Bahrain

’ശ്രുതിലയം – 2019’

പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട്ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ( പാക്ട് ബഹ്‌റൈൻ ) ഇന്റർ ആർട്സ് ഇന്റർനാഷണൽ കമ്പനിയുമായി സഹകരിച്ച് ‘’ശ്രുതിലയം – 2019’’ എന്ന പേരിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു . ജൂൺ 14ന് ഇസ ടൌൺ ഇന്ത്യൻ സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് മുൻ വർഷങ്ങളിലെ പോലെ തന്നെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ് നടത്തപ്പെടുന്നത് .

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാര്ഥം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവം, രാവിലെ 9 മണിക്ക് പ്രശസ്ത സംഗീതജ്ഞനും ചെമ്പൈ ഭാഗവതരുടെ പ്രിയ ശിഷ്യനുമായ പത്മശ്രീ കെ.ജി. ജയൻ ഉത്ഘാടനം ചെയ്യും. തുടർന്ന് ബഹറിനിൽ സംഗീതം അഭ്യസിക്കുന്ന നൂറിൽ പരം കുട്ടികളും അവരുടെ അധ്യാപകരും പങ്കെടുക്കുന്ന കീർത്തന ആലാപനമുണ്ടാകും. അതിനു ശേഷം പത്മശ്രീ കെ.ജി. ജയൻ സംഗീത കച്ചേരി അവതരിപ്പിക്കും.

വൈകിട്ട് 6 മണിക്ക് പാക്ട് കുടുംബത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന രംഗ പൂജയോടെ നിളോത്സവം അരങ്ങേറും.
ബഹ്‌റൈനിലെ പ്രശസ്ത നൃത്ത അധ്യാപികയായ സിന്ധ്യ രാജനും സംഘവും അവതരിപ്പിക്കുന്ന നൃത്ത രൂപമാണ് ആദ്യ ഇനം. അതിനു ശേഷം പാലക്കാടിന്റെ തനതു ക്ഷേത്ര കലാരൂപമായ കണ്യാർകളി, ‘’ദുബായ്കൂട്ടം’’ എന്ന കൂട്ടായ്മയിലെ പ്രഗത്ഭ കലാകാരന്മാർ അവതരിപ്പിക്കും.

നിളോത്സവത്തിന്റെ മുഖ്യ ആകർഷണമായ ”ജ്ഞാനപ്പാന” യെന്ന നൃത്ത ശിൽപമാണ് അടുത്ത ഇനം. നിരവധി വേദികളിൽ അവതരിപ്പിച്ചു ആസ്വാദക പ്രശംസ നേടിയിട്ടുള്ള ഈ നൃത്ത രൂപം അവതരിപ്പിക്കുന്നത് പ്രശസ്ത സിനിമ താരങ്ങളും നർത്തകരുമായ വിനീതും കുമാരി ലക്ഷ്മി ഗോപാലസ്വാമിയും സംഘവുമാണ്.

ശ്രുതിലയം – 2019 എന്ന പരിപാടി വളരെയേറെ പ്രതീക്ഷയോടെയാണ് കലാസ്വാദകർ കാത്തിരിക്കുന്നത്. സംഗീതവും നൃത്തവും സമജ്ഞസമായി സമ്മേളിക്കുന്ന ഈ അപൂർവ കലോത്സവത്തിലേക്ക് അയ്യായിരത്തോളം കാണികൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

കലയ്ക്കും കലാകാരന്മാർക്കും വേദി ഒരുക്കുന്ന പോലെ തന്നെ അർഹരായവർക്ക്‌ സഹായഹസ്തം നൽകുവാനും ഈ കൂട്ടായ്മ വളരെ ശ്രദ്ധയോടെയാണ് പ്രവർത്തിക്കുന്നത്. .
കഴിഞ്ഞ വര്ഷം കേരളം നേരിട്ട മഹാ പ്രളയത്തിന്റെ സമയത്തു് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടരലക്ഷം രൂപ സംഭാവന നൽകുകയുണ്ടായി. അതോടൊപ്പം തന്നെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പാലക്കാടുകാരനായ ഒരു വ്യക്തിക്ക് വീട് നിർമിച്ചു നൽകുകയെന്ന ശ്രമകരമായ ഒരു ദൗത്യവും ഏറ്റെടുക്കുകയുണ്ടായി. പണി പൂർത്തിയായ വീടിന്റെ താക്കോൽദാനം മെയ് 18നു നിർവഹിക്കുകയാണ്. ഭവനത്തിന്റെ താക്കോൽ ദാന ചടങ്ങിൽ നിരവധി പൗര പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതാണ്. ഇതേ കാലയളവിൽ ഈ കൂട്ടായ്മയിലെ ഒരംഗത്തിന്റെ അകാല നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ സഹായധനമായി നൽകുകയുണ്ടായി. കഴിഞ്ഞഎട്ടു മാസത്തിനുള്ളിൽ തന്നെ പന്ത്രണ്ടു ലക്ഷത്തിലേറെ രൂപ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി അംഗങ്ങളുടെ സഹകരണത്തോടെ നൽകുവാൻ സാധിച്ചുവെന്നത് പാക്ടിന്റെ കരുതലിന്റെയും സ്നേഹകാരുണ്യത്തിന്റെയും മകുടോദാഹരണമാണ്.

2 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close