EntertainmentSpecial

‘ നീ ചിന്തിച്ചു തീരുന്നിടത്ത് ഞാന്‍ ചിന്തിച്ചു തുടങ്ങും ‘ ; ഇത് അഭിനയകലയുടെ സർവകലാശാല

കുസൃതി ഒളിപ്പിച്ച കണ്ണുകളും, പ്രണയം നിറഞ്ഞ മുഖവും ,ചരിഞ്ഞുള്ള നടത്തവും – ഇത്രയും കേൾക്കുമ്പോൾ തന്നെ മലയാളികൾ മനസ്സിൽ ഒരു പാട്ട് മൂളും ചങ്കല്ല ,ചങ്കിടിപ്പാണ് ഏട്ടനെന്ന് . അതെ ചങ്കിടിപ്പ് തന്നെയാണ് മോഹൻലാൽ .

1980 ലെ പ്രതിനായകത്വത്തിൽ ആരംഭിച്ച നടന പ്രയാണം ഇന്ന് ഇരുന്നൂറ് കോടി ക്ലബിലാണ് നിൽക്കുന്നത് . അതിനിടയിൽ പ്രണയത്തിന്റെ ,നർമ്മത്തിന്റെ , ശൃംഗാരങ്ങളുടെ ,വില്ലത്തരത്തിന്റെ പല മാനറിസങ്ങളും മലയാളി കണ്ടു കഴിഞ്ഞു .

കിലുക്കത്തിലെ ജോജി മലയാളിയെ ഏറെ ചിരിപ്പിച്ചപ്പോൾ ,തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും,പാദമുദ്രയിലെ മാതു പണ്ടാരവും മനസ്സിൽ ഒളിപ്പിച്ച പ്രണയങ്ങളെ വീണ്ടും ഓർമ്മിപ്പിച്ചു . ജീവിക്കാൻ മോഹം തോന്നുന്നുവെന്ന് പറഞ്ഞ ചിത്രത്തിലെ വിഷ്ണുവിനെ കണ്ട് കണ്ണ് തുടച്ചവരും മലയാളികൾ തന്നെ .

നായികയുമായി ബാറിലിരുന്ന് പ്രണയിക്കുന്ന സുഖമോ ദേവിയിലെ സണ്ണിയുടെ ധൈര്യം മലയാള സിനിമയിൽ ഇന്നു വരെ ഒരു കാമുകനും കാട്ടിയിട്ടില്ല . പലരും രഹസ്യമായെങ്കിലും ആഗ്രഹിച്ചിരുന്നു സ്വന്തം കാമുകിയുമൊത്ത് ഇത്തരമൊരു അവസരമെന്നതും സത്യം .

ഐ വി ശശിയുടെ ദേവാസുരത്തിൽ ദേവനും,അസുരനും ഒരുമിച്ച മംഗലശേരി നീലകണ്ഠനായി മോഹൻലാൽ മീശ പിരിച്ചെത്തിയപ്പോൾ അത് പൗരുഷത്വത്തിന്റെ പ്രതീകമായി മാറി . ഫ്യൂഡൽ തെമ്മാടി എന്ന വിശേഷണത്തെ മനസ്സുകൊണ്ട് സ്വീകരിച്ച നായകനായിരുന്നു ദേവാസുരത്തിലേത് . നിസഹായായ നായികയെ ഭീഷണിപ്പെടുത്തി നൃത്തം ചെയ്യിക്കുമ്പോൾ ജയിക്കാൻ മാത്രം ജനിച്ചതാണോ ഈ നായകൻ എന്ന സംശയം പോലും നമ്മിൽ ഉണരും .

‘ ആനി മോനെ സ്നേഹിക്കുന്നപോലെ മാഗിയ്ക്ക് എന്നെ സ്നേഹിക്കാമോ ‘ എന്ന് ചോദിക്കുന്ന ദശരഥത്തിലെ രാജീവ് മേനോനെ കണ്ട് മക്കളെ കൂടുതൽ ചേർത്ത് പിടിച്ച അമ്മമാരും ഉണ്ടായി . എവിടെയോ ഒളിപ്പിച്ച് വച്ച പ്രേമത്തെ മഴയുടെ അകമ്പടിയിൽ ക്ലാരയുടെ കാതിലോതിയ ജയകൃഷ്ണൻ . ഒരിക്കലും ഒരു പെണ്ണിന്റെയും നാശം താൻ മൂലമാകരുതെന്ന് ആഗ്രഹിച്ച മണ്ണാർത്തൊടിയിലെ ജയകൃഷ്ണന്റെ വിവാഹഭ്യർത്ഥന ക്ലാര നിരസിക്കുമ്പോഴാണ് വിരഹത്തിന്റെ വേദന കാഴ്ച്ചക്കാരും അറിഞ്ഞത് .

അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസിനെ കണ്ടതോടെ അധോലോക നായകന്മാരുടെ ആരാധകരായി മാറിയ മലയാളികൾ . അതങ്ങനെ നീണ്ടു ഭൂമിയിലെ രാജാക്കന്മാര്‍, നാടുവാഴികള്‍, ആര്യന്‍, അഭിമന്യു അങ്ങനെ . നീതിയുടെയും ധാര്‍മികതയുടെയും സാമൂഹ്യനന്മയുടെയും ഭാഗത്തു നില്‍ക്കുന്ന സവിശേഷ വ്യക്തികളായിരുന്നു മോഹൻലാലിന്റെ അധോലോക നായകന്മാർ , അത് തിയേറ്ററുകളെ ഇളക്കി മറിക്കുകയും ചെയ്തു.

പലപ്പോഴും മലയാളികൾ എങ്ങനെയൊക്കെ പെരുമാറണമെന്ന് ആഗ്രഹിച്ചോ.പ്രണയിക്കണമെന്ന് ആഗ്രഹിച്ചോ അതൊക്കെയായി മോഹൻലാൽ . മലയാളിയുടെ വിവിധ ഭാവങ്ങളുടെ ഒരു സമ്പൂർണ്ണ സർവകലാശാല .

6K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close