കൊച്ചി: മുനമ്പത്ത് നിന്ന് ബോട്ടില്‍ കയറി പോയവരുടെ പട്ടിക പൊലീസ് തയാറാക്കി. 80 പേരുടെ പട്ടികയാണ് പൊലീസ് തയാറാക്കിയിരിക്കുന്നത്. കസ്റ്റഡിയിലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. നവജാത ശിശുക്കളടക്കം 22 കുട്ടികള്‍ സംഘത്തിലുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും തമിഴ്നാട്ടുകാരുമാണ് പട്ടികയില്‍. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കി ഇവര്‍ പോയതെന്നാണ് മൊഴി. നേരത്തെ പോയവര്‍ ഓസ്ട്രേലിയയില്‍ ജോബ് പെര്‍മിറ്റ് നേടിയെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം മുനമ്പം മനുഷ്യക്കടത്തിന് പിന്നാലെ രാജ്യത്തെ തീരദേശ സുരക്ഷ അതീവ ശക്തമാക്കി. നാവികസേനയും, വിവിധ കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികളും സംയുക്തമായി കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷന് സെന്ററില്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.