശിപ്പിച്ചപ്പോഴായിരുന്നു.

529 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close