പെരിന്തല്‍മണ്ണ: ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പു സംഘത്തിലെ മൂന്ന് പേര് പെരിന്തല്‍മണ്ണയില്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ പട്ടാണി സക്കീര്‍ഹുസൈന്‍(30), അത്തിക്കാട്ടില്‍ മുഹമ്മദ് തസ്ലീം(28), മണ്ണാര്‍മല സ്വദേശി അയിലക്കര അബ്ദുള്‍ ബാരിസ്(27) എന്നിവരാണ് പിടിയിലായത്. ഉത്തരേന്ത്യന്‍ തട്ടിപ്പുസംഘത്തിന്റെ കേരളത്തിലെ കണ്ണികളാണ് ഇവര്‍. ഇവരുടെ പക്കല്‍ നിന്ന് പല പേരിലുള്ള 60ഓളം പ്രമുഖ ബാങ്കുകളുടെ എടിഎം കാര്‍ഡുകളും 3 ലക്ഷത്തിലധികം ഇന്ത്യന്‍ കറന്‍സി നോട്ടുകളും ലഭിച്ചു. മലപ്പുറം ജില്ല പോലീസ് മേധാവി പ്രതീഷ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഓണ്‍ലൈന്‍ വഴി ബാങ്കുകളുടെ ഇടപാടുകാരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാണ് തട്ടിപ്പ് തുടങ്ങുന്നത്. പ്രമുഖ കമ്പനികളുടെ ലക്ഷക്കണക്കിന് രൂപ സമ്മാനമുള്ള ഓണ്‍ലൈന്‍ ലക്കി ബമ്പര്‍ ലോട്ടറിയടിച്ചിട്ടുണ്ടെന്നും, അതിന്റെ ജിഎസ്ടി/ടാക്സ് ആയി 25000 മുതല്‍ 50000 രൂപ വരെ അടക്കണമെന്നും ആവശ്യപ്പെടും. വിശ്വാസ്യത വരുത്താനായി അതിന്റെ രേഖകളും വ്യാജമായി നിര്‍മ്മിച്ച് ഫോട്ടോയടക്കം ആളുകള്‍ക്ക് അയച്ചുകൊടുക്കുന്നു.
തങ്ങളുടെ അക്കൗണ്ടുകളുടെ നമ്പറുകള്‍ പ്രതികള്‍ അയച്ചു കൊടുക്കും. അക്കൗണ്ടില്‍ പണം നിക്ഷേപിച്ചയുടനെ പല ഭാഗത്തായി എടിഎം കൗണ്ടറിനടുത്ത് നിലയുറപ്പിച്ചിരിക്കുന്ന സംഘത്തിലുള്ളവരെ വിവരമറിയിക്കുകയും, ഉടന്‍ അതാതു എടിഎം കാര്‍ഡുകളുപയോഗിച്ച് കേരളത്തിലെ പല ഭാഗങ്ങളിലെ എടിഎം കൗണ്ടറുകളില്‍ നിന്നായി പണം പിന്‍വലിക്കുകയും ചെയ്യുന്നു. ഈ പണം വൈകുന്നേരം ബാങ്ക് സമയം കഴിഞ്ഞാല്‍ ഉത്തരേന്ത്യയിലെ ഇവരുടെ പ്രധാനസംഘത്തിന് പറയുന്ന സ്ഥലത്ത് വച്ച് ഏജന്റുമാര്‍ കൈമാറുന്നു. ഒരു വിഹിതം ഇവര്‍ക്കും കൊടുക്കുന്നു.
പെരിന്തല്‍മണ്ണയിലെ മൂന്നംഗ സംഘത്തെ പിടികൂടിയതോടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ മുഖത്തെ വെളിച്ചത്തുകൊണ്ടുവരാന്‍ അന്വേഷണസംഘത്തിന് സാധിച്ചു. ഇതുവരെ ഓണ്‍ലൈന്‍ തട്ടിപ്പുവഴി ലഭിക്കുന്നപണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെയുള്ള ഏതെങ്കിലും വ്യാജ അക്കൗണ്ടുകള്‍ വഴി ഓണ്‍ലൈന്‍ പര്‍ച്ചേസിനാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറി പണമായിത്തന്നെ കൈക്കലാക്കാനുള്ള വഴിയും ഉത്തരേന്ത്യന്‍ തട്ടിപ്പുലോബികള് കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആളുകളെ വച്ച് ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി എടിഎം കാര്‍ഡും പാസ്ബുക്കും കൈക്കലാക്കി തട്ടിപ്പുസംഘത്തിന് കൈമാറുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.