ജമൈക്ക: അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ. ഇഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുമെന്നും ഗെയ്ൽ അറിയിച്ചു. എന്നാൽ ട്വന്റി 20 ക്രിക്കറ്റിൽ തുടരുമെന്നും ഗെയ്ൽ പറഞ്ഞു.
284 മത്സരങ്ങളിൽ നിന്ന് 37.12 ശരാശരയിൽ 9727 റൺസാണ് ഗെയ്ൽ അടിച്ചുകൂട്ടിയത്. 23 സെഞ്ച്വറിയും 49 അർദ്ധസെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. 215 റൺസാണ് ഈ കരീബിയൻ താരത്തിന്റെ ഉയർന്ന സ്കോർ.
ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഇരട്ടശതകം നേടിയ വെസ്റ്റ് ഇൻഡീസ് താരം എന്ന ബഹുമതി ക്രിസ് ഗെയിലിന് സ്വന്തമാണ്. 2015 ക്രിക്കറ്റ് ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ ആയിരുന്നു ഗെയിലിന്റെ ഈ നേട്ടം.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ൽ. 2007 ലെ ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയാണ് ഈ നേട്ടം ഗെയ്ൽ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 2 ട്രിപ്പിൾ സെഞ്ച്വറി നേടിയ 4 കളിക്കാരിൽ ഒരാളുമാണ് ഗെയ്ൽ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 2005ൽ നേടിയ 317 റൺസും ശ്രീലങ്കയ്‌ക്കെതിരെ 2010ൽ നേടിയ 333 റൺസുമാണവ.
ട്വന്റി 20യിൽ ഏറ്റവുമധികം സിക്സർ നേടിയ താരവും ഗെയ്ൽ തന്നെയാണ്. ഏകദിനത്തിൽ മൂന്നോ അതിൽ കൂടൂതലോ തവണ 150 റൺസിനു മേൽ സ്കോർ ചെയ്ത 6 കളിക്കാരിലൊരാൾ കൂടിയാണ് ഗെയ്ൽ.















