കാലിഫോര്‍ണിയ: മാര്‍ക്ക് സുക്കർ ബര്‍ഗ് ഫെയ്‌സ്ബുക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം രാജിവെയ്‌ക്കണമെന്ന ആവശ്യം നിക്ഷേപകരില്‍ ശക്തമാകുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഫൈനേഴ്‌സ് പബ്ലിക് അഫയേഴ്‌സ് എന്ന പബ്ലിക് റിലേഷന്‍ സ്ഥാപനത്തെ തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുവാന്‍ നിയോഗിച്ചു എന്ന വാര്‍ത്തക്ക് പിന്നാലെയാണ് ഇപ്പോള്‍ ഇതു പുറത്തു വന്നിരിക്കുന്നത്.
ഫേസ്ബുക്കിനെതിരെയുള്ള വിമര്‍ശനങ്ങളെ ഡിഫൈനേഴ്‌സ് ജൂതവിരുദ്ധ പ്രചാരണങ്ങളാക്കി വ്യാഖ്യാനിച്ചുവെന്നും എതിരാളികളായ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ അഴിച്ചു വിട്ടുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ നിക്ഷേപകര്‍ തങ്ങളുടെ നീരസം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ഈ സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സുക്കർ ബര്‍ഗ് പ്രതികരിച്ചു. ഫെയ്‌സ്ബുക്കിന്റെ ചെയര്‍മാന്‍സ്ഥാനവും സിഇഒ സ്ഥാനവും സുക്കന്‍ബര്‍ഗ് തന്നെ കയ്യാളുന്നതിനോടും നിക്ഷേപകര്‍ക്ക് വിയോജിപ്പുണ്ട്.
ഫെയ്‌സ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോരുന്നതും കേംബ്രിഡ്ജ് അനലറ്റിക്ക വിവാദവും ഫേസ്ബുക്കിന്റെ തേരാളി എന്ന രീതിയില്‍ സുക്കന്‍ബര്‍ഗിന്റെ പരാജയമായാണ് നിക്ഷേപകര്‍ വിലയിരുത്തുന്നത്.















