തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ക്ക് ബ്രൂവറി അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ഡിസ്റ്റിലറിയും മൂന്ന് ബ്രൂവറിയും രഹസ്യമായി അനുവദിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. കഴിഞ്ഞ 17 വര്‍ഷമായി ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നതെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
പത്രങ്ങളില്‍ പരസ്യം നല്കി അപേക്ഷ ക്ഷണിച്ച് സുതാര്യമായി നടത്തുന്നതിന് പകരം രഹസ്യമായിട്ടാണ് ഇവ അനുവദിച്ചത്. അനുമതി കിട്ടിയ നാല് പേര് മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. ഇവര്‍ എങ്ങനെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ഏത് മാനദണ്ഡം അനുസരിച്ചാണ് അനുമതി നല്‍കിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. സര്‍ക്കാര്‍ വെബ്സൈറ്റില്‍ പോലും ഉത്തരവില്ല. 1999ലെ ഉത്തരവ് പ്രകാരം പുതിയ ഡിസ്റ്റലറികള്‍ അനുവദിക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്.
കൊച്ചിയില്‍ ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് കിന്‍ഫ്രയുടെ 10 ഏക്കര്‍ ഭൂമി വിട്ട് നല്‍കിയതായും ചെന്നിത്തല ആരോപിച്ചു. ഇത്തരം കച്ചവടങ്ങളിലൂടെ സര്‍ക്കാര്‍ കോടികളുടെ അഴിമതി നടത്തിയെന്നും സംസ്ഥാനത്ത് ഇപ്പോള്‍ സാലറി ചലഞ്ചല്ല ബ്രൂവറി ചലഞ്ചാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.