സ്മാര്‍ട്ഫോണ്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വണ്‍പ്ലസ് 6 T ഇന്ത്യയില്‍ അവതരിപ്പിച്ചു.വണ്‍പ്ലസ് 6 നെ അപേക്ഷിച്ച് വലിയ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുന്നത്. ഇതില്‍ സ്ക്രീന്‍ ഫിംഗര്‍പ്രിന്റ് സൗകര്യവും വാട്ടര്‍ഡ്രോപ്പ് ഡിസ്പ്ളേയും എടുത്തു പറയേണ്ട സവിശേഷതകള്‍ തന്നെയാണ്.
37,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 6 ജിബി റാം 128 ജിബി മെമ്മറി ഉള്ള മോഡലിന് ആണ് 37,999 രൂപ വരുന്നത്. ഇതിന് പുറമെ 8 ജിബി റാം 128 ജിബി മെമ്മറി ഉള്ള മോഡലിന് 41,999 രൂപയും 8 ജിബി റാം 256 ജിബി മെമ്മറി മോഡലിന് 45,999 രൂപയുമാണ് വില വരുന്നത്. ഓപ്പണ്‍ സെയില്‍ നവംബര്‍ 3ന് ആമസോണില്‍ ആരംഭിക്കും.
0.34 സെക്കന്റിനുള്ളില്‍ അണ്‍ലോക്ക് ചെയ്യുന്ന അത്യാധുനികമായ സ്ക്രീന്‍ അണ്‍ലോക്ക് ഫീച്ചറോട് കൂടിയാണ് വണ്‍പ്ലസ് 6T ഉപഭോക്താക്കളിലേക്കെത്തുന്നത്. അതിശക്തമായ വേഗതയുള്ള ഇന്‍ ഡിസ്പ്ലേ ലോക്ക് ആണിത്. ബയോമെട്രിക് വിവരങ്ങള്‍ പ്രീലോഡ് ചെയ്തിരിക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുന്നു.
ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകളും കാഴ്ചവെയ്ക്കുന്ന 6T, 845 പ്രൊസസ്സര്‍, 6 ജിബി അല്ലെങ്കില്‍ 8 ജിബി റാം, വലിയ 3700 ബാറ്ററി, ഓക്സിജന്‍ ഒഎസ് എന്നിവയുടെ മികവില്‍ വ്യത്യസ്തമാകുന്നു.
ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് പൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യ നോണ്‍ പിക്സല്‍ ഫോണ്‍ ആയിരിക്കും ഇത്. മെച്ചപ്പെടുത്തിയ നാവിഗേഷന്‍ ഫീച്ചറും എടുത്തുപറയേണ്ട സവിശേഷതയാണ്.
വിപണിയില്‍ വണ്‍പ്ലസിന് രാജകീയ പദവി നല്കാന് പോകുന്നത് ഇതിന്റെ ബുള്ളറ്റ് വയര്‍ലെസ് ഹെഡ്ഫോണുകള് ആയിരിക്കും. ഹെഡ്സെറ്റിന്റെ പ്രത്യേകത ടൈപ്പ് സി ജാക്ക് ആണ് എന്നതാണ്. മികച്ച ഓഡിയോ അനുഭവം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക് ഒഴിവാക്കിയത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല ഇത് ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഓഡിയോ ജാക്ക് ഒരുക്കിയിരുന്ന ഭാഗത്താണ് ബാറ്ററി ഉള്‍പ്പെടുത്തിയിരിക്കുന്നത്.