ബഹ്റൈൻ ബാലഭാരതിയുടെ ആഭിമുഖ്യത്തിലുള്ള വിഷു ആഘോഷപരിപാടികൾ കഴിഞ്ഞ ദിവസം തലസ്ഥാനനഗരമായ മനാമയിലും ബഹ്റൈൻ ഇന്ത്യൻ സ്കൂളിലുമായി അരങ്ങേറി. മനാമയിലെ ചരിത്ര പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു ആദ്ധ്യാത്മിക പരിപാടികൾ.
വെളുപ്പിന് വിഷുക്കണി ദർശനത്തിനു മുതൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. തുടർന്ന് ഗണപതി ഹോമവും സമൂഹ പൂജയും നടന്നു.
വിഷു ആഘോഷങ്ങളോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികൾക്ക് സേപാനം വാദ്യകലാ സംഘത്തിൻെറ കേളികൊട്ടോടെയായിരുന്നു തുടക്കം. അമ്പലപ്പുഴ വിജയകുമാറെന്ന അനുഗ്രഹീത കലാകാരൻെറ സോപാനസംഗീതം പ്രവാസ ലോകത്തെ വിശ്വാസി സമൂഹത്തിന് വേറിട്ട അനുഭവമായി.
ഉച്ചയ്ക്കുശേഷം നടന്ന സാസ്കാരിക സഭ അമ്പലപ്പുഴ വിജയകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം വിഷു സന്ദശം നൽകി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, അജയകുമാർ, രാജേഷ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ ബാലഭാരതി ക്ലാസുകളിലെ കുരുന്നുകളവതരിപ്പിച്ച കലാപരിപാടികളായിരുന്നു സാംസ്കാരിക പരിപാടിയുടെ പ്രധാന ആകർഷണം.
മുന്നൂറോളം കുരുന്നു കലാകാരന്മാരാണ് ഇത്തവണത്തെ വിഷു ആഘോഷ പരിപാടികളിൽ പങ്കെടുത്തത്. അറബ് ഭരണാധികാരികളുടെ ഹൃദയ വിശാലതയുടെയും മത സൗഹാർദ്ദത്തിൻെറയും നിദർശനം കൂടിയായിരുന്നു ഇത്തവണത്തെ വിഷു ആഘോഷ പരിപാടികളും