ഹൈദരാബാദ്: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കൊൽക്കത്ത പ്ലേ ഓഫിലേക്ക് മുന്നേറിയത്.
173 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. ക്രിസ് ലിന്നും സുനിൽ നരേനും നൽകിയ മികച്ച തുടക്കം മധ്യനിര പ്രയോജനപ്പെടുത്തി.
സൺറൈസേഴ്സിനു വേണ്ടി സിദ്ധാർത്ഥ് കൗളും ബ്രാത്വൈറ്റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസ് നേടിയത്. ശിഖർ ധവാൻ 50 ഉം കെയിൻ വില്യംസൺ 36 ഉം ശ്രീവത്സ് ഗോസ്വാമി 35ഉം റൺസെടുത്തു.