Special

അവഹേളന രസവിദ്യയുടെ ചരിത്രം

രഞ്ജിത്ത് ജി കാഞ്ഞിരത്തിൽ

ശ്രീമാൻ എസ് ഹരീഷിന്റേതായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന മീശ എന്ന നോവലിൽ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകൾ ലൈംഗിക ബന്ധത്തിനായി പോകുന്നു എന്നുള്ള ആക്ഷേപം ഉൾപ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധം സൈബറിടത്തിൽ തുടരുകയാണല്ലോ. നിരവധി ക്ഷേത്രവിശ്വാസികൾ മാതൃഭൂമി നിർത്തുന്ന രീതിയിലേക്ക് അതൊടുവിൽ വളർന്നപ്പോൾ നോവൽ ഹരീഷ് പിൻ വലിച്ചതായി വാർത്ത വരികയും ചെയ്തു. പ്രസ്തുത അവഹേളന പരാമർശങ്ങൾ എല്ലാവരും കണ്ടും കേട്ടും മനസ്സിലാക്കിയതിനാൽ അതിവിടെ ഉദ്ധരിക്കുന്നില്ല.എന്നാൽ അതിന്റെ പശ്ചാത്തലത്തെക്കുറിച്ചും രചനാ രസവിദ്യയെക്കുറിച്ചും നാം അറിഞ്ഞിരിക്കണം. തങ്ങളുടെ വിശ്വാസപ്രമാണങ്ങളേ മുച്ചൂടും ആക്ഷേപിച്ച എഴുത്തുകാരനോട് പ്രതിഷേധിക്കുന്നവർ ഫാസിസ്റ്റുകളാണെന്നുള്ള ആരോപണം വന്നു കഴിഞ്ഞു. അങ്ങിനെ പ്രതിഷേധിക്കുന്നവരോട് മീശ പിരിച്ചു കാണിക്കുന്നതിന് മുൻപ് മലയാള സാഹിത്യത്തിൽ ഹരീഷിന്റെ രചനകളിലൂടെ മാത്രം ചരിത്രത്തിന്റെ മാപിനി വെച്ചൊരു പിന്നോക്കം പോകൽ വേണ്ടി വരും.

വരൂ നമുക്ക് 2003 ലേക്ക് പോകാം.ആ വർഷമാണ് എസ് ഹരീഷ് എന്ന താരതമ്യേന തുടക്കക്കാരന്റെ ഒരു കഥ -രസവിദ്യയുടെ ചരിത്രം പ്രസിദ്ധീകരിച്ചത്. തൃശൂർ കറന്റ് ബുക്സ് അവരുടെ സ്ഥാപകന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ തോമസ് മുണ്ടശ്ശേരി കഥാ പുരസ്‌കാരം ആ കഥക്ക് ലഭിച്ചു. പിന്നീട് 2005 ൽ തൃശൂർ കറന്റ് ബുക്സ് തന്നെ രസവിദ്യയുടെ ചരിത്രം എന്ന പേരിൽ ഒരു കഥാ സമാഹാരവും പുറത്തിറക്കി. 2013 ലെ സമകാലിക മലയാളം ഓണപ്പതിപ്പിൽ പ്രസ്തുത കഥ പുനഃ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് സമയക്രമം.ഇതിലെ വർഷങ്ങൾ മാത്രം ശ്രദ്ധിച്ച ശേഷം കാര്യത്തിലേക്ക് കടക്കാം.

ലോകസഞ്ചാരിയായിരുന്ന ഡച്ചുകാരൻ ഹ്യു സ്റ്റാർട്ടിന്റെ യാത്രക്കുറിപ്പുകളുടെ തലത്തിലാണ് രസവിദ്യയുടെ ചരിത്രം എന്ന കഥ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മലബാർ തീരത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവിതാംകോട്ട് അയ്യാസ്വാമി എന്നയാൾ വിലകുറഞ്ഞ ലോഹങ്ങളെ സ്വർണമാക്കുന്ന രാസവിദ്യ അഥവാ ആല്കെമി കണ്ടെത്തുന്നതിന് നടത്തുന്ന ശ്രമങ്ങളാണ് കഥാ തന്തു.തിരുവിതാംകോട്ടെ സർക്കാർ ശേവുകത്തിൽ ഒരു കൊട്ടാരം വിചാരിപ്പുകാരനായി ഔദ്യോഗിക വൃത്തി നടത്തുകയും പിൽക്കാലത്ത് തൈക്കാട് അയ്യാഗുരു എന്നപേരിൽ പ്രസിദ്ധനാവുകയും ചെയ്ത;പൂർവാശ്രമത്തിൽ സുബ്ബരായൻ(ചെങ്കൽപേട്ട സ്വദേശം) എന്ന് പേരായിരുന്ന മഹാമനീഷിയേക്കുറിച്ചാണ് പ്രതിപാദ്യം.

കഥയിലെ ഒരു ഭാഗം വായിക്കാം. “അകാലത്തിൽ ജീവിക്കുന്നവരെന്നു തോന്നിക്കുന്ന രണ്ടു വിചിത്ര സ്വഭാവികളായ ശിഷ്യന്മാർ -നാണുവും ചട്ടമ്പിയും -അയാളോടൊപ്പം സദാനേരവുമുണ്ട് .ആസനങ്ങളും പ്രാണായാമവും പഠിക്കുകയാണവർ.നാണു ഈഴവനും അപരൻ നായരുമാണ്.(തെങ്ങിൽ നിന്നും കള്ള് എന്ന പാനീയം ചെത്തിയെടുക്കുന്ന ജാതിയാണ് ഈഴവർ.ഇത് നമ്മുടെ ബ്രാണ്ടിയോളം സുഖകരമല്ല).ഈ ജാതിക്കാർ ഒരുമിച്ചു താമസിക്കുന്നത് തിരുവിതാംകോട് സുഖകരമല്ലാത്ത കാര്യമായതു കൊണ്ടു തന്നെ അവരെ സംശയിക്കേണ്ടതുണ്ട്.ചട്ടമ്പി ഒരു ഇരട്ടച്ചാരനായിരുന്നെന്നാണ് ഇപ്പോഴുമെന്റെ വിശ്വാസം. ഇംഗ്ലീഷുകാർക്കു വേണ്ടിയും തിരുവിതാംകോട് രാജാവിന് വേണ്ടിയും ഒരേ സമയം അയാൾ ആൽക്കെമി രഹസ്യങ്ങൾ ചോർത്തി ക്കൊടുത്തിരുന്നു.ചോളാ ഭാഷയിലും ഗ്രന്ഥങ്ങളിലും അതീവ താത്‌പര്യം കാണിച്ചിരുന്ന നാണു, ചട്ടമ്പിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനെന്തിയ മറ്റൊരു ഇംഗ്ലീഷ് ചാരനായിരുന്നിരിക്കണം.”

ഒരു അനുവാചകൻ -പഠിതാവ് ,മുൻപ് ഉപയോഗിച്ച അതേ മാപിനിയുപയോഗിച്ച് ചരിത്രത്തിലൂടെ ഒരല്പം മുന്നോട്ടു പോകണം.ഇന്നേക്ക് ഏകദേശം രണ്ടു വര്ഷം മുൻപ് ,കൃത്യമായിപ്പറഞ്ഞാൽ 2016 ഒക്ടോബറിൽ ,അതായത് മലയാള സാഹിത്യത്തീൻമേശയിൽ സന്തോഷ് ഏച്ചിക്കാനം വിളമ്പി വെച്ച കാസർകോടൻ ബിരിയാണിയിൽ റൂബൻ ഡിക്രൂസും ,മൗദൂദി മാനസരായ വേറെ ചിലരും വിഷം വാരിയിട്ടതിന്റെ പിറ്റേ മാസം;അന്നൊരു ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന് എസ് ഹരീഷിന്റെ മുഖമായിരുന്നു.ഉള്ളിൽ അദ്ദേഹത്തിന്റേതായി ഒരു കഥയുണ്ടായിരുന്നു.കഥയുടെ പേര്”മോദസ്ഥിതനായങ്ങ് വസിപ്പൂ മലപോലെ”. അങ്ങേയറ്റം കാവ്യാത്മകമായ പേര്…!! അല്ലേ..?ശ്രീനാരായണ ഗുരുദേവന്റെ ഷഷ്ടി പൂർത്തിയോടനുബന്ധിച്ചു കുമാരനാശാൻ എഴുതി ഗുരുവിന്റെ തൃപ്പാദങ്ങളിൽ ഭക്ത്യാദരപൂർവ്വം സമർപ്പിച്ച ഗുരുസ്തവത്തിലേതാണീ വരികൾ. ആശാന്റെ വനമാല എന്ന കാവ്യസമാഹാരത്തിൽ ഈ കവിത ചേർത്തിട്ടുമുണ്ട്.കൂടാതെ നാരായണമൂർത്തേ ഗുരു നാരായണ മൂർത്തേ എന്ന് തുടങ്ങുന്ന ആ കവിത നിത്യവും പ്രഭാതത്തിൽ മിക്ക ഗുരുമന്ദിരങ്ങളിലും കേൾക്കുകയും ചെയ്യും. പവിത്ര (ഈഴവ) -അനൂപ് (നായർ ) എന്നീ രണ്ടു ചെറുബാല്യക്കാരുടെ മിശ്രജാതി പ്രേമം അവരുടെ വീട്ടുകാർ ഇടപെട്ടു അംഗീകരിച്ചു സഫലമാക്കുന്നതാണ് കഥയുടെ പശ്ചാത്തലം.നായർ വരന്റെ വീട്ടുകാർ ഈഴവ വധുവിന്റെ വീട്ടിലേക്ക് വിവാഹ നിശ്ചയ ചടങ്ങിന് വരുന്നു.അവിടെ ഇടപഴകുന്ന മനുഷ്യരുടെ പെരുമാറ്റ സംസാര ചിത്രീകരണത്തിലൂടെ ഈ രണ്ടു സമുദായങ്ങളിലെ ചെറിയ ചെറിയ വൈജാത്യങ്ങളെടുത്ത് കടുംനിറക്കൂട്ടിൽ പൊലിപ്പിച്ചു കിട്ടിയിരിക്കുന്നു ഹരീഷ്. തിന്നുക /ഉണ്ണുക ,പപ്പടം വറുക്കുക /പപ്പടം കാച്ചുക , ആനേനെ/ആനയെ ,ഭക്ഷണത്തിലെ വെളുത്തുള്ളിയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ,കല്യാണത്തിലെ ചടങ്ങുകളുടെ വ്യത്യാസം എന്നിവയേയാണ് ഈഴവ നായർ യോജിപ്പ് നടക്കാതിരിക്കുന്നതിനുള്ള കുറ്റപത്രത്തിലെ ഹരീഷിന്റെ വാദഗതികൾ.വരന്റെ വീട്ടുകാരായ നായർ കുടുബത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി തങ്ങളുടെ രീതികൾ മാറ്റുന്ന ഈഴവ വധുവിന്റെ കുടുംബം എന്നതാണ് ചിത്രീകരണം.ഒരുകാലത്തും മേൽപ്പടി ജാതി സമൂഹങ്ങൾ യോജിക്കരുത് എന്നുള്ള ഹിന്ദു വിരുദ്ധ സാമാന്യബോധത്തെ അടിവരയിട്ടുറപ്പിക്കുവാൻ ഹരീഷ് ശ്രമിക്കുന്നു.

കഥയിലെ പവിത്രയുടെ കുടുംബം സാമാന്യം പണക്കാരാണ്.രണ്ടായിരം പേർക്കുള്ള സദ്യകൊടുക്കാനുള്ള സ്ഥലം വീട്ടിന്റെ മുറ്റത്തുള്ളവരാണവർ ,ബന്ധുക്കൾക്ക് അനേകം ബോട്ടുകളുമുണ്ട്.പക്ഷെ ഹരീഷിന്റെ കഥയിൽ പവിത്രയുടെ ഈഴവ കുടുംബം പണക്കാരായത് കള്ള് ഷാപ്പ് നടത്തിയായിരുന്നു എന്ന് മാത്രം.ശ്രീനാരായണീയർ നേടിയ സാമ്പത്തിക അഭിവൃദ്ധി കള്ള് കച്ചവടത്തിലൂടെയാണ് എന്ന് കഥ വരികൾക്കിടയിലൂടെയല്ല നേരെ തന്നെ പറഞ്ഞു വെക്കുന്നു.

ഭൂതം വർത്തമാനം ഭാവി എന്നീ ത്രയങ്ങളിൽ നേർരേഖയിൽ ചരിക്കുന്നതാണ് ചരിത്രം.ഇവിടെ പ്രസ്താവിച്ച ഹരീഷിന്റെ ആദ്യകഥ ” രസവിദ്യയുടെ ചരിത്രത്തിൽ ശ്രീനാരായണ ഗുരുദേവനെയും ചട്ടമ്പി സ്വാമികളെയും പരാമർശിക്കുന്ന ഭാഗത്ത് നിന്ന് ഒരു രേഖവരച്ചാൽഅത് ഒരല്പം പോലും വളവു തിരിവുകളില്ലാതെ മോദസ്ഥിതനിൽ എത്തി നിൽക്കും.ഡച്ചുകാരൻ ഹു സ്റ്റാർട്ടിന്റെ അഭിപ്രായമെന്ന രീതിയിൽ നായരും ഈഴവനും ഒന്നിച്ചു താമസിക്കുന്നത് തിരുവിതാംകോട്ട് പതിവില്ലാത്ത കാര്യമാണെന്നും ആകയാൽ അവരെ സംശയിക്കേണ്ടതുണ്ടെന്നും ഹരീഷ് സ്ഥാപിക്കുന്നു.ആ ദോഷൈക ദൃഷ്ടിയുടെ വിശ്വരൂപ പ്രകാശനമാണ് പിന്നാലെ വന്ന മോദസ്ഥിതനിൽ ഹരീഷ് നടത്തുന്നത്. ഹൈന്ദവ ഐക്യം എന്ന അനിവാര്യമായ ആശയത്തെ ഹിന്ദു വിരുദ്ധർ സ്ഥിരമായി ചോദ്യം ചെയ്യുന്നത് വിവാഹം എന്ന സംവിധാനം ഉപയോഗിച്ചാണ്.നായർ ഈഴവ വിവാഹങ്ങൾ നടക്കുമോ അഥവാ ഹിന്ദു ഐക്യം പറയുന്നവർ മിശ്രജാതി വിവാഹങ്ങൾ നടത്തുമോ എന്നുള്ള വായ്ത്താരി അന്തരീക്ഷത്തിൽ നിത്യവും മുഴങ്ങിക്കേൾക്കുന്ന ഒന്നാണ്.എന്നാലിതിനെ തികഞ്ഞ വക്രബുദ്ധിയോടെയാണ് ഹരീഷ് സമീപിക്കുന്നത്.ധാരാളം നായർ ഈഴവ വിവാഹങ്ങളും ഹിന്ദുമതത്തിലെ മറ്റു മിശ്ര ജാതി വിവാഹങ്ങളും സാധാരണമായ ഒരു കാലഘട്ടത്തിൽ ഹിന്ദുഐക്യപ്രണേതാക്കൾ മിശ്രജാതി വിവാഹങ്ങൾ നടത്തുമോ എന്നുള്ള ചോദ്യം തന്നെ തികച്ചും അപ്രസക്തമായിക്കൊണ്ടിരിക്കുമ്പോൾ നായർ ഈഴവ വിവാഹങ്ങൾ നടന്നാൽ ആറ്റം ബോംബ് വീഴും എന്ന രീതിയിലൊരു ചിത്രീകരണമാണ് ഈ കഥയിൽ നടത്തുന്നത്.ഇവിടെ കഥാനായിക അല്ലെങ്കിൽ വധു ആണ് ഈഴവ സമുദായത്തിൽ നിന്നുള്ളത്.

എന്തുകൊണ്ടായിരിക്കുംഹരീഷ് തന്റെ കഥയിൽ നായർവധുവും ഈഴവവരനും നിർമ്മിക്കാതിരുന്നത്.??

സ്വാഭാവികമായും അത്തരമൊരു സാഹചര്യത്തിൽ വധുവിന്റെ വീട്ടുകാർ തന്നെയാകും കൂടുതൽ സമവായത്തിന് തയ്യാറാകുക.അതിൽ ജാതിയോ ഉച്ചനീചത്വങ്ങളോ ഹൈന്ദവ ഐക്യമോ വിഷയമല്ല .മറിച്ച് ഇവിടെ നിലനിൽക്കുന്ന ആണധികാരത്തിന്റെ പ്രകടനമാണത്.ആ ബിന്ദുവിൽ ഭഗവാൻ ശ്രീനാരായണനോ ചട്ടമ്പി സ്വാമികൾക്കോ പ്രസക്തിയില്ല.

ഹിന്ദു മുസ്‌ലിം വിവാഹങ്ങൾ ധാരാളം നടക്കുന്നുണ്ടീ നാട്ടിൽ.ഹിന്ദുപെൺകുട്ടിയെ മുസ്‌ലിം യുവാവ് വിവാഹം കഴിക്കുന്ന അത്തരം സംഭവങ്ങളിൽപലതും ലവ് ജിഹാദ് ആരോപണങ്ങൾ നേരിടുന്നവയാണ്.വിശ്വാസികളുടെ കാര്യം പോട്ടെ,കലാലയങ്ങളിൽ ചുവപ്പുകൊടി പിടിക്കുകയോ പുരോഗമന പരമായി ചിന്തിക്കുകയോ ചെയ്യുന്ന പെൺകുട്ടികളിൽ പലരും ജിഹാദി വലയിൽ വീണുകഴിയുമ്പോൾ നിക്കാഹിനു ശേഷം ഇസ്ലാമിക മത ജീവിത രീതികൾ പിന്തുടരുവാൻ നിർബന്ധിതരാകുന്നു.മതരഹിതരായി ജീവിച്ചിരുന്നവർ പോലും മതത്തിന്റെ ചട്ടക്കൂടിനുള്ളിലേക്കു ചുരുങ്ങുന്നു.കേവലം വിവാഹവും പ്രേമവും കാരണം ഒരു ഹിന്ദുപെൺകുട്ടി ഇസ്‌ലാമിക നിയമങ്ങളുടെ കാര്ക്കശ്യത്തിലേക്കു ഒതുങ്ങാൻ നിര്ബന്ധിതരാകുന്നതാണ് ഭീഷണമായ അവസ്ഥ.അല്ലാതെ പപ്പടം വറുത്തോ എന്ന ചോദ്യത്തെ കാച്ചിയോ എന്നോ മറിച്ചോ മാറ്റുന്നതല്ല.ഇനി ലവ് ജിഹാദ് അല്ലെങ്കിൽ പോലും സെമിറ്റിക് മതത്തിലെ ഒരംഗത്തെ ഒരു ഹിന്ദു പ്രേമിച്ചു വിവാഹം കഴിക്കാൻ ശ്രെമിച്ചാൽ സെമിറ്റിക് മതം ആദ്യം ആവശ്യപ്പെടുക ഞങ്ങളുടെ കൂട്ടത്തിൽ കൂടണം എന്നതാണ്. അത്തരം ലവ് ജിഹാദ് വിവാഹങ്ങളിലെ ഭീകരത കാണാതെ ഈഴവ നായർ സംയോജനത്തെ ഭീഷണമായി അവതരിപ്പിക്കുമ്പോൾ ഹരീഷിന്റെ പൂച്ചു പുറത്ത് ചാടുകയാണ് ചെയ്യുന്നത്.

രസവിദ്യയുടെ ചരിത്രത്തിലേക്ക് മടങ്ങി വരാം.അതിന്റെ ആദ്യ വരി ഇങ്ങിനെയാണ്‌.” പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മലബാർ തീരത്തിന്റെ തെക്കേ അറ്റത്ത് ‘അയ്യാസ്വാമി’ എന്നൊരാൾ ‘വിലകുറഞ്ഞ ലോഹങ്ങളെ’ സ്വർണമാക്കുന്ന രസവിദ്യ (ആൽക്കെമി) കണ്ടെത്തുന്നതിന്റെ തൊട്ടടുത്ത് വരെ എത്തിയതാണ്.എന്നാൽ അജ്ഞാതമായ കാരണങ്ങളാൽ അയാളത് ഉപേക്ഷിക്കുകയായിരുന്നു.” ഇവിടെ ”വിലകുറഞ്ഞ ലോഹങ്ങളെ” സ്വർണമാക്കുന്ന വിദ്യ എന്നുള്ളതിന് പ്രത്യേക ഊന്നൽ കൊടുത്തു വായിക്കണം.കഥയുടെ അവസാനത്തിൽ തൈക്കാട് അയ്യാസ്വാമി താൻ കണ്ടെത്തുന്ന രസവിദ്യ ഉപയോഗിച്ച് സ്വർണമാക്കാൻ നോക്കുന്നത് ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമികളെയുമാണ്.അവരാകട്ടെ ഈഴവ നായർ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന് കഥയിൽ പ്രസ്താവിക്കുന്നുമുണ്ട്.നേർരേഖയിൽ തന്നെ വായിച്ചാൽ കഥാ കൃത്ത് വിലകുറഞ്ഞ ലോഹങ്ങളായി കല്പിക്കുന്നത് ഗുരുവിനെയും സ്വാമികളെയും കൂടെ ഈഴവ നായർ സ്വത്വങ്ങളെയുമാണ്.ഏത് അളവുകോൽ ഉപയോഗിച്ചാണ് ഹരീഷ് ഇവരുടെ വില നിശ്ചയിച്ചതെന്നു മാത്രം വായനക്കാരന് മനസ്സിലാകുന്നില്ല.

ഹരീഷിന്റെ തന്നെ 2014 ഇൽ പുറത്തിറങ്ങിയ ആദം എന്ന കഥാസമാഹാരത്തിലെ അതേപേരുള്ള ഒരു കഥയിൽനിന്നുള്ള ഉദ്ധരണി നോക്കൂ.”ചായക്കടക്കാരൻ കേടായ കപ്പക്കഷണങ്ങളും മത്തിക്കറിയും പിഞ്ഞാണത്തിലിട്ടു നൽകിയത് എല്ലും തോലുമായ ഒരു കില്ലപ്പട്ടി അതിൽ കാൽകയറ്റി വെച്ച് തിന്നുന്നുണ്ടായിരുന്നു.ഫലിതപ്രിയനായ വാസുവാശാരി പട്ടിക്കുമുന്നിൽ ഗുരോ എന്ന് പറഞ്ഞു നമസ്കരിച്ചു.

‘ഞങ്ങൾ ആശാരിമാരെ ഇവനാണ് പണി പഠിപ്പിച്ചത്.പിഞ്ഞാണം നീങ്ങിപോകാതിരിക്കാൻ ഇവാൻ അതിൽ കാലു വെച്ചിരിക്കുന്നു,അത്കണ്ട് ഞങ്ങൾ തടിക്കു മുകളിൽ കയറിയിരുന്നു പണിയുന്നു.’കടക്കാരന്റെ ഭാര്യയെ വാസുവാശാരി അർഥം ഒളിപ്പിച്ചു വെച്ച് നോക്കുകയും ചെയ്തു.” ആശാരി- മൂശാരി- കല്ലൻ- കൊല്ലൻ- തട്ടാൻ എന്നിങ്ങിനെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരെല്ലാം തന്നെ ദേവശില്പിയായ വിശ്വകര്മാവിന്റെ പിന്ഗാമികളാണ്.ആ തൊഴിൽ അതുകൊണ്ടു തന്നെ ദൈവദത്തമാണ്.അതിനെയാണ് കേവലം ശുനകനിൽ നിന്നും ലഭിച്ചതെന്ന് ഹരീഷ് പറഞ്ഞു വെക്കുന്നത്.ആദം എന്ന ഈ കഥയിൽ നിന്നും പിന്നോട്ടൊരു വര വരക്കാം.അത് നേർരേഖയിൽ സഞ്ചരിച്ച് ഹരീഷിന്റെ “ലാറ്റിനമേരിക്കൻ ലാബ്രിന്ത്” എന്ന കഥയിലെ വിശ്വകർമ്മജരെക്കുറിച്ചുള്ള പരാമർശങ്ങളിൽ ചെന്ന് നിൽക്കുന്നു.

ഇങ്ങിനെ നേർരേഖ വരച്ചാൽ കൃത്യമായി സന്ധിക്കുന്ന നാലുകഥകൾ,രസവിദ്യയുടെ ചരിത്രം(2003 ) — മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ ( 2016 ), ലാറ്റിനമേരിക്കൻ ലാബ്രിന്ത് ( 2005 ) — ആദം ( 2014 ),ഇവിടെ നാം കണ്ട് കഴിഞ്ഞു. ഈ കഥകളുടെ രചനാ പരിസരങ്ങളിൽ നാം കണ്ട വസ്തുതകൾ -പരസ്പര ബന്ധങ്ങൾ ,ആശയങ്ങളുടെ വികാസം എന്നിവ മനസ്സിൽ വെച്ചുകൊണ്ട് വേണം ഒരു വായനക്കാരൻ മീശ വിവാദത്തിൽ സ്വന്തം അഭിപ്രായം രൂപീകരിക്കാനും ഇടെപെടുവാനും.ഇവിടെയൊക്കെ ആദ്യകഥകളിൽ തന്റെ അഭിപ്രായത്തിന്റെ ചെറിയൊരു സ്ഫുലിംഗം വിട്ടുകൊടുത്ത ശേഷം പിന്നീട് വര്ഷങ്ങള്ക്കു ശേഷം അതേ അഭിപ്രായത്തെ വിശ്വരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു,അവഹേളന പർവം രണ്ടാമങ്കം ആടിത്തിമിർക്കുന്നു.

മീശയിലെ ഹിന്ദു സ്ത്രീ നിന്ദാ സൂചകങ്ങളായ പരാമർശങ്ങൾ നടത്തുന്നത് കേവലം കഥാ പത്രങ്ങളാണ്,അതിൽ കഥാകൃത്ത് കുറ്റക്കാരനാവുന്നില്ല എന്നുള്ള വാദമാണ് ഹരീഷിനെ ന്യായീകരിക്കുന്നവർ ഉയർത്തുന്നത്.ഹൈന്ദവ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെക്കുറിച്ചുള്ള തന്റെ മുൻ വിധികൾ ഹിന്ദു ഐക്യത്തെക്കുറിച്ചുള്ള തന്റെ രാഷ്ട്രീയ നിലപാടുകൾ അതൊക്കെ തന്റെ കഥാപാത്രങ്ങളുടെ വായിൽ തിരുകി വെക്കുകയാണ് കഥാകൃത്ത് ചെയ്യുന്നതെന്ന് ഇവിടെ വിശകലനം ചെയ്ത നാലുകഥകൾ തെളിയിക്കുന്നു.അല്ലെങ്കിൽ ഒരേ ആശയമുള്ള രണ്ടു കഥകൾ ഉണ്ടാകേണ്ട കാര്യമില്ല.ആദ്യം ചെറുതായി വെളിപ്പെട്ട ആശയം പിന്നീട് കൃത്യമായി അവതരിപ്പിക്കുന്നു.ആദ്യമൊരു സാമ്പിൾ വെടിക്കെട്ട് പിന്നെ കൂട്ട പ്പൊരിച്ചിൽ എന്നതാണ് രീതി. കഥാപാത്രം പറയുന്നത് എന്നുള്ള ജാമ്യത്തെ ഹരീഷിന്റെ മുൻകാലകഥകളുടെ രചനാ രീതി തന്നെ റദ്ദു ചെയ്യുന്നു. അതുകൊണ്ടു തന്നെ മീശയിലെ പരാമർശങ്ങൾ ഹരീഷിന്റെ തന്നെ ഉത്തരവാദിത്തത്തിൽ ഉള്ളതാണ്. മീശഇപ്പോഴിങ്ങനെ വിവാദമായില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഭാവിയിൽ അതേ ആശയങ്ങളിൽ കൂടുതൽ നിന്ദാപരാമര്ശങ്ങൾ ഉതിരുന്ന നാവുകളുമായി പുതിയ കഥാപാത്രങ്ങളും കഥകളും സൃഷ്ടിക്കപ്പെടുമായിരുന്നു.

മോദസ്ഥിതൻ പുറത്തു വന്ന കാലം സവിശേഷ ശ്രദ്ധ അർഹിക്കുന്നുണ്ട്.തൊട്ടു മുൻ മാസത്തിൽ ബിരിയാണി എന്ന കഥ മുസ്‌ലിം വിരുദ്ധമാണ് എന്നുള്ള വിമർശനം നേരിടുകയുണ്ടായി.ബിരിയാണിക്കെതിരെ നിരന്ന സാംസ്കാരിക സാംസ്‌കാരിക സംരക്ഷകർ ഹരീഷിന്റെ കഥയിലെ കുത്തിത്തിരുപ്പ് കണ്ടതായി പോലും നടിച്ചില്ല.കൂടാതെ ഈഴവ നായർ ഐക്യം എന്ന മഹാവിപത്തിനെതിരെയുള്ള പ്രതിരോധമായി ആ ആപ്പ് വെപ്പിനെ വാഴ്ത്തിപ്പാടാനും ആളുണ്ടായി. മീശ വിവാദത്തിന്റെ വിവാദത്തിന്റെ വികാസ പരിണാമങ്ങൾ നിരീക്ഷിക്കുമ്പോൾ കേരളമാകെ അമ്മമാരും സ്ത്രീകളും അടങ്ങുന്ന ക്ഷേത്ര വിശ്വാസികൾ കടുത്ത പ്രതിഷേധങ്ങൾ നടത്തിയതായി കാണാം.ഒടുവിൽ ഹരീഷ് തന്റെ നോവൽ പിൻ വലിക്കുന്നതായി വാർത്ത വന്നു.അതും തന്റെ തെറ്റ് മനസ്സിലാക്കിയുള്ള ഒരു നീക്കമല്ല,പിൻ വലിക്കുന്നതോ നോവൽ നിർത്തുന്നതോ മാതൃഭൂമിയുമല്ല , ഹരീഷാണ് ,അതിനു കാരണമായി പറയുന്നത് ഹിന്ദു വർഗീയ വാദികളുടെ ഭീഷണി എന്നതുമാണ്.ഹരീഷിനെ ഇവിടെ ആരുംഭീഷണിപ്പെടുത്തിയില്ല .തങ്ങളുടെ വിശ്വാസത്തെ അവഹേളിച്ചതിനെ അവർ പ്രതിരോധിച്ചിട്ടുണ്ടാകാം,അതൊരിക്കലും ഭീഷണിയല്ല .ഭീഷണി മൂലം നോവൽ പിൻ വലിക്കുന്നു എന്നുള്ള വാർത്ത ഇരവാദം കളിക്കാനുള്ള നിലമൊരുക്കൽ മാത്രമാണ്.

സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബിയും എറണാകുളം ജില്ലാ സിക്രട്ടറി പി രാജീവും ഹരീഷിന് വേണ്ടി ആവിഷ്കാര സ്വാതന്ത്യ്ബത്തിന്റെ വക്താക്കളായി എത്തി.തൊട്ടു മുൻപ് പവിത്രൻ തീക്കുനി പർദ്ദ എന്നൊരു കവിത എഴുതി ഒരൊറ്റ രാത്രി കൊണ്ടു പിൻ വലിക്കേണ്ടി വന്നിരുന്നു. പടച്ചോന്റെ ചിത്ര പ്രദർശനം എന്ന കഥാ സമാഹാരത്തിന്റെ പേര് മാത്രം പുറത്തു വന്നപ്പോൾ അതിന്റെ രചയിതാവും SFI യുടെ തൃത്താല മുൻ ഏരിയ കമ്മിറ്റി അംഗമായ പി ജിംഷാറിന് മര്ദനമേൽക്കുകയുണ്ടായി.അപ്പോഴൊന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി ഇവരെ ആരെയും കണ്ടില്ല.തൃപ്പൂണിത്തുറയിൽ മാതൃഭൂമി നടത്തിയ ആധ്യാത്മിക പുസ്തക മേളയുടെ മുന്നിൽ അവിടുത്തെ അമ്മമാരും വിശ്വാസികളും പ്രതിഷേധിക്കുകയും മാതൃഭൂമിയിൽ ഇങ്ങിനെയുള്ള പരാമർശങ്ങൾ വന്നു എന്ന് അവിടെ വന്നവരെ മനസ്സിലാക്കുകയും ചെയ്തു.എന്നാൽ അത്തരത്തിൽ നടത്തിയ സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമം എന്ന് വ്യാഖ്യാനിച്ചു DYFI മാതൃഭൂമിക്ക് സംരക്ഷണം എന്ന പേരിൽ ജാഥ നയിക്കുകയാണുണ്ടായത് .രണ്ടു വര്ഷം മുൻപ് തൃശൂർ എഡിഷനിലെ നഗരം പേജിൽ വന്ന ചില പരാമർശങ്ങൾ കാരണം മുസ്‌ലിം തീവ്ര വാദികൾ മാതൃഭൂമി ആക്രമിച്ചപ്പോൾ അവിടെ സംരക്ഷണ കവചമൊരുക്കാൻ DYFI യെക്കണ്ടില്ല.

എന്തുകൊണ്ടാണിങ്ങനെയുള്ള പടപ്പുകൾ കലാസൃഷ്ടികൾ എന്ന പേരിൽ ഉണ്ടാകുന്നതെന്ന് നാം ഓരോരുത്തരും ഉറക്കെ ചോദിക്കണം.ഹിന്ദുഫാസിസം മൃദുഹിന്ദുത്വം എന്നൊക്കെയുള്ള ഇസ്ലാമിക നിർമിത പരികല്പനകൾ അടിസ്ഥാനമാക്കിയുള്ള പൊതുബോധത്തിനാണ് കേരളീയ സാംസ്ക്കാരിക മണ്ഡലത്തിൽ സമഗ്രാധിപത്യം.നമ്മുടെ പല പ്രധാന പ്രസിദ്ധീകരണങ്ങളുടെയും ഉള്ളടക്കം തിരഞ്ഞെടുക്കുന്നവർ മൗദൂദിസ്റ് സ്‌കൂളിൽ നിന്നും ഒന്നാം റാങ്കോടു കൂടി പാസായവരാണ്.രണ്ടാം നിരക്കാരാകട്ടെ മുമ്പേ ഗമിക്കുന്ന ഗോവിന്റെ പിമ്പേ ഗമിക്കുന്നു.കൂടാതെ ന്യൂസ് ഡസ്കുകളിൽ അടയിരിക്കുന്ന മൗദൂദിസ്റ് സ്‌കൂൾ ഉത്പന്നങ്ങൾ സംവിധാനം ചെയ്യുന്ന സൃഷ്ടി -സ്ഥിതി -സംഹാരത്തിന്റേതായ ഒരന്തരീക്ഷമുണ്ട്. മൃദു ഇസ്ളാമിനെ തലോടുന്നവയോ ഇസ്ലാമിക് രാഷ്ട്രീയത്തിന് അനുഗുണമായവയോ മാത്രമേ അവിടെ വളരൂ.അല്ലാത്തവരെ ഗര്ഭാശയത്തിൽ തന്നെ നശിപ്പിച്ചു കളയുന്നു.ഇതുപോലെയുള്ള ഒരു സാമൂഹിക സാഹിത്യ ആവാസവ്യവസ്ഥയിൽ ഹരീഷുമാർ മീശ പിരിക്കും.അവ മാതൃഭൂമിയിലല്ലെങ്കിൽ മറ്റൊരിടത്ത് അച്ചടി മഷി പുരണ്ട് നമ്മുടെ മേശപ്പുറത്തെത്തുകയും ചെയ്യും.

അവഹേളനത്തിന്റെ രസവിദ്യകൾ അത്ര നിർദോഷമല്ലെന്നു ചരിത്രം നമ്മോടു പറയുന്നു.ചരിത്രം നേർ രേഖയിൽ തന്നെയാണ് ചരിക്കുന്നത്.

ഭരതവാക്യം
എസ് ഹരീഷിന്റെ ഒരഭിമുഖം ഈ ലക്കം പച്ചക്കുതിരയിൽ അച്ചടിച്ച് വന്നിട്ടുണ്ട്..അതിൽ ഹരീഷ് ഇങ്ങിനെ പറയുന്നു
” കോളേജിൽ പഠിക്കുമ്പോൾ SFI സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു.പക്ഷെ SFI എന്നെ ഒട്ടും സ്വാധീനിച്ചിട്ടില്ല.ഇപ്പോൾ sfi ക്കാർ നൊസ്റ്റാൾജിക് ആയി പഴയ sfi ആയിരുന്നു നല്ലത് എന്ന് പറയുന്നത് കേൾക്കാം.ഇതിനേക്കാൾ മോശമായിരുന്നു അന്നത്തെ sfi എന്നതാണ് സത്യം .

sfi കരുതുന്നത് തങ്ങളെന്തോ സമൂഹത്തിനു നല്ലതു ചെയ്തു എന്നാണു എനിക്കൊരിക്കലും അങ്ങിനെ തോന്നിയിട്ടില്ല
(അവലംബം 2018 ജൂലൈ ലക്കം പച്ചക്കുതിര.)

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close