SpecialLife

പുകയില്‍ മയങ്ങുന്ന കേരളം…..

എസ്.കെ ശാരിക

കേരളം മയക്ക് മരുന്നിന് അടിമപ്പെടുന്നുവോ….? ഉത്തരം അതെ എന്നു തന്നെ പറയേണ്ടി വരും. സമീപകാലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് അങ്ങനെയാണ്. മയക്ക് മരുന്നിന്റെ അതിപ്രസരവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഇപ്പോള്‍ തുടര്‍ക്കഥയായിരിക്കുകയാണ്.

എന്താണ് മയക്കു മരുന്നിന്റെ ആകര്‍ഷണം…. മനുഷ്യന്‍ ഒരു വികാരജീവിയാണ്. കാമം, ക്രോധം അസൂയ, പേടി തുടങ്ങിയ വികാരങ്ങളാല്‍ സമ്പന്നമാണ് ഒരു വ്യക്തിയുടെ സ്വഭാവം. അതിനാല്‍ തന്നെ ഇവയെ നിയന്ത്രിക്കുകയും ശ്രമകരമാണ്. മനസമാധാനം തേടി അനന്തമായ യാത്രയിലാണ് നമ്മള്‍. മനസ് ശാന്തമായി ഇരിക്കുക. വികാരങ്ങള്‍ മനസിനെ ബാധിക്കാതിരിക്കുക. പലരും മയക്കുമരുന്നുകളെ ആശ്രയിക്കുന്നത് ഇതിനാണ്.

ഒരു പഞ്ഞിക്കെട്ടു പോലെ ഒഴുകി നടക്കാം… നിര്‍വികാരമായി…ഒരു പുക എടുത്താല്‍ മതി. യാതൊരു സമ്മര്‍ദ്ദവും ഇല്ല. ചുറ്റുപാടുകള്‍ ബാധിക്കുകയുമില്ല. ഹൈലൈറ്റ് ഇതാണ്. നെഗറ്റീവ് വികാരങ്ങള്‍ക്ക് താല്‍ക്കാലിക ശമനം.

മയക്കു മരുന്നുകളെ സേഫ് സോണില്‍ നിറുത്തുന്നത് ഉപയോഗിച്ചിട്ടുണ്ടെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകുകയില്ല എന്നത് തന്നെയാണ്. മദ്യത്തിന്റേത് പോലെ വാസനകളോ പെട്ടെന്നുള്ള പരിശോധനയില്‍ (ഊതി കണ്ടുപിടിക്കാനോ) തെളിയിക്കാനോ സാധിക്കില്ല. മറ്റൊരു ലോകത്തില്‍ വേറിട്ട ചിന്തകളില്‍ ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ തേടി അലയാം. വിഭാവനം ചെയ്യുന്ന മായികലോകം സാക്ഷാത്കരിക്കപ്പെടുന്നു.

എന്നാല്‍, ലഹരിമരുന്നുകള്‍ വെല്ലുവിളിയാകുന്നത് ഇതിന് അടിമപ്പെടുമ്പോഴാണ്. അടിമപ്പെട്ടുപോയാല്‍ ഒരിക്കലും പുറത്ത് കടക്കാനാകാത്തവിധം ചക്രവ്യൂഹത്തിലാകുന്നു. വീണ്ടും വീണ്ടും വേണമെന്ന് ശരീരം ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികളാണ് ഇതില്‍ അടിമപ്പെട്ടുപോകുന്നവരില്‍ ഏറെയും. മാഫിയകളുടെ ടാര്‍ജറ്റും ഇവര്‍ തന്നെ. കുട്ടികളുടെ തിരിച്ചറിവില്ലായ്മയെ ഇക്കൂട്ടര്‍ ചൂഷണം ചെയ്യുന്നു. ഭീഷണിപ്പെടുത്തിയാല്‍ പുറത്ത് പറയുകയുമില്ല. നല്ല കാശും കിട്ടും. മരുന്നുകള്‍ ലഭിക്കാന്‍ എന്തുതെറ്റും ചെയ്യുമെന്ന അവസ്ഥയും ഇക്കൂട്ടര്‍ മുതലെടുക്കുന്നു. പലതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ വിധേയരാക്കുന്നു.

1985-90 കാലഘട്ടങ്ങളിലാണ് മയക്കു മരുന്നുകള്‍ ഏറെ പ്രചാരത്തിലാകുന്നത്. പ്രാദേശികമായി ലഭിക്കുന്ന കഞ്ചാവ് മുതല്‍ എല്‍എസ്ഡി വരെ എത്തി നില്‍ക്കുന്നു ഇതിന്റെ പ്രയാണം.

മലയാളികള്‍ മദ്യത്തിന്റേയും മയക്ക് മരുന്നിന്റേയും ബാലപാഠങ്ങള്‍ മനസിലാക്കിയത് 1992 ല്‍ ജയരാജ് സംവിധാനം ചെയ്ത ജോണിവാക്കര്‍ എന്ന ചിത്രത്തിലൂടെയാണ്. 2 കുപ്പി മദ്യം അകത്താക്കിയാലും ഫിറ്റ് ആകാത്ത കപ്പാസിറ്റിയുള്ള മമ്മൂട്ടി പെട്ടെന്ന് തന്നെ ജനഹൃദയങ്ങളില്‍ ചേക്കേറി. ഇതൊന്നും ഒരു തെറ്റല്ല പൗരുഷ ലക്ഷണവും സ്റ്റാറ്റസ് സിംബലുമാണെന്ന തോന്നല്‍ നായകന്റെ ഹീറോയിസത്തിലൂടെ മലയാളികളില്‍ ഉളവായി. എന്നാല്‍ ഹീറോയിസം പറയുമ്പോഴും മയക്ക് മരുന്നിന്റെ ദൂഷ്യഫലങ്ങളും ചിത്രം വരച്ചുകാട്ടുന്നുണ്ട്. മയക്കുമരുന്ന് മാഫിയകളും അവയുടെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും ഇത് ഏത് രീതിയിലാണ് വ്യക്തികളില്‍ എത്തപ്പെടുന്നതെന്നും ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ സാധിച്ചു. ആ കാലഘട്ടത്തില്‍ അതൊരു വലിയ അറിവ് തന്നെയായിരുന്നു. ഇന്നത്തെപ്പോലെ സാങ്കേതിക വിദ്യ ശക്തമല്ലാതിരുന്ന അക്കാലഘട്ടത്തില്‍ ഇതിനെക്കുറിച്ച് ഒരു വലിയ അവബോധം സൃഷ്ടിക്കാന്‍ ചിത്രത്തിനായി.

ഒരു തമാശയ്ക്കായിരിക്കും പലപ്പോഴും പലരും ഉത്തേജകങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്നത്. പതുക്കെ പതുക്കെ ഒഴിവാക്കാനാകാതെ ആസക്തിയിലേയ്ക്ക് വഴിമാറുന്നു. മയക്കുമരുന്നുകളുടെ ആസക്തി ഗുരുതരമായ മാനസിക, ശാരീരിക, വ്യക്തിത്വ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ആസകതനായ വ്യക്തി അയാള്‍ വിചാരിച്ചാലും അതില്‍ നിന്നും അനായാസമായി പിന്‍മാറാന്‍ കഴിയില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാക്കുകയോ മന്ദീഭവിക്കുകയോ ചെയ്യും. കാരണം മയക്കു മരുന്നുകള്‍ തലച്ചോറിലെ ഞരമ്പുകളിലൂടെ സംരേക്ഷണത്തിന് സഹായിക്കുന്ന അമിനോ രാസവസ്തു ഡോപോമിന്‍ന്റെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്. തലച്ചോറിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് സന്ദേശം അയയ്ക്കാനുള്ള കഴിവിനെ ഇത് സ്വാധീനിക്കും.

മയക്കുമരുന്നുകളുടെ വിപണിയിലെ സാധ്യതകളും സാമ്പത്തിക നേട്ടങ്ങളും കൃത്യമായി വിലയിരുത്തുന്നവരാണ് മാഫിയകള്‍. മരുന്നു കമ്പനികളുടെ മറവിലാണ് ഇക്കൂട്ടര്‍ കച്ചവടം കൊഴുപ്പിക്കുന്നത്. ചുമയുടെ സിറപ്പുകള്‍ മുതല്‍ വേദനസംഹാരികള്‍ വരെ ഉത്തേജകങ്ങളായി ഉപയോഗിക്കുന്നു. ചികിത്സയ്ക്ക് ആവശ്യമുള്ള മരുന്നുകളുടെ ലൈസന്‍സിന്റെ മറവില്‍ ലഹരി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള സാധ്യതകള്‍ ഇവര്‍ മുതലെടുക്കുന്നു.

മയക്കു മരുന്നുകള്‍ ആരോഗ്യവാനായ വ്യക്തികളില്‍ വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ചികിത്സാരംഗത്ത് പല ഉത്തേജക മരുന്നുകളും ഒരു അനുഗ്രഹമാണ്. ശരീരവേദനകളെ തിരിച്ചറിയാതിരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പല മരുന്നുകളും ചികിത്സാരംഗത്ത് പ്രസക്തമാണ്. വേദനസംഹാരികളായ പല മരുന്നുകളും മുറിവേല്‍ക്കുന്നവര്‍ക്ക് മുതല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് വരെ ഒരനുഗ്രഹമാണ്.

പലകാലങ്ങളിലായി വിവാദമായി നില നില്‍ക്കുന്ന ലഹരി മരുന്നുകളെക്കുറിച്ചുള്ള ഒരു മറുപക്ഷം ഇവിടെ പരാമര്‍ശിക്കാതെ വയ്യ. ഉത്തേജകങ്ങള്‍ ഏകാഗ്രത വര്‍ദ്ധിപ്പിക്കുമെന്നതാണ് ഇവിടെ വാദപ്രതിവാദങ്ങള്‍ക്ക് കാരണമാകുന്നത്. മിക്കവാറുമുള്ള ബുജികള്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുമെന്നത് തന്നെയാണ് ഇത്തരം ഒരു വാദത്തിന് കാരണം. കഥയും കവിതകളുമുള്‍പ്പെടെയുള്ള നിത്യ ഹരിത സൃഷ്ടികള്‍ക്ക് പിന്നില്‍ ഉത്തേജകങ്ങളുടെ കറുത്ത കരങ്ങള്‍ ഉണ്ടെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഈ വാദത്തെ ശാസ്ത്രീയമായി പരിശോധിച്ചാല്‍ ഒരു വിഷയത്തില്‍ തന്നെ ഏകാഗ്രത പുലര്‍ത്തുന്നതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന് വിലയിരുത്താം. സാധാരണ അവസ്ഥയില്‍ ഒരു വ്യക്തിക്ക് മനസിനെ ഏകാഗ്രമാക്കി വെയ്ക്കുക എന്നത് ശ്രമകരമാണ്. അനന്തമായി സഞ്ചരിക്കുന്ന മനസിന്റെ കടിഞ്ഞാണ്‍ മയക്ക് മരുന്നുകള്‍ ഏറ്റെടുക്കുന്നതിലൂടെയാണ് ഇത്തരത്തില്‍ സാധിക്കുന്നത് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

പലതരത്തിലുള്ള ലഹരിമരുന്നുകള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട്. കേരളത്തില്‍ പ്രാദേശികമായി കൃഷി ചെയ്യപ്പെടുന്നതും സംസ്‌കരിച്ച് പലരൂപത്തില്‍ വീര്യം കൂട്ടിയതുമായ കഞ്ചാവിനാണ് ആവശ്യക്കാരേറെ. ഇന്ത്യയില്‍ തന്നെ കഞ്ചാവ് കൃഷിക്ക് പേര് കേട്ട സംസ്ഥാനമായി മാറിയിരിക്കുകയാണ് ഇന്ന് നമ്മുടെ കൊച്ചു കേരളം. കഞ്ചാവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഇനങ്ങളാണ് ഹാഷിഷ്, മജൂന്‍, ഭാംഗ് തുടങ്ങിയവ. ഹാഷിഷ് ഉണ്ടാക്കുന്നത് കഞ്ചാവിന്റെ പൂവിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്ന കറയില്‍ നിന്നാണ്. ഈ കറ ഉണക്കി പൊടിച്ച് പുകയിലയില്‍ ചേര്‍ത്താണ് ഉപയോഗിക്കുന്നത്.

എന്നാല്‍, കാലത്തിന്റെ ഒഴുക്കില്‍ മയക്കുമരുന്നുകളിലും ആധുനികത കൈവന്നു. ഇന്ന് മയക്ക് മരുന്ന് വിപണിയില്‍ ഏറ്റവും ഡിമാന്‍ഡ് എല്‍എസ്ഡിക്കാണ്. മായാ ദൃശ്യങ്ങളെ പ്രാദാനം ചെയ്യുന്നു അതാണ്എല്‍എസ്ഡി. ലഹരിമരുന്നുകളുടെ രാജാവ്. സാധാരണ ലഹരിമരുന്നിനെക്കാള്‍ 4000 ഇരട്ടി തീവ്രതയാണ് എല്‍എസ്ഡിക്ക്. സ്റ്റാമ്പ് രൂപത്തില്‍ ലഭിക്കുന്ന ഇവ നാക്കിന്റെ അടിയില്‍ ഒട്ടിക്കുകയാണ് ചെയ്യുന്നത്. 3 മുതല്‍ 4 ദിവസം വരെ ഇതിന്റെ കിക്ക് ഉണ്ടാകുമെന്നതാണ് ഇതിനെ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് പ്രയങ്കരമാകുന്നത്.

ആഗോളജനസംഘ്യയുടെ 2.8 ശതമാനം മുതല്‍ 4.5 ശതമാനം വരെ മയക്ക് മരുന്നിന് അടിമപ്പെട്ടവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ പറയുന്നത്. കേരളാ പോലീസിന്റെ ഷാഡോ സംഘമാണ് മയക്ക്മരുന്ന് സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നത്. 2 വനിതകളടക്കം 30 പേരടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്ത് മാത്രം കേരളാ പോലീസിന്റെ ഷോഡോ സംഘത്തിലുള്ളത്. ഇവര്‍ക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പല അന്വേഷണങ്ങളുടേയും ചുരുളഴിയുന്നത്.

നിരവധി സോഴ്സുകളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. മുന്‍പ് ഇത്തരം കേസുകളില്‍ പിടികൂടി ശിക്ഷിക്കപ്പെട്ടവരും, മാനസാന്തരം വന്നവരും ഇന്ന് പോലീസുകാരുടെ നല്ല സ്രോതസ്സുകളാണ്. മാഫിയകളുടെ നീക്കങ്ങള്‍ അറിയാവുന്ന പ്രദേശവാസികളും ഷാഡോ പോലീസിന്റെ വിവരദായകരാണ്.

പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഷാഡോ പോലീസിലെ അംഗങ്ങള്‍. രഹസ്യ സ്വഭാവമുള്ളതിനാല്‍ ലോക്കല്‍ പോലീസ് വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളെയാണ് സംഘത്തിന്റെ ചുമതലകളില്‍ നിയോഗിക്കുന്നത്. വിദ്യാര്‍ത്ഥികളാണ് ഏറെയും ബലിയാടുകളെന്നാണ് അംഗങ്ങള്‍ വ്യക്തമാക്കുന്നത്. അതും 8ാം തരത്തിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍. സംഘാംഗങ്ങള്‍ ജാഗരൂഗരാണെങ്കിലും മയക്കുമരുന്നുകളുടെ വില്‍പനയും പ്രചരണവും തടയുകയെന്നത് അവരുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതല്ലെന്നതാണ് സമീലപകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.

ലഹരിമരുന്നുകളുടെ വ്യാപനവും വിപണനവും തടയിടുന്നതിന് കേരളാ പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ബോള്‍ട്ട്. അതുപോലെത്തന്നെ ലഹരിക്കെതിരെയുള്ള ശക്തമായ ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് വിമുക്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറാണ് വിമുക്തിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ലഹരിയില്‍ അടിമപ്പെട്ടവരെ ജീവിതത്തിന്റെ മാറ്റൊലിക്കൊപ്പം ഒഴുകുവാന്‍ പദ്ധതി ഒരു പരിധി വരെ സഹായിക്കുന്നു.

ഇനി ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ സമീപകാലത്ത് നമ്മള്‍ കേട്ട പല കേസുകളിലും ലഹരിമരുന്നുകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കൈകടത്തലുകള്‍ കാണാം. കഴിഞ്ഞ മാസം തിരുവനന്തപുരം കരമനയില്‍ അനന്തു ഗിരീഷെന്ന യുവാവിനെ കൊലചെയ്ത സംഭവം മലയാളികള്‍ മറക്കാന്‍ ഇടയില്ല. ലഹരിമരുന്നുകള്‍ക്ക് അടിമപ്പെട്ട അക്രമികള്‍ക്ക് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നുപോലും അറിയാത്ത അവസ്ഥ. 3 മണികൂര്‍ നീണ്ട മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഒടുവിലാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്.അനന്തുവിന്റെ കൈയ്യിലെ ഞരമ്പുകള്‍ വലിച്ച് പുറത്തെടുത്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. അതായത് ലഹരിയുടെ മായിക വലയത്തില്‍ എന്താണ് ചെയ്യുന്നതെന്ന്             പോലും അറിയാത്ത അവസ്ഥ. പ്രതികള്‍ 13 പേരും ലഹരിക്ക് അടിമകള്‍. ഇത് പോലെ എത്ര യുവത്വങ്ങളെ ലഹരിമരുന്നുകള്‍ വിലയിട്ടിരിക്കുന്നു.

അത് പോലെത്തന്നെ ദിവസങ്ങള്‍ക്ക് മുന്‍പ് കേരളജനതയ്ക്ക് ഒട്ടുംപരിചയമില്ലാത്ത മറ്റൊരു കുറ്റകൃത്യത്തിന് കൂടി മൂകസാക്ഷിയാകേണ്ടി വന്നു. വെറും 7 വയസ് മാത്രമുള്ള കുട്ടിയെ അമ്മയുടെ കൂട്ടുകാരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കുട്ടിയുടെ തലയോട്ടി തകര്‍ന്നതാണ് മരണ കാരണം. മദ്യത്തിന്റെയും മയക്ക് മരുന്നിന്റേയും പിടിയിലകപ്പെട്ട പ്രതി കുട്ടികളെ ലൈംഗികാതിക്രമത്തിനും ഇരയാക്കിയിരുന്നു.

ദിനം പ്രതി വര്‍ദ്ധിച്ച് വരുന്ന ലഹരിമരുന്നുകളുടെ പ്രചാരണം തടഞ്ഞേ മതിയാകൂ. താല്‍ക്കാലിക സുഖവും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്ന ഇത്തരം മരുന്നുകള്‍ ഭാവി തലമുറയ്ക്ക് ഭീഷണി തന്നെയാണ്. ജീവിതം കൈവിട്ട് അവനവനും സമൂഹത്തിനും ഒരു ബാധ്യതയായി തന്നെ ഇക്കൂട്ടര്‍ അവശേഷിക്കുന്നു. വഴിതെറ്റിയെന്ന തിരിച്ചറിവ് വരുമ്പോഴേയ്ക്കും ലഹരിയുടെ കരാളഹസ്തത്തിലകപ്പെട്ടിരിക്കും. ഇതിനെതിരെ സമൂഹം പ്രതിജ്ഞാ ബദ്ധരാവേണ്ടത് അനിവാര്യമാണ്. ഓരോ വ്യക്തിയും ഇത്തരത്തില്‍ വഴിതെറ്റില്ലെന്നും ഇവ ഉപയോഗിക്കില്ലെന്നും ദൃഢനിശ്ചയം കൈക്കൊള്ളുകയും വേണം. ഭാവിയുടെ വാഗ്ദാനമായ നമ്മളും വരും തലമുറയും ലഹരി വിമുക്തമായ ശക്തവും തെളിമയുള്ളതുമായ വ്യക്തിത്വത്തിന് പാത്രമാവാന്‍ തയ്യാറാകാം.

169 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close